UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെരുവിലെ ഭാഷയും പിണറായി വിമര്‍ശനവും; ചരിത്രം കൊണ്ട് ചില ഓര്‍മ്മപ്പെടുത്തലുകള്‍

Avatar

എ.എം യാസര്‍

മുഖ്യമന്ത്രിയുടെ ഭാഷ തെരുവിലെ ഭാഷയാണെന്ന പ്രതിപക്ഷനേതാവിന്റെ ആക്ഷേപം മാഞ്ഞുപോയെന്ന് കരുതിയ ഫ്യൂഡല്‍ മനോഭാവത്തിന്റെ പ്രകടനമായേ കരുതാനാവൂ. അടിച്ചമര്‍ത്തലില്‍ പതറിപ്പോയ ഭാഷയെ, പരുക്കനായി നിലനിര്‍ത്താനുളള അദ്ദേഹത്തിന്റെ ശ്രമം ഒരു പോരാളിയുടെ ചങ്കൂറ്റമാണ്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കുടിയേറിയത് തെരുവില്‍ നിന്നും വയലുകളില്‍ നിന്നുമുളള പച്ചമനുഷ്യരായിരുന്നു. പുന്നപ്രയ്ക്കും വയലാറിനും പുറമെ മലബാറില്‍ പളളികളുടെ ചെരുവില്‍ നിസ്‌കരിച്ചവരും പാര്‍ട്ടിയിലെത്തിയിരുന്നു. ഇവരൊക്കെ ചേറുപുരണ്ടതും വക്കുപൊട്ടിയതും ചിലപ്പോള്‍ പരുക്കനുമായി ഭാഷയാണ് പ്രയോഗിച്ചു പരിചയിച്ചത്. മാനവികതയുടെ നിലനില്‍പ്പിനുളള പോരാട്ടത്തിനു അത് അയോഗ്യവുമല്ല. അങ്ങനെ അയോഗ്യമാണെന്നു വിശ്വസിക്കുന്നവര്‍ വരേണ്യതയുടെ മനോവൈകൃതം സൂക്ഷിക്കുന്നവരുമാണ്.

കേരളത്തില്‍ പരുക്കനും ശുദ്ധവുമല്ലാത്ത ഭാഷ സംസാരിക്കുന്ന തെരുവിന്റെയും ചെരുവിന്റെയും മക്കളെപ്പറ്റി സാമാന്യധാരണ പൊതുബോധത്തില്‍ നിന്നും മാഞ്ഞുപോവുന്നോയെന്നും അന്വേഷിക്കേണ്ടതുണ്ട്. പരുക്കന്‍ ഭാഷയുടെ ഉറവിടത്തെ പറ്റി ചില സൂചനകള്‍ കുറിക്കുന്നു. മലബാറിലെ പഴയ മുസ്ലിം പളളികളുടെ അകം ചാതുര്‍വര്‍ണ്യ സമ്പ്രദായത്തിന്റെ അടിസ്ഥാനത്തില്‍ നാലു ഭാഗങ്ങളായാണ് നിര്‍മ്മിച്ചിരുന്നത്. അകംപളളിയെന്നറിയപെടുന്ന രണ്ടു പ്രധാനമുറികള്‍. അതിനു ഇരുവശങ്ങളിലായി ‘ചെരു’ എന്നു വിളിക്കുന്ന രണ്ട് ‘ചെരിവുകള്‍’. പിന്നിലും മുന്നിലുമായി രണ്ടു വരാന്തകള്‍.

അകംപളളി പ്രമുഖ കുടുംബത്തിലെ അംഗങ്ങള്‍ക്കു പ്രാര്‍ത്ഥിക്കാനായി മാറ്റിവെച്ചതായിരിക്കും. അവരുടെ പൂര്‍വ്വാശ്രമം മേല്‍ജാതിയാണെന്ന് പരിശോധിച്ചാല്‍ മനസിലാവും. ചെരുവുകളിലാണ് കര്‍ഷകരും മറ്റു വിഭാഗക്കാരും പ്രാര്‍ത്ഥിക്കാനെത്തുക. മലബാര്‍ കാര്‍ഷിക കലാപത്തില്‍ പങ്കെടുത്ത കര്‍ഷകരില്‍ പലരും പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെത്തിപ്പെട്ടതിന്റെ ഒരു കാരണം അതായിരുന്നു. പ്രത്യേകിച്ചും സഖാവ് കുഞ്ഞാലിക്ക് നിലമ്പൂരില്‍ കര്‍ഷകരായ മുസ്ലിങ്ങള്‍ക്കിടയില്‍ ലഭിച്ച പിന്തുണ അതായിരുന്നു. ഭൂവുടമകളായ മുസ്ലിംങ്ങള്‍ അകംപളളിയില്‍ സ്ഥാനമുളളവരായിരുന്നു.

ഏറനാട്ടിലെ മഞ്ചേരിയില്‍ നിന്നും പൂക്കോട്ടൂരില്‍ നിന്നും നിരവധി കുടിയാന്‍മാരായ മുസ്ലിംങ്ങള്‍ നിലമ്പൂരില്‍ കുഞ്ഞാലിയോടൊപ്പം ചേര്‍ന്ന് ഭൂസമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. കോഴിക്കോടിന്റെ കിഴക്കെ ഭാഗത്തെ കൊടിയത്തൂരെന്ന ഗ്രാമത്തിലെ പഴയ ജുമഅത്ത് പളളി പുതുക്കി പണിയുന്നതിന്റെ മുമ്പ് ചാതുര്‍വര്‍ണ്യ കെട്ടിട മാതൃക പുലര്‍ത്തിയിരുന്നു. പഴയ അധികാരി കുടുംബത്തിനു പളളിയിലേക്കുവരാന്‍ ഒരു പ്രത്യേക ഇടവഴിതന്നെ അവിടെയുണ്ടായിരുന്നു. ആ പളളിയുടെ മുന്‍വശത്ത് മുസ്ല്യാര്‍ക്ക് മുസ്ല്യാര്‍ അകം എന്ന പേരില്‍ വീടും മുടി മുറിക്കുന്ന തൊഴിലാളി വിഭാഗത്തില്‍ പെട്ട ഒസ്സാന്‍ വിഭാഗത്തിന് ഒരു വീടുമായി ജാതി തൊഴില്‍ വിഭജനം നടത്തിയിരുന്നു. അതിന്റെ തെളിവുകള്‍ ഇന്നും ശേഷിക്കുന്നുണ്ട്. കൊടിയത്തൂരില്‍ കര്‍ഷകര്‍ തിങ്ങിത്താമസിക്കുന്ന കാരാട്ടുമുറിയില്‍ നിന്നും വരുന്ന മുസ്ലിം കര്‍ഷകരും മറ്റും ജുമത്ത് പളളിയുടെ ചെരുവിലായിരുന്നു പ്രാര്‍ത്ഥിക്കുക.

ഗള്‍ഫ് തുറന്നു കൊടുത്ത വഴിയാണ് പിന്നീട് ഈ ചാതുര്‍വര്‍ണ്യ സമ്പ്രദായം ഉടച്ചുവാര്‍ത്തത്. സമീപകാലം വരെ ആ ഗ്രാമത്തിന്റെ നാട്ടുവഴികള്‍ പൂര്‍ണ്ണമായും ചാതുര്‍വര്‍ണ്യ മാതൃകയില്‍ പരസ്പരം ബന്ധപ്പെട്ടവയായിരുന്നു. 

അതുപോലെ തെക്കെ മലബാറിലെ പഴയ അങ്ങാടിപ്പുറം പെരിന്തല്‍മണ്ണ മുളള്യാകുര്‍ശ്ശി ഭാഗങ്ങളില്‍ ഇങ്ങനെ ചെരുവില്‍ പ്രാര്‍ത്ഥിച്ച പാട്ടകര്‍ഷകരായ മുസ്ലിംങ്ങള്‍ എം.പി നാരായണ മേനോന്‍റെ നേതൃത്വത്തില്‍ കാര്‍ഷക കോണ്‍ഗ്രസില്‍ ചേരാന്‍ തുടങ്ങിയതും അങ്ങനെയായിരുന്നു. ഏറനാട്ടിലെ കര്‍ഷകരെ ചെരുവില്‍ നിന്നും മുഖ്യധാരയിലെത്തിക്കാന്‍ ശ്രമിച്ചതില്‍ കുഞ്ഞാലിക്കും മോനോനും വലിയ പങ്കുണ്ട്. ആ അടിത്തറയാണ് മേഖലയില്‍ ചുവപ്പിനു ഇപ്പോഴും  ലഭിക്കുന്ന സ്വാധീനവും. ചേറില്‍ പണിയെടുക്കുന്നവരെ ഒപ്പം കൂട്ടിയപ്പോള്‍ വരേണ്യ കര്‍ഷകര്‍ക്കു സ്വാധീനമുളള പാര്‍ട്ടിയിലും അവര്‍ ചെരുവിലാക്കപ്പെട്ട ദുഃസ്ഥിതിയും പിന്നീട് ഉണ്ടായിട്ടുണ്ടെന്ന് മറ്റൊരു വിഷയം.

ജന്മികളുടെ അടിച്ചമര്‍ത്തലില്‍ മലയാളത്തിലെ ചില അക്ഷരങ്ങള്‍ തൊണ്ടയില്‍ കുടങ്ങിപ്പോയതുകൊണ്ടാണ് ഇന്നും ‘ഴ’ യും ‘ഷ’ യുമൊന്നുമില്ലാത്ത ഒരു ജനത അവിടെ ബാക്കിയായത്. ഇതുപോലെ തന്നെ വടക്കെ മലബാറിലെ കണ്ണൂരും കരിവെള്ളൂരും പയ്യന്നൂരുമെല്ലാം കര്‍ഷക തൊഴിലാളികളുടെ കറ്റയുടെ ഭാരം അവരുടെ ഭാഷയെ ചിലയിടത്തെല്ലാം ചളുക്കിയിരുന്നു. കര്‍ഷക വൃത്തിയുടെ താളം അവരുടെ ഭാഷയില്‍ ‘കീഞ്ഞു പാഞ്ഞു’ കാണുന്നത് അതുകൊണ്ടാണ്. അത്തരം ഫ്യൂഡല്‍ സമ്മര്‍ദ്ദത്തിനെതിരെയുളള പോരാട്ട കാലഘട്ടത്തില്‍ സമരതെരുവുകളില്‍ നിന്നും രൂപപ്പെട്ട നേതൃഗുണങ്ങളുമായി അധികാരത്തിലെത്തിയ ഒരു സഖാവിന് ജന്മികളെ കണ്ടാല്‍ കലിവരും. അതു സ്വാഭാവികമാണ്. അതുകൊണ്ടാണ് അണികള്‍ അദ്ദേഹത്തെ ഇരട്ട ചങ്കെന്നു വിളിക്കുന്നത്. ഏത് സഭയിലും അത് അങ്ങനെതന്നയാവണം. ചെരുവില്‍ നിസ്‌കരിച്ചവര്‍ക്കും തെരുവില്‍ നിന്നും ‘വീട്ടീപോടാ’ ( ഘര്‍വാപ്‌സി) യെന്ന അലര്‍ച്ചയില്‍ പതറിയവര്‍ക്കും ഒരു പരുക്കന്റെ ഭാഷയില്‍ സുരക്ഷിതത്വം ഉണ്ടാവണം.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍