UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായി ഇങ്ങനെയൊക്കെയാണ്

Avatar

രാകേഷ് സനല്‍

ആളെ പറ്റി ഇപ്പോ എല്ലാരും നല്ലത് പറയണുണ്ട്. ങ്ങ്‌ളെ പോലെ പത്രക്കാരെല്ലാം ഇത്രോം നാളും എഴുതാതേം പറയാതേം ഇരുന്നതുപോലും എത്രായിട്ട് വരണ്..പക്ഷേ ഞങ്ങക്ക് ഇതെല്ലാം നേരത്തെ അറിയാം. തലശേരിലും പിണറായീലും ധര്‍മ്മടത്തുള്ളോര്‍ക്കെല്ലാം വിജയേട്ടനെ നല്ലോണം അറിയാം…പിന്നെ ങ്ങളൊക്കെ എഴുതുമ്പോം കേള്‍ക്കാന് ഒരു സന്തോഷം; രവി മാഷ് ഒരു ചെറിയ ചിരിയോടെ പറഞ്ഞു. ഈട്‌ത്തെ ഭാഷ ഇങ്ങ്ക്ക് പിടീല്ലാതെ വരണേക്കൊണ്ട് എന്നു പറഞ്ഞ് വടക്കും തെക്കും ചേര്‍ത്ത ഭാഷാശൈലിയില്‍, ഒരുപക്ഷേ ആദ്യായിട്ടായിരിക്കാം, ന്യൂമാഹി എംഎം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും ഹെഡ്മാസ്റ്ററായി പിരിഞ്ഞ മാഷ് സംസാരം തുടങ്ങിയത്. പിണറായിലെ സഹകരണരംഗത്ത് സജീവ സാന്നിധ്യമായ രവി മാഷ്‌ക്ക് പിണറായി വിജയനോടുള്ളത് ആത്മബന്ധാണ്. 

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ മാഷ് പറഞ്ഞത് ഇത്തിരി വിഷമ്‌ണ്ടേന്നാണ്… വേറൊന്നും കൊണ്ടല്ല, ആള് കുറെക്കാലം ഇവ്‌ടെതന്നെയാര്ന്ന്..പാര്‍ട്ടി സെക്രട്ടറിയായതോടെയാണ് പിണറായിക്കാര്‍ക്ക് വിജയന്‍ കൈയ്യകലത്തീന്ന് മാറിയത്. ഇനീപ്പം കേരളത്തിന്റെ മുഴുവനോയ്..എന്നാലും അതും ഒരു സന്തോഷം… ഇവ്‌ടെ കാണണോതിന്റെയെല്ലാം കൂടെ വിജയന്‍ ഉണ്ടായിരുന്നു. വിജയന്‍ ഇല്ലാതെ ഒന്നുമില്ലാര്ന്ന്…

പിണറായി വിജയന്‍ എങ്ങനെയുള്ളൊരു മുഖ്യമന്ത്രിയായിരിക്കും? 

സംശയമെന്ത്, കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി..നാട്ടുകാരനായതോണ്ടോ, കൂട്ടുകാരനായോതോണ്ടോ പറേണ്തല്ല… ആയാളെ നന്നായി അറിയണേക്കൊണ്ട് പറേണ്താണ്.

നടക്കണതേ പറയൂ, അതേ ചെയ്യൂ…അത് ശരിയാകൂലടോ എന്ന് പറഞ്ഞാല്‍ പിന്നൊരു ചോദ്യം വേണ്ട…ശരിയായത് നടത്താനെ നോക്കൂ…ഇവിടെ അടുത്ത പാര്‍ട്ടിക്കാര് വരെ ഓരോ ആവശ്യങ്ങളായിട്ട് വരും. നോക്കാന്നു പറഞ്ഞാല്‍ സമാധാനിക്കാം. ചെയ്യൂം. ഭരണത്തില്‍ വരുമ്പോഴും ഇതായിരിക്കും ആള്‌ടെ പോളിസി.

ഒരു സംഭവ്ണ്ട്.. പാര്‍ട്ടി സെക്രട്ടറിയായിരിക്കണ കാലാണ്. ഇവിടെ പിണറായീല് ഒരു കുടുംബപ്രശ്‌നം..ഓര് പാര്‍ട്ടിയോട് കൊറച്ച് അകന്ന് കഴിയോണ കൂട്ടരാണ്, എന്നാലും വിജയനുമായിട്ട് ചെറിയോരു കുടുംബ ബന്ധോണ്ട്..അതിലൊരു വിദ്വാന്‍ വിജയന് കത്തെഴുതി. ഓര്‌ടെ പ്രശ്‌നത്തീല് പാര്‍ട്ടി ഇടപെടണില്ലാന്നാര്‍ന്ന് കത്തില്. ആ കത്ത് ഇങ്ങോട്ട് തിരിച്ചയച്ച്, കൂടൊരു കുറിപ്പും, അയാള് പറയണകാര്യത്തില് ന്യായമുണ്ടേല്‍ വേണ്ടപ്പെട്ടവര്‍ ഇടപെട്ട് തീര്‍പ്പ് ആക്കണം, അതല്ലെങ്കില്‍ കാര്യങ്ങള് ഓനെ പറഞ്ഞ് മനസിലാക്കണം. ഇതും വിജയന്റെയൊരു ശൈലിയാണ്. ന്യായം കിട്ടേണ്ടത്ത് പാര്‍ട്ടിയോ ശത്രുവോന്ന് നോക്കില്ല. ഈടെ മാധ്യസ്ഥന്‍ വിജയനെന്നും പറയാറ്ണ്ട്. പണ്ടും പാണ്ട്യാല ഗോപാലന്‍ മാഷും മറ്റും ഉണ്ടാര്‍ന്ന് സമയത്ത് തൊട്ടും ആള്ക്കാര്‌ടെ പ്രശ്‌നം പാര്‍ട്ടി ഇടപെട്ട് തീര്‍ക്കും. അതിലൊക്കെ വിജയന്റെ തീരുമാനം കണിശാണ്. അതങ്ങോട്ട് തീര്‍ക്കടോ എന്ന് പറഞ്ഞാല്‍ തീര്‍ത്തിരിക്കണം.

വിജയനെക്കുറിച്ച് പറയുമ്പോള്‍, അയാളുടെ വ്യക്തിവിശേഷത്തിലെ ഒരു പ്രധാനഘടകം കൂടി പറയേണ്ടതുണ്ട്. അത് സൗഹൃദങ്ങള്‍ സൃഷ്ടിക്കാനും കാത്തുസൂക്ഷിക്കാനുമുള്ള കഴിവാണ്. എന്റെ ഓര്‍മ്മയില്‍ ആദ്യം വരുന്നത് അക്ബറാണ്. അന്തരിച്ച സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍. അക്ബര്‍ ബി എഡ്ഡിന് എനിക്ക് ഒരു വര്‍ഷം താഴെയായിരുന്നു. മരിക്കുംവരെ അയാളൊരു കോണ്‍ഗ്രസുകാരനായിരുന്നു. അങ്ങനെയുള്ള അക്ബര്‍ ഒരു ദിവസം എന്റെടുത്ത് വന്നു, എനിക്ക് പിണറായി വിജയനെ ഒന്നു പരിചയപ്പെടണം. അപ്പോഴെല്ലാം വിജയനെക്കുറിച്ച് മറ്റൊരു മുഖമാണ് അക്ബറിനുള്ളതെന്ന് എനിക്കറിയാം. പരിചയപ്പെടാം, ഞാന്‍ പറഞ്ഞു. പലതുകൊണ്ടും ആ പരിചയപ്പെടുത്താല്‍ കുറച്ചു നീണ്ടുപോയി. ഒരു ദിവസം അക്ബര്‍ എന്നെ വിളിച്ചു, എടോ ഞാന്‍ വിജയനെ പരിചയപ്പെട്ടു. ട്രെയിനില്‍വച്ചാണ്. ഞനങ്ങോട്ടു ചെന്നു. ഹൃദ്യമായ സ്വീകരണം, കുറച്ചു നേരം ഒപ്പമിരുന്നു സംസാരിച്ചു. എന്റെ ധാരണകള്‍ തെറ്റി. അക്ബര്‍ തെല്ല് കുറ്റബോധത്തോടെയാണ് അതു പറയുന്നതെന്ന് എനിക്ക് മനസിലായി. പിന്നീട് അക്ബറിന്റെ മകളുടെ വിവാഹം. ഞാന്‍ വിവാഹ വീട്ടിലെത്തുമ്പോള്‍ അവിടെ വിജയനുണ്ട്. നിങ്ങളിദെപ്പം? എനിക്ക് അത്ഭുതമായി. അടുത്തൊരാളുടെ വീട്ടിലെ ചടങ്ങിന് വരാതിരിക്കാന്‍ പറ്റുമോ? വിജയന്റെ മുഖത്ത് ചിരി. ഒരു തെരഞ്ഞെടുപ്പിന് തൊട്ട് പിറ്റേദിവസമായിരുന്നു ആ വിവാഹം. എന്നിട്ടും വിജയനവിടെയെത്തി.

പി ബി യോഗം നടക്കുന്ന ദിവസങ്ങളിലാണ് അക്ബറിന്റെ മരണം. ഞാനാണ് ഫോണ്‍ ചെയ്ത് കാര്യം അറിയിച്ചത്. ഡല്‍ഹിയില്‍ നിന്നെത്തിയതിന്റെ പിറ്റേ ദിവസം തന്നെ വിജയന്‍ അക്ബറിന്റെ വീട്ടില്‍ ചെന്നു. ഇത്തരത്തില്‍ സൗഹൃദങ്ങള്‍, അതാരോടായാലും കാത്തുസൂക്ഷിച്ചു കൊണ്ടുപോകാന്‍ വിജയന് പ്രത്യേകമൊരു കഴിവുണ്ട്. അയാള്‍ ആരിലും അകന്നും ജിവിക്കുന്നയാളല്ല. കാരണം അയാളൊരു കമ്യൂണിസ്റ്റാണ്.

തലശേരി കലാപം നടന്ന കാലത്ത് വിജയന്‍ നടത്തിയ ഇടപെടല് അറിയാല്ലോ. അന്ന് കലാപം പടരണത് കിവംദന്തികളിലൂടെയാണ്. മേലൂട്ട് ക്ഷേത്രത്തിലെ കലശക്കൊടത്തില് കല്ലെറിഞ്ഞൂന്ന് പറഞ്ഞാണ് ബഹളം തൊടങ്ങ്ണത്. യഥാര്‍ത്ഥത്തില്‍ കൊലയും വെട്ടൊന്നുമില്ല കൊള്ളയാണ്. സാധനങ്ങള്‍ കടകളെല്ലാം കുത്തി തൊറന്ന് എടുത്തോണ്ട് പോകുവാണ്. പക്ഷേ തലശ്ശേരി നടക്കണ കാര്യം പിണറായീലെത്തുമ്പോള്‍ കേക്കണ്ത് മുഴുവന്‍ കിവംദന്തികളാണ്. പെണ്ണ്ങ്ങള്‌ടെ മൊല മുറിച്ചൂന്നും കൊന്നൂന്നൂമൊക്കെയാണ്. ചാലിയന്മാരുടെ തെരുവിലൊക്കെ അടിപിടിയാണെന്നു പറഞ്ഞു പറത്തി ഇവ്‌ടെന്ന് കൊറേപ്പേരെ ചോര തെളച്ച് അങ്ങോട്ടേക്ക് പോകാനൊക്കെ തയ്യാറായി. ഈ സമയത്ത് വിജയന്‍ ചിക്കന്‍ പോക്‌സ് പിടിച്ച് കിടക്കണ്. മൂന്നോ നാലോ കുളി കഴിഞ്ഞേ പുറത്തേക്ക് പോകാവൂന്നാണ്. വിജയനാണേല്‍ ഒന്നേ കുളിച്ചിട്ടുള്ളൂ. കാര്യങ്ങളൊക്കെ അറിഞ്ഞപ്പോ പറഞ്ഞത് ഇടപെട്ടേ പറ്റൂന്നാണ്. തലശ്ശേരിക്കു പോണം. ഒരു വണ്ടി വേണം. അന്ന് ഇത്രമാതിരി വണ്ടിയൊന്നും ഇല്ല. ഒടുവില്‍ ചൊക്ലീന്ന് കുമാരന്‍ മാഷ് ഒരു സ്‌കൂട്ടറ് ഒപ്പിച്ചോണ്ടു വന്നു. എന്നാ ഞാനൊന്ന് തലശ്ശേരി പോയിട്ട് വരാന്ന് പറഞ്ഞാണ് വിജയന് പോണത്. അവിടെത്തി ബീഡിക്കമ്പനിയുടെ പുറത്തൊക്കെ കേറിനിന്ന് പറയണപോലെ ഒന്നും നടക്കണില്ല ആരും പേടിക്കരുകതെന്നൊക്കെ ഒരുപാട് പറഞ്ഞു. അവിടാകെചുറ്റി നടന്നു. ലഹള വലിയൊരു തീയാകാതെ അണയ്ക്കാന്‍ വിജയന്‍ വഹിച്ച പങ്ക് വലുതാണ്. പക്ഷേങ്കില്‍ പിണറായി തന്നെ ചില മുറുമറുപ്പ് ഉയര്‍ന്ന്… അതോരോത്തരും കേട്ടതിന്റെ പുറത്താണ്. ഓര്‌ടെ ആള്‍ക്കാരെ അവിടെ അടിച്ചേക്കണ്ന്നാണല്ലോ ഇവിടെ പരന്നത്. വിജയന്‍ പക്ഷേ എതിര്‍ക്കാനൊന്നും പോയില്ല. പാര്‍ട്ടിയാണ് എല്ലാരേം കാര്യങ്ങളൊക്കെ പറഞ്ഞ് ബോധ്യാക്കിയത്. അതോടെ എല്ലാര്‍ക്കും തെറ്റ് മനസിലായി.

വിജയന്റെ ധൈര്യത്തെക്കുറിച്ച് പൂഞ്ചയില്‍ നാണ്വേട്ടന്‍ പറയണത് രണ്ട് സംഭവങ്ങളാണ്. തലശ്ശേരീലെ തലമുതിര്‍ന്ന നേതാവാണ് നാണ്വേട്ടന്‍… അതിലൊരു സംഭവം അടിയന്തരാവസ്ഥകാലത്താണ്..കൊറെ തല്ല്കിട്ടിയല്ലോ..പൊലീസുകാര് അകത്ത് തല്ലുമ്പോ പൊറത്ത് പുലിക്കോടന്‍ നിപ്പ്ണ്ട്. വിജയന്റെ കരച്ചിലൊന്നും കേള്‍ക്കാത്തോണ്ട് അകത്ത് കയറി ചെന്നു. നിലത്ത് കിടക്കാണ്.. എന്താണ് വിജയാ സുഖാണോന്ന് പുലിക്കോടന്‍..കണ്ടിട്ട് നിങ്ങക്ക് എന്ത് തോന്നണ്, അതായിരുന്നു തിരിച്ചുള്ള ചോദ്യം. ഒന്നും മിണ്ടാതെ പുലിക്കോടാന്‍ എറങ്ങിപ്പോയന്നാണ് പറേണത്. പിന്നൊന്ന് തലശേരീ കോടതിക്ക് മുമ്പില് കെഎസ്എഫുകാരെ സിആര്‍പിക്കാര്‍ തല്ലിയതാണ്. വിജയനന്ന് ബ്രണ്ണനീന്ന് പോന്ന്. തലശേരി മണ്ഡലം കമ്മിറ്റീലുണ്ട്. ഒലക്കപോലെ നീണ്ട വടികൊണ്ടാണ് പിള്ളേരെ തല്ലണത്. അവിട്‌ത്തെ ഒരു വശം മലയും ഇപ്പറം കടലുമാണല്ലാ…തല്ലുകൊണ്ടോരെല്ലാം ഓടി കടലില്‍ ചാടണ്. വിവരം അറിഞ്ഞ വിജയന്‍ ഓടിയെത്തുമ്പോള്‍ വികലാംഗനായൊരു വിദ്യാര്‍ത്ഥിയെ പൊലീസ് തല്ല്വാണ്. വിജയനോടി വന്ന് ആ ചെക്കന്റെ പൊറത്തേക്ക് കിടന്ന്. പിന്നെ തല്ലുമുഴവന്‍ വിജയനാണ്. അടി കൊണ്ട് ഓടാനൊന്നും നിന്നില്ല.



രവി മാഷ്, പുഞ്ചയില്‍ നാണു

പിണറായിക്ക് നേരെ പലപ്പോഴായി ഉണ്ടായിട്ടുള്ള വധ ശ്രമങ്ങളെ കുറിച്ച് രവി മാഷ് പറഞ്ഞു. ഒരിക്കല്‍ ഞങ്ങള് ജീപ്പില് പോകുവാണ്. മാലൂര് വച്ചാണ്. വയലാണ്..ഒരുത്തന്‍ കരേന്ന് നിന്ന് എന്തോ നീട്ട് പിടിക്കണതും കാണണ്ട്. ചെറിയെന്തോ ശബ്ദോ കേക്കണ്ണ്ട്. എത്തീട്ട് വണ്ടിമേല് നോക്കുമ്പ്വോണ് അവിടെവിടെക്കായി തൊളഞ്ഞിരിക്കണ്. അത് ദാസനെന്നൊരുത്തന്‍ നാടന്‍ തോക്ക് വെടിവച്ചതാര്‍ന്ന്.

ഇനിയൊന്ന് പറയാനുള്ളത് തലശേരി വെച്ചാണ്. 80 കാലത്താണ്. ബിജെപി-സിപിഎം സംഘട്ടനം. അവിടെമിവിടേമായി ആളോള് ചത്തോണ്ടിരിക്കണ്.. ആദ്യത്തെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ്. ഒടുവില് നായനാര്‍ തലശേരീല് ഒരു സമാധാന യോഗം വിളിച്ചു. തലശേരി ഗസ്റ്റ് ഹൗസിലാര്‍ന്ന് യോഗം. നയനാര്‍ എത്തിയപ്പോള്‍ വിജയനെ കാണാന്‍ ആവശ്യപ്പെട്ടു. പിണറായീന്ന് എന്നേക്കൂട്ടി ബസിലാണ് തലശേരി വരണത്. അവര് കണ്ട് സംസാരിച്ച് ഞങ്ങള് തിരിച്ചു പോരാന് ഇറങ്ങി. തലശേരി കോടതീന്റെ മുന്നിലെ ബസ് ഷെല്‍ട്ടറില്‍ നില്‍ക്കാണ്. ഏതോ ഡാന്‍സ് കമ്പനിക്കാര് സ്‌പോണ്‍സര്‍ ചെയൊതു ഷെല്‍ട്ടര്‍.. അവിടെ നിന്ന് നോക്കിയാല്‍ കോടതീന്റെ മതിലന്റകം കാണാം. ഞങ്ങളങ്ങനെ നില്‍ക്കുമ്പം മൂന്നലഞ്ച് പേര് കോടതീന്റെ വളപ്പിലൂടെ നടന്ന് വരണ്.. കുറച്ച് അടുത്തെത്തിയപ്പോള്‍ കൂട്ടത്തിലൊരാളെ എനിക്ക് മനസിലായി. വാജ്‌പേയി രവി. ആര്‍എസ്എസ്സുകാരനാണ്. എബി നായരുടെ വക്കീല്‍ ഗുമസ്തനാണ്. ആ വരുന്നവരിലൊരുത്തന്‍ വാജ്‌പേയി രവിയാണ്, ഞാന്‍ പറഞ്ഞു. അതേ, അവരാണ്, ഞാന്‍ ഉറപ്പിച്ചു. വിജയന്‍ പെട്ടെന്ന് മുണ്ടെടുത്ത് മടക്കി കുത്തി. അതിനൊരു സ്റ്റൈലുണ്ട്. രണ്ട് തുമ്പിനും മുമ്പായുള്ള ഭാഗമെടുത്ത് അങ്ങോട്ടുമിങ്ങോട്ടും കെട്ടിവയ്ക്കാണ് പതിവ്. മുണ്ട് ഉടുക്കുന്നതിലും വേറൊരു ശൈലിയാണ്. ഒത്തനടക്ക് ഫ്ലാറ്റ് ആക്കി കുത്തി പിന്നെ ഇടത്തേ തുമ്പെടുത്ത് വലത്ത് ഭാഗത്ത് കുത്തും. ഞാനൊരിക്കല്‍ ചോദിച്ചപ്പോള്‍ അല്‍പ്പം തമാശയോടെ പറഞ്ഞത്, ഒരു പ്രശ്‌നത്തില്‍ നില്‍ക്കുമ്പോ മുണ്ടഴിഞ്ഞുപോണത് ശരിയാകത്തില്ലടോ എന്നായിരുന്നു. പറഞ്ഞു വന്നത്, മുണ്ട് മടക്കി കുത്തിശേഷം കൂര്‍പ്പിച്ചൊരു നോട്ടം വന്നവര്‌ടെ നേര്‍ക്കയച്ചു. ഓരത് കണ്ട്. ഓര്ട് കൈയില്‍ ആയുധങ്ങളുണ്ടെന്ന് ഉറപ്പ്. ഞങ്ങടെ കൈയിലാണേല്‍ ഒന്നുമില്ല. പക്ഷേ വിജയന്‍ അവര്‌ടെ മേലേന്ന് കണ്ണെടുക്കണില്ല…ആ നോട്ടാര്ന്ന് വിജയന്റെ ആയുധം. സംഗതി പന്തിയല്ലെന്ന് കണ്ടിട്ടാകണം അവര് ഞങ്ങടെ നേര്‍ക്ക് വന്നില്ല. മാറിപ്പോയി. അതു കഴിഞപ്പം ഞാന്‍ ചോദിച്ചു, അവര് വന്നിരുന്നെങ്കിലോ? അതപ്പള് നോക്കിയാല്‍ പോരേടോ..അതായിരുന്നു ഉത്തരം. കുറച്ചു കഴിഞ്ഞപ്പോ ഒരോട്ടോ വന്നു.ഞങ്ങളതില് കേറി. വണ്ടീലിരുന്ന് ഞാനെന്തോ പറയാന്‍ പോയപ്പോള്‍ എന്നെ തടഞ്ഞ്. മിണ്ടര്ത്ന്ന് ആംഗ്യം കാട്ടീട്ട് ടൗണിലോട്ട് പോകാന്‍ ഓട്ടോക്കാരനോട് പറഞ്ഞു. ഞങ്ങള് വണ്ടിയിറങ്ങാന്‍ തുടങ്ങുമ്പോഴേക്കും കുറെ തൊഴിലാളികള് ഓടിയെത്തി. പണം കൊടുത്ത് പോന്നശേഷം വിജയനോട് തൊഴിലാളികള് ചോദിച്ച്, നിങ്ങളെന്തിനാണ് ഓന്റെ വണ്ടീല് പോന്നത്? അപ്പോഴാണ് കാര്യം എനിക്കും മനസിലായത്, ആ ഓട്ടോക്കാരന്‍ ആര്‍എസ്എസ്സുകാരനാണ്. ആള് കേറാനല്ലേ ഓന് വണ്ടിയോടിക്കണത്. അതല്ലേ ഓന്റെ തൊഴില്. പിന്നെ നമ്മള് കേറിയാലെന്താ..അത്ര നിസാരമായിരുന്നു വിജയന്റെ മറുപടി.

അതൊരു ധൈര്യാണ്. അത്  പണ്ടേ ഉള്ളതാണ്. ആ ധൈര്യവും കരുതലും തന്നെയാകും വിജയന് ഇനി കേരളത്തിനും തരികാ..രവി മാഷ് പറഞ്ഞു നിര്‍ത്തി.  

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍