UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായിയുടെ ഇമേജ് ബില്‍ഡിംഗ്; സിപിഎമ്മിലെ അടി മറനീക്കി പുറത്ത്

Avatar

അഴിമുഖം പ്രതിനിധി

മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭയുടെ ഇമേജ് ഉറപ്പിക്കല്‍ തന്ത്രം സിപിഎം തിരിച്ചറിഞ്ഞതോടെ ബലിയാടായി കൈരളിയില്‍ നിന്നും രണ്ടുപേര്‍ പുറത്തായി. കള്ളന്‍ കപ്പലില്‍ എന്ന പഴഞ്ചൊല്ല് അനുസ്മരിപ്പിക്കുന്ന വിധത്തില്‍ കരുക്കള്‍ നീക്കിയ വ്യക്തി സംരക്ഷിക്കപ്പെടുകയും പിണിയാളുകളായ രണ്ടു പേര്‍ പുറത്തു പോകുകയുമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

 

പാര്‍ട്ടിയുടെ രണ്ടു ജില്ലാ സെക്രട്ടറിമാരെ ആരോപണത്തിന്റെ പുകമറയ്ക്കുള്ളില്‍ നിര്‍ത്തിക്കൊണ്ടാണ് പിണറായി വിജയന്റെ ഇമേജ് ഉയര്‍ത്തല്‍ പരിപാടി അദ്ദേഹത്തിന്റെ ഓഫീസും എറണാകുളത്തെ ഒരു പിആര്‍ കമ്പനിയും ചേര്‍ന്ന് നടത്തിയത്. മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന ഇപി ജയരാജനുമായി അടുത്ത ബന്ധം പുലര്‍ത്തി വന്ന വ്യക്തിയാണ് ഈ പിആര്‍ സ്ഥാപനത്തിന്റെ മേധാവി.

 

ചാനലില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ സമാന്തര മാധ്യമസംരംഭം; കൈരളിയില്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ക്കും വെബ് ഡിസൈനര്‍ മാനേജര്‍ക്കും സസ്‌പെന്‍ഷന്‍

  

വടക്കാഞ്ചേരി ബലാത്സംഗ വിവാദത്തെ തുടര്‍ന്ന്‍ നടത്തിയ പത്രസമ്മേളനം പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനെ തിരിഞ്ഞു കൊത്തിയിരുന്നു. കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനുമായി എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവിന് അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹത്തെ സംരക്ഷിക്കുന്നത് രാജീവാണെന്നുമുള്ള വാര്‍ത്തയാണ് പുറത്തു വന്ന മറ്റൊന്ന്. ഈ രണ്ട് ആരോപണങ്ങളിലും ജില്ലാ നേതൃത്വത്തോട് ഒരു വാക്കു പോലും ചോദിക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് നടപടി സ്വീകരിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ രണ്ടു ജില്ലാ സെക്രട്ടറിമാര്‍ക്കും അതൃപ്തിയുണ്ട്.

 

പി ആര്‍ സംഘങ്ങളും ബ്രിട്ടാസും പാര്‍ട്ടിയുടെ കഴുക്കോലൂരി പിണറായിക്ക് ചായ്പ് കെട്ടുന്നു

 

മന്ത്രിസഭയുടെ ഇമേജ് ഉയര്‍ത്തല്‍ പരിപാടി മുഖ്യമന്ത്രിയുടെ നേരിട്ടുള്ള അറിവോടെയല്ലെന്നും ചാനലിലെ ഉന്നതന്റെ നിര്‍ദേശ പ്രകാരമാണെന്നും വ്യക്തമായതോടെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ ഈ വിഷയം ഏറ്റെടുത്തു. കോടിയേരി ഇന്നലെ ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ (കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ സംരക്ഷിക്കും) സക്കീര്‍ ഹുസൈന് എതിരായി എടുത്ത 14 കേസുകളും കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് പാര്‍ട്ടി നടത്തിയ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഉണ്ടായതാണെന്ന് വ്യക്തമാക്കി സക്കീറിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു.

 

ഏരിയ സെക്രട്ടറി ആയാലും ഇടതുപക്ഷ കൗണ്‍സിലര്‍ ആയാലും മുഖം നോക്കാതെ നടപടി എടുക്കുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന പേരാണ് രണ്ടു കേസും വഴി അദ്ദേഹത്തിന് പിആര്‍ സംഘം ഉണ്ടാക്കിക്കൊടുത്തത്. പിണറായിയുടെ പ്രതിച്ഛായ ഉയര്‍ത്തുന്നതിന് അനുചരന്മാര്‍ സ്വീകരിക്കുന്ന വളഞ്ഞ മാര്‍ഗത്തെ പാര്‍ട്ടിയിലെ ഒരു വിഭാഗം സംശയത്തോടെയാണ് വീക്ഷിച്ചത്. കോടിയേരി ഇടപെട്ടില്ലെങ്കില്‍ കേന്ദ്ര നേതൃത്വത്തെ സമീപിക്കാനായിരുന്നു ഇവരുടെ പദ്ധതി. പാര്‍ട്ടി വിഷയം ഗൗരവത്തില്‍ എടുക്കുന്നു എന്ന് മനസ്സിലാക്കിയതോടെ രണ്ടുപേരെ ബലിയാടാക്കി പ്രശ്‌നം അവസാനിപ്പിക്കാനാണ് ഇപ്പോള്‍ ശ്രമം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍