UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജേക്കബ് തോമസ് ജെയിംസ് ബോണ്ടല്ല; മുഖ്യമന്ത്രി താനാണെന്ന് പിണറായി മറക്കരുത്

Avatar

അഴിമുഖം പ്രതിനിധി

ഇരട്ടച്ചങ്കന്‍ എന്ന് അനുയായികള്‍ ആവേശപൂര്‍വം വിളിക്കുന്ന പിണറായി വിജയന് പാര്‍ട്ടിഭരണം പോലെ സംസ്ഥാന ഭരണം സാധ്യമാകുന്നുണ്ടോ? ഇല്ല എന്ന് തന്നെ ഉത്തരം. ജിഷ വധക്കേസിലെ അന്വേഷണ പാളിച്ചയുടെ കുറ്റത്തിന് ഡിജിപി സെന്‍കുമാറിന്റെ ക്രമസമാധാന ചുമതല വരെ തെറിപ്പിച്ചപ്പോള്‍ പോലീസ് ഭരണം ഇനി പിണറായിയുടെ ഉള്ളം കൈയിലെ നെല്ലിക്ക ആകുമെന്നാണ് കരുതിയത്. സെന്‍കുമാറിനെ തെറിപ്പിച്ചതല്ലാതെ പിന്നെ ഒരു തെറിപ്പിക്കലും നടന്നില്ല എന്ന് മാത്രമല്ല മുതിര്‍ന്ന ഐഎഎസ്, ഐപിഎസുകാരെ നിയന്ത്രിക്കാന്‍ കഴിയുന്നതേയില്ല.

 

അന്വേഷിച്ച ശേഷം ‘നോ’ എന്ന് മാത്രം മറുപടി നല്‍കാന്‍ പറ്റുന്ന പരാതിയാണ് ജേക്കബ് തോമസ് ഇപ്പോള്‍ ഡിജിപിക്ക് നല്‍കിയിരിക്കുന്നത്. തന്റെ ഫോണും ഇ-മെയിലും ചോര്‍ത്തിയെന്ന പരാതി നല്‍കിയ കാര്യം ജേക്കബ് തോമസ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇങ്ങനെ ഒരു ആരോപണം ഉണ്ടാകാന്‍ ഇടയായ സാഹചര്യം ഡിജിപി നേരിട്ട് അന്വഷിക്കുകയാണ്. ഡിജിപി, ഇന്റലിജന്‍സ് എഡിജിപി എന്നിവര്‍ രേഖാമൂലം അഡീഷണല്‍ ആഭ്യന്തര സെക്രട്ടറിയോട് രേഖാമൂലം ആവശ്യപ്പെട്ടാല്‍ മാത്രമാണ് ഫോണ്‍ ചോര്‍ത്താന്‍ കഴിയുന്നത്. ഇതൊന്നും അറിയാത്ത വ്യക്തിയല്ല ജേക്കബ് തോമസ്.

 

ഡിജിപി തലത്തിലെ ഉദ്യോഗസ്ഥന്റെ ഫോണും ഇ-മെയിലും ചോര്‍ത്തുന്നതായി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തു പോലും ആരോപണം ഉയര്‍ന്നിട്ടില്ല. ഫോണ്‍ ചോര്‍ത്തണം എന്ന് ഔദ്യോഗിക കത്ത് ലഭിച്ചാല്‍ അഡീഷണല്‍ ആഭ്യന്തര സെക്രട്ടറിഉടന്‍ ബന്ധപ്പെട്ട മൊബൈല്‍ കമ്പനിക്കു കത്ത് നല്‍കുകയും ബാക്കി നടപടി ക്രമങ്ങള്‍ പാലിക്കുകയുമാണ് ചെയ്യുന്നത്. അല്ലാത്ത പക്ഷം വിളിച്ച ഫോണ്‍ നമ്പറുകള്‍, സംസാരിച്ച സമയം തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ മാത്രമാണ് ലഭിക്കുക; ഉള്ളടക്കം കിട്ടില്ല. കാര്യങ്ങള്‍ ഇങ്ങനെ ആണെന്നിരിക്കെ അന്വഷണത്തിലേക്കു സംഭവം എത്തിയതോടെ ഒരു കാര്യം വ്യക്തം; ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ നടക്കുന്ന ചേരിപ്പോരിന്റെ ഉത്പ്പന്നമാണ് ഈ പരാതി. പരാതിയിലൂടെ ജേക്കബ് തോമസ് ആരെയൊക്കെയോ ലക്ഷ്യം വയ്ക്കുന്നുണ്ട്. സൂപ്പര്‍ ഇമ്മ്യൂണിറ്റി ഉള്ള ഉദ്യോഗസ്ഥനായതിനാല്‍ ജേക്കബ് തോമസിനെ ആരൊക്കെയോ ഭയക്കുന്നു. ഈ ഭയവും പോരാട്ടവും അടിസ്ഥാനപരമായി നാണംകെടുത്തുന്നത് പിണറായി വിജയന്‍ എന്ന ഉരുക്കു മനുഷ്യനെയാണ്. 1996-ല്‍ വൈദ്യുതി വകുപ്പ് ഭരിച്ചപോലെയല്ല 2016 കാലത്തു പോലീസ് വകുപ്പ് ഭരിക്കേണ്ടത് എന്ന് പിണറായി തിരിച്ചറിയേണ്ടതുണ്ട്.

 

 

അഴിമതിയെ നേരിടാന്‍ ജേക്കബ് തോമസിന് മാത്രമേ കഴിയു എന്ന പ്രതീതിയാണ് ഇപ്പോള്‍ പിണറായി സൃഷ്ടിച്ചിരിക്കുന്നത്. ജെയിംസ് ബോണ്ടിനെ പോലെയോ ഫാന്റത്തെ പോലെയോ ഒരു അമാനുഷനാക്കി ജേക്കബ് തോമസിനെ ചിത്രീകരിക്കുമ്പോള്‍ ചോര്‍ന്നു പോകുന്നത് സര്‍ക്കാരിന്റെ ഇച്ഛാശക്തി കൂടിയാണ്. ഒരു കാലത്ത് എല്ലാ കേസുകളും സിബി മാത്യുസ് അല്ലെങ്കില്‍ സിബിഐ അന്വഷിക്കണം എന്നായിരുന്നു ആവശ്യം. ചാരക്കേസോടെ സിബി മാത്യുസും അന്വഷിച്ച പല കേസുകളും തുമ്പുണ്ടാക്കാതെ സിബിഐ യും തോറ്റതോടെ ഈ ആവശ്യങ്ങളുടെ പത്തി താഴ്ന്നു.

 

ദിശാബോധം നല്‍കാന്‍ ഉറച്ച രാഷ്ട്രീയ നേതൃത്വം ഉണ്ടെങ്കില്‍ കേസുകള്‍ സത്യസന്ധമായി അന്വഷിക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരാകും .അട്ടിമറികള്‍ നടത്താന്‍ അവര്‍ ഭയപ്പെടും. അതുപോലെ ഒരു സാഹചര്യം ഒരുക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കേണ്ടത്. അല്ലാതെ ജേക്കബ് തോമസിന്റെ വാലില്‍ തൂങ്ങി അദ്ദേഹത്തിന്റെ നേട്ടത്തിന്റെ പങ്കുകാരന്‍ ആകുകയല്ല വേണ്ടത്. ശക്തനായ മുഖ്യമന്ത്രിയില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് കരുത്തുറ്റ നടപടികള്‍ തന്നെയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍