UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷ വധക്കേസ് അന്വേഷണ ചുമതല എ ഡി ജി പി ബി സന്ധ്യയ്ക്ക്; സഹോദരിയ്ക്ക് ജോലി; അമ്മയ്ക്ക് പെന്‍ഷന്‍

അഴിമുഖം പ്രതിനിധി

കേരള ജനത പ്രതീക്ഷിച്ചതു പോലെ ജിഷ വധക്കേസില്‍ നിര്‍ണ്ണായക തീരുമാനമെടുത്ത് പിണറായി മന്ത്രിസഭയുടെ ആദ്യ യോഗം. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം കേസ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി പിന്നീട് തീരുമാനിക്കും.

ജിഷയുടെ കുടുംബത്തിന്റെ പുനരധിവാസത്തിന്റെ ഭാഗമായി വീടുനിര്‍മാണം 45 ദിവസത്തിനകം പൂര്‍ത്തിയാക്കും. ജിഷയുടെ സഹോദരിക്ക് ജോലി നല്‍കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കും. ജിഷയുടെ അമ്മയ്ക്ക് മാസത്തില്‍ 5000 രൂപ പെന്‍ഷന്‍ നല്‍കും.

അപ്രഖ്യാപിത നിയമന നിരോധനത്തില്‍ യുവജന സംഘടനകളെല്ലാം പരാതി ഉന്നയിച്ചിട്ടുണ്ട്. പത്ത് ദിവസത്തിനകം എല്ലാ വകുപ്പുകളും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇതിലെ പുരോഗതി ദിനം പ്രതി ചീഫ് സെക്രട്ടറി തലത്തില്‍ മോണിറ്ററിംഗ് ചെയ്യും. 

നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കും. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മുഖേനെയുള്ള പൊതുവിതരണ ശൃഖല ശക്തിപ്പെടുത്തും. 75 കോടി രൂപയാണ് ഇതിന് നേരത്തെ ബജറ്റില്‍ വകയിരുത്തിയത്. ഇത് ഇരട്ടിയാക്കും.

ക്ഷേമ പെന്‍ഷനുകളിലെ കുടുശ്ശിക കൊടുത്തു തീര്‍ക്കും. പെന്‍ഷനുകള്‍ 1000 രൂപയാക്കും. പ്രായമായവരെ സഹായിക്കാന്‍ വീടുകളില്‍ പെന്‍ഷനെത്തിക്കും. 

കേരളത്തില്‍ ആസൂത്രണ ബോര്‍ഡ് തുടരും. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും. 

കഴിഞ്ഞ സര്‍ക്കാരിലെ വിവാദ തീരുമാനങ്ങളില്‍ നിയമവിരുദ്ധമായ പരിശോധിക്കും. ഇതിനായി എകെ ബാലന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു.

മന്ത്രിമാര്‍ക്ക് സ്വീകരണം നല്‍കുന്നതില്‍ കുട്ടികളെ ദീര്‍ഘനേരം നിര്‍ത്തുന്നതും സ്ത്രീകളെ അണിനിരത്തുന്നതും ആര്‍ഭാടങ്ങളും ഒഴിവാക്കും. 

വരുന്ന 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കേന്ദ്രമന്ത്രിമാര്‍ എന്നിവരെ ഡല്‍ഹിയിലെത്തി സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍