UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലാവലിന്‍: തിരക്കിന്റെ ഗുട്ടന്‍സ് പിടികിട്ടി; രാഷ്ട്രീയ കളി കോടതിയില്‍ വേണ്ട

Avatar

അഴിമുഖം പ്രതിനിധി

ലാവലിന്‍ കേസ് പരിഗണിക്കുന്നത് കേരള ഹൈക്കോടതി രണ്ട് മാസത്തേക്ക് മാറ്റിവച്ചതോടെ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഈ ഘട്ടത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് അത് തിരിച്ചടിയായി എന്ന് പറയാതെ വയ്യ. പിണറായി വിജയനെ കുടുക്കാന്‍ നടത്തിയ തിരക്കിട്ട ശ്രമങ്ങള്‍ക്ക് ഏറ്റ താല്‍ക്കാലിക തിരിച്ചടിയായി ഇതിനെ കാണാമെങ്കിലും കേസ് തീര്‍ത്തും തേഞ്ഞുമാഞ്ഞ് പോയിട്ടില്ലെന്നത് പിണറായിയേയും അദ്ദേഹത്തെ അനുകൂലിക്കുന്നവരേയും അസ്വസ്ഥരാക്കുന്നുണ്ടാകണം.

കേസ് അടിയന്തരമായി പരിഗണിക്കണമെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദത്തെയാണ് കോടതി തള്ളിയിരിക്കുന്നത്. ഇതിന് ന്യായമുണ്ടുതാനും. ചുരുങ്ങിയത് നാല്‍പത്തിയഞ്ച് ദിവസമെങ്കിലും കേസിന്റെ തുടര്‍ നടത്തിപ്പുകള്‍ക്കായി തങ്ങള്‍ക്ക് വേണമെന്നാണ് സിബിഐയ്ക്കുവേണ്ടി ഹാജരായ വക്കീല്‍ ആവശ്യപ്പെട്ടത്. സിബിഐയ്ക്കില്ലാത്ത തിടുക്കം എന്തിനാണ് സര്‍ക്കാരിന് എന്ന് ഒരു പക്ഷേ കോടതിക്കും തോന്നിയിട്ടുണ്ടാകണം. കേസ് മാറ്റിവച്ചു കൊണ്ട് ഹൈക്കോടതി ജഡ്ജി പി ഉബൈദ് നടത്തിയ ചില നിരീക്ഷണങ്ങള്‍ വളരെ ശ്രദ്ധേയമാണ്. അതിലേറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന നിരീക്ഷണങ്ങളില്‍ ഒന്ന് ലാവലിന്‍ കേസില്‍ രണ്ട് വര്‍ഷം മുമ്പ് സിബിഐ കോടതി കുറ്റവിമുക്തരാക്കിയവര്‍ക്ക് എതിരെ ഇപ്പോള്‍ ഇത്ര തിരക്കിട്ട് സര്‍ക്കാര്‍ നടത്തുന്ന നീക്കത്തെ കുറിച്ചുള്ള സംശയമാണ്.

തൊട്ടുപിന്നാലെ തന്നെ വന്ന നിരീക്ഷണത്തിന് ഒരു മുന്നറിയിപ്പിന്റെ ഭാഷ കൂടിയുണ്ട്. അതാകട്ടെ രാഷ്ട്രീയ ലാഭങ്ങള്‍ക്കുവേണ്ടി കോടതികളെ ഉപയോഗിക്കാന്‍ ശ്രമിക്കരുത് എന്നതാണ്. ഇത് കോണ്‍ഗ്രസിനും സിപിഐഎമ്മിനും മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധകമാണ് എന്നാണ് കോടതി ഉദ്ദേശിച്ചത്.

ഒരു സിഎജി റിപ്പോര്‍ട്ടിന്റെ ചുവടു പിടിച്ച് തുടങ്ങിയ ഏറെ രാഷ്ട്രീയ വല്‍ക്കരിക്കപ്പെട്ട കേസായിരുന്നു ലാവലിന്‍. ലാവലിന്‍ ഇടപാടിലൂടെ മൂന്ന് വൈദ്യുതി പദ്ധതികള്‍ നവീകരിക്കുന്നതിനുവേണ്ടി കനേഡിയന്‍ കമ്പനിയായ എസ് എന്‍ സി ലാവലിനുമായി ഉണ്ടാക്കിയ കരാറില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും 374 കോടി രൂപ നഷ്ടപ്പെട്ടുവെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വിവാദങ്ങളുടേയും കേസുകളുടേയും തുടക്കം.

കേസില്‍ പിണറായിക്ക് മുമ്പും പിണറായിക്ക് ശേഷവും ഉണ്ടായിരുന്ന വൈദ്യുതി മന്ത്രിമാര്‍ രക്ഷപ്പെട്ടുവെങ്കിലും പിണറായിക്ക് എതിരെയുള്ള നീക്കങ്ങള്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയില്‍ ഉറച്ചു നിന്ന ഒന്നായിരുന്നു. ഇതിന് പിന്നില്‍ ചരട് വലിച്ചവരില്‍ പ്രതിസ്ഥാനത്ത് പാര്‍ട്ടി വിഎസ് അച്യുതാനന്ദനേയും പ്രതിഷ്ഠിച്ചിരുന്നു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പിണറായിക്ക് എതിരെ ലാവലിന്‍ പ്രശ്‌നം പൊക്കിക്കൊണ്ടു വരുന്ന പാളയത്തിലെ പടനായകനെ കേരളത്തിലെ കണ്ണൂര്‍ ലോബി തെല്ലൊന്നുമല്ല ആക്രമിച്ച് ഒന്നുമല്ലാതാക്കി മാറ്റിയത്. ഇന്നിപ്പോള്‍ വിഭാഗീയത മാറ്റിവച്ച് ഇരുവരും ഒരുമിച്ച് മത്സരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട വേളയിലാണ് സിബിഐ രണ്ട് വര്‍ഷം മുമ്പ് നല്‍കിയ റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കണം എന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അതില്‍ കക്ഷി ചേര്‍ന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസഫലി ഈ കേസില്‍ മുന്നിട്ടിറങ്ങിയതും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നടക്കുന്ന വെറുമൊരു രാഷ്ട്രീയ ഗുസ്തിയിലേക്ക് കേസിനെ ചുരുക്കിക്കെട്ടാന്‍ സഹായിച്ചുവെന്ന് തന്നെ വേണം കരുതാന്‍. ആസഫലിക്ക് എതിരെ കേസിലെ ഏഴാം പ്രതി ഫ്രാന്‍സിസ് നല്‍കിയ പരാതിയില്‍ ലാവലിന്‍ വിഷയത്തില്‍ തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെടേണ്ടെന്ന വിവരാവകാശ കമ്മീഷന്‍ മുഖേന ലഭിച്ച ആഭ്യന്തര വകുപ്പിന്റെ മൂന്ന് കുറിപ്പുകളുണ്ടത്രേ. ഈ കുറിപ്പിലൊന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടേതാണ്.

കോടതി ഇപ്പോള്‍ ഒരു കാര്യമേ വ്യക്തമാക്കിയിട്ടുള്ളൂ. തിരക്കുപിടിച്ച് ചര്‍ച്ച ചെയ്യേണ്ട വിഷയം ഒന്നുമല്ലിത്. ഇതില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്. ഇതിനെക്കാളേറെ അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന ഒട്ടേറെ കേസുകള്‍ കോടതിയില്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇതിനെക്കാളേറെ കോടതി ചോദിക്കാതെ ചോദിച്ച ചോദ്യമിതാണ്, സിബിഐയ്ക്ക് ഇല്ലാത്ത തിടുക്കം സര്‍ക്കാരിന് എന്തുകൊണ്ടാണ്.

ജുഡീഷ്യറിയില്‍ വിശ്വാസം ഉണ്ടെന്നും ജുഡീഷ്യറിയെ മാനിക്കുന്നുവെന്നുമാണ് വിധിയോട് മുഖ്യമന്ത്രി പ്രതികരിച്ചത്. നല്ല വിധികള്‍ വരുമ്പോള്‍ കൈയടിക്കുകയും മോശം പരാമര്‍ശം വരുമ്പോള്‍ കൂവിത്തോല്‍വിക്കുന്ന പാരമ്പര്യം കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം പറഞ്ഞു. അപ്പോള്‍ പിന്നെ വാസവന് ശവമഞ്ചം ഒരുക്കിയവരും പിഡി ജോസഫിന്റെ വീട് ആക്രമിച്ചവരും കോണ്‍ഗ്രസ് പാരമ്പര്യം ഇല്ലാത്തവര്‍ ആകുമോ? അല്ലെങ്കിലും ഇതൊന്നും ഉമ്മന്‍ചാണ്ടിയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഒരു ഉമ്മന്‍ചാണ്ടിയോ വി എസ് അച്യുതാനന്ദനോ പിണറായി വിജയനോ ഇറക്കി വിടുന്നവരോ അല്ലല്ലോ ആവേശം മൂത്ത് അനാവശ്യം കാട്ടുന്ന യൂത്തന്‍മാരും കുട്ടി സഖാക്കളും.

നിലവില്‍ പിണറായി വിജയന് താല്‍ക്കാലിക ആശ്വാസം ലഭിച്ചിട്ടുണ്ട്. അതാകട്ടെ ഒട്ടു ചെറുതൊന്നുമല്ലതാനും. ഇക്കുറിയെങ്കിലും ഏറെക്കാലത്തിനുശേഷം മത്സര രംഗത്ത് ഇറങ്ങാം എന്ന പ്രതീക്ഷയില്‍ തന്നെയാകും അദ്ദേഹവും. സിബിഐ കോടതി കുറ്റവിമുക്തനാക്കിയപ്പോഴും പിന്നീട് ഇപ്പോള്‍ ലാവലിന്‍ കേസ് പൊന്തിവന്നപ്പോഴും അഭിപ്രായം മാറ്റി പിണറായിക്കൊപ്പം നിന്ന വിഎസ് ഇനി എന്തുചെയ്യും എന്ന കാര്യത്തില്‍ അല്‍പം സംശയം ഇല്ലാതെയില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍