UPDATES

പ്രതിസന്ധിക്കു ഒരു ന്യായീകരണവുമില്ല, പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ അവസാനിക്കുമെന്ന് കരുതാനാവില്ല: പിണറായി

അഴിമുഖം പ്രതിനിധി

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കലിനെതിരെ ഫെയ്‌സ്ബുക്കില്‍ വീണ്ടും വിമര്‍ശനവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. എത്ര തന്നെ വൈകാരികമായി വിശദീകരിച്ചാലും ജനങ്ങളെ ശിക്ഷിക്കുന്ന ഒരു തീരുമാനവും അംഗീകരിക്കപ്പെടില്ലന്നും ഒരു ഭരണാധികാരിക്കും പറ്റാന്‍ പാടില്ലാത്ത വീഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എന്‍ഡിഎ സര്‍ക്കാരിനും സംഭവിച്ചത്. ഇന്നത്തെ പ്രതിസന്ധിക്കു ഒരു ന്യായീകരണവുമില്ല. ഈ പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ അവസാനിക്കുമെന്ന് കരുതാനുള്ള സൂചനകളൊന്നുമില്ലെന്നുമാണ് പിണറായി ഫെയ്‌സ്ബുക്കില്‍ പറഞ്ഞിരിക്കുന്നത്.

പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

‘എത്ര തന്നെ വൈകാരികമായി വിശദീകരിച്ചാലും ജനങ്ങളെ ശിക്ഷിക്കുന്ന ഒരു തീരുമാനവും അംഗീകരിക്കപ്പെടില്ല. ഒരു ഭരണാധികാരിക്കും പറ്റാന്‍ പാടില്ലാത്ത വീഴ്ചയാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കും എന്‍ ഡി എ സര്‍ക്കാരിനും സംഭവിച്ചത്. പൊടുന്നനെ ഉണ്ടായ ആഘാതം തരണം ചെയ്യാന്‍ കഴിയാതെ വിഷമിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാന ഗവര്‍മെന്റ് ആവുന്നതെല്ലാം ചെയ്യും. ഇന്നത്തെ പ്രതിസന്ധിക്കു ഒരു ന്യായീകരണവുമില്ല. ഈ പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ അവസാനിക്കുമെന്ന് കരുതാനുള്ള സൂചനകളൊന്നുമില്ല. ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഒന്നായി ഇത് മാറിയിരിക്കുന്നു. കള്ളനോട്ടും കള്ളപ്പണവും തടയുക തന്നെ വേണം. അതിന്റെ വഴി ഏതാണ് എന്ന് നിശ്ചയിക്കുമ്പോള്‍ ജനങ്ങളാകണം മുന്നില്‍.

ഇന്ന് നോട്ട് നിരോധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടു വിശദീകരിച്ചു. പഴയ നോട്ടുകള്‍ മാറ്റാനുള്ള സമയ പരിധി നവംബര്‍ 24 വരെ നീട്ടിയിട്ടുണ്ട് എന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള ചുമതല കേരളത്തില്‍ പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകള്‍ക്കും ട്രഷറികള്‍ക്കും നല്‍കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂലമായ മറുപടിയാണ് കേന്ദ്ര ധനമന്ത്രിയില്‍ നിന്നുണ്ടായത്, എന്നാല്‍ തീരുമാനമൊന്നും പറയാറായിട്ടില്ല. നോട്ട് നിരോധനം മൂലം പ്രതിസന്ധി നേരിടുന്ന കെ.എസ്.എഫ്.ഇ.യെ രക്ഷിക്കാന്‍ പ്രത്യേക നടപടി വേണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ശബരിമല സീസണ്‍ തുടങ്ങുമ്പോള്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് കേരളത്തിലേക്ക് എത്തുക. നോട്ട് നിരോധനം മൂലം കേരളത്തില്‍ വരുന്നവര്‍ക്ക് പ്രയാസം ഉണ്ടാകരുത്. അതിനു പ്രത്യേക സംവിധാനം സജ്ജമാക്കേണ്ടതുണ്ട്. ശബരിമല തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക എക്സ്റ്റന്‍ഷന്‍ കൗണ്ടറുകള്‍ തുറക്കാം എന്ന് ധനമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. സഹകരണ ബാങ്കുകള്‍ക്കു കൂടി ഇത്തരത്തിലുള്ള എക്സ്റ്റന്‍ഷന്‍ കൗണ്ടറുകള്‍ വേണം എന്ന് ധനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍