UPDATES

ന്യൂസ് അപ്ഡേറ്റ്സ്

45 മീറ്റര്‍ ദേശീയ പാതയുമായി മുന്നോട്ടു പോകാതെ മാര്‍ഗമില്ല: പിണറായി വിജയന്‍

അഴിമുഖം പ്രതിനിധി

ദേശീയപാത 45 മീറ്റര്‍ തന്നെയായി വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാത സാധാരണ 60 മീറ്റര്‍ ആണെങ്കിലും കേരളത്തിന്റെ പ്രത്യേക അവസ്ഥയില്‍ അത് 45 മീറ്റര്‍ ആയി ചുരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് നടന്ന സര്‍വകക്ഷി സമ്മേളനത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്തതാണ്. അന്ന് മറ്റ് രാഷ്ട്രീയപാര്‍ട്ടികളും ഇക്കാര്യത്തില്‍ സമ്മതം അറിയിച്ചിരുന്നു. അസ്സംബ്ലി തിരഞ്ഞെടുപ്പ് വന്നതിനാലാണ് അന്ന് സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാന്‍ സാധിക്കാതിരുന്നത്ത്. ‘ദി മിന്റ്’ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പിണറായി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ റോഡുകളില്‍ക്കൂടിയുള്ള യാത്ര വളരെ ദുഷ്‌കരം പിടിച്ചതാണ്. റോഡിന്റെ വീതിക്കുറവും ശോച്യാവസ്ഥയും കാരണം അപകടങ്ങള്‍ പതിവാകുകയും ട്രാഫിക് ബ്ലോക്കുകള്‍ സാധാരണ കാര്യമാണെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുകയും ചെയ്തു. ഇത് പരിഹരിക്കാന്‍ കുറഞ്ഞത് 45 മീറ്റര്‍ വീതിയിലെങ്കിലും നാലുവരിപ്പാത നിര്‍മ്മിച്ചേ പറ്റൂ എന്നും പിണറായി വ്യക്തമാക്കി. സ്ഥലം വിട്ടുനല്‍കേണ്ടി വരുന്ന ആളുകളുടെ കാര്യം പരിഗണിക്കാതെ മുന്നോട്ടുപോകാന്‍ സാധ്യമല്ല. അവരെ സംബന്ധിച്ച് ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കൃത്യമായ പുനരധിവാസ പാക്കേജുകള്‍ പ്രഖ്യാപിച്ചും നഷ്ടപരിഹാരം നല്‍കിക്കൊണ്ടും അത് അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു. കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനെ സഹായിക്കാം എന്നുറപ്പ് തന്നിട്ടുണ്ട്. അതിനനുസരിച്ച് സര്‍ക്കാര്‍ കാര്യങ്ങള്‍ മുന്നോട്ട് നീക്കും. കേരളത്തെ സംബന്ധിച്ചിടത്തോളം ഭൂമി ഏറ്റെടുക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇവിടെ ഭൂമി വളരെ കുറവായതാണ് പ്രധാന കാരണം. അതുകൊണ്ടുതന്നെ ഏറ്റെടുക്കുന്ന ഭൂമിക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കിയെ തീരൂ. ഇതാണ് സര്‍ക്കാരിന്റെ അക്കാര്യത്തിലുള്ള നയം. വ്യാവസായിക ആവശ്യത്തിന് ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍ അവിടെ അവര്‍ക്ക് ജോലികൂടി നല്‍കാവുന്ന രീതിയിലാവണം ഏറ്റെടുക്കല്‍. ഇത് സര്‍ക്കാര്‍ ശ്രദ്ധിക്കും.

മദ്യ നിരോധനമല്ല പകരം മദ്യ വര്‍ജനമാണ് സര്‍ക്കാരിന്‍റെ നയമെന്ന് പിണറായി ആവര്‍ത്തിച്ചു. നിരോധനം സാമൂഹികവും നിയമപരവുമായ പ്രശ്‌നങ്ങളിലേക്ക് നയിക്കും. എപ്പോഴൊക്കെ സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തേണ്ടി വന്നിട്ടുണ്ടോ അപ്പോഴൊക്കെ ജനങ്ങള്‍ പകരം സാധ്യതകള്‍ അന്വേഷിച്ചു പോകുകയും അത് വലിയ ദുരന്തങ്ങള്‍ക്ക് കാരണമായിത്തീരുകയും ചെയ്യാറുണ്ട്. അതിനാല്‍ നിരോധനമെന്ന നയം മാറ്റിനിര്‍ത്തി ബോധവല്‍ക്കരണ ക്യാമ്പൈനുകള്‍ ശക്തിപ്പെടുത്തി മദ്യവര്‍ജ്ജനത്തിലേക്ക് ജനങ്ങളെ നയിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും പിണറായി ആവര്‍ത്തിച്ചു. 1996-ല്‍ എ കെ ആന്റണി സര്‍ക്കാര്‍ ചാരായം നിരോധിച്ചു. തുടര്‍ന്നു വന്ന ഇലക്ഷനില്‍ വിജയിക്കാമെന്ന തോന്നല്‍ അന്ന് യുഡിഎഫിന് ഉണ്ടായിരുന്നു. എന്നാല്‍ പക്ഷേ അതുണ്ടായില്ല. അപ്പോഴും ഞങ്ങളാണ് ചാരായ മേഖലയില്‍ ജോലി നഷ്ടപെട്ട ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങളില്‍ ഇടപെടുകയും പുനരധിവാസം നടപ്പിലാക്കുകയും ചെയ്തത്.

ഗള്‍ഫ് മേഖലയില്‍ നിന്നും മടങ്ങിവരുന്നവര്‍ക്കായി സര്‍ക്കാരിന് പറ്റുന്നതൊക്കെ ചെയ്യുമെന്നും പിണറായി പറഞ്ഞു. ‘നിതാഖത് കാരണവും എണ്ണയുടെ വിലയിടിവും കാരണം നിരവധി മലയാളികള്‍ക്ക് ജോലി നഷ്ടമായി നാട്ടിലേക്ക് വരേണ്ടി വരുന്നുണ്ട്. ഇക്കാര്യങ്ങള്‍ സംസ്ഥാനം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. തല്ക്കാലം ഇത് കൈകാര്യം ചെയ്യാന്‍ വിദേശകാര്യ മന്ത്രാലയത്തിന് സാധിക്കില്ല എന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ മറുപടി. കേന്ദ്ര ധനകാര്യ മന്ത്രിയുടെ ശ്രദ്ധയിലും ഈ വിഷയം പെടുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന് ഒറ്റയ്ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് നടപ്പിലാക്കുന്നതിന് ചെയ്യുന്നതിന് പരിമിതികളുണ്ട്. പക്ഷേ തിരികെ വരുന്നവരില്‍ വിദഗ്ദ പരിശീലനം ലഭിച്ച തൊഴിലാളികളെ സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാക്കാന്‍ ശ്രമിക്കും- പിണറായി പറഞ്ഞു.

സംസ്ഥാനത്ത് ആവശ്യത്തിന് തൊഴിലവസരങ്ങള്‍ സര്‍ക്കാര്‍ സൃഷ്ടിക്കും. ഉത്പാദനമേഖലയില്‍ വലിയ തൊഴില്‍ സാധ്യതകള്‍ കേരളത്തിലുണ്ട്. 50.000-ഓളം ഹെക്റ്ററില്‍ കൃഷി ചെയ്യുന്നതിന് സര്‍ക്കാര്‍ സഹായം ലഭ്യമാക്കും. കാര്‍ഷികോത്പന്നങ്ങള്ക്ക് സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ച് വിലയിടിവില്‍ നിന്ന് കര്‍ഷകരെ സംരക്ഷിച്ചു നിര്‍ത്തും. ഇതിനുപക്ഷേ കേന്ദ്രത്തിന്റെ സഹായവുംകൂടി ഉണ്ടായേ പറ്റൂ. അത് നേടിയെടുക്കാന്‍ സംസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് ചെയ്യാവുന്നതൊക്കെ ചെയ്യും.

ദേശീയപാത വികസനത്തിന്റെ ഭാഗമായി 45 മീറ്റര്‍ ഏറ്റെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. അതിനിടെയാണ് ഈ തീരുമാനവുമായി മുന്നോട്ട് പോകുമെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍