UPDATES

കേരളം

പിണറായിയില്‍ നടത്തിയ ‘വിപ്ലവം’ മുഖ്യമന്ത്രി വിജയന്‍ കേരളത്തില്‍ നടത്തുമോ?

വികസനത്തെ കുറിച്ചുള്ള പിണറായി വിജയന്‍ പുലര്‍ത്തിയ കാഴ്ചപ്പാടിന് വിമര്‍ശകര്‍ നിരവധി ഉണ്ടായി

പിണറായി വിജയന്‍ മുഖ്യമന്ത്രി ആകുന്നു എന്നതിന്റെ സന്തോഷം പങ്കിടാനാണ് പിണറായിക്കാരനായ പഴയ സുഹൃത്ത് വിളിച്ചത്. പല കാര്യങ്ങളും സംസാരിക്കുന്ന കൂട്ടത്തില്‍ രസകരമായ ഒരു കാര്യം പറഞ്ഞു. അത് പിണറായിയുടെ വീടിനെ കുറിച്ചായിരുന്നു. 1970 കളുടെ ഒടുവിലാണ് പിണറായിയുടെ ആദ്യത്തെ വീടിന്റെ പണി പൂര്‍ത്തിയാകുന്നത്. അന്ന് ആ ഉള്‍നാടന്‍ ഗ്രാമത്തിലെ ബാത്ത് അറ്റാച്ച്ഡ് മുറിയുള്ള ആദ്യ വീടുകളില്‍ ഒന്നായിരുന്നു അത്. കക്കൂസുകള്‍ ഉണ്ടെങ്കില്‍ തന്നെ വീട്ടില്‍ നിന്നു അകന്നു മാത്രം പണിഞ്ഞിരുന്ന കാലത്തായിരുന്നു ഈ മാറ്റം. പിന്നീട് പിണറായിയുടെ വീട് വലിയ വിവാദമാകുന്നത് ഏഴെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ടി പി ചന്ദ്രശേഖരനും കൂട്ടരും കലാപക്കൊടി ഉയര്‍ത്തിയ ഒഞ്ചിയത്ത് നിന്നു ഒരു സംഘം സഖാക്കളൂടെ വീട് കാണല്‍ വരവടക്കം നടക്കുന്നത് ഈ കാലത്താണ്. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയും പിണറായിയുടെ വീട് എന്ന നിലയില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ കുറ്റം ചുമത്തി ഒരാള്‍ പിടിക്കപ്പെടുകയും ചെയ്തു. തന്റെ വീട് കാണാന്‍ മഹാശ്വേത ദേവിയെ അടക്കം പിണറായി ക്ഷണിക്കുകയുണ്ടായി. എട്ട് കൊല്ലങ്ങള്‍ക്ക് മുന്‍പ് കൊട്ടാര സാദൃശ്യം എന്നു എതിരാളികള്‍ പ്രചരിപ്പിച്ച പിണറായിയുടെ വീട് ഇന്ന് ആ ഗ്രാമത്തിലെ ഒരു സാധാരണ വീട് മാത്രമാണ്.

ഈ ഒരു ഉദാഹരണം അയാള്‍ പറഞ്ഞത് പിണറായി അന്നത്തെ പല കമ്യൂണിസ്റ്റ് നേതാക്കളെക്കാളും പത്തോ പതിനഞ്ചോ വര്‍ഷം മുന്നോട്ടേക്ക് ചിന്തിക്കുന്നു എന്നു പറയാനാണ്. പിണറായി വിജയന്‍ വലിയ ദീര്‍ഘ ദര്‍ശിയാണ് എന്നു അയാള്‍ അവകാശപ്പെടുന്നില്ല. പക്ഷേ മറ്റാരെക്കാളും കൂടുതല്‍ മുന്നോട്ട് സഞ്ചരിച്ചു ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ള രാഷ്ട്രീയ നേതാവാണ് അദ്ദേഹം. വൈദ്യുതി മന്ത്രി ആയിരിക്കുമ്പോള്‍ അത് തെളിയിച്ചതാണ്. അത് കേരളത്തിന്റെ വികസനത്തിന് ഗുണം ചെയ്യും.

കേരളത്തിലെ സഹകരണ ഗ്രാമം എന്നാണ് പിണറായി അറിയപ്പെടുന്നത്. കണ്ണൂരിന്റെ രാഷ്ട്രീയ ബോധത്തിന് അടിത്തറ പാകിയ ദിനേശ് ബീഡി തൊഴിലാളി സംഘങ്ങള്‍ക്ക് പുറമെ നിരവധി സഹകരണ സംഘങ്ങള്‍ പിണറായിയുടെ മണ്ണില്‍ സ്ഥാപിതമായി. 1980ല്‍ രൂപീകരിക്കപ്പെട്ട പിണറായി എഡ്യൂക്കേഷന്‍ കോപ്പറേറ്റീവ് സൊസേറ്റിയുടെ ആദ്യ പ്രസിഡന്‍റ് പിണറായി വിജയന്‍ ആയിരുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് പിണറായി ഇന്‍ഡസ്ട്രിയല്‍ കോപ്പറേറ്റീവ് സോസെറ്റി (PICOS) ആണ്. 1996ല്‍ പിണറായി വിജയന്‍ വൈദ്യുതി മന്ത്രി ആയിരിക്കുമ്പോഴാണ് കെ എസ് ഇ ബിയുടെ കോണ്‍ക്രീറ്റ് വൈദ്യുതി പോസ്റ്റ് നിര്‍മ്മിച്ചു നല്‍കാനുള്ള കരാര്‍ ഈ സഹകരണ സംഘത്തിന് ലഭിക്കുന്നത്. ഇന്ന് കോഴിക്കോട്ടെ ഊരാളുങ്കല്‍ സൊസേറ്റി പോലെ നിര്‍മ്മാണ മേഖലയിലെ പ്രധാന സ്ഥാപനമാണ് പിക്കോസ്. സഹകരണ സംരംഭങ്ങളിലൂടെ നിരവധി പേര്‍ക്കു പ്രത്യക്ഷത്തിലും പരോക്ഷമായും തൊഴില്‍ ലഭിച്ചതിലൂടെ പിണറായി ഗ്രാമത്തിന്റെ സമ്പദ് വ്യവസ്ഥ തന്നെ മാറുകയായിരുന്നു. ആ മാറ്റം വിദ്യാഭ്യാസ മേഖലകളില്‍ അടക്കം വലിയ ചലനം സൃഷ്ടിച്ചു. കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും ചെത്ത് തൊഴിലാളികളുടെയും നെയ്ത്തുകാരുടെയും ഗ്രാമം എന്ന നിലയില്‍ നിന്നും വിദ്യാസമ്പന്നരായ പുതു തലമുറയുടെ ഗ്രാമം എന്ന നിലയിലേക്ക് പിണറായി വളര്‍ന്നു. കേരളത്തിലെ മറ്റ് പല ഗ്രാമങ്ങളും പറയുന്ന ഗള്‍ഫ് പണം കൊണ്ടുവന്ന വളര്‍ച്ചയല്ല മറിച്ച്  ഫലപ്രദമായ സോഷ്യല്‍ എഞ്ചിനീയറിംഗിലൂടെ ഒരു നാട് നിര്‍മ്മിച്ചെടുത്തതാണ്. ഇതില്‍ ഒരു കമ്യൂണിസ്റ്റ് നേതാവ് എന്ന നിലയില്‍ പിണറായി വിജയന്റെ സംഭാവന നിസ്തുലമാണ്.

സംഘടനാ നേതാവ് എന്ന നിലയിലാണ് കഴിഞ്ഞ 15 കൊല്ലക്കാലമായി പിണറായി പൊതുമണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു കര്‍ക്കശക്കാരനായ പാര്‍ട്ടിക്കാരന്‍ മാത്രമായാണു പൊതു സമൂഹം പിണറായിയെ കണ്ടത്. ബഹുജന മാധ്യമങ്ങളില്‍ അയാള്‍ പ്രത്യക്ഷപ്പെട്ടത് പാര്‍ട്ടിക്ക് വേണ്ടി മാത്രമായിരുന്നു. അതുകൊണ്ട് തന്നെ അത് ജനങ്ങളുടെ ശബ്ദമായി അടയാളപ്പെടുത്തപ്പെട്ടില്ല. പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമായതുകൊണ്ടു തന്നെ അത് പാര്‍ട്ടി പ്രവര്‍ത്തകരുടെയും അണികളുടെയും മുഴുവന്‍ ശബ്ദമായും ഗണിക്കപ്പെട്ടില്ല. സമാന്തരമായി വി എസ് അച്യുതാനന്ദന്‍ മികച്ച ജനകീയ ഇടപെടലുകളിലൂടെ വിപ്ലവത്തിന്റെ മിശിഹാ ആയി വാഴ്ത്തപ്പെടുകയും ചെയ്തു. ഇത് വിപ്ലവത്തിന്റെ ഹാംഗ് ഓവറുമായി 90കളില്‍ യൌവ്വന യുക്തരായ ഒരു തലമുറയെ ഹഠാധാ  ആകര്‍ഷിച്ചു. പിണറായി പേരിസ്ട്രോയിക്കയുടെ നടത്തിപ്പുകാരനായി. ഒപ്പം തോമസ് ഐസക്കിനെ പോലുള്ളവര്‍ ജനകീയാസൂത്രണത്തിലൂടെ വര്‍ഗ്ഗ സമര സിദ്ധാന്തത്തില്‍ വെള്ളം ചേര്‍ത്തു എന്നു വിമര്‍ശിക്കപ്പെട്ടു. പ്രൊഫ. എം എന്‍ വിജയന്‍ അടക്കമുള്ളവര്‍ ഇതിനെ ഒരു സി ഐ എ ചാരപ്പണിയായി ക്രൂശിച്ചു.

വികസനത്തെ കുറിച്ചുള്ള പിണറായി വിജയന്‍ പുലര്‍ത്തിയ കാഴ്ചപ്പാടിന് വിമര്‍ശകര്‍ നിരവധി ഉണ്ടായി. അത് പരിസ്ഥിതിയെയും അടിത്തട്ടിലെ പ്രാന്തവത്ക്കരിക്കപ്പെട്ടവരെയും കാണാത്ത ഒന്നാണ് എന്നു വിമര്‍ശിക്കപ്പെട്ടു. അഴിമതിയുടെയും ചങ്ങാത്ത മുതലാളിത്തത്തിന്റെയും ദുര്‍ഗന്ധം അതിനുണ്ടെന്നും ആരോപിക്കപ്പെട്ടു. അതിന്റെയൊക്കെ മുഖ്യ കുറ്റവാളിയായി മാധ്യമങ്ങളില്‍ ഇരുട്ടില്‍ നിര്‍ത്തിയ പിണറായി വിജയന്‍ ഒരു ഭരണകര്‍ത്താവായി ഈ കാലങ്ങളില്‍ ഒന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല എന്ന കാര്യം വിമര്‍ശകര്‍ സൌകര്യപൂര്‍വ്വം മറക്കുകയും ചെയ്തു.

എന്തായാലും കൌതുകകരമായ ചില മാറ്റങ്ങള്‍ പറഞ്ഞു കൊണ്ട് നിര്‍ത്താം. ഒന്നു, പിണറായി ചിരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന പരിഹാസത്തില്‍ പൊതിഞ്ഞ വിമര്‍ശനമാണ്. രാഷ്ട്രീയക്കാര്‍ വെളുക്കെ ചിരിക്കണമെന്ന് ശൈലി ഫലപ്രദമായി നടപ്പിലാക്കിയ നേതാവ് കെ കരുണാകരന്‍ ആണ്. ചിരിക്കുന്ന, ആള്‍ക്കൂട്ടത്താല്‍ പൊതിഞ്ഞു നില്‍ക്കുന്ന നേതാവാണ് നല്ല നേതാവ് എന്നത് ആരാണ് നിശ്ചയിച്ചത്? ഇപ്പോള്‍ ഗൂഗിള്‍ ഇമേജ് പരതിയാല്‍ ആദ്യത്തെ 25 ചിത്രങ്ങള്‍ എങ്കിലും ചിരിക്കുന്ന പിണറായിയുടേതാണ്. അത് പിണറായി എടുത്തു പ്രചരിപ്പിച്ചതല്ല. മറിച്ച് നമ്മുടെ ബഹുജന മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടതാണ്. ഒരു വര്‍ഷത്തിന് മുന്‍പ് ഇതായിരുന്നില്ല സ്ഥിതി. ക്രുദ്ധനായ, ഉള്ളില്‍ ആനപ്പക കൊണ്ടു നടക്കുന്ന ഒരു മാടമ്പി നേതാവിന്റെ ചിത്രങ്ങളായിരുന്നു നിറയെ. എന്തായാലും സമ്മതങ്ങളുടെ നിര്‍മ്മിതി എങ്ങനെയാണ് നടത്തേണ്ടത് എന്നു മാധ്യമങ്ങളെ പഠിപ്പിക്കേണ്ടതില്ലല്ലോ.

തിരഞ്ഞെടുപ്പിനിടയില്‍ പുറത്തുവന്ന മറ്റൊരു കൌതുകകരമായ വാര്‍ത്ത ടെക്കികള്‍ക്കിടയില്‍ പ്രിയപ്പെട്ട നേതാവ് പിണറായി വിജയന്‍ ആണെന്നാണ്. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നടത്തിയ ഒരു സര്‍വേയിലെ കണ്ടെത്തലാണ് ഇത്. വിപ്ലവ ബാധ്യതകള്‍ ഇല്ലാത്ത പുതു തലമുറയ്ക്ക് പിണറായി വിജയന്‍ സ്വീകാര്യനാകുന്നു എന്നതിന്റെ സൂചനയായി ഇതേടുക്കാമോ? (ഈ സര്‍വേയുടെ ആധികാരികതയെ കുറിച്ച് സംശയം ഉന്നയിച്ചുകൊണ്ടു തന്നെയാണ് ഇങ്ങനെയൊരു ചോദ്യം ഉന്നയിക്കുന്നത്) ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായിയുടെ വെല്ലുവിളി ഇത് തന്നെ ആയിരിക്കും. കാരണം പുതു വോട്ടര്‍മാര്‍ ബി ജെ പി അനുകൂലമായി മാറുന്നു എന്ന സൂചന തന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍