UPDATES

ട്രെന്‍ഡിങ്ങ്

യെച്ചൂരിയെ ഇനിയും രാജ്യസഭയിലേക്ക് വിടേണ്ടതില്ല: പിണറായി

പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് പാര്‍ലമെന്റേറിയന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനാകില്ലെന്നും പിണറായി

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ മൂന്നാമതും രാജ്യസഭയിലേക്ക് വിടുന്നതിനെക്കുറിച്ച് കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യുന്നതിനിടെ അതിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പശ്ചിമബംഗാളില്‍ നിന്നും കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരിയെ ഇനിയും രാജ്യസഭയിലേക്ക് അയക്കേണ്ടതില്ലെന്ന് അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയത്.

പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗം കൂടിയായ പിണറായി യെച്ചൂരിക്ക് കോണ്‍ഗ്രസ് നല്‍കുന്ന പിന്തുണയെ അംഗീകരിക്കുന്നത് തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് അത് എതിരാണെന്നാണ് പറയുന്നത്. കൂടാതെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയിരുന്നുകൊണ്ട് യെച്ചൂരിക്ക് പാര്‍ലമെന്റേറിയന്‍ എന്ന ചുമതല കൂടി നിര്‍വഹിക്കാനാകില്ലെന്നും പിണറായി വിലയിരുത്തുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ അദ്ദേഹത്തിന് രാജ്യമൊട്ടുക്കും യാത്ര ചെയ്യേണ്ടതായി വരുന്നുണ്ടെന്നും അത് പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നുമാണ് പിണറായി പറയുന്നത്. തന്റെ അനുഭവത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് പാര്‍ലമെന്റേറിയന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനാകില്ലെന്നും പിണറായി പറയുന്നു.

അതേസമയം രാജ്യസഭയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യപ്പെടുന്നത് അദ്ദേഹത്തിന് കഴിവുള്ളതിനാലാണ്. അദ്ദേഹത്തിന്റെ കഴിവില്‍ യാതൊരു സംശയവുമില്ലെങ്കിലും അദ്ദേഹത്തിന്റെ തന്റെ ചുമതലകളോട് അനുരഞ്ജനം ചെയ്യാനാകില്ല. ജനറല്‍ സെക്രട്ടറിയെന്ന പദവിയിലിരിക്കുമ്പോള്‍ അദ്ദേഹത്തില്‍ നിന്നും യാതൊരു വിട്ടുവീഴ്ചയും പാര്‍ട്ടി ആഗ്രഹിക്കുന്നില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. 2015ലാണ് യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.

അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ കാലത്ത് രാജ്യം നേരിട്ട ക്ലേശങ്ങളെത്തുടര്‍ന്ന് 2004ല്‍ സിപിഎം കോണ്‍ഗ്രസിനെ പിന്തുണച്ചിട്ടുണ്ട്. ആറ് വര്‍ഷം ബിജെപിയെ മുന്‍നിര്‍ത്തി ആര്‍എസ്എസ് രാജ്യം ഭരിച്ചപ്പോള്‍ ജനങ്ങള്‍ നേരിടേണ്ടിവന്ന ദുരിതങ്ങള്‍ കണ്ടായിരുന്നു അത്. ഇപ്പോള്‍ തന്നെ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ രാജ്യത്തെ പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുകയാണ്. ഈ സാഹചര്യത്തില്‍ അഞ്ച് വര്‍ഷത്തിന് ശേഷം അവര്‍ വീണ്ടും ഭരണത്തിലേറുന്നത് രാജ്യത്തിന് താങ്ങാനാകില്ല. ഈ അപകടം ഒഴിവാക്കാനായി സിപിഎം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുക തന്നെ ചെയ്യും.

എന്നാല്‍ എന്താണ് സംഭവിക്കുന്നത് കോണ്‍ഗ്രസ് എന്ത് നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്നതെന്നും അറിയേണ്ടതുണ്ട്. കോണ്‍ഗ്രസിന്റെ ജനവിരുദ്ധ നിലപാടുകളാണ് ബിജെപിയെ അധികാരത്തിലേറാന്‍ സഹായിച്ചത്. അത്തരമൊരു പാര്‍ട്ടിയുമായി ഞങ്ങള്‍ യാതൊരുവിധത്തിലുള്ള സൗഹൃദത്തിനോ സഖ്യത്തിനോ തയ്യാറല്ല. ഞങ്ങളുടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ രാജ്യസഭയില്‍ എത്തിക്കുന്നതിനുള്ള അവരുടെ പിന്തുണയെ അംഗീകരിക്കുന്നത് ഞങ്ങള്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ക്ക് എതിരാണ്.

മന്ത്രിയായിരുന്ന കാലത്താണ് താന്‍ കേരളത്തില്‍ പാര്‍ട്ടി സെക്രട്ടറിയായത്. എംഎല്‍എ സ്ഥാനം അക്കാലത്ത് രാജിവച്ചിരുന്നില്ല. എന്നാല്‍ ഒരു സാമാജികനെന്ന നിലയില്‍ നീതി പുലര്‍ത്താനും തനിക്കായില്ല. വല്ലപ്പോഴും മാത്രമാണ് അസംബ്ലിയിലെത്തിയിരുന്നത്. യെച്ചൂരിക്ക് രാജ്യസഭയില്‍ ഒരു അവസരം കൂടി നല്‍കുന്നത് സംബന്ധിച്ച് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി ചര്‍ച്ച ആരംഭിക്കാനിരിക്കെയാണ് പിണറായിയുടെ പ്രതികരണം വന്നിരിക്കുന്നത്. യെച്ചൂരിയുടെ കാലാവധി അടുത്തമാസം 18ന് അവസാനിക്കാനിരിക്കുകയാണ്.

കോണ്‍ഗ്രസ് പിന്തുണ ലഭിച്ചതോടെ പശ്ചിമബംഗാളിലെ സിപിഎം നേതൃത്വം യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം കേരളത്തിലെ സിപിഎം നേതൃത്വം ഇതിനെതിരെ ശക്തമായ എതിര്‍പ്പാണ് ഉന്നയിക്കുന്നത്. കഴിഞ്ഞമാസം നടന്ന പോളിറ്റ്ബ്യൂറോ ഈ വിഷയം കേന്ദ്രകമ്മിറ്റി തീരുമാനത്തിന് വിടുകയും ചെയ്തു. പാര്‍ട്ടി മാനദണ്ഡങ്ങളനുസരിച്ച് ഒരാളെ രണ്ടിലേറെ തവണ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാറില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍