UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നമ്മുടെ മാധ്യമകേസരികള്‍ പിണറായിയോട് ചോദിക്കാത്ത ചില ചോദ്യങ്ങള്‍

ഉറങ്ങി ഉണര്‍ന്നപ്പോള്‍ ഗ്രിഗര്‍ സാംസ ഭീമാകാരമുള്ള ഒരു പ്രാണിയായി രൂപാന്തരപ്പെടുന്നതിന്റെ കഥയാണ് കാഫ്ക 1915-ല്‍ പറഞ്ഞത്. രൂപപരിണാമത്തിന്റെ കാരണങ്ങള്‍ കഥയിലെങ്ങും പറയുന്നില്ല. അന്നത് ഫാന്റസിയായാണ് തോന്നിയത്. നൂറു വര്‍ഷങ്ങള്‍ക്കുശേഷം സമാനമായ ഒരു രൂപപരിണാമമാണ് പിണറായി വിജയന്‍ എന്ന സഖാവിനും കേരളത്തിലെ വാര്‍ത്താ മാധ്യമങ്ങള്‍ക്കും സംഭവിച്ചത്. അതാകട്ടെ യാഥാര്‍ത്ഥ്യവും.

ഒരു രാത്രി വെളുത്തപ്പോള്‍, നാളിതുവരെ പൊതുജനങ്ങളുടെ മുമ്പില്‍ ചിരിച്ചിട്ടില്ലാത്ത പിണറായി വിജയന്‍ ചിരിച്ചു. പിന്നെ, ചിരി മാത്രമായി. ആരെ കണ്ടാലും ചിരിക്കും. എന്തു ചോദിച്ചാലും ചിരിക്കും. ശത്രുമുഖ്യരെ വീട്ടില്‍ പോയി കണ്ടുചിരിക്കും. മറ്റു ശത്രുക്കള്‍ എ.കെ.ജി സെന്ററില്‍ വന്നാല്‍ അവരെ സ്വീകരിച്ചാനയിക്കും. വെളുക്കെ ചിരിക്കും. പഴയ ‘നികൃഷ്ടജീവികള്‍’ ബൊക്കെയുമായെത്തുമ്പോള്‍ ‘നികൃഷ്ടജീവികളും’ സഖാവും പൊട്ടിച്ചിരിക്കും.

മേയ് 19ന് ശേഷം ഈ ചിരി മാത്രമാണ് കേരളത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. (ഒബാമ ഇതെല്ലാം കണ്ട് വാഷിംഗ്ടണിലിരുന്ന് ഞെരിപിരികൊള്ളുന്നതിന്റെ ചിത്രം വൈറലായിക്കഴിഞ്ഞു.)

എന്താണ് 19ന് ശേഷം സംഭവിച്ചത്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നു. വോട്ടുശതമാനം കുറഞ്ഞെങ്കിലും ഇടതുപക്ഷം സീറ്റുകള്‍ കൂടുതല്‍ നേടി. (അതാണ് ജനാധിപത്യത്തിന്റെ മാജിക്കല്‍ റിയലിസം). സഖാവ് മുഖ്യമന്ത്രിയായി. (കേരളം കാത്തിരുന്ന മുഖ്യമന്ത്രി എന്നാണ് കണ്ണൂരിലെ സഖാക്കള്‍ ഫ്‌ളക്‌സിലൂടെ ജനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നത്). മുഖ്യമന്ത്രിക്ക് ആഭ്യന്തരവും വിജിലന്‍സും അവശ്യം വേണ്ട വകുപ്പുകളാണെന്ന് 2006-ല്‍ വി.എസ് മുഖ്യമന്ത്രിയായപ്പോള്‍ പാര്‍ട്ടിക്ക് മനസ്സിലായില്ലെങ്കിലും ഇപ്പോള്‍ മനസ്സിലായി.

പക്ഷെ, മുഖ്യമന്ത്രിയായതുകൊണ്ടു മാത്രം ഒരാള്‍ നിര്‍ത്താതെ ചിരിക്കുമോ? അപ്പോള്‍ ഇത്രയും കാലം ഗൗരവം ഭാവിച്ചു നടക്കുന്നത് മുഖ്യമന്ത്രിയാകാത്തതുകൊണ്ടാണോ? എപ്പോഴും ചിരിക്കുന്നവരാണ് മുഖ്യമന്ത്രിയാകാന്‍ യോഗ്യനെങ്കില്‍ അതിനേറ്റവും അര്‍ഹന്‍ ജഗദീഷല്ലേ? അതുപോട്ടെ, അത്തരം വിശകലനങ്ങള്‍ക്കുള്ള സമയമല്ലിത്. സഖാവിന്റെ ചിരിയുടെ നാനാര്‍ത്ഥങ്ങള്‍ തേടി അലയുകയാണ് കേരളത്തിലെ വാര്‍ത്താമാധ്യമങ്ങള്‍. എന്തുകൊണ്ടിതുവരെ ചിരിച്ചില്ല? എന്തുകൊണ്ടിപ്പോള്‍ ചിരിക്കുന്നു? പണ്ടും ഗൗരവഭാവത്തിന്റെ ഉള്ളില്‍ ഒരു അന്തര്‍ധാരയായി ചിരി ഒഴുകുന്നുണ്ടായിരുന്നു. അതുപക്ഷെ ഭാര്യയ്ക്കും മക്കള്‍ക്കും മാത്രമേ അറിയാമായിരുന്നുള്ളു. മുഖ്യമന്ത്രിയായതോടെ ആ അന്തര്‍ധാര ഗൗരവത്തിന്റെ അണപൊട്ടിച്ചു. പിന്നെ, പ്രളയമാണ്. ചിരിപ്രളയം. കേരളം പൊട്ടിപൊട്ടിച്ചിരിക്കുന്നു. ചിരി ആയുസ്സു കൂട്ടും. സ്വന്തം ആയുസ്സും നാട്ടുകാരുടെ ആയുസ്സും.

കൈരളിയും പീപ്പിളുമൊക്കെ സഖാവിന്റെ സ്തുതി പാടുന്നത് മനസ്സിലാക്കാം. രണ്ടിന്റേയും തലപ്പത്ത് ബ്രിട്ടാസാണ്. ബ്രിട്ടാസാകട്ടെ, സഖാവിന്റെ Man friday ആണ്. പക്ഷെ മറ്റു മാധ്യമങ്ങളോ? ‘മാധ്യമങ്ങള്‍ വേട്ടയാടിയ നേതാവ്’ എന്നാണ് മലയാള മനോരമ പിണറായിയെ വിശേഷിപ്പിച്ചത്. ഏതാണ്ട് സമാനരീതിയില്‍ തന്നെയാണ് മറ്റു മാധ്യമങ്ങളും പിണറായിയുടെ മംഗളപത്രം എഴുതിയത്. യേശുക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ലൈവ് ആയി റിപ്പോര്‍ട്ട് ചെയ്യുന്ന പ്രാധാന്യത്തോടെയാണ് ചാനലുകള്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ റിപ്പോര്‍ട്ട് ചെയ്തത്. ”ദീപസ്തംഭം മഹാശ്ചര്യം, നമുക്കു കിട്ടണം പണം.”

ആരാണ് പിണറായിയെ വേട്ടയാടിയത്? വേട്ടയാടിയ ഏതെങ്കിലും പത്രസ്ഥാപനം കൈപൊക്കാമോ? അന്നു നടന്നത് വേട്ടയാടലായിരുന്നു എന്ന് ബോധ്യമായാല്‍ ആദ്യം ചെയ്യേണ്ടത് തെറ്റ് ഏറ്റുപറയുക എന്നതല്ലേ? അന്ന് വേട്ടയാടിയതും ശരി; ഇന്ന് വേട്ടയാടലിനെ വിര്‍ശിക്കുന്നതും ശരിയാകുന്നതെങ്ങനെ? അപ്പോള്‍ കാണുന്നവനെ ”അപ്പാ” എന്ന് വിളിക്കുന്നതാണോ മാധ്യമധര്‍മ്മം?

പത്രധര്‍മ്മം എന്നത് ഒരു ഓട്ടപ്പാത്രമാണ്. അത് പണ്ടേ അങ്ങനെ തന്നെ. ‘Politics is the last resort for the scoundrels’ എന്ന് ബര്‍ണാഡ് ഷാ പറഞ്ഞപ്പോള്‍ കേരളത്തിലെ ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരെ കുറിച്ച് ഷാ ചിന്തിച്ചുകാണില്ല. 54 (അതോ 57?) ക്രിമിനല്‍ കേസുകളുള്ള ഒരു സുപ്രസിദ്ധ മാധ്യമപ്രവര്‍ത്തകന്‍ തിരഞ്ഞെടുപ്പില്‍ നിന്ന് ജനങ്ങളെ സേവിക്കാനുള്ള ആവേശം കാണിച്ചത് കണ്ടില്ലേ? മാധ്യമപ്രവര്‍ത്തകര്‍ ഏറ്റവും തഴയപ്പെട്ട വിഭാഗമാണെന്നും അവര്‍ക്ക് നിയമസഭാ ടിക്കറ്റുകള്‍ നല്‍കണമെന്നും യാതൊരു ഉളുപ്പുമില്ലാതെ മംഗളത്തിന്റെ അജിത്കുമാര്‍ പീപ്പിള്‍ ചാനല്‍ ചര്‍ച്ചയില്‍ പറയുന്നു.

ആര്‍ക്കും രാഷ്ട്രീയത്തില്‍ വരാം. പക്ഷെ, അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ അല്ലേ വേണ്ടത്? പത്രപ്രവര്‍ത്തനരംഗത്തെ മികവിന്റെ പേരിലാണോ? അങ്ങനെയാണെങ്കില്‍ എന്തു മികവാണ് ഈ പത്രകേസരികള്‍ കാട്ടിയിട്ടുള്ളത്? സരിത കൊടുത്ത കത്തിന്റെ ഫോട്ടോ കോപ്പി ടെലിവിഷന്‍ സ്‌ക്രീനില്‍ കാണിച്ചതോ? ആറന്‍മുളയിലെ നെല്‍വയല്‍ കാണിച്ചതോ? കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടയ്ക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാണിച്ച കൊള്ളരുതായ്മകളുടെ ഒന്നിന്റെയെങ്കിലും യഥാര്‍ത്ഥ ചിത്രം പുറത്തുവന്നോ? (അതുകൊണ്ടല്ലേ, തെളിവുണ്ടോ…. തെളിവുണ്ടോ എന്ന് ചോദിച്ച് ഉമ്മന്‍ചാണ്ടി മാധ്യമങ്ങളെ കളിയാക്കിക്കൊണ്ട് നടന്നത്?)

ഇനി അതിനു മുമ്പിലത്തെ കാര്യങ്ങളോ? അന്ന് ലാവ്‌ലിന്‍ കേസില്‍ പണം നഷ്ടമായി എന്ന് എഴുതി പിണറായിയെ വേട്ടയാടിയ മാധ്യമങ്ങള്‍ എന്തുകൊണ്ട്, നാളിതുവരെയായി, ലാവ്‌ലിന്‍ കേസിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തുകൊണ്ടുവന്നില്ല?

കേരളത്തിലെ പത്രക്കാര്‍ ഒരിക്കലും അത്തരം തിരുത്തലുകള്‍ക്ക് വിധേയരാകാറില്ല. അല്ലെങ്കില്‍ ചാരക്കേസില്‍ എത്രയോ പേരുടെ ജീവിതം തകര്‍ത്തുകളഞ്ഞ, ഇന്ത്യയുടെ ഒരു വന്‍ കുതിപ്പിനു തന്നെ തടയിടുന്ന രീതിയില്‍, വാര്‍ത്തകളെഴുതിയ പത്രകേസരികള്‍ ഒരാള്‍ പോലും തങ്ങള്‍ അന്നു ചെയ്തത് തെറ്റാണെന്ന് ഏറ്റുപറഞ്ഞിട്ടില്ല. ഒരു പത്രപ്രവര്‍ത്തകനെ ആരെങ്കിലും കയ്യേറ്റം ചെയ്താല്‍ മാധ്യമസ്വാതന്ത്ര്യം അപകടത്തില്‍ എന്നു പറഞ്ഞ് പ്രമേയം പാസ്സാക്കിയശേഷം പ്രസ്‌ക്ലബ്ബിന് താഴെയുള്ള സ്വന്തം ബാറില്‍ പോയിരുന്ന് മദ്യപിച്ച് തിമിര്‍ക്കുന്ന പത്രപ്രവര്‍ത്തക യൂണിയന്റെയോ പ്രസ് ക്ലബിന്റെയോ ഭാരവാഹികള്‍ ചാരക്കേസില്‍ പത്രങ്ങള്‍ തെറ്റുചെയ്തുപോയി എന്ന ഒറ്റവരി പ്രമേയമെങ്കിലും പാസാക്കിയോ? ഇല്ല. പക്ഷെ, ചാരക്കേസ് വെറും ചാരമായിരുന്നു എന്ന് മനസ്സിലായപ്പോള്‍ പത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ചവിട്ടി അരച്ച ശാസ്ത്രജ്ഞരെ ഇന്റര്‍വ്യൂ ചെയ്ത് കവര്‍‌ സ്റ്റോറിയാക്കുകയാണ് ഇവര്‍ ചെയ്തത്. അന്ന് ചാരക്കേസ് ഉണ്ടായിരുന്നുവെന്ന് എഴുതിയാല്‍ കച്ചവടം നടക്കും. ഇന്ന് അതിന്റെ ഇരകളെ പ്രകീര്‍ത്തിച്ചുകൊണ്ട് ലേഖനങ്ങള്‍ എഴുതും. (തന്നെ തകര്‍ത്തുകളഞ്ഞ അതേ പത്രക്കാര്‍ തന്നെ ഇരയെന്ന അവസ്ഥയിലുള്ള തന്റെ കവര്‍‌ സ്റ്റോറി ചെയ്യാന്‍ വന്നപ്പോള്‍  ‘ഇറങ്ങിപ്പോടാ, പട്ടികളെ’ എന്ന് എന്തുകൊണ്ടാണ് നമ്പിനാരായണന്‍ പറയാതിരുന്നത് എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. പക്ഷെ, അതങ്ങനെയാണ്. പത്രക്കാരെ ജന്മിയായി കാണുന്ന ഇത്തരം കുടിയാന്‍ ബോധമാണ് പത്രക്കാരെ തെറ്റ് ഏറ്റുപറയാത്ത വിഭാഗമാക്കി മാറ്റുന്നത്.)

മുഖ്യമന്ത്രിയായശേഷം പിണറായി വിജയന്‍ നടത്തിയ പത്രസമ്മേളനങ്ങളില്‍ ചിരിച്ചുകൊണ്ടാണ് സഖാവ് പത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്.

ഇനി ജിഷമാരുണ്ടാകില്ല എന്ന് പിണറായി പ്രഖ്യാപിച്ചിപ്പോള്‍, ഇനി കെ.കെ രമമാരുണ്ടാകുമോ എന്ന് ഒരു പത്രക്കാരനും ചോദിച്ചില്ല.

ഡല്‍ഹിയില്‍ വച്ച് ആഭ്യന്തരമന്ത്രിയെ കണ്ടശേഷം പത്രക്കാരോട് സംസാരിച്ച പിണറായി  കേരളത്തില്‍ സംഘര്‍ഷം കുറയ്ക്കാനുള്ള ഫോര്‍മുലയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: ‘അവര്‍ അവരുടെ അണികളെ നിലയ്ക്ക്‌ നിര്‍ത്തിയാല്‍ ഞങ്ങളുടെ അണികളെ ഞാന്‍ നിലയ്ക്കു നിര്‍ത്തിക്കൊള്ളാം’. അപ്പോള്‍, സ്വന്തം അണികളെ ഇതുവരെ നിലയ്ക്കുനിര്‍ത്താത്തതിന്റെ ഉത്തരവാദിയും പിണറായി തന്നെയല്ലേ എന്ന്  ഒരു പത്രപ്രവര്‍ത്തകനും ചോദിച്ചില്ല.

മുല്ലപ്പെരിയാറിന് യാതൊരു ബലക്ഷയവും ഇല്ല എന്ന് പിണറായി വ്യക്തമാക്കിയപ്പോള്‍, കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ജലസേചന മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ പഠനത്തെ അടിസ്ഥാനമാക്കി നടത്തിയ പ്രസ്താവനകളൊക്കെ തെറ്റായിരുന്നോ? പി.ജെ ജോസഫ് മന്ത്രിയായ ഉടന്‍ ‘ഡാം ദാ ഇപ്പം പൊട്ടും’ എന്ന് പറഞ്ഞ് ഒരു ജനതയെ മുഴുവന്‍ ഭയത്തില്‍ നിര്‍ത്തിയപ്പോള്‍, പിണറായി വിജയന്‍ എവിടെയായിരുന്നു? എന്തുകൊണ്ട് ഒരു ജനതയെ പരിഭ്രാന്തരാക്കുന്നതിന് കൂട്ടുനിന്നു? ഇത്തരം ചോദ്യങ്ങളൊന്നും ഒരു പത്രക്കാരനും ചോദിച്ചില്ല.

വേറെയുമുണ്ട് ചോദ്യങ്ങള്‍. ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരെ പ്രോസിക്യൂഷന് അനുമതി കൊടുത്ത ഗവര്‍ണറുടെ ഓഫീസിനു മുന്നില്‍ എന്തിനായിരുന്നു സഖാക്കള്‍ സമരം നടത്തിയത്? എന്തിനായിരുന്നു ലവ്‌ലിന്‍ കേസ് സി.ബി.ഐയ്ക്കു വിട്ട ജഡ്ജിയുടെ കോലം കത്തിച്ചത്? സ്വന്തം വീടിനെക്കുറിച്ച് എന്തിനാണിത്ര ഗോപ്യത നിലനിര്‍ത്തിയത്? വീടിന്റെ ചിത്രം തെറ്റായിക്കൊടുത്ത വ്യക്തിയെ  എ.കെ.ജി സെന്ററിന്റെ സ്വന്തം പോലീസ് ഉദ്യോഗസ്ഥനായ ടോമിന്‍ തച്ചങ്കരി ദുബായില്‍ പോയി ഓടിച്ചിട്ടുപിടിച്ചപ്പോള്‍, ഐ.ജി എന്തിനാണിത്ര കോലാഹലം ഉണ്ടാക്കുന്നത് എന്ന് എന്തുകൊണ്ട് പിണറായി വിജയന്‍ ചോദിച്ചില്ല? എന്തുകൊണ്ട് സ്വന്തം വീടിന്റെ യഥാര്‍ത്ഥ ചിത്രം പത്രപ്രതിനിധികളെയെങ്കിലും കാട്ടിയില്ല? എന്തിനായിരുന്നു ഇത്രയും രഹസ്യാത്മകത?

എന്തുകൊണ്ടാണ് കേരളം ഇളക്കി നടത്തിയ സോളാര്‍ സമരത്തിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ സെക്രട്ടേറിയറ്റ് വളഞ്ഞ സഖാക്കളുടെ സമരവീര്യത്തെ ഒപ്പമുള്ള സെക്രട്ടേറിയറ്റ് നേതാക്കള്‍ പോലും അറിയാതെ കെടുത്തിക്കളഞ്ഞത്? ജുഡീഷ്യല്‍ കമ്മീഷനില്‍ തൃപ്തരായതുകൊണ്ടാണ് എങ്കില്‍, ആ കമ്മീഷനു മുന്നില്‍ എത്ര സഖാക്കള്‍ എന്തെല്ലാം രേഖകളാണ് സമര്‍പ്പിച്ചത്? എന്തിനാണ് ‘വെറുക്കപ്പെട്ടവന്‍’ എന്ന് വി.എസ് വിശേഷിപ്പിച്ച അതേ ഫാരിസ് അബൂബക്കറെക്കൊണ്ട് കൈരളി ചാനലിലെ ജോണ്‍ ബ്രിട്ടാസിലൂടെ മുഖ്യമന്ത്രിയായ വി.എസിനെതിരെ കടന്നാക്രമണം നടത്താന്‍ അനുവദിച്ചത്? അത് നടന്നത് പിണറായിയുടെ അറിവോടെയല്ലെങ്കില്‍, എന്തുകൊണ്ടാണ് വര്‍ഗബോധമില്ലാത്ത പാര്‍ട്ടി ചാനലിലെ പത്രപ്രവര്‍ത്തകര്‍ക്കെതിരെ നടപടി ഉണ്ടാകാത്തത്? വി.എസിനേക്കാള്‍ പാര്‍ട്ടിക്ക് വേണ്ടത് ഫാരീസ് അബൂബേക്കര്‍ ആണെന്നാണോ മനസ്സിലാക്കേണ്ടത്?

ഒരു ചോദ്യവും ഒരു പത്രപ്രവര്‍ത്തകനും ചോദിക്കില്ല. ആനന്ദ് ബുദ്ധിജീവികളെ കുറിച്ചു പറയുന്നതുപോലെയാണ് പത്രക്കാര്‍ – ‘ലിറ്റ്മസ് പേപ്പറുകള്‍. അമ്ലത്തോട് ചേര്‍ന്നാല്‍ അമ്ലം; ക്ഷാരത്തോട് ചേര്‍ന്നാല്‍ ക്ഷാരം.’

പത്രക്കാര്‍ എന്നും അങ്ങനെ തന്നെയായിരുന്നു, അധികാരത്തെ വണങ്ങുന്നവര്‍. അധികാരത്തിന്റെ എല്ലിന്‍ കഷണങ്ങള്‍ കടിച്ച് സ്വന്തം മോണയില്‍  നിന്ന് പൊടിയുന്ന രക്തത്തില്‍ ഇറച്ചിയുടെ സ്വാദ് കണ്ടെത്തുന്നവര്‍. കുനിയാന്‍ പറയുമ്പോള്‍ മുട്ടുകുത്തുന്നവര്‍; ഇഴയുന്നവര്‍. അധികാരത്തിന്റെ ഇടനാഴികളില്‍ പൊളിറ്റിക്കല്‍ പിമ്പിംഗ് നടത്തുന്ന ബര്‍ക്കാ ദത്തുമാര്‍, വീര്‍ സാംഗ്വിമാര്‍…

അധികാരത്തിന്റെ മാറ്റത്തിനനുസരിച്ച് പത്രക്കാരന്റെ ഭാഷ മാറിവരുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് 1815 മാര്‍ച്ച് 9 മുതല്‍ 22 വരെ ഫ്രാന്‍സിലെ പത്രങ്ങള്‍ നെപ്പോളിയനെക്കുറിച്ചെഴുതിയ തലക്കെട്ടുകള്‍. എല്‍ബയില്‍ നിന്ന് പാരീസിലേക്കുള്ള നെപ്പോളിയന്റെ 14 ദിവസം നീണ്ട യാത്രയെക്കുറിച്ചുള്ള പ്രധാന തലക്കെട്ടുകളുടെ മലയാള പരിഭാഷ ഇങ്ങനെയാണ്:

മാര്‍ച്ച് 9 – നരഭോജി മടവിട്ടിറങ്ങി.
മാര്‍ച്ച് 10 – കുഞ്ഞുങ്ങളെ പച്ചയ്ക്ക് തിന്നുവാന്‍ കേപ് ജവാനിലെത്തി.
മാര്‍ച്ച് 11 – കടുവ കാപിലെത്തി
മാര്‍ച്ച് 12 – ഭീകരജീവി ഗ്രനോബിളില്‍ അന്തിയുറങ്ങി.
മാര്‍ച്ച് 13 – പ്രജാപീഡകന്‍ ലിയോണ്‍സ് കടന്നു.
മാര്‍ച്ച് 14 – കൈയൂക്കുകൊണ്ട് അധികാരം പിടിച്ചെടുക്കുന്നവന്‍ ദി ജോന്‍ ലക്ഷ്യമാക്കി നീങ്ങുന്നു.
മാര്‍ച്ച് 18 – ബോണപാര്‍ട്ട് തലസ്ഥാനത്തിന് 60 കാതം മാത്രം അകലെ
മാര്‍ച്ച് 19 – ബോണപാര്‍ട്ട് വളരെ വേഗം മുന്നോട്ടു നീങ്ങുന്നു; പക്ഷെ, അയാള്‍ പാരീസിലെത്തില്ല.
മാര്‍ച്ച് 21 – ചക്രവര്‍ത്തി ഫൊണ്ടോനേബ്ലയിലെത്തി.
മാര്‍ച്ച് 22 – പരമാധികാരമുള്ള രാജതേജസ്സ്  ഇന്നലെ വൈകുന്നേരം ടുയിയിലെത്തി.

ഫ്രാന്‍സിലെ പത്രക്കാര്‍ നെപ്പോളിയനെക്കുറിച്ച് തലക്കെട്ടുകള്‍ കൊടുത്തത് 200 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. ആ മഹത്തായ പാരമ്പര്യം മുറുകെ പിടിക്കുന്നവരാണ് കേരളത്തിലെ പത്രകേസരികള്‍.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍