UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നരേന്ദ്ര മോദിയാകരുത് പിണറായി വിജയന്‍

Avatar

ടീം അഴിമുഖം / എഡിറ്റോറിയല്‍

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് രണ്ടുവര്‍ഷം കഴിയുന്ന വേളയില്‍ തന്നെയാണ് അയോധ്യയില്‍ ബജ്‌രംഗ്ദളിന്റെ നേതൃത്വത്തില്‍ സായുധ ക്യാമ്പ് സംഘടിപ്പിക്കപ്പെടുന്നതും മുസ്ലീം വേഷധാരികളെ കൊലപ്പെടുത്തുന്നതുമടക്കമുള്ള മോക് ഡ്രില്ലുകള്‍ അരങ്ങേറുന്നതും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ 78 സീറ്റ് ബി.ജെ.പി നേടിയതിനു പിന്നില്‍ മുസഫറാബാദില്‍ നടത്തിയ ആസൂത്രിത കലാപം പ്രധാനപ്പെട്ട കാര്യമായിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി യു.പിയെ വീണ്ടും സംഘര്‍ഷഭൂമിയാക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ അവിടെ നടക്കുന്നത്. വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ ഒരു സര്‍ക്കാരിനെ വിലയിരുത്തുമ്പോള്‍ എന്തൊക്കെയാണ് ബാക്കിയായിട്ടുള്ളത് എന്ന ചോദ്യം മുകളില്‍ പറഞ്ഞിരിക്കുന്ന ഒറ്റക്കാര്യം കൊണ്ട് തന്നെ വ്യക്തമാണ്. അതിനൊപ്പമാണ് സര്‍വത്ര മേഖലകളിലും നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥ. എന്നാലോ രണ്ടുവര്‍ഷം തികച്ചതു സംബന്ധിച്ച് മോദി സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്ന പരസ്യങ്ങളില്‍ തേനും പാലുമൊഴുകുകയാണ്.

കൊണ്ടും കൊടുത്തുമൊക്കെത്തന്നെയാണ് അധികാര രാഷ്ട്രീയം നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയില്‍ നിലനില്‍ക്കുന്നത് എന്നത് വാസ്തവമാണ്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുന്നവര്‍ക്കു നേരെ, വിമത ശബ്ദമുയര്‍ത്തുന്നവര്‍ക്കു നേരെ, ന്യൂനപക്ഷങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ദളിതര്‍ക്കുമൊക്കെ നേരേ നടക്കുന്ന അതിക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്. എന്തുചെയ്താലും സംരക്ഷിക്കാനുള്ള അധികാര കേന്ദ്രം തങ്ങള്‍ക്കുണ്ട് എന്നതാണ് ഈ അതിക്രമങ്ങള്‍ നടത്തുന്നവരുടെ മാനസികാവസ്ഥ. ഈ അധികാര രാഷ്ട്രീയത്തിന്റെ പാരലല്‍ സ്വഭാവം ഏറിയും കുറഞ്ഞും മിക്ക സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്നുണ്ട്. ബംഗാളിലെ വന്‍ വിജയത്തിനു ശേഷം സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കു നേരെ തൃണമൂല്‍ കോണ്‍ഗ്രസ് അഴിച്ചുവിടുന്ന അതിക്രമം അതിന്റെ മറ്റൊരു മുഖമാണ്.

ഇനി ഇവിടെ നിന്ന് കേരളത്തിലേക്ക് വരാം. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ യു.ഡി.എഫ് ഭരണത്തോടുള്ള എതിര്‍പ്പാണ് കേരളത്തിലെ ജനം എല്‍.ഡി.എഫിനെ അധികാരത്തിലെത്തിച്ചതോടെ പ്രകടിപ്പിച്ചത്. പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശുഭസൂചകങ്ങളാണ്. മുന്‍ഗണനകള്‍ നിശ്ചയിക്കുകയും അവയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുകയും ചെയ്യാനുള്ള ജനവിധിയാണ് കേരളത്തിലെ ജനം പിണറായി വിജയന്‍ എന്ന ശക്തനായ നേതാവില്‍ നിന്ന് ആഗ്രഹിക്കുന്നത്.

പക്ഷേ പിണറായി എന്തുകൊണ്ട് നരേന്ദ്ര മോദിയാകരുത് എന്നതിന് ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാം. ടി.പി ചന്ദ്രശേഖരന്‍ എന്ന മുന്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതാണെന്ന കാര്യത്തിലും അതില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ട് എന്ന കാര്യത്തിലും അധികമാര്‍ക്കുമൊന്നും സംശയമുണ്ടാകാന്‍ ഇടയില്ല. അതിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യ, രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായ തന്റെ ഭര്‍ത്താവിന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി രംഗത്തെത്തിയതും സ്വാഭാവികമാണ്. ജനാധിപത്യ വ്യവസ്ഥിതിയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അനീതികള്‍ക്ക് കണക്കു ചോദിക്കാന്‍ ശ്രമിക്കുന്നതുമൊക്കെ സഹിഷ്ണുതയുള്ള ഒരു സമൂഹത്തില്‍ മാത്രമേ നടക്കൂ. അതുകൊണ്ടാണ് കെ.കെ രമയ്ക്ക് വടകരയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിച്ചത്. അതിനു ശേഷം ആര്‍.എം.പി പ്രവര്‍ത്തകര്‍ക്കു നേരെ സി പി എം പ്രവര്‍ത്തകര്‍ അഴിച്ചുവിട്ട അതിക്രമങ്ങള്‍ ഒരു ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതാണോ? രമയെ അപമാനിച്ചുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ വേഷം കെട്ടി പ്രകടനം നടത്തിയത് എന്തുകൊണ്ട് സി പി എം നേതൃത്വം അപലപിച്ചില്ല. എവിടെ നിന്നാണ് പാര്‍ട്ടി അണികള്‍ക്കു ഇത്തരം കാര്യങ്ങള്‍ ധൈര്യം വരുന്നത്? സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അതിക്രമങ്ങള്‍ അഴിച്ചുവിടുന്നതും ഇതേ ന്യായത്തിലൊക്കെത്തന്നെയല്ലേ? പെമ്പിളൈ ഒരുമൈ സ്ഥാനാര്‍ഥി ആക്രമിക്കപ്പെട്ടതിനു പിന്നിലെന്തായിരുന്നു?

പിണറായിയുടെ സ്വന്തം നാട്ടില്‍ ആഹ്ളാദ പ്രകടനത്തിന് നേരെ നടന്ന ആര്‍ എസ് എസ് ആക്രമണത്തില്‍ സി പി എമ്മിന്‍റെ ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് തുടര്‍ച്ചയായി ബി ജെ പി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടുകള്‍ ആക്രമിക്കപ്പെടുകയും കുടിവെള്ളത്തിന് ആശ്രയിക്കുന്ന കിണറുകള്‍ അടക്കം ഉപയോഗശൂന്യമാക്കപ്പെടുകയും ഉണ്ടായി. ജാതി രാഷ്ട്രീയ പരിഗണനകള്‍ ഇല്ലാതെ എല്ലാവരുടെയും സര്‍ക്കാരാണ് തന്‍റേതെന്നാണ് അധികാരമേറ്റ ഉടനെ പിണറായി പറഞ്ഞത്. നാട്ടിലെ ക്രമസമാധാന പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും എന്ന നിലയില്‍ ഇതിനകം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകുമല്ലോ. ഇനി ഒരു ആക്രമണം ഉണ്ടാകില്ലെന്ന ഉറപ്പ് അവിടങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍ തുടങ്ങിയവര്‍ക്ക് കൊടുക്കേണ്ട ബാധ്യത മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായിക്കില്ലേ? പൊതു സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും കരുതല്‍ അര്‍ഹിക്കുന്നവരാണ് അവര്‍. സര്‍ക്കാരിന്റെ തലവന്‍ എന്ന നിലയില്‍ പിണറായി വിജയന്റെ പ്രാഥമിക ബാധ്യത അതാണ്. സംഘ പരിവാര്‍ സംഘടനകള്‍ നാട്ടില്‍ കുഴപ്പങ്ങള്‍ കുത്തിപ്പൊക്കുമ്പോള്‍ മൌനം ദീക്ഷിക്കുന്ന മോദിയുടെ രീതി ഒരു ജനനേതാവിനും ഭൂക്ഷണമല്ല. 

ഒരുപാട് പ്രവര്‍ത്തകരുടെ രക്തം ചീന്തിത്തന്നെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഇവിടെ നിലനില്‍ക്കുന്നത്. ഇപ്പോഴും പാര്‍ട്ടിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് ഉത്തരവാദിത്തങ്ങള്‍ കൂടുതലുണ്ട്. സംസ്ഥാനത്ത് ഫാസിസ്റ്റ് ഭരണമാണെന്ന് ബി.ജെ.പി നേതാക്കള്‍ മുറവിളി കൂട്ടുമ്പോള്‍ അത് അങ്ങനെയല്ല എന്നു തെളിയിക്കേണ്ടത് പിണറായി വിജയനെപ്പോലെ ഒരു നേതാവിന്റെ കടമയും ആര്‍ജവവുമാണ്. ചുംബന സമരം ഉള്‍പ്പെടെയുള്ള നിരവധി സമരങ്ങള്‍ക്കു നേരെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പോലീസ് നേതൃത്വത്തില്‍ തന്നെ അഴിച്ചുവിട്ട അതിക്രമങ്ങള്‍ക്ക് കേരളം സാക്ഷിയായിരുന്നു. മാവോയിസ്റ്റുകളെന്നും വികസന വിരുദ്ധരെന്നുമൊക്കെ ആരോപിച്ച് നിരവധി പേര്‍ക്കു നേരെ നടന്ന മനുഷ്യാവകാശ ലംഘനങ്ങളും കുറവായിരുന്നില്ല. ഇക്കാര്യങ്ങളിലൊക്കെ മാറ്റമുണ്ടാകണമെന്ന് ആഗ്രഹിച്ചുതന്നെയാണ് കേരളത്തിലെ ജനത സി.പി.ഐ.എം നേതൃത്വത്തിലുള്ള സര്‍ക്കാരിനെ തെരഞ്ഞെടുത്തത്. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരുടെ മാത്രമല്ല, ഈ സംസ്ഥാനത്തെ മുഴുവന്‍ മനുഷ്യരുടേയും സര്‍ക്കാരായിരിക്കണം ഇത്. വിമത സ്വരങ്ങള്‍ക്ക് ഇടവും എതിര്‍പ്പുകള്‍ പ്രകടിപ്പിക്കാനുള്ള സ്‌പേസും ഈ സമൂഹത്തില്‍ ഉണ്ടാവണം. അതിനുള്ള അലിവും സഹിഷ്ണുതയും ജനാധിപത്യ ബോധവും സര്‍ക്കാരും സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയും അതിലെ പ്രവര്‍ത്തകരും പ്രകടിപ്പിക്കും എന്നത് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം കൂടി മുഖ്യമന്ത്രി പിണറായി വിജയനുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍