UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായി വിജയനെ ആര്‍ക്കായിരുന്നു പേടി?

Avatar

ശ്രീജിത് ദിവാകരന്‍

“സ്ഥാനമൊഴിയുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അഭിവാദ്യങ്ങള്‍. കേരളം സി.പി.എം രാഷ്ട്രീയം ഏറ്റവുമധികം ചര്‍ച്ച ചെയ്ത വര്‍ഷങ്ങളില്‍ പാര്‍ട്ടിയെ നയിക്കുക എന്നത് ഒരു ചില്ലറ കാര്യമല്ലായിരുന്നു. വിമര്‍ശനങ്ങള്‍ ധാരാളം കാണും. പക്ഷേ ധീരവും ശക്തവുമായ തരത്തിലായിരുന്നു സി.പി.എമ്മിനെ പിണറായി വിജയന്‍ നയിച്ചത്. പാര്‍ട്ടിക്കെതിരെയുയര്‍ന്ന വിമര്‍ശനങ്ങള്‍ പലതും പലപ്പോഴും സ്വയമേറ്റുവാങ്ങി. മാധ്യമങ്ങളെ പ്രീണിപ്പിക്കാനോ അഴകൊഴമ്പന്‍ സൗമ്യതയില്‍ പ്രലോഭിപ്പിക്കാനോ ശ്രമിച്ചില്ല. പിണറായി വിജയന്റെ ഭാഷയായിരുന്നു ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിട്ടത്. പക്ഷേ ഒത്തുതീര്‍പ്പിന്റെ വഴുക്കലുകള്‍ ഇല്ലാതെ സുവ്യക്തവും സുചിന്തിതമായ ഭാഷകൊണ്ടാണ് പിണറായി വിജയന്‍ സംസാരിച്ചിരുന്നത്.”

ഇത് ഫേസ് ബുക്കില്‍ ഇട്ട ഒരു സ്റ്റാറ്റസാണ്. ഇതിനോട് പ്രതികരണമായി പല സുഹൃത്തുക്കളും ചാറ്റില്‍ വന്ന് സംസാരിച്ചു. ചിലര്‍ കമന്റു ചെയ്തു. മൂന്ന് നാല് പോയന്റുകളാണ് പ്രധാനമായും പിണറായി വിജയനെതിരെ കേട്ടത്. ഒന്ന് കമ്മ്യൂണിസ്റ്റ് കാര്‍ക്കശ്യമുള്ള നേതാവാണ്. രണ്ട് മന്ത്രിയായിരുന്ന കാലത്ത് ചീത്തപേര് കേള്‍പ്പിച്ചില്ലെങ്കിലും പിന്നീട് കേള്‍പ്പിച്ചു. മൂന്ന്. പൊതുസമൂഹത്തിലെ അനുകൂല ധാരകളെ, ഇടത്‌സാംസ്‌കാരിക വിഭാഗത്തിലെ വ്യക്തികളെ അകറ്റുന്നതായിരുന്നു ഈ കാര്‍ക്കശ്യവും പെരുമാറ്റവും. നാല്. ഇ.പി.ജയരാജന്‍ മുതല്‍ എം.സ്വരാജ് വരെയുള്ളവര്‍ പിണറായി വിജയന്റെ ശരീരഭാഷ അനുകരിക്കുന്നു, വിജയനാകട്ടെ അത് രാഘവനില്‍ നിന്ന് കിട്ടിയതാണ് താനും.

1.കമ്മ്യൂണിസ്റ്റ് കാര്‍ക്കശ്യം എന്നത് പൊതുവേ മാധ്യമങ്ങള്‍ നല്‍കുന്ന ഓമന പേരാണ്. അത് ഒരോ സമയത്തും ഓരോന്നു പോലെ നല്‍കും. പ്രത്യേകിച്ചും പാര്‍ട്ടി സെക്രട്ടറിമാര്‍ക്ക് ലഭിക്കാറുള്ള പദവിയുമാണ്. വി.എസ്.അച്യുതാനന്ദനെ പോലെ ഇത് കേട്ടിട്ടുള്ള ആള് വേറെയുണ്ടാകില്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടല്ലേ ആയിട്ടുള്ള വി.എസ്. പൊതുസമൂഹമെന്ന് മാധ്യമങ്ങള്‍ സ്വയം വിളിക്കുന്ന ഒരു വാര്‍ത്താസമൂഹത്തില്‍ സ്വീകാര്യനായിട്ട്. തന്റെ 70 വയസുവരെ കാര്‍ക്കശ്യക്കാരനും ക്രൂരനും ‘വളി, തീട്ടം’ തുടങ്ങിയ ‘അപരിഷ്‌കൃത’ വാക്കുകളുപയോഗിക്കുന്ന ‘ക്രൂര’ കമ്മ്യൂണിസ്റ്റായിരുന്നില്ലേ? അദ്വാനിക്ക് മുന്നില്‍ വാജ്‌പേയും മോദിക്ക് മുന്നില്‍ അദ്വാനിയും അമിത്ഷാക്ക് മുന്നില്‍ മോദിയും സ്വീകാര്യരാകുന്ന അതേ മാധ്യമതാരതമ്യ തലോടലല്ലേ വി.എസിനെ പിണറായിയെ അപേക്ഷിച്ച് ജനകീയനാകുന്നതും പിണറായിയെ ക്രൂരകാര്‍ക്കശ്യങ്ങളുടെ നിലപാടുകാരനാക്കുകയും ചെയ്യുന്നത്? സി.പി.എമ്മുമായി ഏതെങ്കിലും രീതിയില്‍ സഹകരിച്ചിട്ടുള്ള പ്രവര്‍ത്തിച്ചുള്ള ആളുകള്‍ക്ക് അറിയാം, പിണറായി വിജയന്‍ വീട്ടില്‍ ഭാര്യയോടും പാര്‍ട്ടി ഓഫീസില്‍ സഖാക്കളോടും പൊതുപരിപാടിയില്‍ ജനങ്ങളോടും വാര്‍ത്താസമ്മേളനങ്ങളില്‍ മാധ്യമങ്ങളോടും സംസാരിക്കുന്നത് ഒരേ രീതിയിലാണ്. ഒരേ ശൈലി. പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോഴും മന്ത്രിയായിരിക്കുമ്പോഴും ഇതാണ് ചെയ്തത്.

2.മന്ത്രിയായിരിക്കുന്ന കാലത്താണ് സാധാരണഗതിയില്‍ ആളുകള്‍ ചീത്തപ്പേര് കേള്‍പ്പിക്കുക. ചീത്തപ്പേര് അഴിമതി എന്നര്‍ത്ഥത്തിലാണ് ഉപയോഗിച്ചത്. അഴിമതി ആരോപണം ലാവ്‌ലിന്‍ കേസിന്റെ രൂപത്തിലാണല്ലോ വന്നത്. എന്തായി അത്? എത്രകാലം അതിനെ ചൊല്ലി പിണറായി വിജയനെ വേട്ടയാടി? അതിന്റെ വസ്തുതയെന്തായിരുന്നു? മൂര്‍ത്തമായ അഴിമതികളെത്രയോ കണ്ട കേരളസമൂഹത്തിന് മുന്നില്‍ മാധ്യമങ്ങളും പാര്‍ട്ടിയിലെ ഒരു വിഭാഗവും ലാവ്‌ലിന്റെ പേരില്‍ പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിച്ചല്ലേ? അപ്പോഴാണല്ലോ ചീത്തപ്പേരുകള്‍ എല്ലാം ഉയര്‍ന്ന് വന്നത്. പിന്നെ കമല ഇന്റര്‍നാഷണല്‍ സിംഗപൂരില്‍ ബിസിനസ് തുടങ്ങി എന്നതരത്തില്‍ പലതും ക്രൈം നന്ദകുമാര്‍ മോഡലില്‍ പലരും പറഞ്ഞു. മഹേശ്വതാദേവിയെ വരെ ആരുടേയോ കൊട്ടാരം കാണിച്ചു കൊടുത്ത് പിണറായി വിജയന്റെ വീടാണെന്ന് പറഞ്ഞ് പരത്തി. സെക്രട്ടറി എന്ന രീതിയില്‍ പിണറായി വിജയന്‍ കൈക്കൊണ്ടിട്ടുള്ള നിലപാടുകള്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് പറയണം. അതല്ലാതെ ചീത്തപ്പേര് കേള്‍പ്പിച്ചു എന്ന് പറഞ്ഞ് ഒഴിയാന്‍ പറ്റില്ലല്ലോ. ചീത്തപ്പേര് ഒരോ സമയത്തേയും മാധ്യമസൃഷ്ടിയാണെന്ന് നമുക്കെല്ലാം അറിയില്ലേ? സി.പി.എം സമ്മേളനത്തില്‍ പ്രതിനിധി ചര്‍ച്ചയില്‍ വി.എസിനെ വെട്ടി പട്ടിക്കിട്ടുകൊടുക്കണം എന്ന് ഒരു പ്രതിനിധി ചര്‍ച്ച ചെയ്തതായി ഒരു ഉത്തരവാദിത്തമുണ്ടെന്ന് ധരിപ്പിക്കുന്ന പത്രം എഴുതി. വെറുതേയാണോ ഈ പാര്‍ട്ടിയെ കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല എന്ന് പിണറായി പത്രക്കാരോട് പറഞ്ഞത്.

3. പൊതുസമൂഹത്തിലെ അനുകൂല ധാരകളെ, ഇടത് അനുകൂല സാംസ്‌കാരികപ്രവര്‍ത്തകരെ അകറ്റിയെന്നാണ് മറ്റൊന്ന്. പാര്‍ട്ടിയെ പിന്തുണച്ച് പോന്നിരുന്ന വിജയന്‍ മാസ്റ്റര്‍ മുതല്‍ ഒരുപാട് പേര്‍ സി.പി.എം അനുകൂല നിലപാടുകളില്‍ നിന്ന് ഇക്കാലത്ത് മാറി എന്നത് സത്യമാണ്. ഇതില്‍ പക്ഷെ പിണറായിക്കുള്ളതിനേക്കാള്‍ പങ്ക് പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റി അംഗമായി തുടരുന്ന വി.എസ്.അച്യുതാനന്ദനില്ലേ. ഈ വിട്ടുപോയവരില്‍ ഭൂരിപക്ഷം പേരും അവകാശപ്പെടുന്നത് അവര്‍ വി.എസ്.അച്യുതാനന്ദനെ പിന്തുണയ്ക്കുന്നവരാണ് എന്നാണ്. ഒരു പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമെന്ന നിലയിലും ഇടതുചേരിയുടെ പ്രതിപക്ഷ നേതാവെന്ന നിലയിലും പ്രവര്‍ത്തിക്കുന്ന ഒരാളെ പിന്തുണയ്ക്കുന്ന ഒരു കൂട്ടം ഇടതുപക്ഷത്ത് നിന്ന് അകന്നിട്ടുണ്ടങ്കില്‍ പ്രാഥമിക ഉത്തരവാദിത്തം ആര്‍ക്കാണ്? പിന്നെ 2000 ന്റെ ആദ്യകാലം സി.പി.എമ്മില്‍ ആശയസമരത്തിന്റേതായിരുന്നു. കഠിനമായിരുന്നു പരസ്പരമുള്ള അവിശ്വാസം. പഴിചാരലുകളും ആക്രമണങ്ങളും നിലതെറ്റുന്നതായിരുന്നു. ആശയക്കുഴപ്പത്തിന്റെ ആ കാലത്ത് ഒരു കൂട്ടം ആളുകള്‍ സി.പി.എമ്മില്‍ നിന്ന് അകന്നിട്ടുണ്ട്. ആ കാലത്ത് പാര്‍ട്ടിയെ ധീരമായി നയിച്ചു എന്നതാണ് പിണറായി വിജയന്റെ ഏറ്റവും വലിയ നേട്ടം. അത് ഒട്ടും എളുപ്പമുള്ള കാര്യമല്ലായിരുന്നു. പാര്‍ട്ടിക്ക് പുറത്ത് നിന്ന് ആക്രമണം നേരിടുന്നത് പോലെ എളുപ്പമല്ല പാര്‍ട്ടിക്കകത്ത് നിന്ന് നേരിടുന്നത്. അക്കാലത്ത് അകന്ന ആളുകളെ, അതില്‍ സി.പി.എമ്മിന്റെ കടുത്ത അനുയായികളും ഉള്‍പ്പെടുന്നു, തിരിച്ച് പാര്‍ട്ടിയിലേയ്ക്ക് എത്തിച്ചു എന്നതാണ് പിണറായി വിജയന്റെ മറ്റൊരു നേട്ടം. ടി.പി.ചന്ദ്രശേഖരന്‍ വരെയുളള് ആളുകള്‍ സി.പി.എമ്മിലേയ്ക്ക് തിരികെ എത്തുമായിരുന്നു എന്നതാണ് എന്റെ വ്യക്തിപരമായ വിശ്വാസം. അതുകൊണ്ട് തന്നെ ടി.പി.യുടെ വധം സി.പി.എംനു മാത്രമാണ് തളര്‍ച്ചയുണ്ടാക്കിയിട്ടുള്ളത്. അതിന്റെ ആരോപണങ്ങളും നേരിടേണ്ടി വന്നത് പിണറായി വിജയനാണ്. മറ്റെല്ലാവര്‍ക്കും നേട്ടം മാത്രം നല്‍കി. ടി.പി.വധത്തെ യഥാര്‍ത്ഥത്തില്‍ അതിജീവിക്കേണ്ടി വന്നത് പിണറായി വിജയനാണ്. 

കോണ്‍ഗ്രസ് ഭരിക്കുന്നു, കോണ്‍ഗ്രസിന്റെ ആഭ്യന്തരമന്ത്രിയുടെ കീഴില്‍ കൊലപാതകത്തെ കുറിച്ച് അന്വേഷണം നടക്കുന്നു. കേന്ദ്ര ആഭ്യന്തരസഹമന്ത്രിയാണ് പ്രദേശിക എം.പി. അദ്ദേഹത്തിന്റെകൂടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണം. രാജ്യവ്യാപകമായ മാധ്യമപിന്തുണ. എല്ലാവര്‍ക്കും വേണ്ടിയിരുന്നത് പിണറായി വിജയന്റെ രക്തം. എന്തുകൊണ്ടാണ് ആരിലേയ്ക്കും അന്വേഷണം എത്താതിരുന്നത്? എന്തുകൊണ്ടാണ് പൂക്കടയിലെ ഗൂഢാലോചന തുടങ്ങിയ അതീവ ദുര്‍ബല വാദങ്ങളുമായി അന്വേഷണസംഘത്തിന് എത്തേണ്ടി വന്നത്? ചോദ്യങ്ങള്‍ ഒട്ടേറെയാണ്. ടി.പി.വധം സൃഷ്ടിച്ച പ്രതിസന്ധിഘട്ടത്തില്‍ സി.പി.എമ്മിനെ നയിക്കുക എന്നതും ഒരു പരീക്ഷണമായിരുന്നു. വിജയിച്ച ഒരു പരീക്ഷണം.

4. എം.വി.രാഘവനില്‍ നിന്ന് സി.പി.എം നേതൃത്വത്തിന് ഒരു ധാര്‍ഷ്ട്യം ലഭിച്ചിട്ടുണ്ട് എന്നത് ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്. അതുപക്ഷേ എം.വി.രാഘവന്‍ നമ്പ്യാര്‍ക്കാകാം പക്ഷേ ചെത്തുതൊഴിലാളിയായിരുന്ന മുണ്ടയില്‍ കോരന്റെ മകന് പാടില്ല എന്നതാണ് മുഖ്യധാര മാധ്യമങ്ങളുടെ നിലപാട്. പിന്നെ ഇ.പി.ജയരാജന്‍ മുതല്‍ എം.സ്വരാജ് വരെ, ഇഷ്ടമല്ലാത്ത ആളുകള്‍ക്കൊക്കെ പിണറായി വിജയന്റെ ശരീരഭാഷ തോന്നുന്നുന്നതും ഇഷ്ടമുള്ളവരിലൊക്കെ നമ്മുടെ പ്രിയനേതാക്കളുടെ പെരുമാറ്റം കാണാനാകുന്നതും നമ്മുടെ മനോഭാവത്തിന്റെ കൂടെയല്ലേ?

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

*Views are Personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍