UPDATES

അയ്യങ്കാളിയെ കുറിച്ച് ആനിമേഷന്‍ വിഡിയോയുമായി പിണറായി വിജയന്‍

അഴിമുഖം പ്രതിനിധി 

അയ്യങ്കാളിയുടെ 153-ആം ജന്മവാര്‍ഷികത്തില്‍ അയ്യങ്കാളിയെ സ്മരിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വ്യത്യസ്തമായ ഫേസ്ബുക് പോസ്റ്റ്. കേരളത്തില്‍ നില നിന്ന ജാതി വ്യവസ്ഥയെ എതിര്‍ക്കാന്‍ ദളിത്‌ ജനതയെ അയ്യങ്കാളി പ്രാപ്തമാക്കിയ ചരിത്രം പറയുന്ന ഒരു ആനിമേഷന്‍ വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. 

പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം:

സാമൂഹിക പരിഷ്കര്‍ത്താക്കളുടെ പട്ടികയില്‍ മഹാത്മാ അയ്യങ്കാളിക്ക് സമുന്നതമായ സ്ഥാനമാണുള്ളത്.

തീണ്ടിക്കൂടായ്മയും തൊട്ടുകൂടായ്മയും ശക്തമായി നിലനിന്ന ഒരു കാലഘട്ടം കേരളത്തിലുണ്ടായിരുന്നു എന്നത് ഇന്നുള്ളവര്‍ക്ക് അത്ഭുതമായി തോന്നാം. മൃഗങ്ങളേക്കാള്‍ മോശമായ സ്ഥാനമാണ് സമൂഹം ദളിതര്‍ക്ക് കല്പിച്ച് നല്‍കിയിരുന്നത്. പൊതുവഴികളിലൂടെ സഞ്ചരിക്കുവാനോ, വിദ്യ അഭ്യസിക്കുവാനോ എന്തിന് പൊതു ഇടങ്ങളില്‍ കയറുവാനോ പോലും ദളിതര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. ഇതിനെയൊക്കെ വെല്ലുവിളിച്ചുകൊണ്ട് അയ്യങ്കാളി അനേകം സമരങ്ങള്‍ നടത്തി. വില്ലുവണ്ടി സമരം ദളിതരുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ളതായിരുന്നു. നെടുമങ്ങാട്, ബാലരാമപുരം എന്നിവിടങ്ങളിലുള്ള ചന്തകളില്‍ പ്രവേശിച്ച് സവര്‍ണ മേധാവിത്വത്തെ അദ്ദേഹം ഞെട്ടിച്ചു. തിരുവിതാംകൂറിന്റെ രാജവീഥികളിലൂടെ കുടമണികിലുക്കിയെത്തിയ കാളവണ്ടിക്ക് മുകളില്‍ മുണ്ടും മേല്‍മുണ്ടും വെള്ള ബനിയനും തലപ്പാവും ധരിച്ച് സവര്‍ണ മേല്‍ക്കോയ്മയെ വെല്ലുവിളിച്ചുകൊണ്ട് മഹാത്മാ അയ്യങ്കാളി കടന്നുവന്നത് കേരളചരിത്രത്തിലെ നിറം മങ്ങാത്ത ചിത്രമായി നിലനില്‍ക്കും.

അക്കാലത്ത് ജാതിസമ്പ്രദായത്തിന്റെ ഭാഗമായി ദളിത് സ്ത്രീകള്‍ കഴുത്തില്‍ കല്ലുമാലയും കാതില്‍ ഇരുമ്പുവളയങ്ങളും ധരിക്കുവാന്‍ നിര്‍ബന്ധിതരായിരുന്നു. അടിമത്വത്തിന്റെ പ്രതീകമായിരുന്ന ഈ ചിഹ്നങ്ങളെ വലിച്ചെറിയുവാന്‍ അദ്ദേഹം സ്ത്രീകളോട് ആഹ്വാനം ചെയ്തു.

സാധുജന പരിപാലന സംഘത്തിലൂടെയും സ്കൂളുകള്‍ സ്ഥാപിച്ചും ദളിതരുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം അദ്ദേഹം ഉറപ്പാക്കി. ജാതിയുടെ പേരില്‍ വിദ്യ നിഷേധിക്കുന്നവര്‍ക്കെതിരെ അയ്യങ്കാളി പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയര്‍ത്തി. “ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല; നെല്ലിനുപകരം അവിടെ പുല്ലും കളയും വളരും” എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് അദ്ദേഹം കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ച് സമരം നടത്തി. ഇത്തരം പോരാട്ടങ്ങളിലൂടെ ജാതീയമായവയെ മാത്രമല്ല, വര്‍ഗപരമായ ചൂഷണങ്ങളെയും അഭിസംബോധന ചെയ്യുവാന്‍ അയ്യങ്കാളിക്ക് സാധിച്ചു.

വെങ്ങാനൂരില്‍ 1937-ല്‍ ഗാന്ധിജി അയ്യങ്കാളിയുമായി കൂടിക്കാഴ്ച നടത്തി. സ്ത്രീകളും ദളിതരും കര്‍ഷകത്തൊഴിലാളികളുമടക്കം അടിച്ചമര്‍ത്തല്‍ നേരിട്ട എല്ലാവരുടെയും നേതാവായിരുന്നു അയ്യങ്കാളി. ശ്രീ മൂലം പ്രജാ സഭയില്‍ 25 വര്‍ഷത്തോളം അംഗമായിരുന്നു അദ്ദേഹം. അക്കാലമത്രയും അധഃസ്ഥിതരുടെ അവകാശങ്ങള്‍ക്ക് വേണ്ടി അദ്ദേഹം അക്ഷീണം പോരാടി.

ഒരു പുരോഗമന സമൂഹം പടുത്തുയര്‍ത്തുവാന്‍ അയ്യങ്കാളി നല്‍കിയ സംഭാവനകളെ അദ്ദേഹത്തിന്റെ 153-ആം ജന്മവാര്‍ഷികത്തില്‍ ആദരപൂര്‍വം സ്മരിക്കുന്നു. മഹാത്മാ അയ്യങ്കാളിയെ ആവേശപൂര്‍വം അഭിവാദ്യം ചെയ്യുന്നു.

വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍