UPDATES

കണക്കില്ലാത്ത പണം കൈയിലുള്ളവര്‍ക്ക് എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യം: പിണറായി വിജയന്‍

അഴിമുഖം പ്രതിനിധി

കണക്കില്ലാത്ത പണം കൈവന്നാല്‍ എന്തു കുറ്റകൃത്യവും ചെയ്യാം എന്ന ധാര്‍ഷ്ട്യമാണ് സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ കൊലപാതകത്തില്‍ തെളിയുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഗേറ്റ് തുറക്കാന്‍ വൈകിയതില്‍ ക്രുദ്ധനായി സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊല്ലുക എന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്നും പിണറായി തന്റെ ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു. വിവാദ വ്യവസായിയും സെക്യൂരിറ്റി ജീവനക്കാരന്റെ മരണത്തിന് കാരണക്കാരനുമായ നിസാമിന്റെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പിണറായി ആവശ്യപ്പെട്ടിട്ടുണ്ട്.

പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 തൃശൂര്‍ പുഴക്കര ശോഭാസിറ്റി സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ വിവാദ വ്യവസായിയുടെ സാമ്പത്തികസ്രോതസ്സ് പുറത്തുകൊണ്ടുവരികയും കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കാന്‍ കുറ്റമറ്റ പൊലീസ് നിയമനടപടി സ്വീകരിക്കുകയും വേണം. കണക്കില്ലാത്ത പണം കൈയ്യില്‍ വന്നാല്‍ എന്തു കുറ്റകൃത്യവും ചെയ്യാം എന്ന ധാര്‍ഷ്ട്യമാണ് സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ കൊലപാതകത്തില്‍ തെളിയുന്നത്. ഗേറ്റ് തുറക്കാന്‍ വൈകിയതില്‍ ക്രുദ്ധനായി സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊല്ലുക എന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. ഈ അഴിഞ്ഞാട്ടവും ക്രൂരകൃത്യവും ചെയ്ത വിവാദ വ്യവസായി മുഹമ്മദ് നിസാമിന്റെ സാമ്പത്തിക ഉറവിടമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിവര്‍ഷം 100 കോടിയില്‍പ്പരം രൂപ കൈയ്യില്‍ വരുന്നുവെന്നും ആഡംബരകാറുകള്‍ ഉള്‍പ്പെടെ 16 കാറുകള്‍ സ്വന്തമായുണ്ടെന്നും ഇന്ത്യയ്ക്കകത്തും പുറത്തും ഹോട്ടലുകളടക്കമുള്ള സ്ഥാപനങ്ങളും തിരുനല്‍വേലിയില്‍ ബീഡികമ്പനിയും നടത്തുന്നതായും പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വഴിവിട്ട നിലയില്‍ സമ്പാദിച്ച പണം ഉപയോഗിച്ച് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാണ് പുറത്തുവന്നിരിക്കുന്ന പല സംഭവങ്ങളും തെളിയിക്കുന്നത്. എറണാകുളത്ത് മയക്കുമരുന്ന് കണ്ടെത്തിയ ഫഌറ്റിന്റെ ഉടമയും ഇയാളാണ്. പണത്തിന്റെ ബലത്തില്‍ നിയമത്തെ വരുതിയില്‍ നിര്‍ത്തി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിവാദവ്യവസായിയോട് യാതൊരു ദാക്ഷിണ്യവും പൊലീസും നിയമസംവിധാനവും കാട്ടാന്‍ പാടില്ല. നിസാം കൊലപ്പെടുത്തിയ ചന്ദ്രബോസിന്റെ കുടുംബത്തെ സര്‍ക്കാര്‍ സഹായിക്കണം. ശോഭാസിറ്റി അധികൃതരും ഇക്കാര്യത്തില്‍ മുന്നോട്ടുവരണം. പ്രതികള്‍ക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കന്നതിനൊപ്പം കൊല്ലപ്പെട്ട നിരപരാധിയായ സെക്യൂരിറ്റി ജീവനക്കാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രതിയില്‍നിന്നുകൂടി ഈടാക്കി നല്‍കുന്നതിനുള്ള നിയമനടപടി സ്വീകരിക്കണം. ചന്ദ്രബോസിന്റേത് നിര്‍ദ്ധന കുടുംബമാണ്. ഭാര്യ കൂലിപ്പണിക്കാരിയാണ്. രണ്ടുമക്കളുടെ വിദ്യാഭ്യാസത്തിനും വീട് നിര്‍മാണത്തിനും സര്‍ക്കാര്‍ സഹായം നല്‍കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍