UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കമ്മ്യൂണിസ്റ്റും സോഷ്യലിസ്റ്റും സ്‌നേഹലേപനം പുരട്ടുമ്പോള്‍

Avatar

കെ എ ആന്റണി

യുഡിഎഫുമായി ഇടഞ്ഞു നില്‍ക്കുന്ന ജനതാദള്‍ യുണൈറ്റഡും എല്‍ഡിഎഫിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പാര്‍ട്ടി ചെയര്‍മാന്‍ എം പി വീരേന്ദ്രകുമാറും സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും ഏറെ വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇന്നലെ വേദി പങ്കിട്ടത്.

വീരേന്ദ്രകുമാറിന്റെ ഇരുള്‍ പരക്കുന്ന കാലം എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങായിരുന്നു ഇന്നലെ നടന്നത്. യോജിപ്പിന്റെ ഐക്യകാഹളം മുഴക്കിയില്ലെങ്കിലും ഏതാണ്ട് ഒരേ സ്വരം തന്നെയാണ് പിണറായിയും വീരനും പങ്കുവച്ചത്. പുസ്തകം പുറത്തിറക്കിയത് ചിന്ത പബ്ലിക്കേഷന്‍സ് ആണെന്നിടത്ത് തുടങ്ങിയ ഐക്യപ്പെടലിന്റെ സൂചന കൂടുതല്‍ ശക്തമായത് പ്രകാശനം നിര്‍വഹിച്ചത് പിണറായി ആണെന്നിടത്താണ്.

ഏറെക്കാലമായി പരസ്പരം അകന്നു നടന്നിരുന്ന രണ്ടുപേര്‍ ഒരേ വേദിയില്‍ കണ്ടുമുട്ടിയെന്നതിന് അപ്പുറം എഴുത്തുകാരനും പ്രകാശകനും തമ്മിലുള്ള പുനരൈക്യത്തിന്റെ തലംവരെ പോയി ഇന്നലെ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങ്.

2009-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വീരനും സംഘവും യുഡിഎഫില്‍ ചേക്കേറിയത്. അതിനിടയില്‍ ലാവ്‌ലിന്‍ വിഷയത്തില്‍ പിണറായിക്കെതിരെ മാതൃഭൂമി പത്രത്തില്‍ വന്ന ചില വാര്‍ത്തകളും ഇവര്‍ ഇരുവരും തമ്മിലുള്ള അകല്‍ച്ചയ്ക്ക് ആക്കം കൂട്ടിയിരുന്നു.

നിലവില്‍ യുഡിഎഫില്‍ വീരേന്ദ്രകുമാറിന്റെ ജെഡിയു അത്ര സംതൃപ്തരല്ല. 2014-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാലക്കാട് സീറ്റില്‍ വീരന്‍ പരാജയപ്പെട്ടതും വാഗ്ദാനം ചെയ്ത രാജ്യസഭാ സീറ്റ് നല്‍കാതിരുന്നതും തന്നെയാണ് പ്രധാനപ്രശ്‌നം. കോഴിക്കോട് ജെഡിയുവിനെ ജില്ലാ കണ്‍വീനര്‍ സ്ഥാനം നല്‍കാമെന്ന യുഡിഎഫ് വാഗ്ദാനവും നിറവേറ്റപ്പെട്ടിട്ടില്ല. പാലക്കാട്ടെ തോല്‍വി സംബന്ധിച്ച് അന്വേഷിച്ച കമ്മീഷന്റെ റിപ്പോര്‍ട്ടിന്‍മേല്‍ നടപടി ഉണ്ടാകാതിരുന്നതും ജെഡിയുവിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ ഇക്കഴിഞ്ഞ ഡിസംബര്‍ 30-ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം നടന്ന ഉഭയകക്ഷി ചര്‍ച്ചയിലും ജെഡിയു നേതാക്കള്‍ ഇതേപരാതികള്‍ തന്നെയാണ് ഉന്നയിച്ചത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും പിണറായിയുമായി വേദി പങ്കിടുന്നതില്‍ രാഷ്ട്രീയമില്ലെന്ന് വീരന്‍ പറഞ്ഞു. താനും പിണറായിയും തമ്മില്‍ വ്യക്തിപരമായി ശ്ത്രുതയില്ലെന്നും തങ്ങളൊക്കെ ഒരുമിച്ച് ജയിലില്‍ കിടന്നിട്ടുണ്ടെന്നും ഒക്കെയെത്തി ആ പരാമര്‍ശങ്ങള്‍.

വീരന്‍ ഇങ്ങനെയൊക്കെ പറഞ്ഞ് നടക്കുമ്പോഴും പിണറായി മാറി വന്ന കോടിയെരി സിപിഐഎം സംസ്ഥാന സെക്രട്ടറിയായ ഉടന്‍ വീരനുമായി തമ്മില്‍ കണ്ട് നടത്തിയ ചര്‍ച്ചകളെ കുറിച്ചായി പിന്നീട് അഭ്യൂഹങ്ങള്‍.

ഈ സാഹചര്യത്തില്‍ ഏറെ കൗതുകത്തോടുകൂടിയാണ് രാഷ്ട്രീയ കേരളം പുസ്തക പ്രകാശന ചടങ്ങിനെ വീക്ഷിച്ചത്. നേതാക്കള്‍ ഇരുവര്‍ക്കും ഇടയിലുള്ള മഞ്ഞ് ഉരുകിയോ എന്ന് അറിയാന്‍ ഇനിയും കാത്തിരിക്കേണ്ടതായുണ്ട്. കടമ്പകള്‍ ഏറെയാണുതാനും പ്രത്യേകിച്ചും, പിളര്‍ന്ന ജെഡിഎസ് നേതാക്കള്‍ വയ്ക്കുന്ന പാരകള്‍.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഐക്യത്തിന്റേതായൊരു യുഗ്മഗാനമാണ് ഇന്നലെ പുസ്തക പ്രകാശന ചടങ്ങില്‍ ഉയര്‍ന്നത്. മുന്നണിയേതായാലും വര്‍ഗീയതയ്ക്കും നവഉദാവല്‍ക്കരണത്തിനും എതിരെ ഒരുമിച്ചു പോരാടാമെന്ന വാഗ്ദാനം വീരന്‍ വക. പിണറായിയാകട്ടെ അനുനയത്തിന്റെ എല്ലാ വാതായനങ്ങളും തുറന്നിടുകയായിരുന്നു. തലേദിവസം വീരന്‍ മാധ്യമങ്ങളോടു പറഞ്ഞ സഹജയില്‍ വാസത്തില്‍ പിടിച്ചു തൂങ്ങി തന്നെയായിരുന്നു പിണറായിയുടെ തുടക്കം. വീരനെ സുഖിപ്പിക്കാന്‍ പോന്ന എല്ലാ ചേരുവകകളും ഉണ്ടായിരുന്നു ആ പ്രസംഗത്തില്‍.


ശത്രു ശത്രുവിന്റെ പുസ്തകം പ്രകാശനം ചെയ്യുന്നുവെന്ന മാധ്യമ പ്രചാരണത്തെ തള്ളിയ പിണറായി പറഞ്ഞത് താനും വീരനും തമ്മില്‍ വ്യക്തിപരമായി വിദ്വേഷങ്ങളില്‍ ഇല്ലെന്നാണ്. ഉള്ളതത്രേയും രാഷ്ട്രീയപരമായ വിയോജിപ്പുകളാണെന്നും വളരെ തന്ത്രപരമായി തന്നെ പറഞ്ഞു. വീരന്റെ രചനാ വൈഭവത്തേയും രചനാ വിഷയങ്ങളേയും ശ്ലാഹിക്കാനും മറന്നില്ല. ഒടുവിലായാണ് കാര്യങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞത്. സോഷ്യലിസ്റ്റുകളുടെ സ്ഥാനം ഇടതുപക്ഷത്താണെന്നും അവരെ അവിടെ കാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സഖാവ് പറഞ്ഞു. ഇനി തീരുമാനിക്കേണ്ടത് വീരന്‍ ആണെന്ന് അര്‍ത്ഥം.

ഒരു പുനര്‍വിചിന്തനത്തിന്റെ പാതയിലാണ് എങ്കിലും സ്ഥാന ലബ്ധികള്‍ തന്നെയാണ് വീരന്റേയും പാര്‍ട്ടിയുടേയും പ്രശ്‌നം. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു നേതാവ് പറഞ്ഞതുപോലെ പാര്‍ട്ടി കൊണ്ടു നടക്കുന്നവന്റെ ഗതികേട് അവനേ അറിയൂ. എത്ര ശരിയാണ്, വലിയ പാര്‍ട്ടിക്കാര്‍ക്ക് വന്‍സംവിധാനങ്ങളുണ്ട്. ഛോട്ടാ പാര്‍ട്ടികള്‍ക്ക് പിരിവ് കിട്ടാന്‍ തന്നെ വിഷമം. ഇനിയിപ്പോള്‍ പാര്‍ട്ടി അങ്ങോട്ട് ശോഷിച്ചു പോയാല്‍ വീരന്റെ പാര്‍ട്ടിയുടെ ഗതിയും തഥൈവ.

വീരനെ സംബന്ധിച്ചിടത്തോളം ഫണ്ടല്ല പ്രശ്‌നം. പാര്‍ട്ടി കൊണ്ടു നടക്കാനുള്ള കഴിവും സ്വത്തുമൊക്കെ നിലവിലുണ്ട്. എങ്കിലും ഒരു ആശങ്ക. പണ്ട് ബേബി ജോണിന് ഉണ്ടായതു പോലെ. ഫണ്ട് പിരിക്കാന്‍ പറ്റാത്ത അണികളും ഛോട്ടാ നേതാക്കളും പാര്‍ട്ടിയോട് സലാം പറഞ്ഞു പിരിയുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത് എന്നതിനാല്‍ അടുത്ത ഭരണത്തില്‍ പിടിമുറുക്കേണ്ടതുണ്ട്.

സമാനമാണ് സിപിഐഎമ്മിന്റേയും പിണറായിയുടേയും സ്ഥിതി. വീരന്റെ കൈയിലെ ആയുധം ലക്ഷകണക്കിന് ആളുകള്‍ വായിക്കുന്ന മാതൃഭൂമി എന്ന പത്രമാണ്. പോരെങ്കില്‍ മലബാറില്‍, പ്രത്യേകിച്ച് കോഴിക്കോട്, വയനാട് ജില്ലകളില്‍ വീരന്റെ പാര്‍ട്ടി സജീവവുമാണ്. ഇക്കുറി ഇടതു ജയിച്ചാല്‍ പിണറായി മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ടെന്നു വേണം കരുതാന്‍. ആഗ്രഹങ്ങള്‍ ഒരിക്കലും കുറ്റകരമല്ല. ഇനി ആരു തന്നെ മുഖ്യമന്ത്രിയാകട്ടെ അടുത്ത ഊഴം എല്‍ഡിഎഫും അതിനെ നയിക്കുന്ന സിപിഐഎമ്മും ആഗ്രഹിക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ ഒരു പത്രവും ഒരു സോഷ്യലിസ്റ്റും ഒപ്പം വരുന്നതില്‍ എന്താണ് തെറ്റ്. ഇതൊക്കെ തന്നെയാണ് പിണറായിയെ മദിക്കുന്ന ചിന്തകള്‍.

ഇനിയിപ്പോള്‍ വീരനും പിണറായിയും ചേര്‍ന്ന് ഐക്യ കാഹളം മുഴക്കിയേക്കാം. ഇരുകൂട്ടര്‍ക്കും രാഷ്ട്രീയ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. പോരായ്മകളെ കണ്ടറിഞ്ഞും മുറിവുകളില്‍ ലേപനം തേച്ചും സുഖകരമായ വരുംകാല ഭരണകൂടത്തെ സ്വപ്‌നം കാണുകയാണ് അവര്‍. അടുത്ത നീക്കങ്ങളുടെ പരിസമാപ്തി കാത്തിരുന്നു കാണുക തന്നെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍