UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇനി എഴുതാം മുഖ്യമന്ത്രി പിണറായി

Avatar

അഴിമുഖം പ്രതിനിധി

പിണറായി വിജയന്‍ എന്ന പേരിനു കമ്യൂണിസത്തിന്റെ കരുത്തെന്നും അച്ചടക്കത്തിന്റെ കാര്‍ക്കശ്യമെന്നും നിലപാടുകളിലെ സ്ഥിരതയെന്നുമൊക്കെ അര്‍ത്ഥം പറയാറുണ്ട്. ഇതെല്ലാമോ അല്ലെങ്കില്‍ ഒരു കമ്യൂണിസ്റ്റ് ഉയര്‍ത്തി പിടിക്കേണ്ട മറ്റു മൂല്യങ്ങളോ ചേര്‍ത്ത് പറയാവുന്ന പേരു തന്നെയാണ് പിണറായിയുടേതെന്നത് എല്ലാവരും അംഗീകരിക്കും. ഈ അംഗീകാരങ്ങളോടെയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് അദ്ദേഹം എത്തുന്നത്. സംഘാടകനായി തെളിയിച്ച പാടവം ഭരണകര്‍ത്താവായും പ്രകടിപ്പിക്കാന്‍ പിണറായിക്കു കഴിയുമെന്നു വിശ്വസിക്കുന്നവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ മാത്രമല്ല എന്നിടത്തു തന്നെയാണ് മുന്‍ പറഞ്ഞ അംഗീകാരം പിണറായിക്കുമേല്‍ എത്ര തിളക്കത്തോടെ ഉയര്‍ന്നു നില്‍ക്കുന്നു എന്നു മനസിലാകുന്നത്.

പോരാട്ടങ്ങളുടെ കനല്‍വഴി താണ്ടിയെത്തിയവനെന്ന് വിശേഷിപ്പിക്കാവുന്ന സഖാവ് തന്നെയാണ് ചെത്തുതൊഴിലാളിയായ മുണ്ടയില്‍ കോരനും കല്യാണിയും മകനായി 1944 മാര്‍ച്ച് 21 ന് പിറന്ന വിജയനും. പിണറായി യു.പി. സ്‌കൂളിലും, പെരളശ്ശേരി ഹൈസ്‌കൂളിലും ആയി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ശേഷം ഒരു വര്‍ഷത്തോളം നെയ്ത്തു തൊഴിലാളിയായി ജോലി ചെയ്തു. അതിന് ശേഷം പ്രീയൂണിവേഴ്‌സിറ്റി പഠനത്തിനായി തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ചേര്‍ന്നു. ബ്രണ്ണന്‍ കോളേജില്‍ തന്നെ ബിരുദപഠനവും പൂര്‍ത്തിയാക്കി.

സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (എസ് എഫ്‌ ഐ) ആദ്യകാലരൂപമായ കേരള സ്റ്റുഡന്റസ് ഫെഡറേഷനിലൂടെ (കെ എസ് എഫ്) ആണ് പിണറായിയുടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കെ എസ് എഫിന്റെ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും കെ എസ്‌ വൈയുടെ (കേരള സ്‌റ്റേറ്റ് യൂത്ത് ഫെഡറേഷന്‍, ഡിവൈഎഫ്‌ഐയുടെ ആദ്യ രൂപം) സംസ്ഥാനപ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1967ല്‍ കെ.എസ്.എഫ് പ്രസിഡന്റ് സ്ഥാനം ഒഴിയുകയും തലശ്ശേരി മണ്ഡലം സെക്രട്ടറിയാവുകയും ചെയ്തു. ഇരുപത്തിനാലാമത്തെ വയസ്സില്‍ പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്)യുടെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1972ല്‍ സിപിഐ(എം)ന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി. 1978ല്‍ സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം. 1986ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയി നിയോഗിക്കപ്പെട്ടു. 1989 മുതല്‍ സിപിഐ(എം)ന്റെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി.

1970ല്‍ തന്റെ ഇരുപത്തിയാറാമത്തെ വയസ്സില്‍ പിണറായി വിജയന്‍ കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച് ആദ്യമായി നിയമസഭയിലെത്തി. 1977ലും 1991ലും കൂത്തുപറമ്പില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. 1996ല്‍ പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് 30000ല്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തെരെഞ്ഞെടുക്കപ്പെടുകയും ഇ.കെ. നായനാര്‍ നേതൃത്വം നല്‍കിയ ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാരില്‍ സഹകരണ-വൈദ്യുതി വകുപ്പു മന്ത്രിയായും സേവമനുഷ്ഠിക്കുകയും ചെയ്തു. 1998ല്‍ അന്നത്തെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി ആയിരുന്ന ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജി വച്ച് പാര്‍ട്ടി സെക്രട്ടറിയുടെ ചുമതലയേറ്റെടുത്തു. കല്‍ക്കട്ടയില്‍ നടന്ന പതിനാറാം പാര്‍ട്ടി കോണ്‍ഗ്രസിലൂടെ കേന്ദ്രകമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും അംഗമായി. 2015 വരെ സിപിഐ(എം)ന്റെ സംസ്ഥാന സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ സിപിഐ(എം)ന്റെ പൊളിറ്റ് ബ്യൂറോ അംഗമാണ് പിണറായി വിജയന്‍. 2016ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം മണ്ഡലത്തില്‍ നിന്നും 37000 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.

1967ല്‍ തന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിലാണ് പിണറായി വിജയന്‍ തലശ്ശേരി മണ്ഡലം സെക്രട്ടറിയാകുന്നത്. ജനസംഘത്തിന്റെയും ആര്‍.എസ്.എസിന്റെയും നേതൃത്വത്തില്‍ കണ്ണൂരിലെ ദിനേശ് ബീഡി കമ്പനിയെ തകര്‍ക്കാന്‍ കര്‍ണാടകയില്‍ നിന്ന് മാംഗ്ലൂര്‍ ഗണേഷ് ബീഡിക്കമ്പനി മുതലാളിമാര്‍ ഒത്താശ ചെയ്തപ്പോള്‍ ദിനേശ് സഹകരണസംഘത്തിന് പ്രതിരോധം ഉയര്‍ത്തുന്നതില്‍ പിണറായി വിജയന്‍ മുന്‍പന്തിയില്‍ നിന്നിരുന്നു. 1971 ഡിസംബര്‍ 28ന് തലശ്ശേരിയില്‍ ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ വര്‍ഗീയ കലാപം നടക്കുന്ന സമയത്ത് പിണറായി വിജയന്‍ കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിലെ എം.എല്‍.ഏ ആയിരുന്നു. കലാപ കാലത്ത് പിണറായി നടത്തിയ ഇടപെടലുകളെ സംബന്ധിച്ച് തലശ്ശേരി കലാപം അന്വേഷിച്ച ജസ്റ്റിസ് വിതയത്തില്‍ കമ്മീഷന്‍  പ്രത്യേകം പ്രശംസിക്കുന്നുണ്ട്.

അടിയന്തരാവസ്ഥക്കാലത്ത് പിണറായി വിജയന്‍ കൂത്തുപറമ്പില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു. പൊലീസ് കസ്റ്റഡിയിലായ പിണറായി വിജയന് പൊലീസുകാരില്‍ നിന്ന് പൈശാചികമായ മര്‍ദ്ദനം നേരിടേണ്ടി വന്നു. ക്രൂരമര്‍ദ്ദനത്തിന്റെ ബാക്കിപത്രമായ ചോരപുരണ്ട ഷര്‍ട്ട് ഉയര്‍ത്തിപ്പിടിച്ചാണ് പിണറായി വിജയന്‍ പിന്നീട് നിയമസഭാ സമ്മേളനത്തില്‍ പ്രസംഗിച്ചത്. ആഭ്യന്തരമന്ത്രി കെ കരുണാകരനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ആ പ്രസംഗം നിയമസഭ രേഖകളിലെ തിളങ്ങുന്ന അധ്യായമാണ്.

ലാവ്ലിന്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ പിണറായിയുടെ രാഷ്ട്രീയ ജീവിതത്തിലെ കറുത്ത ഏടാണ്. അത് സി പി എമ്മിനുള്ളിലെ വിഭാഗീയതയായും അതിനുമപ്പുറം ഇടതു മുന്നണി രാഷ്ട്രീയത്തിലെ അധികാര സമവാക്യങ്ങളെ തെറ്റിക്കുന്ന ഒന്നുമായും മാറി. വി എസ് അച്യുതാനന്ദനുമായുള്ള സംഘര്‍ഷം പലപ്പോഴും അതിരുകള്‍ ഭേദിച്ചു പുറത്തു കടന്നു. രാഷ്ട്രീയ കേരളം പലതവണ പിണറായി-വി എസ് ദ്വന്ദ്വത്തില്‍ ചുറ്റിത്തിരിഞ്ഞു. എന്തായാലും പാര്‍ട്ടിയിലെ സംഘര്‍ഷങ്ങള്‍ക്ക് അയവു വന്നത് ഈ നിയമ സഭ തിരഞ്ഞെടുപ്പോടു കൂടിയാണ്. അത് തന്നെ പിണറായിയുടെ രാഷ്ട്രീയ ജീവിതത്തിലെ പുതിയൊരു അദ്ധ്യായത്തിനും തുടക്കം കുറിച്ചിരിക്കുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍