UPDATES

സേവ് മൂന്നാര്‍ ക്യാമ്പയിന്‍

കുരിശില്‍ തൊട്ട ശ്രീറാം ഹൈറേഞ്ച് ഇറങ്ങേണ്ടി വരുമോ?

മതവികാരത്തിനോ നിയമത്തിനോ ഒരു മുഖ്യമന്ത്രി മുന്‍ഗണന കൊടുക്കേണ്ടതെന്നു ചിന്തിക്കണം

കുരിശ് എന്തു പിഴച്ചു എന്നാണ് മുഖ്യമന്ത്രി പാപ്പാത്തിച്ചോലയിലെ ഭൂമി കയ്യേറ്റമൊഴിപ്പിക്കലില്‍ തനിക്കുണ്ടായ അതൃപ്തി പ്രകടമാക്കാന്‍ പ്രയോഗിച്ച വാചകം. മുഖ്യമന്ത്രിയുടെ ഈ അതൃപ്തി ഒരു സൂചനയായി കാണാം, മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ ഇനി ശ്രീറാം വെങ്കിട്ടരാമന്‍ എന്ന സബ് കളക്ടര്‍ തയ്യാറാക്കിയ പ്ലാന്‍ അനുസരിച്ച് പോകില്ല എന്ന്. റവന്യു വകുപ്പ് കൈകാര്യം ചെയ്യുന്നവരും എല്‍ഡിഫിലെ രണ്ടാം കക്ഷിയുമായ സിപിഐ സബ് കളക്ടര്‍ക്കും റവന്യു സംഘത്തിനും പൂര്‍ണ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് മുഖ്യമന്ത്രിക്ക് ഉണ്ടായിരിക്കുന്ന ‘തെറ്റിദ്ധാരണ’ എത്രകണ്ട് മാറ്റാന്‍ കഴിയുമെന്നതില്‍ വലിയ പ്രതീക്ഷയൊന്നും വേണ്ട. മൂന്നാറില്‍ നിന്നുള്ള അനൗദ്യോഗിക വിവരങ്ങള്‍ പറയുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ അധികം താമസിയാതെ ഹൈറേഞ്ച് ഇറങ്ങുമെന്നുമാണ്. അതെങ്ങനെ നടപ്പിലാക്കാമെന്നുള്ള ആലോചനയിലിരുന്നവര്‍ക്ക് ശ്രീറാം തന്നെ ഇന്നലെ അതിനുള്ള വഴി കാണിച്ചും കൊടുത്തു. പാപ്പാത്തിച്ചോലയില്‍ ഇന്നലെ കടപുഴകിയ ആ കുരിശ് അങ്ങനെ ചില വീഴ്ചകളുടെ പ്രതീകമായി മാറുന്നു.

മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കും അനധികൃത നിര്‍മാണങ്ങള്‍ക്കും ചുറ്റും ശക്തമായ ഒരു വേലിയുണ്ട്. അത് രാഷ്ട്രീയവും മതവും പ്രാദേശികവൈകാരികതയുമെല്ലാം ചേര്‍ത്ത് ബലപ്പെടുത്തിയ വേലിയാണ്. അമ്പതുവര്‍ഷത്തിലേറെയായി നടക്കുന്ന സ്വകാര്യ കയ്യേറ്റങ്ങള്‍ മൂന്നാറില്‍ സംരക്ഷിക്കപ്പെട്ടു നില്‍ക്കുന്നത് ഈ വേലിയുടെ ഉറപ്പിലാണ്. അതിലാണ് ഇന്നലെ ശ്രീറാം വെങ്കിട്ടരാമന്‍ കൈ തൊട്ടത്.

ചിന്നക്കനാല്‍ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 34/1 ല്‍പ്പെട്ട 200 ഏക്കര്‍ ഭൂമി കയ്യേറ്റഭൂമിയാണെന്നത് ഉടമ്പന്‍ചോല ഡെപ്യൂട്ടി തഹസില്‍ദാര്‍ അന്വേഷിച്ചു കണ്ടെത്തിയതാണ്. ഈ അന്വേഷണ റിപ്പോട്ടില്‍ പിടിച്ചാണ് റവന്യു വകുപ്പ് പ്രസ്തുത കയ്യേറ്റം ഒഴിപ്പിക്കാന്‍ എത്തിയത്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയാണ് ഇവിടെ ഭൂമി സ്വന്തമാക്കി വച്ചിരിക്കുന്നതും കുരിശ് സ്ഥാപിച്ചതും. ഈ കുരിശു നീക്കം ചെയ്യണമെന്നു കാണിച്ച് സംഘടനയുടെ സ്ഥാപകരില്‍ ഒരാളായ ടോമി സ്‌കറിയയ്ക്ക് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ ഒരാഴ്ച മുമ്പ് നോട്ടീസ് നല്‍കിയിരുന്നു. സമയപരിധി കഴിഞ്ഞിട്ടും കുരിശ് നീക്കം ചെയ്യാതിരുന്നതുകൊണ്ടാണു ദേവികുളം ആര്‍ഡിഒ ശ്രീറാം വെങ്കിട്ടരാമന്റെ നിര്‍ദേശപ്രകാരം ഇന്നലെ റവന്യു സംഘം കുരിശും ഷെഡുകളും പൊളിച്ചു നീക്കിയത്. മുമ്പ് രണ്ടു തവണ ഭൂസംരക്ഷണ സമിതി ഈ കുരിശ് നീക്കം ചെയ്യാന്‍ എത്തിയപ്പോള്‍ ശക്തമായ എതിര്‍പ്പ് ഉണ്ടായിട്ടുള്ളതിനാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ പ്രദേശത്ത് ജില്ല കളക്ടര്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. റവന്യു സംഘത്തിന്റെ മാര്‍ഗം മുടക്കാന്‍ നോക്കിയതുള്‍പ്പെടെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും ആവശ്യമായ സന്നാഹങ്ങളുമായി എത്തിയ റവന്യൂ സംഘം തങ്ങളുടെ ജോലി കൃത്യമായി ചെയ്തു മടങ്ങുകയും ചെയ്തു.

സബ് കളക്ടര്‍ മുന്‍ആലോചനകളൊന്നുമില്ലാതെ ഒറ്റയ്‌ക്കെടുത്തൊരു തീരുമാനമല്ല പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കമെന്നതിന് തെളിവുകള്‍ പലതുണ്ട്. ആലോചനായോഗങ്ങള്‍ക്കും നിയമപരമായ മുന്നൊരുക്കങ്ങള്‍ക്കും ശേഷം തന്നെയാണ് പാപ്പാത്തിച്ചോലയിലേക്ക് റവന്യു സംഘത്തിന്റെ വണ്ടി നീങ്ങിയത്. റവന്യു സംഘത്തിന്റെ നടപടിയില്‍ എന്തെങ്കിലും ശരികേട് തോന്നിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി ആദ്യം ചെയ്യേണ്ടിയിരുന്നത് മേല്‍വിവരങ്ങള്‍ പരിശോധിക്കുകയായിരുന്നു. അതിനുപകരം മുഖ്യമന്ത്രി കുരിശില്‍ തൊട്ട് റവന്യു നടപടിയെ വിമര്‍ശിച്ചു.

കൈയേറ്റക്കാരെ ഒഴിപ്പിക്കുമ്പോള്‍ കുരിശ് എന്തു പിഴച്ചു എന്നാണു മുഖ്യമന്ത്രി ചോദിക്കുന്നത്. രണ്ടുമാസം മുമ്പാണ് പാപ്പാത്തി ചോലയിലെ ആ ഭൂമിയില്‍ കുരിശ് സ്ഥാപിച്ചത്. അത് വിശ്വാസത്തിന്റെ പ്രതീകമല്ലെന്നും കൈയ്യറ്റത്തിന്റേതാണെന്നും പറഞ്ഞത് ഇവിടുത്തെ ക്രിസത്യന്‍സഭകള്‍ തന്നെയായിരുന്നു. പക്ഷേ മുഖ്യമന്ത്രി അതിലും വലിയ വിശ്വാസിയായി. നിയമനിര്‍മാണ സഭയുടെ തലവനായ മുഖ്യമന്ത്രിക്കു നിയമത്തെക്കാള്‍ മതവിശ്വാസവും വികാരവുമൊക്കെയാണു പ്രാധാന്യമെന്നു തോന്നിപ്പോയത് എന്തുകൊണ്ടാണ്? ആരാണ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നത്? മുഖ്യമന്ത്രിയുടെ പൊളിറ്റക്കല്‍ സെക്രട്ടറിയും പ്രൈവറ്റ് സെക്രട്ടറിയും ഏതെങ്കിലും ഐഎഎസുകാരല്ല, രാഷ്ട്രീയക്കാരാണ്. കയ്യേറ്റം ഒഴിപ്പിക്കുമെന്നു പറയുകയും ഒഴിപ്പിക്കുന്ന കയ്യേറ്റങ്ങള്‍ കയ്യേറ്റങ്ങള്‍ അല്ലെന്നും പറയുന്ന ഇരട്ടത്താപ്പാണു സര്‍ക്കാരിനുള്ളതെന്നു പ്രതിപക്ഷം പറയുന്നതില്‍ കാര്യമുണ്ടെന്നു തോന്നിപ്പോകുന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്. 200 ഏക്കര്‍ ഭൂമി കയ്യേറ്റം ചെറുകിട കയ്യേറ്റമാണെന്നു പറയുന്ന മുഖ്യമന്ത്രിക്ക് മൂന്നാറിലെ കയ്യേറ്റങ്ങളെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്നാണോ?

സര്‍ക്കാര്‍ അറിയാതെ ചെയ്ത അപരാധം എന്ന നിലയിലേക്ക് പാപ്പാത്തിച്ചോലയിലെ കുരിശുപൊളിക്കല്‍ മുഖ്യമന്ത്രി തന്നെ കൊണ്ടെത്തിച്ചിരിക്കുന്നതിനാല്‍ ഇനി സബ് കളക്ടര്‍ക്കും സംഘത്തിനു മുന്നില്‍ പല കുരിശുകളും ഉയരും. അതിലൊക്കെ തൊടാന്‍ മടിക്കുകയും ചെയ്യും. അതല്ല, പൊളിക്കേണ്ട കുരിശ് പൊളിക്കുമെന്നാണെങ്കില്‍ മൂന്നാറില്‍ ഇപ്പോള്‍ കറങ്ങിനടക്കുന്ന വാര്‍ത്ത ശരിയായി വരും; ശ്രീറാം വെങ്കിട്ടരാമന്‍ ഹൈറേഞ്ച് ഇറങ്ങുന്നു എന്ന വാര്‍ത്ത.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍