UPDATES

ജനങ്ങളെ മാറ്റി നിര്‍ത്തി എന്ത് വികസനമാണ് പിണറായി കൊണ്ടുവരുന്നത്?

എകെ ആന്റണിയുടെ വികസനത്തിന്‍റെ ലാസ്റ്റ് ബസും ഉമ്മന്‍ ചാണ്ടിയുടെ അതിവേഗം ബഹുദൂരത്തിലുള്ള യാത്രയുമെല്ലാം നമ്മള്‍ കണ്ടതാണ്. അതുകൊണ്ട് ബ്രേക്ക് ചവുട്ടി പോകുന്നതാണ് നല്ലത്.

വികസന പ്രവര്‍ത്തങ്ങൾ തടസപ്പെടുത്തുന്നവരെ നാടിന്റെ നന്മയ്ക്ക് വേണ്ടി മാറ്റി നിര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നാടിന്റെ വികസനത്തിന് വേണ്ടി ചില നഷ്ടങ്ങള്‍ സഹിക്കേണ്ടി വരും. ഇത്തരത്തില്‍ എതിര്‍പ്പുയര്‍ത്തുന്നവരെ മാറ്റി നിര്‍ത്തുകയല്ലാതെ വേറെ വഴിയില്ല. ഇതൊരു യുദ്ധ പ്രഖ്യാപനമായൊന്നും കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി മുന്‍കൂര്‍ ജാമ്യം എടുത്ത് കഴിഞ്ഞു. വൈദ്യുതി ലൈന്‍ വലിക്കുന്നതിനെ മരങ്ങള്‍ നഷ്ടപ്പെടും എന്ന് പറഞ്ഞ് പലരും തടസപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ വൈദ്യുതി ലൈന്‍ ആവശ്യമായ ഇടങ്ങളില്‍ അത് കൊണ്ടുവരുന്നത്, മരം മുറിയ്‌ക്കേണ്ടി വരുമെന്നതിന്റെ പേരില്‍ ആരെങ്കിലും തടസപ്പെടുത്തുകയാണെങ്കില്‍ അത് വളരെ മോശപ്പെട്ട കാര്യമാണ്. മുഖ്യമന്ത്രി പറഞ്ഞത് ന്യായവുമാണ്. പക്ഷെ വൈദ്യുതി ലൈനിന് വേണ്ടി കുറച്ച് മരങ്ങള്‍ മുറിക്കുന്നത് പോലെ അംഗീകരിക്കാനാവുന്നതല്ല വൈദ്യുത പദ്ധതിക്ക് വേണ്ടി ഒരു വനം നശിപ്പിക്കാനുള്ള നീക്കങ്ങള്‍. മുഖ്യമന്ത്രി പറഞ്ഞ കാര്യത്തില്‍ കൂടുതല്‍ വ്യക്തതയും വിശദീകരണവും ആവശ്യമുണ്ടെന്ന് തോന്നുന്നു.

പിന്നെ ഭൂമിക്കടിയിലൂടെ ഗ്യാസ് പൈപ്പ് ലൈന്‍ വലിക്കുന്ന കാര്യം. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് എന്തെങ്കിലും ആശങ്കയോ തെറ്റിദ്ധാരണകളോ ഉണ്ടെങ്കില്‍ അത് പരിഹരിച്ച ശേഷം പദ്ധതിയുമായി മുന്നോട്ട് പോകുന്നതായിരിക്കും ഉചിതം. അല്ലാതെ ആര് എതിര്‍ത്താലും പദ്ധതി നടക്കും, വേണമെങ്കില്‍ ചര്‍ച്ച നടത്താം എന്ന ലൈന്‍ തികഞ്ഞ ധാര്‍ഷ്ട്യവും അവിവേകവും ആയിരിക്കും. ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈനിന്റെ കാര്യവും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിലും തിരക്ക് പിടിക്കാതെ പക്വമായ സമീപനമാണ് സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. എന്നാല്‍ എതിര്‍പ്പുകളെ വകവയ്ക്കില്ല എന്നാണ് എല്ലായ്പ്പോഴും എല്ലാ കാലത്തും പിണറായി പറയുന്നത്. അത് ജനാധിപത്യത്തില്‍ ബുദ്ധിമുട്ടായിരിക്കും. പല തരത്തിലുള്ള എതിര്‍പ്പുകളെ നേരിട്ടുകൊണ്ടും ചര്‍ച്ചകള്‍ കൊണ്ടും സംവാദങ്ങള്‍ കൊണ്ടും മാത്രമേ ഒരു ജനാധിപത്യ സംവിധാനത്തിൽ മുന്നോട്ട് പോകാനാവൂ.

പിണറായിയുടെ ഇത്തരം മാറ്റി നിര്‍ത്തല്‍ പരിപാടികള്‍ പുരോഗമിക്കുകയാണ്. എങ്ങോട്ടാണ് ഇവരെയൊക്കെ മാറ്റി നിര്‍ത്താന്‍ പോകുന്നത് എന്നാണ് സംശയം. ദേശീയപാതാ വികസനം 45 മീറ്ററില്‍ തന്നെ നടപ്പാക്കും. എതിര്‍പ്പുകളെ അവഗണിച്ച് മുന്നോട്ട് പോകുമെന്നാണ് പിണറായി പറയുന്നത്. ഇക്കാര്യത്തില്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്കുള്ള ആശങ്ക പരിഹരിച്ചും ഉചിതമായ പുനരധിവാസ പാക്കേജ് നടപ്പാക്കിയും പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനെ പറ്റി ആലോചിക്കും എന്നല്ല പിണറായി പറയുന്നത്. നഷ്ടപരിഹാരം നല്‍കും എന്നൊക്കെ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ് പോകുന്നതല്ലാതെ. ഈ സമീപനം തന്നെയാണ് പ്രശ്‌നവും. കേരളം എന്ന സംസ്ഥാനം, പ്രധാന നഗരങ്ങളും നിരവധി ചെറുനഗരങ്ങളും ചേര്‍ന്ന ഒരു വലിയ നഗരമാണ്. കേരളത്തിന്റെ ജനസാന്ദ്രത വളരെയധികം ഉയര്‍ന്ന് നില്‍ക്കുന്ന ഒന്നാണ്. ഈ സാഹചര്യത്തില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് എവിടെ പകരം ഭൂമി നല്‍കാന്‍ കഴിയും എന്ന ചോദ്യമുണ്ട്. നഷ്ടങ്ങള്‍ സഹിക്കാന്‍ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പറയുന്നു. ആരോടാണ് മുഖ്യമന്ത്രി ഇത് പറയുന്നത്? നഷ്ടപ്പെടാന്‍ ഒരുപാട് കാര്യങ്ങള്‍ ഉള്ളവരോടായിരിക്കില്ല. അവരോട് ഇത്തരത്തില്‍ പറഞ്ഞാല്‍ വിവരമറിയും. ത്യാഗം സഹിക്കാനുള്ള ഉപദേശം വളരെ കുറച്ച് മാത്രം നഷ്ടപ്പെടാനുള്ളവരോടാണ് എന്ന കാര്യത്തില്‍ സംശയമില്ല. മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തില്‍ കൂടെയുണ്ടായിരുന്ന യൂസഫ് അലിയോടോ രവി പിള്ളയോടോ അല്ല ഈ ഉപദേശം.

മറ്റ് സംസ്ഥാനങ്ങളിലെ റോഡുകളുടെ ചിത്രം കാണിച്ച് 60 മീറ്ററില്‍ ദേശീയപാത വികസിപ്പിക്കാന്‍ കഴിയാത്ത കേരളത്തിന്റെ ദുര്യോഗത്തെ കുറിച്ച് സംസ്ഥാനത്തിന്റെ വികസനത്തിനായി ഏറെ കഷ്ടപ്പെട്ടിട്ടുള്ള പത്ര മുതലാളിമാര്‍ കണ്ണീരൊഴുക്കിയിരുന്നു. ഇതിനെ തടസം നില്‍ക്കുന്ന ‘വികസന വിരോധികളെ’ പല്ലും നഖവും ഉപയോഗിച്ച് അവര്‍ ആക്രമിച്ചു. കേരളത്തിന്റെ സാഹചര്യത്തില്‍ 30 മീറ്റര്‍ വീതിയിലുളള ദേശീയപാതയാണ് ഉചിതവും പ്രായോഗികവുമെന്നാണ് എതിര്‍പ്പുയര്‍ത്തുന്നവരുടെ നിലപാട്. ഭൂമി തന്നെയാണ് പ്രശ്‌നം. അതൊരു ചെറിയ പ്രശ്‌നമല്ല. 30 മീറ്ററാണോ 45 മീറ്ററാണോ അഭികാമ്യം എന്ന കാര്യത്തില്‍ ചര്‍ച്ച തുടരട്ടെ. എന്നാല്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് പകരം ഭൂമിയും മതിയായ നഷ്ടപരിഹാരവും ഉറപ്പ് വരുത്താനുള്ള ബാദ്ധ്യതയും ഉത്തരവാദിത്തവും സര്‍ക്കാരിനുണ്ട്. ഇത്തരത്തില്‍ പുനരധിവാസം ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ 45 മീറ്ററില്‍ ധൈര്യമായി റോഡ് വികസിപ്പിക്കാം. നമ്മുടെ നാട്ടില്‍ എത്ര വികസന പദ്ധതികളില്‍ അത് ആരംഭിക്കുന്നതിന് മുമ്പായി തന്നെ കൃത്യമായ പുനരധിവാസ പാക്കേജ് നടപ്പാക്കപ്പെടുന്നുണ്ട് എന്ന കാര്യം പരിശോധിക്കപ്പെടണം. പക്ഷെ കുറ്റം മാത്രം പറയുന്നത് ശരിയല്ലല്ലോ. നല്ല കാര്യങ്ങളുണ്ടെങ്കില്‍ അതും പറയണമല്ലോ. ടോള്‍ പിരിവ് പൂര്‍ണമായും നിര്‍ത്തലാക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞതായും വാര്‍ത്തയുണ്ട്. ദേശീയപാതാ വികസനത്തിലെ ഏകപക്ഷീയമായ നിലപാട് അംഗീകരിക്കാന്‍ കഴിയാത്തപ്പോളും ടോള്‍ ഒഴിവാക്കുന്നത് നടപ്പാക്കാന്‍ കഴിയുമെങ്കില്‍ അത് നല്ല കാര്യമാണ്. അക്കാര്യത്തില്‍ ഏതായാലും മുഖ്യമന്ത്രിക്ക് ആരോടും ചര്‍ച്ച നടത്തേണ്ടി വരില്ല. ജനങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടാകും.

നന്ദിഗ്രാമിലും സിംഗൂരിലും എതിര്‍പ്പുകളെ അവഗണിച്ച് കൃഷിഭൂമി ഏറ്റെടുക്കാനുള്ള പശ്ചിമബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരിന്‌റെ പരിപാടിയെ മലയാള പത്രങ്ങള്‍ വാഴ്ത്തിയിരുന്നു. കേരളത്തിലെ വികസനംമുടക്കികളായ സിപിഎമ്മുകാര്‍, ബംഗാളിലെ സിപിഎമ്മിനെയും ബുദ്ധദേവ് ഭട്ടാചാര്യയേയും മാതൃകയാക്കണമെന്ന് ഉപദേശിച്ച പത്രക്കാരൊക്കെ ഇപ്പോഴും ഇവിടെത്തന്നെ ഉണ്ട്. മലയാള മനോരമ അടക്കമുള്ള പത്രങ്ങള്‍ ബുദ്ധദേവിന്റെ വികസന മാതൃകയെ പ്രശംസിച്ച് മുഖപ്രസംഗവും എഡിറ്റോറിയല്‍ പേജില്‍ ലേഖന പരമ്പരകളും പ്രസിദ്ധീകരിച്ചിരുന്നു. സിംഗൂരില്‍ കാര്‍ നിര്‍മ്മാണ ഫാക്ടറി നിര്‍മ്മിക്കാന്‍ ടാറ്റയെ വിളിച്ചുകൊണ്ടുവന്ന ബുദ്ധദേവിനെ പുകഴ്ത്തി മനോരമ പായസം വിളമ്പിയിരുന്നു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ സണ്ണിച്ചേട്ടന്റെ ആരോഗ്യത്തെകുറിച്ച് മഹേഷിനോട് ആര്‍ട്ടിസ്റ്റ് ബേബി പറയുന്ന രംഗമുണ്ട്. ഏതാണ്ട് അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. ഏതായാലും ജനങ്ങളെ മാറ്റി നിര്‍ത്തി, മാറ്റി നിര്‍ത്തി ഒരു വഴിക്കാക്കിയപ്പോള്‍ അവര്‍ ബുദ്ധദേവിനേയും സിപിഎമ്മിനേയും എത്തേണ്ടിടത്ത് എത്തിച്ചു. കേരളത്തിലെ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ സാഹചര്യം ബംഗാളിന്റേതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണെങ്കിലും ജനങ്ങളുടെ നെഞ്ചത്ത് കയറി വല്ലാതെ കളിച്ചാല്‍ എല്ലാ ഭാഷയിലും ഒരു പോലെയായിരിക്കും മറുപടി. അത്തരമൊരു അവിവേകം പിണറായി കാണിക്കില്ലെന്ന് പ്രതീക്ഷിക്കാം.

വല്ലാര്‍പ്പാടത്ത് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വന്നാല്‍ കേരളം സിംഗപ്പൂരാവുമെന്ന് പറഞ്ഞവര്‍ വല്ലാര്‍പാടത്തിന്റെ ഇപ്പോഴത്തെ ദയനീയാവസ്ഥ മനസിലാക്കിയ ശേഷവും വിഴിഞ്ഞത്ത് ഇമ്മാതിരി തേനും പാലും ഒഴുക്കി. വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരും അദാനി ഗ്രൂപ്പും ചേര്‍ന്ന് 6000 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പിണറായി വിജയന്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ്, പറഞ്ഞത് മൊത്തം വിഴുങ്ങി. മാത്രമല്ല ഇക്കാര്യത്തില്‍ ഏകപക്ഷീയമായ നിലപാട് പ്രഖ്യാപിക്കുകയും ചെയ്തു. അന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയോ പ്രതിപക്ഷ നേതാവോ എല്‍ഡിഎഫ് കണ്‍വീനറോ ആയിരുന്നില്ല പിണറായി വിജയന്‍. എന്നിട്ടും പിണറായി അന്ന് പറഞ്ഞത് എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ വിഴിഞ്ഞം പദ്ധതി കരാര്‍ ഒരു മാറ്റവുമില്ലാതെ നടപ്പാക്കുമെന്നാണ്. എന്ത് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ ഇത് പറയുന്നത് എന്നോ കരാറില്‍ ഒരു മാറ്റവുമില്ലാതെ നടപ്പാക്കാനാണെങ്കില്‍ അതിനെ നിങ്ങള്‍ എതിര്‍ത്തത് എന്തിനാണെന്നോ ആരും പിണറായിയോട് ചോദിച്ചതുമില്ല. പിന്നീട് വന്ന സിഎജി റിപ്പോര്‍ട്ട് വിഴിഞ്ഞം പദ്ധതിയെ കുറിച്ച് എന്താണ് പറഞ്ഞത് എന്ന് നമ്മള്‍ കണ്ടു.

വിഴിഞ്ഞം പദ്ധതിയില്‍ നിലവിലെ കരാര്‍കൊണ്ട് സംസ്ഥാന സര്‍ക്കാരിനോ പൊതുജനങ്ങള്‍ക്കൊ നേട്ടമില്ലെന്നും അദാനി ഗ്രൂപ്പിന് മാത്രമാണ് നേട്ടമെന്നും റിപ്പോര്‍ട്ട് പറഞ്ഞിരുന്നു. അത് ഗൗരവമുള്ള ചര്‍ച്ചയായോ എന്ന കാര്യത്തില്‍ സംശയമുണ്ട്. പദ്ധതിച്ചെലവിന്റെ 67 ശതമാനവും മുടക്കുന്ന കേരളത്തിന് കിട്ടുന്ന ലാഭം 13,948 കോടി രൂപ മാത്രമാണ്. എന്നാല്‍ 33 ശതമാനം മുടക്കുന്ന അദാനി ഗ്രൂപ്പിന് ലഭിക്കുന്ന ലാഭം 1.5 ലക്ഷം കോടി രൂപ വരുമെന്നും സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ക്രമക്കേടുകളും പാഴ്ച്ചിലവുകളും പദ്ധതിയുടെ നടത്തിപ്പില്‍ ഉണ്ടായിട്ടുണ്ട്. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതില്‍ ഉള്‍പ്പെടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കൊട്ടിഘോഷിക്കപ്പെടുന്ന പല വികസന പദ്ധതികളുടേയും അവസ്ഥ ഇതാണ്. എതിര്‍പ്പുകളെ അവഗണിച്ച് നടത്തുന്ന ഭൂമി ഏറ്റെടുക്കലുകളും പദ്ധതികളും ആരുടെ താല്‍പര്യമാണ് സംരക്ഷിക്കാന്‍ പോകുന്നത് എന്ന ചോദ്യമുണ്ട്. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് തന്നെ പാര്‍ട്ടി കമ്മറ്റികളിലോ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലോ ചര്‍ച്ച ചെയ്ത് അത് തീരുമാനമായി അംഗീകരിക്കാത്ത കാര്യങ്ങളൊക്കെ പിണറായി വിജയന്‍ ഇത്തരത്തില്‍ വിളിച്ച് പറഞ്ഞിരുന്നു.

നിക്ഷേപകര്‍ വരുമ്പോള്‍ ചുവപ്പ് നാടകളെ മാത്രമല്ല, എല്ലാ തരത്തിലുള്ള പ്രതിഷേധങ്ങളേയും ചമ്മന്തിയാക്കിയ ശേഷം അവരെ സ്വാഗതം ചെയ്യുന്ന മധുര മനോജ്ഞ നാടുകളെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയന്‍ രോമാഞ്ചം കൊണ്ടിരുന്നു. ഇത്തരം നാടുകളെ മാതൃകയാക്കാനാണ് അദ്ദേഹം ഒരിക്കല്‍ ആവശ്യപ്പെട്ടത്. ഗുജറാത്തിനെ കുറിച്ചാണോ ഈ പറഞ്ഞ് വരുന്നത് എന്ന് ചില ദോഷൈക ദൃക്കുകള്‍ക്ക് സംശയം തോന്നിയപ്പോള്‍ സഖാവ് അത് തിരുത്തി. താന്‍ പറഞ്ഞത് തമിഴ്‌നാടിനെക്കുറിച്ചാണെന്ന് പറഞ്ഞ് തടി രക്ഷിച്ചു. ഒരു ഇടതുപക്ഷ സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിക്ക് സാമ്പത്തിക കാര്യങ്ങളില്‍ ഉപദേശം നല്‍കാന്‍ ഒട്ടും അനുയോജ്യയല്ലാത്ത ഒരു വ്യക്തി തന്നെ അത് ചെയ്യണമെന്ന നിര്‍ബന്ധബുദ്ധിയില്‍ നിന്ന് എന്താണ് പിണറായി വിജയന്റെ സാമ്പത്തിക നയവും കാഴ്ചപ്പാടുകളുമെന്ന് വ്യക്തം.

കേരളത്തില്‍ രണ്ടാം ഭൂപരിഷ്‌കരണം എന്ന വാക്ക് പൊതുശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്നത് മൂന്നാര്‍ ഓപ്പറേഷന്റെ സമയത്ത് വിഎസ് അച്യുതാനന്ദനാണ്. കേരളത്തില്‍ ഇടതുപക്ഷം കൊണ്ടുവന്ന ഭൂപരിഷ്‌കരണത്തിലെ പോരായ്മകളെ കുറിച്ച് വ്യക്തമായ ബോദ്ധ്യമുള്ളത് കൊണ്ടുതന്നെയാവണം വിഎസ് അത് പറഞ്ഞത്. അധികാര രാഷ്ട്രീയത്തിലെ തലപ്പന്ത് കളികള്‍ക്കപ്പുറം ഭൂമി പ്രശ്‌നങ്ങളില്‍ വിഎസിന് വലിയ താല്‍പര്യമോ ആത്മാര്‍ത്ഥതയോ ഇല്ലെന്നൊക്കെ വാദിക്കുന്നവരുണ്ടാകാം. അത് ശരിയായാലും തെറ്റായാലും ഏറെ പ്രസക്തമായ ഒരു ആവശ്യമാണ് അത്. ചെങ്ങറ അടക്കമുള്ള ഭൂസമരങ്ങളില്‍ വിഎസുമായി ശക്തമായ അഭിപ്രായ ഭിന്നതയുള്ള ദളിത് സംഘടനകള്‍ ആവശ്യപ്പെടുന്നതും ഇത് തന്നെയാണ്.

ജിഗ്നേഷ് മേവാനി അടക്കമുള്ളവര്‍ നേതൃത്വം നല്‍കിയ ചലോ തിരുവനന്തപുരം പ്രക്ഷോഭ പരിപാടി ഒന്നാം ഭൂപരിഷ്‌കരണത്തിന്റെ ഗുരുതരമായ പ്രശ്‌നങ്ങളും പിഴവുകളും ചൂണ്ടിക്കാട്ടി ആവശ്യപ്പെടുന്നതും ഇതാണ്. കെപി യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ച് കയ്യേറിയതായി പറയുന്ന ഭൂമിയില്‍ സമരം നടത്തുന്ന ആദിവാസികളെ അഭിസംബോധന ചെയ്യാനേ സര്‍ക്കാരിന് ബുദ്ധിമുട്ടുള്ളൂ. അവിടെ വിമാനത്താവള പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ മടിയില്ല. പിണറായി വിജയനെ സംബന്ധിച്ച് ഭൂമി പ്രശ്‌നം ഒരു രാഷ്ട്രീയ വിഷയമല്ല. ഉമ്മന്‍ചാണ്ടിക്കും പിണറായി വിജയനുമെല്ലാം അത് അനാവശ്യമായ വിവാദ വിഷയം മാത്രമാണ്. അതുകൊണ്ടാണ് ലോ അക്കാഡമിയിലെ ഭൂമി പ്രശ്‌നത്തെ കുറിച്ചുള്ള ചോദ്യത്തിന് ഏതോ ഒരു പിള്ള എന്നെല്ലാം പറഞ്ഞ് അദ്ദേഹം ഉരുണ്ട് കളിച്ചത്.

ദേശീയ പാതാ വികസനമാണ് മുഖ്യമന്ത്രി ഉന്നയിക്കുന്ന മറ്റൊരു പ്രശ്‌നം. കാര്യങ്ങള്‍ വളരെ സങ്കീര്‍ണമാക്കേണ്ടതില്ല. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് പകരം ഭൂമിയും ഉചിതമായ നഷ്ടപരിഹാരവും ലഭ്യമാക്കി പുനരധിവാസം നടപ്പാക്കിയാല്‍ പിന്നെ വളരെ സിമ്പിളായി 45 മീറ്ററില്‍ റോഡ് പണിയാം. നാടിന് വേണ്ടി എന്ന് പറയുമ്പോള്‍ ഈ നാട്ടില്‍ ജീവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി ആയിരിക്കണമല്ലോ. ജനങ്ങളെ പെരുവഴിയിലാക്കി എങ്ങനെയാണ് നിങ്ങള്‍ക്ക് നാട്ടില്‍ വികസനം കൊണ്ടുവരാനാവുക. ജനങ്ങളെ വല്ലാതെ മാറ്റി നിര്‍ത്തിയാല്‍ അങ്ങനെ ചെയ്യുന്നവരേയും മാറ്റിനിര്‍ത്താന്‍ അവര്‍ക്കറിയാം. ആ മാറ്റി നിര്‍ത്തല്‍ ഒട്ടും സുഖകരമാവില്ല. പിണറായി പറയുന്നത് പോലെ അങ്ങനെ മാറ്റി നിര്‍ത്താന്‍ മാത്രം സ്ഥലമൊന്നും ഈ കേരളത്തിലുണ്ടെന്ന് തോന്നുന്നില്ല. പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് ഇഷ്ടമില്ലാത്തവരെ മാറ്റിനിര്‍ത്തുന്ന പോലെ എളുപ്പമല്ല ഈ മാറ്റി നിര്‍ത്തല്‍.

സിപിഎമ്മിന്റെ സൈബര്‍ പോരാളികളെ സംബന്ധിച്ച് പറഞ്ഞ വാക്ക് മാറ്റി പറയാത്ത നിശ്ചയദാര്‍ഢ്യമുള്ള, ഇരട്ടച്ചങ്കുള്ള നേതാവായിരിക്കും പിണറായി വിജയന്‍. ദേശീയപാത അടക്കമുള്ള വികസന പദ്ധതികളില്‍ എതിര്‍പ്പുയര്‍ത്തുന്നവരെ മാറ്റി നിര്‍ത്തി മുന്നോട്ട് പോകുമെന്ന് പിണറായി പറയുമ്പോള്‍ അവര്‍ കയ്യടിക്കുമായിരിക്കും. ആരാധനാപുരുഷന്‍ എന്ത് ചെയ്താലും പറഞ്ഞാലും നിലപാട് എടുത്താലും അതിനെ ന്യായീകരിക്കുക എന്നതാണ് അവരുടെ പണി. മറ്റുള്ളവരെ സംബന്ധിച്ച് കാര്യങ്ങള്‍ അങ്ങനെയായിരിക്കില്ല. ഒരിക്കല്‍ പറഞ്ഞ കാര്യം മാറ്റി പറയാതെ അതില്‍ ഉറച്ച് നില്‍ക്കുക എന്ന് പറയുന്നത് എന്തോ ഒരു മഹത്തായ കാര്യമാണെന്ന തെറ്റിദ്ധാരണ ധാരാളം പേര്‍ക്കുണ്ട്. അത് ഒരു അബദ്ധധാരണ മാത്രമാണ്. തെറ്റായ കാര്യം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തിരുത്തി, മാറ്റിപ്പറയുക എന്നത് തന്നെയാണ് അന്തസുള്ള സമീപനം. തെറ്റുകള്‍ ഒരു ലജ്ജയുമില്ലാതെ തുറന്നുപറയാനും അത് തിരുത്താനുമുള്ള ആര്‍ജ്ജവവും സ്വയംവിമര്‍ശനത്തിനുള്ള സന്നദ്ധതയുമാണ് വേണ്ടത്. അല്ലാതെ ഞാന്‍ ചെയ്യുന്നതും പറയുന്നതുമായിരിക്കും മറ്റുള്ളവരുടെ ശരിയും നന്മയും എന്ന് കരുതി വിഡ്ഢി സ്വര്‍ഗത്തില്‍ ജീവിക്കുകയല്ല.

അതിരപ്പള്ളി പോലുള്ള പരിസ്ഥിതി വിരുദ്ധ, ജനവിരുദ്ധ പദ്ധതികളോടുള്ള പിണറായി സര്‍ക്കാരിന്റെ താല്‍പര്യം വ്യക്തമാണ്. മുഖ്യമന്ത്രി പിണറായി വിജയനും നിലവിലെ വൈദ്യതി മന്ത്രി എംഎം മണിയും നേരത്തെ വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്തിരുന്ന കടകംപള്ളി സുരേന്ദ്രനുമെല്ലാം ഈ താല്‍പര്യം വ്യക്തമാക്കിയിട്ടുണ്ട്. വിഎസ് മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്ന എകെ ബാലനും അതിരപ്പിള്ളി പദ്ധതിയുടെ ശക്തനായ വക്താവാണ്. മുഖ്യമന്ത്രി തന്നെ ഇടയ്ക്കിടെ പറയുന്ന ഒന്നാണ് വികസനത്തിന് തടസം നില്‍ക്കുന്ന പരിസ്ഥിതി തീവ്രവാദം എന്നത്. ഏതൊക്കെ തരത്തിലാണ് ഈ പറയുന്ന പരിസ്ഥിതി തീവ്രവാദം പ്രവര്‍ത്തിക്കുന്നത് എന്ന് യുക്തിസഹമായി വിശദീകരിക്കാനൊന്നും മുഖ്യമന്ത്രിയ്‌ക്കോ മന്ത്രിമാര്‍ക്കോ കഴിയാറില്ലെങ്കിലും ഇതിങ്ങനെ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. എന്തായാലും കേരളത്തിന്റെ വൈദ്യുതി മന്ത്രിമാരെല്ലാം അതിരപ്പള്ളിയുടെ കടുത്ത ആരാധകരാണ്. അതിരപ്പള്ളി പദ്ധതി വരാത്തതാണ് കേരളത്തിന്റെ വൈദ്യുതി ക്ഷാമത്തിന് കാരണമെന്ന മട്ടിലാണ് പ്രചാരണം. എന്തായാലും അതിരപ്പള്ളിയെ കുറിച്ച് പിണറായി കുറച്ച് കാലമായി ഒന്നും മിണ്ടുന്നില്ല. എംഎം മണി ഇടയ്ക്ക് ഉറക്കത്തില്‍ നിന്ന്
ഞെട്ടിയേഴുന്നേറ്റ പോലെ അതിരപ്പള്ളി എന്ന് പറയുന്നതൊഴിച്ചാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ കാര്യമായ നീക്കമൊന്നും കാണുന്നില്ല.

എന്താണ് വികസനം എന്നതിനെ കുറിച്ച് സ്റ്റഡി ക്ലാസുകളെടുക്കുന്നവരും ബദല്‍ വികസന മാതൃകകളെക്കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നവരുമാണ് ജനവിരുദ്ധ വികസന മാതൃകകളുമായി മുന്നോട്ട് പോകാന്‍ ശ്രമിക്കുന്നത്. അതിരപ്പിള്ളി പദ്ധതിയെ പിണറായി വിജയന്‍ അനുകൂലിക്കുന്നത് കൊണ്ട് മാത്രം അനുകൂലിക്കുന്ന ഒരു സൈബര്‍ പോരാളി പറഞ്ഞത്, പദ്ധതി നടപ്പായാല്‍ അവിടെ നശിപ്പിക്കപ്പെടുന്ന സ്വാഭാവിക വനത്തിന് പകരമായി കൃത്രിമ വനം നട്ടുപിടിപ്പിക്കാമെന്നാണ്. ഇതിന് ഉദാഹരണമായി ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ വ്യക്തികള്‍ (സര്‍ക്കാരല്ല) വച്ചുപിടിപ്പിച്ച വനങ്ങളുടെ പട്ടിക സൈബര്‍ യോദ്ധാവ് നിരത്തി. പക്ഷെ കേരളത്തില്‍ എവിടെ ഇത്രയധികം പകരം വനം നട്ടുപിടിപ്പിക്കുമെന്നും അതിനുള്ള ഭൂമി എവിടെയെന്നും സ്വാഭാവിക വനത്തിന്റെ നഷ്ടം എങ്ങനെ പരിഹരിക്കും എന്നുമുള്ള ചോദ്യത്തിന് ആ പാവത്തിന് മറുപടിയുണ്ടായിരുന്നില്ല. എല്ലാം നാടിന്റെ വികസനത്തിനും ജനനന്മയ്ക്കും വേണ്ടിയാണല്ലോ എന്ന് ആലോചിച്ച് അയാള്‍ സമാധാനിക്കുന്നുണ്ടാവണം. ഈ സൗകര്യം ഉപയോഗിച്ചാണ് ‘വിജയവീഥി’യിലെ വികസന മുന്നേറ്റം. എകെ ആന്റണിയുടെ വികസനത്തിന്‍റെ ലാസ്റ്റ് ബസും ഉമ്മന്‍ ചാണ്ടിയുടെ അതിവേഗം ബഹുദൂരത്തിലുള്ള യാത്രയുമെല്ലാം നമ്മള്‍ കണ്ടതാണ്. അതുകൊണ്ട് ബ്രേക്ക് ചവുട്ടി പോകുന്നതാണ് നല്ലത്.


(അഴിമുഖം സ്റ്റാഫ് ജേർണലിസ്റ്റാണ് സുജയ്)

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍