UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിപരീത പഥങ്ങള്‍

വിശാഖ് ശങ്കര്‍

എല്ലാം ശരിയായില്ലെങ്കിൽ എന്തുകൊണ്ടെന്ന് മനസിലാക്കൂ; വിപ്ളവം വരാത്തതുകൊണ്ടെന്ന് മുട്ടാപ്പോക്ക് പറയരുത്

കേരളത്തിൽ ഇന്ന് നിലനിൽക്കുന്നത് വിചിത്രമായൊരു അവസ്ഥയാണ്. ഭരണകൂടത്തിന്റെ മർദ്ദനോപകരണമെന്ന് നാമൊക്കെ ഉരുവിട്ട് പഠിച്ച പോലീസ് ഇന്ന് ഭരണകൂടത്തെ തങ്ങളുടെ ഉപകരണമാക്കുന്ന അവസ്ഥയായിരിക്കുന്നു.

ഈ ലേഖനത്തിന്റെ ആദ്യഭാഗം ഇവിടെ വായിക്കാം: [ആർഎസ്എസിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ: തലക്കെട്ടാണ്; നമ്പുമോ കേരളം?]

കേരളത്തിൽ ഇന്ന് നിലനിൽക്കുന്നത് വിചിത്രമായൊരു അവസ്ഥയാണ്. ഭരണകൂടത്തിന്റെ മർദ്ദനോപകരണമെന്ന് നാമൊക്കെ ഉരുവിട്ട് പഠിച്ച പോലീസ് ഇന്ന് ഭരണകൂടത്തെ തങ്ങളുടെ ഉപകരണമാക്കുന്ന അവസ്ഥയായിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് വ്യാഖ്യാനങ്ങൾ നിലവിലുണ്ട്. ഒന്ന് ഭരണകൂടവും അതിന്റെ പ്രത്യയശാസ്ത്ര അനുഭാവികളും നൽകുന്നത്. മറ്റൊന്ന് മുഖ്യധാരാ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾക്കും അപ്പുറം ജൈവവും സജീവവുമായ ഇടതു വിരോധം വച്ച് പുലർത്തുന്ന ബദൽ രാഷ്ട്രീയ അന്വേഷകരുടേത്.

ഈ സർക്കാരിന്റെ ഭാഗവും മന്ത്രിയുമായ സഖാവ് ജി സുധാകരൻ മാതൃഭൂമി ചാനലിലെ ഒരു പരിപാടിയിൽ പറഞ്ഞ ഒരഭിപ്രായമുണ്ട്. അത് പാർട്ടിയുടെ ഔദ്യോഗിക വ്യാഖ്യാനമൊന്നും അല്ലെങ്കിലും പല പാർട്ടി അനുഭാവികളും ആവർത്തിക്കുന്ന ഒന്നാണ്. വിപ്ളവം വരാത്തിടത്തോളം കാലം ഭരണകൂടം എന്നത് ബ്യൂറോക്രസി തന്നെയായി നിലനിൽക്കുന്നു; അതുകൊണ്ട് അതിനുമേൽ തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ ഭരണകൂടങ്ങൾക്ക് ചെലുത്താൻ പറ്റുന്ന സ്വാധീനത്തിന് പരിധിയുണ്ട് എന്നാണ്. ഇടതുപക്ഷ പ്രത്യയശാസ്ത്ര അനുഭാവികളിൽ ചിലരെങ്കിലും ഇത്തരം വിഷയങ്ങളിൽ നിർവഹണബന്ധിയായ താത്കാലിക പരിഹാരങ്ങൾ അന്വേഷിക്കുന്നതിലും അപ്പുറം പ്രാധാന്യവും ഊന്നലും ആത്യന്തിക ലക്ഷ്യമായ വിപ്ളവത്തിലേക്കുള്ള പരിണാമഗതിയുടെ വേഗം കൂട്ടാനുള്ള മാർഗ്ഗങ്ങൾ അന്വേഷിക്കുക എന്നതിലാവണം എന്ന് അഭിപ്രായപ്പെടുന്നുമുണ്ട്.

മറുവശത്ത് ബദൽ രാഷ്ട്രീയ അന്വേഷകരാവട്ടെ സിപിഎം ഉൾപ്പെടെയുള്ള ഇന്ത്യയിലെ ഇടതുരാഷ്ട്രീയ കക്ഷികൾ ഏറിയും കുറഞ്ഞും ഹിന്ദുത്വ രാഷ്ട്രീയത്തെ പിൻപറ്റുന്നവരാണെന്നും മാർക്സും കമ്യൂണിസവുമൊക്കെ അവരുടെ വെറും റെട്ടറിക് മാത്രമാണെന്നും തുറന്നടിക്കുന്നു. അവരുടെ വാദപ്രകാരം പൊലീസ് നടപ്പിലാക്കുന്നത് ഭരണകൂട നയം തന്നെയാണ്. അല്ല എന്ന വാദം സംഘിത്തത്തിന് മേൽ അണിഞ്ഞിരിക്കുന്ന പുരോഗമന രാഷ്ട്രീയത്തിന്റെ ആട്ടിന്‍തോൽ മാത്രമാണ്.

ഈ രണ്ട് കടന്ന വ്യാഖ്യാനങ്ങൾക്കും ഇടയിലാണ് ഇന്നത്തെ ഇടതുസർക്കാർ നേരിടുന്ന യഥാർത്ഥ പ്രതിസന്ധി. അത് വഴിയേ ചർച്ച ചെയ്യാം. ആദ്യം നിലവിലുള്ള പ്രശ്നത്തെക്കുറിച്ചുള്ള ഇടതുപക്ഷ വ്യാഖ്യാനം പരിശോധിക്കാം.

ബൂർഷ്വാ ജനാധിപത്യം
മാർക്സിയൻ പ്രത്യയശാസ്ത്രപ്രകാരം മന്ത്രി ജി സുധാകരന്റെ നിരീക്ഷണത്തെ അങ്ങനെയങ്ങ് തള്ളിക്കളയാൻ പറ്റില്ല. നിലമ്പൂരിൽ നടന്ന മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന്റെ ഉത്തരമായാണ് സുധാകരൻ മേല്‍പ്പറഞ്ഞ നിരീക്ഷണം നടത്തുന്നത്. ഇത്തരം സംഭവങ്ങളൊക്കെയും ഭരണകൂട ജീർണ്ണതയുടെ ഭാഗമാണെന്നും അതുകൊണ്ടാണ് ഞങ്ങൾ ഭരണകൂടത്തെ എതിർക്കുന്നത് എന്നും പറഞ്ഞ അദ്ദേഹം തുടർന്ന് ജനാധിപത്യവ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളല്ല ഭരണകൂടമെന്ന് പ്രസ്താവിക്കുന്നു. സർക്കാരുകൾ വരുന്നു പോകുന്നു, ഭരണകൂടം പക്ഷേ മാറ്റമില്ലാതെ നിലനിൽക്കുന്നു. കാലാകാലങ്ങളായി ഇവിടെ നിലനിൽക്കുന്ന ആ ബ്യൂറോക്രാറ്റിക് ഭരണയന്ത്രത്തിന് മേൽ മാറി മാറി വരുന്ന സർക്കാരുകൾ ജനകീയ പ്രതിനിധാനവും പ്രത്യയശാസ്ത്രപരമായ ഉൾകാഴ്ചയും ഉപയോഗിച്ച് ചില ഇടപെടലുകൾ നടത്താൻ ശ്രമിക്കുന്നു എന്ന് മാത്രം. പക്ഷേ അതിന് ഒരുപാട് പരിമിതികൾ ഉണ്ട്. ഈ അവസ്ഥ മാറണമെങ്കിൽ വിപ്ളവം നടക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ക്ലാസിക്കൽ കമ്യൂണിസം ജനാധിപത്യത്തെ ആന്തരിക തിരുത്തൽ ശേഷിയുള്ള, സമഗ്രവും സ്വയം പര്യാപ്തവുമായ ഒരു ആദർശ രാഷ്ട്രീയ നിർവഹണ സംവിധാനമായല്ല, മറിച്ച് വിപ്ളവത്തിലേക്കുള്ള മാർഗ്ഗത്തിൽ നിലവിലുള്ള ഭൗതിക ചരിത്രപരിസരം അനിവാര്യമാക്കുന്ന ഒരു അന്തരാളഘട്ടം (ഇന്റെറിം സ്റ്റേജ്) മാത്രമായാണ് കാണുന്നത്. ഭരണകൂടത്തിന്റെയും അധികാരത്തിന്റെ തന്നെയും സമൂലമായ കൊഴിഞ്ഞുപോക്ക് വിഭാവനം ചെയ്യുന്ന ഒരു പ്രത്യയശാസ്ത്രത്തിന് അതിന്റെ പരിണാമ പ്രക്രിയയ്ക്കിടയിൽ നേരിടേണ്ടിവരുന്ന “ബൂർഷ്വ ജനാധിപത്യം” പോലെയുള്ള നീക്കുപോക്ക് സംവിധാനങ്ങളെയൊന്നും അന്തിമം എന്ന് കരുതാനാവില്ല. ആ നിലയ്ക്ക് കമ്യൂണിസത്തിൽ ജനാധിപത്യ ഭരണകൂടം എന്നതും ആത്യന്തികമായ അധികാരത്തിന്റെ കൊഴിഞ്ഞ് പോകലിന്റെ ഭാഗമായി ഇല്ലാതാകേണ്ടുന്ന ഒന്ന് മാത്രമാണ്; നിലനിർത്തപ്പെടേണ്ട ഒന്നല്ല.

രാഷ്ട്രീയ നൈതികതയുടെ അവസാനവാക്കൊന്നുമല്ല അതിന്റെ നിർദ്ധാരണ ചരിത്രത്തിൽ നിലവിൽ നാം താരതമ്യേനെ മെച്ചം എന്ന് കരുതുന്ന ജനാധിപത്യവും എന്നത് വ്യക്തം. അതിൽ നിന്ന് ഒരു മാറ്റം എങ്ങനെ പരമാവധി കോസ്റ്റ് ഇഫെക്ടീവായി സാധ്യമാകും എന്നതാണ് ചോദ്യവും. ഉൾക്കാഴ്ചയോടെ രചിക്കപ്പെട്ട ഒരു ഭരണഘടനയും അത്ര എളുപ്പമൊന്നും അട്ടിമറിക്കുക സാധ്യമല്ലാത്ത, താരതമ്യേനെയെങ്കിലും മെച്ചപ്പെട്ട ഒരു നിർവഹണ സംവിധാനവും ഉള്ള ഒന്ന് എന്ന നിലയിൽ ഇന്ത്യൻ ജനാധിപത്യ മാതൃകയുടെ കരുത്ത് അതിന്റെ ജനകീയ തിരുത്തൽ ശേഷിയാണ്. തിരഞ്ഞെടുപ്പ് അട്ടിമറിയെക്കുറിച്ചൊക്കെ ധാരാളം കേട്ടുട്ടുണ്ട് എങ്കിലും ഭരണകൂടം എന്ത് വിലകൊടുത്തും തുടർച്ച നിലനിർത്താൻ ശ്രമിച്ച പല അവസരങ്ങളിലും ആ താത്പ്പര്യവും അട്ടിമറിക്കപ്പെട്ടിട്ടുണ്ട് എന്ന ചരിത്ര വസ്തുത ആ സംവിധാനത്തിന്റെ ഭദ്രതയ്ക്ക് സാക്ഷ്യമാണ്.

നിലനിൽക്കുന്ന ഏതാനും സാധ്യതകൾക്കുള്ളിൽ മാത്രമായി ജനത്തിന്റെ സമ്മതിദാനാവകാശത്തെ തളച്ചിടുന്ന, അതിലൂടെ ഭരണവർഗ്ഗ താത്പര്യങ്ങളെ ഒളിച്ച് കടത്തുന്ന ഒരു ചടങ്ങ് ജനാധിപത്യമാണ് ഇവിടുത്തേത് എന്നതും ഒരു അതിവിമർശനമാവും. ജനാധിപത്യ ഇന്ത്യയുടെ ആദ്യകാല ചരിത്രമെടുത്താൽ ഒരു സോഷ്യലിസ്റ്റ് ജനാധിപത്യവാദിയായ നെഹ്രുവിന് അപ്രമാദിത്തമുള്ള കോൺഗ്രസ് ആയിരുന്നു വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെങ്കിൽ മറുപുറത്ത് പ്രതിപക്ഷത്തും സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് ധാരകൾ തന്നെ മേൽക്കൈ നേടുന്ന അവസ്ഥ എകെജി അനൗദ്യോഗിക പ്രതിപക്ഷ നേതാവാകുന്ന കാലത്തൊക്കെ നമുക്ക് കാണാൻ കഴിയും. എന്നാൽ ആ സോഷ്യലിസ്റ്റ് ഹെഗമണി മെല്ലെ മെല്ലെ തകരുന്നതാണ് പിൽക്കാല ഇന്ത്യാ ചരിത്രം. അത് ഗുണകരമായിരുന്നുവോ അല്ലയോ എന്ന ചോദ്യം നമുക്ക് പിന്നീട് വിശദമായി ചർച്ച ചെയ്യാം. ഇവിടെ പ്രസക്തമായ വിഷയം ജനം മാറി ചിന്തിക്കുന്നിടത്ത് ഭരണകൂടവും മാറുന്നു എന്ന് ഉറപ്പുവരുത്താൻ നാളിതുവരെ ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിന് കഴിഞ്ഞിരുന്നു എന്നതാണ്. അതായത് നമ്മുടേത് മറ്റ് പല രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഒരു നാമമാത്ര ജനാധിപത്യമായിരുന്നില്ല എന്ന്. അത്തരം ഒരു വ്യവസ്ഥയിൽ നിന്നും ധനാത്മകമായ ഒരു വിപ്ളവം സ്വപ്നം കാണാം; കാണണം. പക്ഷേ അത് ഒരു കാല്‍പ്പനിക സ്വപ്നം ആകാൻ പാടില്ല.

എന്താണ് ഇനിയുള്ള വിപ്ളവം
ഇവിടെയാണ് വിപ്ളവം നടക്കണം, അതിലേക്കുള്ള വഴിവെട്ടൽ ത്വരിതപ്പെടണം എന്നൊക്കെയുള്ള വാദങ്ങൾ, എങ്ങനെയായിരിക്കണം ആ മാറ്റം, എന്തിലേക്ക് ആയിരിക്കണം തുടങ്ങിയ പ്രായോഗിക ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടത്. ആദ്യം എങ്ങനെ വിപ്ളവം എന്ന ചോദ്യമാകാം. സായുധ വിപ്ളവം? ശത്രു എന്നത് മൂർത്തരൂപമുള്ള ഒരു ജൈവാസ്തിത്വം കൈക്കൊണ്ട് നിലനിൽക്കുന്നിടത്തേ അത്തരം ഒരു സാധ്യതയെങ്കിലും നിലനിൽക്കുന്നുള്ളു. അതായത് ഒരു വ്യക്തി, വർഗ്ഗം, ഭരണകൂടം എന്നിങ്ങനെ കായികമായി തോൽപ്പിക്കുകയോ, വധിക്കുകയോ ചെയ്ത് അവസാനിപ്പിക്കാവുന്ന ഒരു മറുപക്ഷം ഉള്ളിടത്തേ സായുധ ഉന്മൂലനം ഒരു സാധ്യതയാകുന്നുള്ളു.ആഗോളമുതലാളിത്തവും അത് കേന്ദ്രമാക്കി നിലനിൽക്കുന്ന സാമ്രാജ്യത്വവും അത്തരം മൂർത്തമായ ജൈവാസ്തിത്വമുള്ളവയല്ല. ആധുനികോത്തര ലോകത്ത് അത് ജാതി, മത, വംശ, വർഗ്ഗ സ്വത്വങ്ങളുടെവ്യതിരിക്ത നിർവചനങ്ങളെയൊക്കെ അസാധുവാക്കിക്കൊണ്ട് അവയിലാകെയും അരിച്ചിറങ്ങി കലർന്നിരിക്കുന്നു. അതുകൊണ്ട് തന്നെ അമേരിക്കയെ തോൽപ്പിച്ച് അധികാരം പിടിച്ചെടുത്തതു കൊണ്ടോ, ട്രമ്പിനെ വധിച്ചതു കൊണ്ടോ മുതലാളിത്ത സാമ്രാജ്യത്വത്തെ ഉന്മൂലനം ചെയ്യാനാവില്ല.

ഇടത്തട്ടും ഇടനിലക്കാരും ഔട്ട് സോഴ്സിങും നിലനിൽക്കുന്ന ഒരു വ്യവസ്ഥയിൽ സർവ്വരാജ്യ തൊഴിലാളിഎന്ന സംവർഗ്ഗ നിർമ്മിതി പോലും പ്രയോഗതലത്തിൽ അസാധ്യമാണ്. കാരണം ആഗോളവൽക്കരണം എന്ന വലിയ തുറക്കൽ മറുവശത്ത് ഒരു വലിയ അടയ്ക്കൽ കൂടി ചെയ്തിരിക്കുന്നു. കമ്പോളം ഗോളം മുഴുവനായി തുറന്നുവെങ്കിൽ അതിൽ തൊഴിലാളി വ്യക്തി മാത്രമായി ചുരുങ്ങുകയും ചെയ്തു. അമേരിക്കൻ തൊഴിലാളിക്ക് ഇന്ത്യൻ തൊഴിലാളി സഖാവല്ല, തൊഴിൽ മത്സരത്തിലെ പങ്കാളിയാണിന്ന്. അത്തരം ഒരു സാഹചര്യത്തിലാണ് ഇന്നും അഞ്ചാറു തോക്കും, വിരട്ടി വാങ്ങുന്ന റേഷനുമൊക്കെയായി ഒരു സായുധ വിപ്ളവ സങ്കൽപ്പം. അത് മുതലാളിത്തത്തിന് ഒരു വെല്ലുവിളിയല്ല, അവർ തങ്ങളുടെ ലാഭത്തിനായി നിലനിർത്തുന്ന ഒരു മാർക്കറ്റ് സെഗ്മെന്റാണ്. പാവപ്പെട്ടവനുവേണ്ടി പാട്ടുപാടി ആയുധം എടുത്ത് സംഗീതം പോലെ സായുധവിപ്ളവം നടത്തുന്ന വീരദുരന്ത നായകർ നമ്മുടെ ഗൃഹാതുര സ്മരണകളുടെ ഭാഗമാണ്. ഗൃഹാതുരത്വം കൊണ്ട് കായികമായ വെല്ലുവിളിയൊന്നും ഉണ്ടാകില്ല. എന്നാൽ അതിനെ പല നിലയ്ക്ക് വിൽക്കാനും പറ്റും. കുട്ടികൾക്ക് വാങ്ങിക്കൊടുക്കാവുന്ന കളിത്തോക്ക് പോലെ ഒന്ന്. വെടിപൊട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് അപകടമില്ല; കുട്ടികൾ ‘എൻഗേജ്ഡും’ ആകും!

മരണം എന്നത് മരിക്കുന്ന ആർക്കും ഒരു കാല്‍പ്പനിക അനുഭൂതിയാകാൻ നിവർത്തിയില്ല എന്ന് ഒരുപക്ഷേ പറയാനാവില്ലായിരിക്കാം, എന്നാൽ മരിക്കുന്ന എല്ലാവർക്കും അത് അങ്ങനെയാകാൻ തരമില്ല എന്ന് പറയാമല്ലോ. സ്വന്തം ആദർശ കല്‍പ്പനകൾക്ക് അപ്പുറം ഭൗതികമായി നടക്കുന്ന മരണത്തിനോ, കൊലപാതകത്തിനോ ഒരു യുക്തിബന്ധിയായ അടിത്തറയും നൽകാൻ കഴിയാത്ത സായുധവിപ്ളവങ്ങൾ തിരുത്തൽ സാധ്യതകളില്ലാത്ത അബദ്ധങ്ങളുടെ ദുരന്ത കഥനങ്ങളാണ്. നായകരും ഒടുവിൽ പടുമരണം വരിക്കുന്നു എന്നതിനാൽ മാത്രം കുറ്റകൃത്യം എന്ന പദവി വിട്ട് ദുരന്താഖ്യാനമായി മാറുന്നവ. യുദ്ധങ്ങൾ പോലും അതല്ല. ഏതൊരു യുദ്ധത്തിലും, അതിനി ഗോറില്ലാ യുദ്ധത്തിലായാൽ പോലും കൃത്യവും മനസിലാക്കാവുന്നത്ര വ്യക്തവുമായ ലക്ഷ്യം ഉണ്ടാകും. അത് ചത്തും കൊന്നും കൊണ്ട് തുടർന്നാലും ആ കൃത്യമായ ലക്ഷ്യത്തിൽ എത്തുകയോ, അതിൽ നിന്ന് തുടച്ച് നീക്കപ്പെടുകയോ ചെയ്ത് അവസാനിക്കുകയേ ഉള്ളൂ. അല്ലാതെ സാമൂതിരിയുടെ ചാവേർ പട പോലെ ചരിത്രത്തിലൂടെ നിരന്തരം പുനരവതരിക്കുന്ന ഒരു പ്രഹസനമാവില്ല.

അടുത്ത വിപ്ളവ സാധ്യത സായുധമല്ല, സാംസ്കാരികമാണ്. ജനകീയ ജനാധിപത്യ വിപ്ളവത്തിന് അനുകൂലമായ ഹെഗമണി അഥവാ സാംസ്കാരിക മേൽക്കോയ്മ സ്ഥാപിക്കാൻ എന്താണ് വഴി എന്ന അന്വേഷണത്തിലേക്ക് ഈ പ്രതിസന്ധി വഴിതെളിക്കുന്നു എങ്കിൽ അത് ധനാത്മകമായ ഒരു വഴിത്തിരിവ് തന്നെ എന്ന് തീർച്ചയായും കരുതാം.പക്ഷേ ഇതും പുതിയൊരു ആശയമൊന്നുമല്ല. കാലാകാലങ്ങളായി ചർച്ച ചെയ്ത് പോന്നിട്ടും പ്രയോഗ തലത്തിൽ ഇത് പരാജയപ്പെടുന്നു എങ്കിൽ അതിന് കാരണം പ്രതിസന്ധിയെ നാം മനസിലാക്കിയതിലെ ആഴമില്ലായ്മയും പരിഹാര നിർദ്ദേശങ്ങളിലെ തട്ടിക്കൂട്ട് ഉള്ളടക്കവുമാണ്. ഈ വിഷയത്തിലും വിശദമായ ചർച്ച നമുക്ക് വഴിയെ തുടരാം. ഇപ്പോൾ നമുക്ക് പറഞ്ഞുവന്ന ബദൽ രാഷ്ട്രീയ അന്വേഷകരിലേക്ക് മടങ്ങി പോകേണ്ടതുണ്ട്.

ബദൽ അന്വേഷണങ്ങൾ
ഇന്ത്യൻ രാഷ്ട്രീയം നെഹ്രുവിയൻ സോഷ്യലിസവും കമ്യൂണിസ്റ്റ് സോഷ്യലിസവുമായുള്ള സംവാദങ്ങളിലൂടെ നിലനിന്നിരുന്ന കാലത്തിന് ശേഷം ഇന്ദിരയുടെ നേതൃത്വത്തിൽ കോൺഗ്രസ് അടിയന്തിരാവസ്ഥ വരെ വളരുകയും അതിലൂടെ ഹിന്ദുത്വ രാഷ്ട്രീയം അതുവരെ ഇല്ലാതിരുന്ന ഒരു പ്രത്യക്ഷ രാഷ്ട്രീയ ഇടം നേടുകയും ചെയ്ത ചരിത്രം നമുക്ക് അറിയാം. അതിന്റെ തുടർച്ച എന്നോണമാണ് ഒരു രാഷ്ട്രീയ ബദലിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ ബലം പ്രാപിക്കുന്നതും. കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ചേരിക്ക് അതിൽ ദേശീയ തലത്തിൽ ഒരു പ്രായോഗിക വിജയമാകാൻ കഴിഞ്ഞില്ല എന്നതും സത്യം. ഇവിടെവച്ചാണ് ബദൽ രഷ്ട്രീയ അന്വേഷണങ്ങളുടെ അമരത്തേക്ക് സ്വത്വ രാഷ്ട്രീയം കടന്നുവരുന്നത്. തൊണ്ണൂറുകളിൽ വൻ സൈദ്ധാന്തിക പ്രസക്തിയാർജ്ജിച്ച ഈ പ്രസ്ഥാനം ഇന്ത്യൻ രാഷ്ട്രീയത്തെ നിശ്ചയിക്കുന്നതിൽ നിർണ്ണയകമായ പങ്കുള്ള യൂ പിയിൽ 95 മുതൽ 2012 വരെയുള്ള കാലത്ത് അധികാര സമവാക്യങ്ങളിൽ സജീവമായി ഉണ്ടായിരുന്ന, ഈ ഏഴ് വർഷകാലത്ത് മൂന്നുതവണ മായാവതിയിലൂടെ അധികാരത്തിൽ വന്ന ബി എസ് പി വഴി രാഷ്ട്രീയ പ്രാധാന്യവും ആർജ്ജിച്ചു. കൻഷിറാം വഴി മുന്നോട്ട് പോയ ദളിത് രാഷ്ട്രീയ ഉണർവ്വിന്റെ പ്രതിഫലനങ്ങൾ ചരിത്രത്തിൽ ആദ്യമായി ഒരു ദളിത് സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിപദത്തിൽ എത്തുന്ന സാധ്യതയെക്കുറിച്ച് സ്വപ്നം കാണുന്ന ധനാത്മകമായ ‘വെളിവി’ലേക്ക് വരെ ഇന്ത്യൻ രാഷ്ട്രീയത്തെ നയിച്ചു.

പക്ഷേ പകരം സംഭവിച്ചത് എന്തെന്ന് നാം ഇന്ന് അനുഭവിച്ചറിയുന്നുണ്ട്. അതിനും സൈദ്ധാന്തികവും രീതിശാസ്ത്രബന്ധിയും പ്രായോഗികം തന്നെയുമായ നിരവധി കാരണങ്ങളുണ്ട്. അതും താത്ക്കാലം നിൽക്കട്ടെ. കേരളീയ സാഹചര്യങ്ങളിൽ ഒരു ബദൽ രാഷ്ട്രീയം അന്വേഷിച്ചുള്ള യാത്രകൾ ഒക്കെയും കായികമായും സൈദ്ധാന്തികമായും ചെന്നു തട്ടിനിൽക്കുന്ന കീറാമുട്ടി സിപിഎം നേതൃത്വം നൽകുന്ന ഇടതുപക്ഷമാണെന്ന് നിരീക്ഷിക്കുന്ന പ്രമുഖ ബദൽ രാഷ്ട്രീയ പക്ഷ ചിന്തകനായ ദിലീപ് രാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഓർമ്മയിലുണ്ട്. അതെങ്ങനെ?

സൈദ്ധാന്തികമായും പ്രത്യയശസ്ത്രപരമായും ഒത്തുപോകാൻ പാർശ്വവത്കൃതപക്ഷം പിടിക്കുന്ന ഈ രണ്ട് ദർശനങ്ങൾക്കിടയിലെ കീറാമുട്ടി എന്താണ്? മാർക്സിയൻ തൊഴിലാളി വർഗ്ഗബോധം എന്നത് ഇന്ത്യന്‍ പരിസരങ്ങളിൽ ദളിത് സ്വത്വ ബോധം തന്നെയാണ്. ദളിതനല്ലാതെ ഇവിടെ ആരായിരുന്നു അധ്വാനിക്കുന്ന ജനവിഭാഗം? അങ്ങനെയെങ്കിൽ ഇതിനിടയിൽ എങ്ങനെ ഒരു അകലം ഉണ്ടായി? കേവലമായി തള്ളേണ്ടുന്നതല്ല, വസ്തുനിഷ്ഠമായി അന്വേഷിക്കാൻ ശ്രമിക്കേണ്ടതാണ് ഈ ആരോപണം. നാം ആദ്യം ചർച്ച ചെയ്ത പൊലീസ് ഭരണകൂട ഉപകരണമാണോ, അതോ ജനാധിപത്യത്തിൽ ബ്യൂറോക്രസി യഥാർത്ഥ ഭരണകൂടമായി തീരുന്നുണ്ടോ, അങ്ങനെയെങ്കിൽ അതിൽ ജനാധിപത്യപരമായ തിരഞ്ഞെടുപ്പുകൾക്ക് എന്ത് പ്രസക്തി തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരം തേടിയുള്ള യാത്രയും ഇവിടുന്ന് തുടങ്ങേണ്ടിയിരിക്കുന്നു.

വിപ്ളവ പൂർവ്വ പാർലമെന്ററി ഭരണകൂടത്തിന് ചെയ്യാൻ പറ്റുന്നതിൽ പരിധികളുണ്ടെങ്കിൽ “എല്ലാം ശരിയാവും” എന്ന ഒരു പ്രതീക്ഷ വിപ്ളവ പൂർവ്വ സമൂഹത്തിന് ഒരു ഇടതുസഖ്യം നൽകരുത്. അല്ലെങ്കിൽ വിപ്ളവം നടക്കാത്തിടത്തോളം തങ്ങൾ നൽകുന്ന വാഗ്ദാനങ്ങൾക്കും കേവലം പരസ്യമൂല്യമേ ഉള്ളു എന്ന് സമ്മതിക്കണം. പ്രത്യയശാസ്ത്രം നിർവഹണതലത്തിൽ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളൊക്കെ മനസിലാകും. പക്ഷേ അവയെക്കുറിച്ചുള്ള വസ്തുനിഷ്ഠ ചോദ്യങ്ങളെയൊക്കെ വിപ്ളവം നടക്കാണ്ട് ഞങ്ങൾ എന്ത് ചെയ്യാൻ എന്ന ലളിതവത്ക്കരിച്ച മറുപടി കൊണ്ട് നേരിടാൻ ശ്രമിക്കരുത്.

അത് പരമാവധി ഒരു മുട്ടാപ്പോക്കേ ആകു.

(തുടരും)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍