UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബോണ്ടും പാന്‍ പരസ്യവും; ധാര്‍മ്മിക ബാധ്യതകള്‍ സെലിബ്രിറ്റികള്‍ക്ക് മാത്രമോ?

Avatar

ടീം അഴിമുഖം 

പിയേഴ്സ് ബ്രോസ്നന്‍ ശരിക്കും ജെയിംസ് ബോണ്ട് സ്റ്റൈലില്‍ ഇന്ത്യയെ ഒന്നു ഞെട്ടിച്ചു; പുകയിലയടങ്ങിയ ലഹരി പദാര്‍ത്ഥമായ ‘പാന്‍ ബഹാറി’ന്‍റെ മുഴുപേജ് പരസ്യത്തിലാണ് ഈ മാസമാദ്യം അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. ആ പരസ്യം കോളിളക്കമുണ്ടാക്കിയതോടെ “അനുവാദമില്ലാതെയും” തെറ്റിദ്ധരിപ്പിച്ചും” തന്‍റെ ചിത്രമുപയോഗിച്ചതിനെ ബ്രോസ്നന്‍ വിമര്‍ശിച്ചു. പാന്‍ ബഹാര്‍ നിര്‍മ്മാതാക്കളായ അശോക് & കമ്പനിയുടെ എല്ലാ പരസ്യങ്ങളില്‍ നിന്നും തന്‍റെ ചിത്രങ്ങള്‍ നീക്കം ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ നടനെ ഉപയോഗിച്ചുള്ള പരസ്യത്തിനായി ഒരു മില്ല്യണ്‍ ഡോളറെങ്കിലും കമ്പനി ചെലവഴിച്ചു കാണുമെന്ന് ബിസിനസ്സ് വൃത്തങ്ങള്‍ പറയുന്നു. “ദിവസങ്ങള്‍ അനുസരിച്ചാണ് പ്രതിഫലം എന്നതുകൊണ്ട് ഒരു ദിവസത്തെ ഷൂട്ടിന് 5.5 കോടി മുതല്‍ 7 കോടി രൂപ വരെയാവണം തുക,” ക്വാന്‍ എന്‍റര്‍ടെയിന്‍മെന്‍റ് ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ ഇന്ദ്രാനില്‍ ദാസ് ബ്ലാഹ് പറഞ്ഞു. “ഇത് കമ്പനിയെ സംബന്ധിച്ച് പ്രശസ്തരെ ഉപയോഗിച്ചുള്ള ഡീലാണ്. മാര്‍ക്കറ്റില്‍ സാധാരണ തരംതാണതെന്നു കരുതപ്പെടുന്ന ഒരുല്‍പ്പന്നത്തിന് അതോടെ അന്തസ്സും ആഗോളപരിവേഷവും കിട്ടുന്നു. ബ്രോസ്നന് നല്ല പ്രതിഫലത്തോടൊപ്പം ഇതിലൂടെ ഇന്ത്യയില്‍ കുറെക്കൂടെ പ്രശസ്തിയുമായി.”

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിക്ക് ഈ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ അമ്രപാലിയുമായുള്ള കരാര്‍ അവസാനിപ്പിക്കേണ്ടി വന്നപ്പോഴാണ് “സെലിബ്രിറ്റികളുടെ ഉത്തരവാദിത്വം” ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയത്. കമ്പനിയെ ചൊല്ലി അമ്രപാലിയുടെ പ്രോജക്റ്റുകളിലെ താമസക്കാരുടെ പരാതികള്‍ ഉയരുകയും ബില്‍ഡറുടെ വഞ്ചനയ്ക്കെതിരെ സോഷ്യല്‍ മീഡിയ പ്രചാരണം ശക്തമാകുകയും ചെയ്തപ്പോഴാണ് ധോണി ആ നടപടിക്ക് മുതിര്‍ന്നത്. പരസ്യങ്ങളിലെ പ്രശസ്തരെ വിചാരണ ചെയ്യുന്നതിനുള്ള നടപടി എന്താണ്? ഇതു സംബന്ധിച്ച ബില്‍ പ്രകാരം സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അഥോറിറ്റിയുടെ പരാതി ലഭിച്ചാല്‍ മാത്രമേ കോടതിക്ക് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങള്‍ക്കെതിരെയുള്ള കുറ്റം നിലനില്‍ക്കുമോ എന്നു പരിശോധിക്കാനാകൂ. പുതിയതായി നിലവില്‍ വന്ന എക്സിക്യൂട്ടീവ് സമിതിയായ സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അഥോറിറ്റി ഒരു വാര്‍ത്താക്കുറിപ്പു പ്രകാരം “നിലവിലുള്ള നിയന്ത്രണ വ്യവസ്ഥയിലെ കുറവുകള്‍ പരിഹരിക്കുന്ന സ്ഥാപനം” ആയിരിക്കും. 

ഗവണ്‍മെന്‍റിന്റെ ഉദ്ദേശ്യം നല്ലതാണെങ്കിലും ബില്ലിലെ “തെറ്റിദ്ധരിപ്പിക്കുന്നത്” എന്ന പദം അവ്യക്തവും പല വ്യാഖ്യാനങ്ങള്‍ക്ക് വഴി വയ്ക്കുന്നതുമാണ്. ധോണിയുടെ കാര്യം തന്നെയെടുക്കാം. റിയല്‍ എസ്റ്റേറ്റ് സ്ഥാപനവുമായുള്ള കരാര്‍ അവസാനിപ്പിച്ചു എങ്കിലും ആ കമ്പനി തങ്ങളുടെ ഉപഭോക്താക്കള്‍ക്കു നല്‍കിയ വാഗ്ദാനം ലംഘിക്കുമെന്ന് ധോണി മുന്‍കൂട്ടി എങ്ങനെ അറിയുമായിരുന്നു? കമ്പനിയുടെ ഉദ്ദേശ്യങ്ങള്‍ അറിയുകയെന്നത് അത്ര എളുപ്പമായിരുന്നെങ്കില്‍ ധോണിയേക്കാള്‍ മുന്‍പ് അമ്രപാലിയുടെ വീടുകള്‍ വാങ്ങിയവര്‍ തങ്ങളുടെ കരാറുകള്‍ റദ്ദാക്കിയേനെ.

ഒരു സംസ്ഥാനത്തെ ഗവണ്‍മെന്‍റ് എന്തെങ്കിലും തെറ്റു ചെയ്താല്‍ അതിനു നിങ്ങള്‍ സംസ്ഥാന ടൂറിസം വകുപ്പു പരസ്യങ്ങളിലെ പ്രശസ്തരെ പഴിക്കുമോ? വിനോദ സഞ്ചാരികള്‍ക്ക് ഇന്ത്യയില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’യുടെ പരസ്യത്തിലെ മുഖമാണോ ഉത്തരവാദി?

ബ്രോസ്നന്‍റെ കാര്യത്തിലും ഇതേ വാദം പരിഗണിക്കണം. പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണം മുന്നില്‍ കണ്ട് പാന്‍ മസാല നിര്‍മ്മാതാക്കള്‍ക്കെതിരെ കര്‍ശനനടപടികളെടുക്കാന്‍ ഗവണ്‍മെന്‍റ് മടിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ ‘ചീത്ത വാര്‍ത്തയെത്തിക്കുന്ന ദൂതനെ കൊല്ലുക’ എന്ന രീതിയിലേയ്ക്ക് പോയിട്ടെന്തു കാര്യം? ഗവണ്‍മെന്‍റിന് നല്ല വരുമാനം നേടിക്കൊടുക്കുന്ന മേഖലയാണല്ലോ അത്.

സെലിബ്രിറ്റികള്‍ ബ്രാന്‍ഡുകളെ പിന്തുണയ്ക്കുന്നത് പണത്തിനു വേണ്ടിയാണ്. അവയുടെ മൂല്യത്തിനും ഗുണനിലവാരത്തിനും അവരെ ഉത്തരവാദികളാക്കേണ്ടതില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍