UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിദ്യാക്ഷേത്രങ്ങളിലെ വിത്തിറക്കലും വിളവെടുപ്പും

Avatar

ചിന്ത ടി.കെ

ഭയമില്ലാത്ത മനസ്സും ഉയര്‍ത്തിപ്പിടിച്ച ശിരസ്സും ആഴമുള്ള ചിന്തയും മാര്‍ഗം പിഴയ്ക്കാത്ത യുക്തിയുമൊക്കെയുള്ള ഒരു സ്വതന്ത്ര സ്വര്‍ഗ്ഗത്തിലേക്ക് തന്റെ രാജ്യത്തെ നയിക്കേണമേ എന്നാണ് വിശ്വവിഖ്യാതകവിയും തത്വചിന്തകനുമായ രബീന്ദ്രനാഥ ടാഗോര്‍ തന്റെ ഗീതാഞ്ജലിയില്‍ സൃഷ്ടികര്‍ത്താവിനോട് ആവശ്യപ്പെടുന്നത്. രാജ്യം എന്നത് രൂപപ്പെടുന്നത് പൗരന്മാരാലാണ്. പൗരനെ വാര്‍ത്തെടുക്കുന്നത് അവനു ലഭ്യമാകുന്ന വിദ്യാഭ്യാസവും. വിദ്യാഭ്യാസം എന്നത് ഒരുവന്‍ നേടിയെടുക്കുന്ന ബിരുദങ്ങള്‍ മാത്രമല്ല ഒപ്പം, പഠനകാലയളവില്‍ അവന്‍ സ്വരൂപിക്കുന്ന ആശയങ്ങളും അതിലൂടെയുണ്ടാകുന്ന ചിന്താധാരയുടെ പ്രവേഗം അവനെ എത്തിക്കുന്ന കരകളുമാണ്.

 

അത്തരത്തിലുള്ള വിദ്യാഭ്യാസം പലപ്പോഴും സാധ്യമാകുന്നത് പൊതുവിദ്യാലയങ്ങളില്‍ നിന്നാണ്. വിദ്യാഭ്യാസം വാണിജ്യവത്കരിക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ കാലത്ത് പൊതുവിദ്യാലയങ്ങളുടെ പുനരുത്ഥാനം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. ഒരു പരിഷ്‌കൃത സമൂഹത്തില്‍ എല്ലാ ഉത്തരവാദിത്തവും സര്‍ക്കാരിന് മേല്‍ കെട്ടിയേല്‍പ്പിച്ച് പൗരന് മാറിനില്‍ക്കാനാവില്ല. നികുതി കൊടുത്തു എന്നത് കൊണ്ട് മാത്രം പൗരന്മാരുടെ കടമകള്‍ തീരുന്നുമില്ല. തങ്ങള്‍ നേടിയെടുത്ത സൗഭാഗ്യങ്ങളുടെയും സമ്പത്തിന്റെയും ഒരു ചെറിയ അംശം മറ്റുള്ളവര്‍ക്ക് കൂടി പ്രയോജനപ്രദമാക്കുക എന്നത് ഉത്തരവാദിത്തബോധമുള്ള ഏതൊരു പൗരനും ചെയ്യേണ്ട ഒരു കര്‍ത്തവ്യമാണ്.

 

ക്ഷേത്രങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും സംഭാവന നല്‍കുന്നവര്‍ വിദ്യാലയങ്ങളെയും കൂടി അതിനായി പരിഗണിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ ഈയൊരു പശ്ചാത്തലത്തില്‍ വേണം നാം നോക്കിക്കാണേണ്ടത്. നമുക്കിനി വേണ്ടത് ദേവാലയങ്ങളല്ല, വിദ്യാലയങ്ങളാണ് എന്ന് ശ്രീനാരായണ ഗുരു പറഞ്ഞ് ശതകമൊന്നു കഴിഞ്ഞിട്ടും ഇന്നും ആ വാക്കുകളെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ പോലും ഉള്‍ക്കൊണ്ടിട്ടില്ല എന്നതാണ് സത്യം. ദിനംപ്രതി ഓരോ മതവിഭാഗവും ആരാധനാലയങ്ങള്‍ നിര്‍മ്മിക്കാന്‍ മത്സരിക്കുന്നു. ദേവാലയങ്ങള്‍ ആണോ വിദ്യാലയങ്ങള്‍ ആണോ ഇന്ന് കേരളത്തില്‍ കൂടുതല്‍ എന്ന് നോക്കിയാല്‍ ദേവാലയങ്ങള്‍ തന്നെയാവും.

 

 

ദേവാലയങ്ങളും വിദ്യാലയങ്ങളും തമ്മിലുള്ള മറ്റൊരു പ്രധാന വ്യത്യാസവും ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. ദേവാലയങ്ങള്‍ വ്യക്തികളെ തങ്ങളുടെ വിശ്വാസപ്രമാണത്തിലേക്കു ചുരുക്കുകയാണെങ്കില്‍ വിദ്യാലയങ്ങള്‍ മനുഷ്യമനസ്സിനെ വിശ്വാസങ്ങള്‍ക്കും വേര്‍തിരിവുകള്‍ക്കുമപ്പുറത്തേക്കു വിശാലമാക്കുന്നു. ഒരു സമൂഹത്തെ പരിഷ്‌കൃതമാക്കുന്നത് അവരുടെ മതവിശ്വാസങ്ങളല്ല, മറിച്ചു മനുഷ്യനിലുള്ള അവരുടെ വിശ്വാസമാണ്. മത വിശ്വാസങ്ങള്‍ സ്വകാര്യമാകുകയും മനുഷ്യവിശ്വാസം പരസ്യമാകുകയും ചെയ്യുന്ന ഒരു സമൂഹത്തിലേ സമാധാനപരമായ സഹവര്‍ത്തിത്വം ഉണ്ടാകൂ. അത്തരമൊരു വിശ്വാസം ഓരോ വ്യക്തിയിലും ചെറുപ്പകാലത്തേ നാമ്പിടണം. അതിനു ഏറ്റവും യോജിച്ച സ്ഥലം വിദ്യാലയങ്ങള്‍ തന്നെ എന്നതില്‍ അശേഷം സംശയമില്ല.

ആരാധനാലയങ്ങള്‍ക്കു മനുഷ്യര്‍ നല്കുന്ന സംഭാവനകള്‍ പലപ്പോഴും വ്യക്തിപരമായ നേട്ടം മാത്രം ലക്ഷ്യമാക്കിയാണ്. സമാധാനം, ഐശ്വര്യം, കീര്‍ത്തി, സമ്പത്ത് തുടങ്ങി പല ആഗ്രഹങ്ങളുടെയും പൂര്‍ത്തീകരണം അവര്‍ മോഹിക്കുന്നു. പക്ഷെ മറന്നുപോകുന്ന ഒരു കാര്യം ഇത്തരം ഏതു മോഹസാഫല്യവും ആസ്വദിക്കാന്‍ കഴിയുക ഒരു ആരോഗ്യകരമായ സമൂഹത്തില്‍ മാത്രമാണ്. എത്ര സമ്പത്തും കീര്‍ത്തിയും ഉണ്ടായാലും മനുഷ്യന്റെ സ്വാതന്ത്ര്യവും സഹവര്‍ത്തിത്വവും സാധ്യമല്ലാത്ത ഒരു സമൂഹത്തില്‍ ആ സമ്പത്ത് കൊണ്ടോ കീര്‍ത്തി കൊണ്ടോ ഒരു പ്രയോജനവുമില്ല. ആരോഗ്യകരമായ മനുഷ്യബന്ധങ്ങള്‍, പരസ്പരസ്‌നേഹം പുലരുന്ന അയല്‍പക്കങ്ങള്‍ ഇവയൊക്കെയാണ് പരമപ്രധാനം. അതിനു മനസ്സുകള്‍ തുറസ്സാവണം. അത്തരം മനസുകളില്‍ കാലുഷ്യമോ കലമ്പലോ ഉണ്ടാവുകയില്ല. അങ്ങനെയുള്ള മനസ്സുകള്‍ രൂപപ്പെടേണ്ടത് വിദ്യാഭ്യാസത്തിലൂടെയും. അതിനാല്‍ തന്നെ വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുക നമ്മുടെ കടമയാണ്. ക്ഷേത്രങ്ങള്‍ക്കുള്ള സംഭവനയെക്കാളേറെ അര്‍ത്ഥവത്തും വിദ്യാലയങ്ങള്‍ക്കുള്ള സംഭാവന തന്നെയാണ്, കാരണം അവിടെ സ്വാര്‍ത്ഥ താല്പര്യങ്ങളല്ല, മറിച്ച് പൊതുനന്മയുടെ, കൂട്ടായ ക്ഷേമത്തിന്റെ സാര്‍ത്ഥകതയാണ് വെളിവാകുന്നത്.

ക്ഷേത്രം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ വിളഭൂമി എന്നതാണ്. അപ്പോള്‍ അറിവിന്റെ വിളഭൂമിയാണ് വിദ്യാലയങ്ങള്‍. നൂറുമേനി വിളവാണ് ഓരോ വിളഭൂമിയിലും നമുക്ക് നേടേണ്ടത്. അത് ലഭ്യമാകുന്നതോ ശരിയാം വണ്ണം വിത്തും വെള്ളവും വളവും നല്‍കുമ്പോഴും. അങ്ങനെയുണ്ടാകുന്ന വിളവില്‍ പതിരുണ്ടാവുകയോ എളുപ്പം ചീഞ്ഞുപോവുകയോ ഇല്ല. ഒരു നല്ല ഭാവിക്കുള്ള മുതല്‍ക്കൂട്ടാണ് ഈ നൂറു മേനി വിളവ്. വ്യക്തിയുടെ, സമൂഹത്തിന്റെ, രാജ്യത്തിന്റെ ഭാവിക്കുള്ള നൂറുമേനി വിളവ്. അതിനായി അല്‍പ്പം വെള്ളവും വളവും നമുക്കും നല്‍കാം.

 

(കെഎസ്ഇബിയില്‍ ഉദ്യോഗസ്ഥയാണ് ചിന്ത) 

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍