UPDATES

ഏത് അടുക്കളയിലും തങ്ങള്‍ കയറുമെന്ന സംഘപരിവാര്‍ ഭീഷണിയാണ് കേരള ഹൗസിലും കണ്ടത്; പിണറായി

അഴിമുഖം പ്രതിനിധി

ഡല്‍ഹിയിലേ കേരളാ ഹൗസില്‍ പശു ഇറച്ചി വിളമ്പിയെന്നാരോപ്പിച്ച് ഒരു സംഘം സംഘര്‍ഷമുണ്ടാക്കിയതിനെയും തുടര്‍ന്ന് പൊലീസ് കേരള ഹൗസിലെ അടുക്കളയില്‍ റെയ്ഡ് നടത്തിയ സംഭവത്തെയും വിമര്‍ശിച്ച് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ദാദ്രിയില്‍ മുഹമ്മദ് ആഖ്‌ലാക്കിനെ തല്ലിക്കൊന്നപോലെ നാളെ ഏത് അടുക്കളിയില്‍ തങ്ങള്‍ കയറി അക്രമണം കാണിക്കുമെന്നമാണ് കേരള ഹൗസില്‍ നടന്ന സംഭവത്തിലൂടെ സംഘപരിവാര്‍ ശക്തികള്‍ നല്‍കുന്ന മുന്നറിയിപ്പെന്നു പിണറായി ആരോപിച്ചു. മലയാളി എന്തു കഴിക്കണമെന്നു തങ്ങള്‍ നിശ്ചയിക്കുമെന്ന ഭീഷണിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഡല്‍ഹി പൊലീസ് നടത്തിയതെന്നും പിണറായി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തുന്നു.

പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ കൊടുക്കുന്നു.

ദാദ്രിയില്‍ മുഹമ്മദ് ആഖ്‌ലാക്കിനെ കൊന്ന ശക്തികള്‍ തന്നെയാണ് ഡല്‍ഹിയില്‍ കേരള ഹൗസിന്റെ അടുക്കളയിലേക്ക് കടന്നു കയറിയത്. നാളെ നാട്ടിലെ എല്ലാ അടുക്കളയിലും ഇവര്‍ അതിക്രമിച്ചു കയറും എന്ന മുന്നറിയിപ്പാണ് ഡല്‍ഹി കേരള ഹൗസില്‍ പശുവിറച്ചി വിളമ്പി എന്നാരോപിച്ച് നടത്തിയ അതിക്രമം. ഡല്‍ഹിയില്‍ പോത്തിറച്ചിക്ക് നിരോധനം ഇല്ല. കേരള ഹൗസില്‍ അത് പാകം ചെയ്ത് വില്‍ക്കുന്നതിന് തടസ്സവുമില്ല. 

വര്‍ഗീയ ഭ്രാന്തു മൂത്തവരുടെ വാക്ക് കേട്ട് ഡല്‍ഹി പോലീസ് കേരള ഹൗസില്‍ നിയമവിരുദ്ധമായി കടന്നു കയറിയത്, സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ്. കേരള ഗവര്‍മെന്റിന്റെ അധീനതയിലുള്ള സ്ഥലത്തുപോലും തങ്ങള്‍ എന്തും ചെയ്യും എന്നാണ് കേരളഹൗസിന്റെ ചുമതലയുള്ള റസിഡന്റ് കമീഷണറുടെ അനുമതിയില്ലാതെ ക്യാന്റീന്‍ റെയ്ഡ് ചെയ്ത ഡല്‍ഹി പോലീസ് നല്‍കുന്ന മുന്നറിയിപ്പ്. മലയാളികളുടെ ഭക്ഷണം തങ്ങള്‍ നിശ്ചയിക്കും എന്നാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസ് ഈ നടപടിയിലൂടെ ഭീഷണിപ്പെടുത്തുന്നത്. 

മുഹമ്മദ് ആഖ്‌ലാക്കിനെ ഇടിച്ചു കൊന്നത് പോലെ, നാളെ ഏതു അടുക്കളയിലും കടന്നു ചെന്ന് അതിക്രമം കാട്ടാന്‍ തങ്ങള്‍ മടിക്കില്ല എന്നാണു സംഘപരിവാര്‍ ഇതിലൂടെ നല്‍കുന്ന സന്ദേശം. നമ്മുടെ അടുക്കളയും സ്വകാര്യതയും സ്വതന്ത്രമായ ജീവിതവും ഭീഷണിയുടെ നിഴലില്‍ ആക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ അതിശക്തമായി ചെറുക്കപ്പെടണം. 

‘കേരള ഹൗസില്‍ ബീഫ് പരസ്യമായി വില്‍ക്കുന്നു, നമുക്ക് കാണാം ‘ എന്ന് ഒരു സംഘപരിവാറുകാരന്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യ ഭീഷണി മുഴക്കിയയ ശേഷമാണ് ഡല്‍ഹി പോലീസ് കേരള ഹൌസില്‍ എത്തിയത്. ആസൂത്രിതമായ അതിക്രമം ആണ് നടന്നത് എന്നതിന്റെ തെളിവാണിത്. 

ഡല്‍ഹിയിലെ മലയാളി സമൂഹത്തില്‍ ഭീതി വിതച്ച സംഭവമാണിത്. പൗരന്റെ മൗലികാവകാശത്തിന്മേലും സംസ്ഥാന ഗവര്‍മെന്റിന്റെ അധികാരത്തിലും ഉള്ള കടന്നു കയറ്റവും ആണ്. ഇത്തരം പ്രവണതകളെ ചെറുത്തു തോല്‍പ്പിച്ചില്ലെങ്കില്‍ സാധാരണ ജനജീവിതം ദുഷ്‌കരമാകും. ഈ വിഷയത്തില്‍ ഉചിതമായ രീതിയില്‍ പ്രതികരിക്കാനോ ഇടപെടാനോ സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്തത് ആശ്ചര്യകരമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍