UPDATES

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണോ കേരളത്തിന്റെ ആഭ്യന്തര മന്ത്രി സംസാരിക്കേണ്ടത്?

മാധ്യമങ്ങൾ എന്ത് അന്വേഷിക്കണമെന്ന് അവർ തീരുമാനിക്കുന്നതല്ലേ ഉചിതം?

നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വാദത്തിന് വേണമെങ്കില്‍ പിണറായി അങ്ങനെ പറഞ്ഞിട്ടില്ല എന്ന് പറയാം. ഒരര്‍ത്ഥത്തില്‍ അത് ശരിയുമാണ്. കേസില്‍ ഗൂഢാലോചനയില്ല എന്നൊരു വാചകം പിണറായി പറഞ്ഞിട്ടേ ഇല്ല. എന്നാല്‍ അത്തരത്തില്‍ വ്യക്തമായ സൂചന നല്‍കുന്നതും ഗൂഢാലോചനാ വാദം തള്ളിക്കളയുകയും ചെയ്യുന്ന കാര്യം അദ്ദേഹം പറയുകയും ചെയ്തു. ഒരു പത്രത്തില്‍ കണ്ട വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് താന്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തിയതെന്നാണ് വിശദീകരണം. ഔദ്യോഗികവിവരത്തിന്റെ അടിസ്ഥാനത്തിലല്ല ഇക്കാര്യം പറഞ്ഞതെന്നും പിണറായി പറഞ്ഞിരിക്കുന്നു.

എന്താണ് ഇതിന്റെ അര്‍ത്ഥം. പൊലീസ് അന്വേഷണവും തെളിവെടുപ്പും മൊഴിയെടുപ്പും പൂര്‍ത്തിയാകാത്ത ഘട്ടത്തിലാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന. അദ്ദേഹം ഒരു അബദ്ധത്തെ മറ്റൊരു അബദ്ധം കൊണ്ടോ ഒരു തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ടോ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. നടനെ പൊലീസ് ചോദ്യം ചെയ്‌തെന്നും മറ്റുമുള്ള വാര്‍ത്ത വ്യാജമാണെങ്കില്‍ അത് പറയാന്‍ പൊലീസ് മന്ത്രിക്ക് അവകാശമുണ്ട്. പക്ഷെ ആര്‍ക്കൊക്കെ പങ്കുണ്ട്, ഇല്ല എന്നതൊക്കെ അന്വേഷിച്ച് കണ്ടെത്തേണ്ട കാര്യമാണ്. മുന്‍വിധിയോടെ മുഖ്യമന്ത്രി പറയേണ്ട ഒന്നല്ല. മാധ്യമങ്ങള്‍ മാത്രമല്ല, മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാന്‍ പാടില്ല. മാധ്യമങ്ങള്‍ കേസന്വേഷണത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹത്തിന് വേണമെങ്കിൽ പറയാം.

പത്രത്തില്‍ കണ്ട വാര്‍ത്തയെ അടിസ്ഥാനമാക്കി എങ്ങനെയാണ് ഇത് പ്രതിയുടെ ഭാവന മാത്രമാണെന്നും പ്രതിയുടെ സങ്കല്‍പ്പത്തിന്റെയും ഭാവനയുടേയും അടിസ്ഥാനത്തില്‍ നടപ്പാക്കപ്പെട്ട കുറ്റകൃത്യമാണെന്നും ഇന്നയിന്ന ആളുകള്‍ക്കെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്നും പറയാന്‍ കഴിയുക. പ്രത്യേകിച്ചും കേസ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍. അതിന് യാതൊരു ന്യായീകരണവുമില്ല. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുള്ള ഇത്തരമൊരു നിരുത്തരവാദപരമായ പ്രസ്താവന കേസ് അന്വേഷണത്തിനും പൊതുസമൂഹത്തിനും ഏത് രീതിയിലുള്ള സന്ദേശമാണ് നല്‍കുക എന്ന് ആലോചിക്കണം.

സിനിമ രംഗത്തെ ക്രിമിനല്‍വത്കരണത്തെക്കുറിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. സിനിമാ മേഖലയിലെ ക്രിമിനല്‍ പ്രവണതകള്‍ അവസാനിപ്പിക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായവും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. എങ്ങനെയാണ് ഈ ക്രിമിനല്‍ പ്രവണതകള്‍ അവസാനിപ്പിക്കാന്‍ കഴിയുക? സിനിമാ മേഖലയിലെ ആരൊക്കെയാണ് ഇത്തരത്തില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായും അധോലോകവുമായും ബന്ധപ്പെട്ടിരിക്കുന്നത് എന്ന് അറിയേണ്ടേ? ക്രിമിനലുകള്‍ എങ്ങനെയാണ് സിനിമാ പ്രവര്‍ത്തകരുമായി ബന്ധപ്പെടുന്നത് എന്നറിയേണ്ടേ? ഇതൊക്കെ അറിഞ്ഞാലല്ലെ അത്തരം പ്രവൃത്തികള്‍ അവസാനിപ്പിക്കാനാവൂ സിനിമാക്കാര്‍ക്ക് ഡ്രൈവര്‍മാരെ എത്തിച്ച കൊടുക്കുന്ന പണി വര്‍ഷങ്ങളായി ചെയ്ത് വരുന്ന പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്ന കാര്യം വ്യക്തമാണല്ലോ. അപ്പൊ ഏതൊക്കെ ചലച്ചിത്ര പ്രവര്‍ത്തകരുമായാണ് അയാള്‍ക്ക് ബന്ധമുള്ളത് എന്നറിയേണ്ടി വരും. അതറിയണമെങ്കില്‍ അത് അന്വേഷിക്കേണ്ടി വരും. അത്തരം കാര്യങ്ങളില്‍ അന്വേഷണം നടത്തുകയും അക്കാര്യങ്ങള്‍ അറിയുന്നതിനും മുമ്പ് ഈ കേസ് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ഭാവനയുടെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യമാണെന്ന് എങ്ങനെ ആഭ്യന്തര മന്ത്രിക്കോ മുഖ്യമന്ത്രിക്കോ പറയാന്‍ കഴിയും?

മറ്റൊന്ന് മാധ്യമങ്ങള്‍ ഗൂഢാലോചന അന്വേഷിക്കേണ്ട എന്നതാണ്. അതിന് പൊലീസുണ്ട് എന്നതാണ്. അതും പൂര്‍ണമായും ശരിയല്ല. ഗൂഢാലോചനകള്‍ സമാന്തരമായി അന്വേഷിക്കാനുള്ള ചുമതല മാധ്യമങ്ങള്‍ക്കുണ്ട്. പൊലീസ് നടത്തുന്ന അന്വേഷണത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുക എന്നതല്ല ഈ സമാന്തര അന്വേഷണം കൊണ്ട് ഉദ്ദേശിക്കുന്നത്. തങ്ങളുടേതായ സ്രോതസുകള്‍ ഉപയോഗിച്ച് കൊണ്ട് പൊലീസ് ഭാഷ്യം വിഴുങ്ങാതെയും അതേസമയം പൊലീസ് അന്വേഷണത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പാക്കാതെയും നടത്താന്‍ കഴിയുന്ന അന്വേഷണം. പൊലീസ് ഭാഷ്യത്തിനൊപ്പം എല്ലായിടത്തും പോകാനല്ലാതെ അത്തരമൊരു ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്ക് നിറവേറ്റാന്‍ കഴിയുന്നുണ്ടോ എന്നത് മറ്റൊരു പ്രശ്‌നം. എന്നാല്‍ മാധ്യമങ്ങള്‍ ഗൂഢാലോചന അന്വേഷിക്കേണ്ടതില്ല എന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ല. അതേസമയം മാധ്യമങ്ങള്‍ ഗൂഢാലോചന സംബന്ധിച്ച് ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയും വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യരുതെന്ന് പറയാനും വിമര്‍ശിക്കാനും കഴിയും.

മുന്‍വിധികളോടെ ഈ കേസില്‍, അല്ലെങ്കില്‍ ഈ കുറ്റകൃത്യത്തില്‍ സംഭവിച്ചത് ഇന്നതാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് ഇവിടെ പ്രശ്‌നം. മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നവര്‍ക്കും മുന്നോട്ട് വയ്ക്കാനുള്ള വാദം കൂടുതല്‍ വിവരങ്ങള്‍ കിട്ടിയാല്‍ അത് പൊലീസ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും ഇത് വരെ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞതെന്നുമാണ്. എന്നാല്‍ എവിടെ നിന്നാണ് ഈ വിവരം മുഖ്യമന്ത്രിക്ക് കിട്ടിയത്. ഔദ്യോഗിക വിവരമൊന്നും അല്ലെന്നാണ് അദ്ദേഹം തന്നെ പറഞ്ഞത്. പത്രവാര്‍ത്തകളില്‍ നിന്നാണത്രേ. പത്രങ്ങള്‍ തെറ്റായ പ്രചാരണം നടത്തുന്നതായും തെറ്റായ വാര്‍ത്ത കൊടുത്തതായും കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രി തന്നെയാണ് ഒരു പത്രത്തില്‍ ഗൂഢാലോചനയില്ല എന്ന തരത്തില്‍ കണ്ട വാര്‍ത്ത ആധാരമാക്കി സംസാരിക്കുന്നത് എന്നതാണ് വൈരുദ്ധ്യം. പത്രവാര്‍ത്തകളെ അടിസ്ഥാനമാക്കി മാത്രമല്ല ഔദ്യോഗിക വിവരത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ പോലും കേസ് അന്വേഷണം പൂര്‍ത്തിയാവാത്ത ഘട്ടത്തില്‍ ഒരു പൊതുപരിപാടിയില്‍ ഇക്കാര്യം വിളിച്ച് പറഞ്ഞത് തീര്‍ത്തും ഔചിത്യമില്ലാത്ത പരിപാടിയും തെറ്റായ പ്രവണതയുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍