UPDATES

പൊലീസ്‌ സേനയിൽ വനിതാ പ്രാതിനിധ്യം 10 ശതമാനമാക്കും; മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

കേരളത്തിലെ പൊലീസ്‌ സേനയിൽ വനിതാ പ്രാതിനിധ്യം നിലവിലെ ആറ്‌ ശതമാനത്തിൽ നിന്ന്‌ 10 ശതമാനമായി പടിപടിയായി ഉയർത്തുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മാങ്ങാട്‌ കെ എപിയിലെയും എംഎസ്പിയിലെയും പുതിയ ബാച്ചിന്റെ പാസ്സിംഗ്‌ ഔട്ട്‌ പരേഡിൽ അഭിവാദ്യം സ്വീകരിച്ച്‌ സംസാരിക്കുകായിരുന്നു മുഖ്യമന്ത്രി.

പൊലീസിൽ മൂന്നാംമുറ പാടില്ലെന്ന്‌ കർശന നിർദേശം നൽകിയിരുന്നുവെങ്കിലും അതിനുവിരുദ്ധമായ ചിലപ്രവണതകൾ കണ്ടുവരുന്നുണ്ട്‌. ഇത്‌ അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമപാലന കാര്യത്തിൽ പൂർണസ്വാതന്ത്ര്യമാണ്‌ സർക്കാർ പൊലീസിന്‌ നൽകിയിരിക്കുന്നത്‌. കുറ്റാന്വേഷണത്തിൽ യാതൊരു വിധ ഇടപെടലോ സമ്മർദ്ദമോ സർക്കാരിന്റെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടാവുന്നില്ലെന്ന്‌ ഉറപ്പു പറയാനാവും. എന്നാൽ പൊലീസിനകത്ത്‌ ഏതെങ്കിലും വ്യക്തിയുടെയോ സംഘങ്ങളുടെയോ വഴിവിട്ട ഒരു നീക്കവും അനുവദിക്കില്ല. ഏത്‌ സ്വാതന്ത്ര്യവും സേനയുടെ അച്ചടക്കത്തിനകത്ത്‌ മാത്രമേ പാടുള്ളൂ. അല്ലാത്തപക്ഷം ഒരു ആൾക്കൂട്ടമായി സേന മാറുന്ന അവസ്ഥയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുജനങ്ങളുമായുള്ള പോലിസിന്റെ ഇടപെടൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ പൊലീസ്‌ സ്റ്റേഷനിലും ഒരാൾക്ക്‌ പബ്ലിക്‌ റിലേഷന്റെ ചുമതല നല്‍കും. ഉന്നതവിദ്യാഭ്യാസമുള്ളവർ പൊലീസ്‌ സേനയിലേക്ക്‌ കൂടുതലായി കടന്നുവരുന്ന പശ്ചാത്തലത്തിൽ കാലഘട്ടത്തിനനുസൃതമായി സേനാപരിശീലനം പരിഷ്ക്കരിക്കും. ഇതനുസരിച്ച്‌ പൊലീസ്‌ അക്കാദമികൾ നവീകരിക്കും.സാങ്കേതികവിദ്യ പുരോഗമിച്ചതോടെ സൈബർ കുറ്റകൃത്യങ്ങളുടെ വ്യാപ്തിയും വർധിച്ചുവരികയാണ്‌. ഇതിനനുസരിച്ചുള്ള സാങ്കേതിക സംവിധാനങ്ങൾ സേനയിലും ഏർപ്പെടുത്തും. മുഖ്യമന്ത്രി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍