UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കണമെന്ന് ഉമ്മന്‍ചാണ്ടിക്ക് ദുരാഗ്രഹം: പിണറായി വിജയന്‍

അഴിമുഖം പ്രതിനിധി

രാഷ്ട്രീയ സംഘര്‍ഷം നിലനിന്നു കാണണം എന്ന ഉമ്മന്‍ചാണ്ടിയുടെ ദുരാഗ്രഹമാണ് കാസര്‍കോട്ട് പുറത്തു വന്നതെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞദിവസം കാസര്‍കോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ പ്രസ്താവനയെ വിമര്‍ശിക്കുകയായിരുന്നു പിണറായി വിജയന്‍. ആര്‍ എസ് എസിനെ ന്യായീകരിക്കുകയും സി പി ഐ എമ്മിനെ കുറ്റപ്പെടുത്തുകയും എന്ന മാനസികാവസ്ഥയില്‍ നിന്ന് ഒരിഞ്ചു മാറാന്‍ ഉമ്മന്‍ചാണ്ടി തയാറല്ല.

ആര്‍ എസ് എസ് തലവന്‍ സമാധാന ചര്‍ച്ചയ്ക്ക് സന്നദ്ധത പരോക്ഷമായി പ്രകടിപ്പിച്ചപ്പോള്‍ പോലും അതിനോട് ക്രിയാത്മകമായാണ് ഞങ്ങള്‍ പ്രതികരിച്ചത്. അങ്ങനെ പ്രതികരിക്കുമ്പോഴും ആര്‍ എസ് എസാണ് അക്രമങ്ങള്‍ സൃഷ്ടിക്കുന്നത്; കേരളത്തില്‍ സമാധാനാന്തരീക്ഷം വഷളാക്കി കൊലപാതകങ്ങളും അക്രമവും സംഘടിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം അവര്‍ക്കാണ് എന്ന് ചൂണ്ടിക്കാട്ടാന്‍ ഞങ്ങള്‍ മടിച്ചിട്ടില്ല. മോഹന്‍ ഭാഗവത് തിരിച്ചുപോയി രണ്ടു ദിവസത്തിനകം കണ്ണൂര്‍ ജില്ലയില്‍ ആര്‍ എസ് എസ് ആയുധം കയ്യിലെടുത്തത് ആ സംഘടന വിശ്വസിക്കാന്‍ കൊള്ളാത്ത ഒന്നാണ് എന്ന് വീണ്ടും വ്യക്തമാക്കി. ഞായറാഴ്ച്ച പള്ളിപ്പൊയിലില്‍ ആര്‍എസ്എസ് സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ സമേഷ് എന്ന സി പി ഐ എം പ്രവര്‍ത്തകന്‍ ഒരു കാലു നഷ്ടപ്പെട്ടു ആശുപത്രിയില്‍ മരണവുമായി മല്ലടിക്കുകയാണ്.

ഇതാണ് ആര്‍ എസ് എസിന്റെ സ്വഭാവം എന്ന് ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. എന്നിട്ട് പോലും കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം കലുഷമാകരുത് എന്ന ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയാണ് സമാധാന ചര്‍ച്ചയ്ക്കു സന്നദ്ധമാണെങ്കില്‍ ഞങ്ങള്‍ മാറി നില്‍ക്കില്ല എന്ന് പറഞ്ഞതിലൂടെ വ്യക്തമാക്കിയത്. അതിനെ സ്വാഗതം ചെയ്യുകയും സമാധാന ശ്രമങ്ങള്‍ ആര് നടത്തിയാലും പ്രോത്സാഹനം നല്‍കുകയുമാണ് ഒരു മുഖ്യമന്ത്രിയുടെ കടമ. ഉത്തരവാദപ്പെട്ട ഭരണാധികാരി അതാണ് ചെയ്യേണ്ടത്. അതിനു പകരം രാഷ്ട്രീയ ദുഷ്ടലാക്കോടെ പദവി മറന്നു സംസാരിക്കുകയാണ് ഉമ്മന്‍ചാണ്ടി. 

ആര്‍ എസ് എസും അതിന്റെ വര്‍ഗീയത രാഷ്ട്രീയവും ഉമ്മന്‍ചാണ്ടിക്ക് പ്രിയപ്പെട്ടതാകും. ആര്‍ എസ് എസ് നടത്തിയ നരമേധങ്ങളെ ഒരിക്കലെങ്കിലും തള്ളിപ്പറഞ്ഞിട്ടുണ്ടോ ഉമ്മന്‍ചാണ്ടി? അവരുടെ വര്‍ഗീയ ഇടപെടലുകള്‍ക്കെതിരെ നട്ടെല്ല് നിവര്‍ത്തി നിലപാടെടുത്തിട്ടുണ്ടോ?

ആര്‍ എസ് എസുമായി നടത്തിയ വോട്ടു കച്ചവടത്തിന്റെയും നീക്ക് പോക്കുകളുടെയും ചരിത്രം കോണ്‍ഗ്രസ്സിനാണ്. തിരുവനന്തപുരം കോര്‍പറേഷനില്‍ ആര് ആരുമായി നീക്ക് പോക്ക് നടത്തിയത് കൊണ്ടാണ് യു ഡി എഫ് മൂന്നാം സ്ഥാനത്തേക്ക് പതിച്ചത്? ബിജെപി ജയിച്ച ഭൂരിപക്ഷം വാര്‍ഡുകളിലും എന്ത് കൊണ്ടാണ് കോണ്‍ഗ്രസ് മൂന്നാമതായത്? ഉമ്മന്‍ചാണ്ടി മറുപടി പറയണം.

ഇപ്പോഴത്തെ ബി ജെ പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ കത്ത് വാങ്ങി പ്രവീണ്‍ തൊഗാഡിയക്കെതിരായ കേസ് പിന്‍വലിച്ചത് ഉമ്മന്‍ ചാണ്ടിയല്ലേ? പോലീസുദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നിന്ന് ആര്‍ എസ് എസ് ക്രിമിനലുകളെ രക്ഷിക്കാന്‍ കേസ് തന്നെ ഇല്ലാതാക്കിയത് വേറെ ആരെങ്കിലുമാണോ? ഇങ്ങനെ പരസ്യമായും രഹസ്യമായും ആര്‍ എസ് എസ് പ്രീണനം നടത്തുന്ന ഒരാള്‍, സി പി ഐ എമ്മിന്റെ വര്ഗീയ വിരുദ്ധ സമീപനത്തെ ചോദ്യം ചെയ്യുന്നത് അപഹാസ്യമാണ്. ഞങ്ങള്‍ രാഷ്ട്രീയത്തെ രാഷ്ട്രീയമായാണ് കാണുന്നത്. ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ കാണുന്നത് പോലെ കച്ചവടമായല്ല. ആര്‍ എസ് എസ് പ്രതിനിധാനം ചെയ്യുന്ന വര്‍ഗീയതയുടെയും വെറുപ്പിന്റെയും ആക്രമോത്സുകതയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ സ്വജീവന്‍ കൊടുത്തും പോരാടുന്ന പ്രസ്ഥാനമാണ് സി പി ഐ എം. അത് കൊണ്ടാണ് രാഷ്ട്രീയമായി ആര്‍ എസ് എസിനോട് ഒരു സന്ധിക്കും ഞങ്ങള്‍ തയാറല്ലാത്തത്.

ഞങ്ങളുടെ ആര്‍ എസ് എസ് വിരുദ്ധ സമീപനം തെളിയിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട എന്ന് വിനയത്തോടെ ഓര്‍മ്മിപ്പിക്കട്ടെ. രാഷ്ട്രീയ രംഗത്ത് സമാധാനം കൈവരിക്കാനുള്ള ഏതു ശ്രമങ്ങളോടും ഭാവിയിലും ഞങ്ങള്‍ ക്രിയാത്മകമായി തന്നെ പ്രതികരിക്കുംഉമ്മന്‍ചാണ്ടിക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും. 

ആര്‍ എസ് എസിനെ വെള്ളപൂശുകയും അവരുമായി ഒളിഞ്ഞും തെളിഞ്ഞും സഖ്യമുണ്ടാക്കുകയും ചെയ്യുന്ന ഉമ്മന്‍ ചാണ്ടി ‘ സി പി ഐ എമ്മിനെ ജനങ്ങള്‍ ചവിട്ടിപ്പുറത്താക്കും’ എന്ന് സ്വപ്നം കാണുന്നത് സ്വാഭാവികമാണ്. ഒരു ലജ്ജയുമില്ലാതെ സ്വീകരിക്കുന്ന ഇത്തരം കപടവും വഞ്ചനാപരവുമായ സമീപനത്തെയാണ് കേരള ജനത ചവിട്ടി പുറത്താക്കുക എന്ന് ഉമ്മന്‍ചാണ്ടിക്ക് ബോധ്യമാകാന്‍ അധിക നാളുകള്‍ വേണ്ടിവരില്ലെന്നും പിണറായി വിജയന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍