UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ലൈവ്’ ആയി വി.എസ്; ഇടം തേടി പിണറായി

പൂച്ചയ്ക്ക് ഒന്‍പത് ജന്മമുണ്ട്. വി.എസിന് തൊണ്ണൂറും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രത്തില്‍  ഒരു സഖാവിനെ ഇത്രയധികം സഖാക്കള്‍ ഇത്രയും ഏറെ നാള്‍ ഇത്രയും ഏറെ വെട്ടുകൊടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ടോ? എന്നിട്ടും, ആ സഖാവ് ഇപ്പോഴും ജീവനോടെ? വി.എസിനെ വെട്ടാത്ത ഒറ്റ സഖാവെങ്കിലും പാര്‍ട്ടിയിലുണ്ടോ? (വി.എസ്. വെട്ടാത്ത ഒറ്റ സഖാവെങ്കിലും ഉണ്ടോ പാര്‍ട്ടിയില്‍ എന്ന മറുചോദ്യവും അത്ര തന്നെ പ്രസക്തമാണ്.) പക്ഷെ വി.എസ്.വെട്ടിയത് പലരേയുമായിരുന്നു. വി.എസിനെ വെട്ടിയത് പലരും ചേര്‍ന്നാണ്. നിരന്തരമായാണ്. കഴിഞ്ഞ പത്തുകൊല്ലം പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിന് ‘വി.എസ്.വിരുദ്ധത’ എന്നതല്ലാതെ മറ്റെന്തെങ്കിലും  പരിപാടിയുണ്ടായിരുന്നോ? വി.എസ്. മുഖ്യമന്ത്രിയായിരുന്ന അഞ്ചു കൊല്ലം പോലും?

എന്നിട്ടും വി.എസ്. ലൈവായി നില്‍ക്കുന്നു. കേന്ദ്ര കമ്മിറ്റിക്ക് കത്തയയ്ക്കുന്നു. തന്നെ പാര്‍ട്ടി വിരുദ്ധനെന്ന് കണ്ടെത്തി സംസ്ഥാന സെക്രട്ടേറിയറ്റ് പാസാക്കിയ പ്രമേയം പാര്‍ട്ടിയുടെ സംഘടനാ രീതിയുടെ ലംഘനമാണെന്ന് വാദിക്കുന്നു. തന്റെ വാദം പാര്‍ട്ടി ചര്‍ച്ച ചെയ്യണമെന്നും കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക് തന്റെ കത്തിന്റെ പകര്‍പ്പ് എത്തിച്ചുകൊടുക്കണമെന്നും ആവശ്യപ്പെടുന്നു. സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയതിന്റെ ന്യായീകരണവും വി.എസ്. നിരത്തുന്നു. വാദങ്ങള്‍ ബലപ്പിച്ച്, ചുവടുകള്‍ ഉറപ്പിച്ച് വി.എസ്. പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് പോരാടുന്നു.

ഒരു സംസ്ഥാന സമ്മേളനം മുഴുവന്‍ വി.എസ്. തന്റേതാക്കി. തന്നെ തകര്‍ക്കാന്‍ വന്ന ഔദ്യോഗിക നേതൃത്വത്തിന്റെ നീക്കത്തെ ഒരു ജൂഡോ മാസ്റ്ററുടെ പ്രാവിണ്യത്തോടെയാണ് വി.എസ്. ഗതിതിരിച്ചുവിട്ടത്. സംസ്ഥാന സെക്രട്ടേറിയറ്റ് തനിയ്‌ക്കെതിരെയുള്ള കുറ്റ വിചാരണയായി സമ്മേളനം മാറ്റുമെന്നറിഞ്ഞ വി.എസ്. സെക്രട്ടേറിയറ്റിന്റെ നീക്കത്തിനെതിരെ പി.ബി.യ്ക്ക് കത്തെഴുതി. കത്തു ചോര്‍ന്നാല്‍ വി.എസിനെതിരെ നടപടിയുണ്ടാകും എന്ന് സെക്രട്ടേറിയറ്റ് വി.എസിനെ അറിയിക്കുകയും ചെയ്തു. അതൊരു കെണിയായിരുന്നു. കത്ത് ഔദ്യോഗികപക്ഷം തന്നെ മനോരമ പത്രത്തിന് ‘ലീക്കു’ ചെയ്തു കൊടുത്തു. പത്രം റിപ്പോര്‍ട്ട് ചെയ്തു. അതോടെ കത്തുചോര്‍ത്തിയത് വി.എസ്.ആണെന്നും, വി.എസിന് പാര്‍ട്ടി വിരുദ്ധ മനോഭാവമാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രമേയം പാസാക്കി. പാര്‍ട്ടി സമ്മേളന സമയത്ത് അച്ചടക്കനടപടികള്‍ പാടില്ല എന്ന കേന്ദ്രകമ്മിറ്റി തീരുമാനം നിലനില്‍ക്കെയാണ് സെക്രട്ടേറിയറ്റ് അതിനെതിരായി തീരുമാനമെടുത്തതും  പിണറായി വിജയന്‍ പ്രമേയം പത്രസമ്മേളനത്തില്‍ വായിച്ചതും. അടുത്ത ദിവസം സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ത്തേണ്ട വി.എസിനെയാണ് തലേന്നു രാത്രി പാര്‍ട്ടി വിരുദ്ധനായി പാര്‍ട്ടി പ്രഖ്യാപിച്ചത്. (93 വയസ്സായ ഒരു സഖാവിനെ, പി.ബി.അംഗം ആയിരുന്ന ഒരു സഖാവിനെ, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളായ സഖാവിനെ, എണ്ണിയാലൊടുങ്ങാത്ത തവണ ശിക്ഷണ നടപടികള്‍ക്ക് വിധേയനായ ഒരു സഖാവിനെ, നാളിതുവരെയായിട്ട് പാര്‍ട്ടി അച്ചടക്കം പഠിപ്പിക്കാന്‍ പാര്‍ട്ടിയ്ക്കായില്ല എന്നു പറയുമ്പോള്‍ ആ പാര്‍ട്ടി സംഘടനയ്ക്ക്  എന്തോ സാരമായ തകരാറുണ്ടെന്നുവേണം അനുമാനിക്കാന്‍.)

സഖാക്കളുടെ തലകൊയ്യാന്‍ പാര്‍ട്ടി നേതൃത്വം ‘ബൂര്‍ഷ്വാ മാധ്യമങ്ങളെ’ കൂട്ടുപിടിയ്ക്കുന്നത് ഇതാദ്യമല്ല. ‘സേവ് സി.പി.എമ്മി’ന്റെ നാളുകളില്‍ പാര്‍ട്ടി നേതൃത്വം സി.ഐ.ടി.യു. നേതാവായ കെ.എന്‍.രവീന്ദ്രനാഥിനെതിരെ നടപടി എടുത്തു. രവീന്ദ്രനാഥ് അതിനെതിരെ കണ്‍ട്രോള്‍ കമ്മീഷന് പരാതി നല്‍കി. കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ സമര്‍ മുഖര്‍ജി രവീന്ദ്രനാഥിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. കമ്മീഷന്‍ റിപ്പോര്‍ട്ട് രവീന്ദ്രനാഥിന് കിട്ടി. എന്നാല്‍, രവീന്ദ്രനാഥിനനുകൂലമായ കമ്മീഷന്‍ റിപ്പോര്‍ട്ട് പാര്‍ട്ടി പുറത്തുവിട്ടില്ല. റിപ്പോര്‍ട്ടിനെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് ”What report?” എന്നാണ് അന്നത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിംഗ് സുര്‍ജിത്ത് ചോദിച്ചത്. (ഇടയ്ക്കു പറയട്ടെ പാര്‍ട്ടിയുടെ അപചയത്തിന്റെ തുടക്കം മുകളില്‍ നിന്നായിരുന്നു. സുര്‍ജിത്തില്‍ നിന്ന്.) എന്നാല്‍, കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മലയാളമനോരമയില്‍ പ്രസിദ്ധീകരിച്ചു. ആ റിപ്പോര്‍ട്ട് ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി ഒരു കമ്മീഷനെ വച്ചു. റിപ്പോര്‍ട്ട് ചോര്‍ത്തിയത് രവീന്ദ്രനാഥ് ആണെന്നായിരുന്നു കമ്മീഷന്‍ റിപ്പോര്‍ട്ട്. അതിനനുസരിച്ച് പാര്‍ട്ടി രവീന്ദ്രനാഥിനെതിരെ നടപടി എടുത്തു. (എന്നാല്‍, തനിക്ക് റിപ്പോര്‍ട്ട് ചോര്‍ത്തിത്തന്നത് രവീന്ദ്രനാഥ് അല്ല എന്ന് വ്യക്തമാക്കിക്കൊണ്ട്  വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത രാമചന്ദ്രന്‍ തന്നെ പില്‍ക്കാലത്ത് ഒരു ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്.)

രവീന്ദ്രനാഥിന് കെണി ഒരുക്കിയത് വി.എസ്.ഗ്രൂപ്പായിരുന്നു. അത് സി.ഐ.ടി.യു. ഗ്രൂപ്പിനെതിരെയുള്ള യുദ്ധമായിരുന്നു. കുറ്റക്കാരനല്ലാതിരുന്നിട്ടും രവീന്ദ്രനാഥ് ശിക്ഷ ഏറ്റുവാങ്ങി. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാക്കാന്‍ സി.ഐ.ടി.യു. പക്ഷം കണ്ടെത്തിയ കറകളഞ്ഞ കമ്മ്യൂണിസ്റ്റാണ്  രവീന്ദ്രനാഥ്. മാത്രമല്ല, പ്രധാനമന്ത്രിയാകാനുള്ള ജ്യോതിബസുവിന്റെയും സുര്‍ജിത്തിന്റെയും മോഹത്തെ വാദശരങ്ങള്‍ കൊണ്ട് കേന്ദ്രകമ്മിറ്റിയില്‍ തകര്‍ത്തെറിഞ്ഞതിന് നേതൃത്വം കൊടുത്ത നേതാവാണ്. രവീന്ദ്രനാഥ് പാര്‍ട്ടി തന്നെ ചതിച്ചു നടപടി എടുത്തപ്പോള്‍ പ്രതിഷേധിച്ചില്ല.

പക്ഷെ, വി.എസ്. എടുത്ത അതേ വാര്‍ത്താ ചോര്‍ത്തല്‍ തന്ത്രം പിണറായി ഗ്രൂപ്പ് ഇപ്പോള്‍ വി.എസിനെതിരെ ഉപയോഗിച്ചപ്പോള്‍ വി.എസ്. അതിനെ പാര്‍ട്ടി ഫോറത്തിലും പാര്‍ട്ടിയ്ക്ക് പുറത്തും എതിര്‍ത്തു. ”എനിക്കെതിരെ എന്തൊക്കെയോ നടപടികളുമായി അയാള്‍ പോവുകയാണ്.” എന്നാണ് പിണറായിയെക്കുറിച്ച് വി.എസ്. മാധ്യമങ്ങളോട് പറഞ്ഞത്. ആ വാക്കുകളിലടങ്ങിയിരുന്ന പുച്ഛത്തില്‍ പിണറായി വിജയന്‍ മാത്രമല്ല, സംസ്ഥാന സമ്മേളനം പോലും മുങ്ങിപ്പോയി എന്നതാണ് വാസ്തവം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉരുക്കുനിയമങ്ങളും കരുണയില്ലാത്ത അച്ചടക്കവും തകരച്ചെണ്ടയായി മാറുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. പാര്‍ട്ടി വിരുദ്ധന്‍ സമ്മേളന പതാക ഉയര്‍ത്തുന്നു. പ്രസീഡിയത്തില്‍ ഇരിക്കുന്നു. പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ജീവിച്ചിരിക്കുന്ന ഏകനേതാവായ, 90 വയസ്സുകഴിഞ്ഞ പടുകിഴവനെ, അയാളുടെ ചെറുമക്കളേക്കാള്‍ പ്രായക്കുറവുള്ള വിപ്ലവവായാടികള്‍ കഷണങ്ങളാക്കി പട്ടിയ്ക്കിട്ടുകൊടുക്കുവാന്‍ പറയുന്നു. പ്രിസീഡിയത്തിലുള്ള നേതാക്കന്മാരാരും ഇത്തരം വിമര്‍ശനങ്ങളെ തടയുന്നില്ല. ഒന്നര ദിവസത്തോളം വന്നവനും പോയവനും പാര്‍ട്ടിയുടെ വര്‍ഗ്ഗശത്രു താനാണെന്ന് പറയുന്നത് വി.എസ്. കേട്ടിരിക്കുന്നു. അതില്‍ ചിരപുരാതന വിമര്‍ശകരും തന്റെ പഴയകാല ചാവേറുകളുമുണ്ട്.  ഒടുവില്‍, സഹികെട്ട് വി.എസ്. സമ്മേളനം വിട്ടുപോയി. ആ പ്രവൃത്തിയാകട്ടെ, കടുത്ത അച്ചടക്കമില്ലായ്മയായി വ്യാഖ്യാനിക്കപ്പെട്ടു. വി.എസ്. പാര്‍ട്ടി വിടുന്നു എന്നും എം.എല്‍.എ. സ്ഥാനവും  പ്രതിപക്ഷ നേതൃസ്ഥാനവും രാജിവയ്ക്കുന്നു എന്നുമൊക്കെ പിണറായിയുടെ കുഴലൂത്തുകാര്‍ തന്നെ ചാനല്‍ചര്‍ച്ചകളില്‍ വരാന് പോകുന്ന വാര്‍ത്തയായി അവതരിപ്പിച്ചു. പിണറായി വി.എസ്സിനു വച്ച പുതിയ കെണിയായിരുന്നു അത്. എന്നാല്‍, വി.എസ്. അതിലും വീണില്ല. പാര്‍ട്ടി വിട്ടില്ല. പ്രതിപക്ഷ സ്ഥാനം രാജിവച്ചതുമില്ല. പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നു കൊണ്ടുതന്നെ പിണറായി വിജയന്റേയും കാരാട്ടിന്റേയും നേതൃത്വത്തെ വിമര്‍ശിക്കുന്നു. കാറ്റുമാറുന്നത് വി.എസ്. കാണുന്നുണ്ട്. കാരാട്ടിന് ഇനി ഒരു തവണ കൂടി സെക്രട്ടറിയാകാന്‍ കഴിയില്ല. പകരംവരാന്‍ സാധ്യത കല്‍പ്പിക്കുന്നത് യെച്ചൂരിക്കാണ്. കാരാട്ടിന്റെ പ്രവൃത്തികള്‍ വിമര്‍ശിക്കപ്പെടാന്‍ പോകുന്ന ദിനങ്ങളാണ് ഇനി വരാന്‍ പോകുന്നത്. (പാര്‍ട്ടിയില്‍ അങ്ങനെയാണ്. പാര്‍ട്ടി ഒരിയ്ക്കലും ശരി ചെയ്യില്ല. തെറ്റു ചെയ്യും. പത്തോ പതിനഞ്ചോ കൊല്ലം കഴിഞ്ഞ് ചെയ്ത തെറ്റ് തെറ്റായിപ്പോയി എന്നും കണ്ടെത്തും. ഇതിനിടയ്ക്ക് വേറെ നൂറുതെറ്റുകള്‍ ചെയ്തിരിക്കും. അവയെല്ലാം അടുത്ത പത്തുകൊല്ലം കഴിയുമ്പോള്‍ ഏറ്റുപറയും. അങ്ങനെ തെറ്റുചെയ്യുകയും ഏറ്റു പറയുകയും ചെയ്തുകൊണ്ട് പാര്‍ട്ടി ജീവിക്കും.)

പ്രതിപക്ഷ നേതൃസ്ഥാനത്ത് വി.എസ്.ശക്തമായി പ്രവര്‍ത്തിക്കുന്നു. ബജറ്റിനെതിരെ കത്തിക്കയറുന്നു. ഭരണപക്ഷത്തെ വാക്കുകള്‍ കൊണ്ട് കൊത്തി നുറുക്കുന്നു. സ്പീക്കര്‍ അത് രേഖകളില്‍ നിന്ന് നീക്കം ചെയ്യുമ്പോള്‍ സഭയ്ക്കുപുറത്തുവച്ച് മാധ്യമങ്ങളെ സ്പീക്കര്‍ നീക്കം ചെയ്ത ഭാഗം കേള്‍പ്പിക്കുന്നു. ശക്തന്‍ വി.എസിനു മുന്നില്‍ എത്ര ദുര്‍ബലനാണെന്ന് നാട്ടുകാരറിയുന്നു.

അപ്പോള്‍ പിണറായി വിജയനോ? കേരളം അടുത്തകാലത്ത് കണ്ടതില്‍ വച്ച് ഏറ്റവും ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തില്‍ പിണറായി വിജയന്‍ ഇടം തേടി അലയുന്നു. പ്രതിഷേധ കൊടുങ്കാറ്റ് സഭയ്ക്കുള്ളിലാണ്. അവിടെ പിണറായിയ്ക്ക് ഇടമില്ല. സഭയ്ക്കുള്ളിലെ നീക്കങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് വി.എസും കോടിയേരിയുമാണ്. കോടിയേരി പ്രതിപക്ഷ ഉപനേതാവാണ്. പി.ബി. അംഗമാണ്. സര്‍വ്വോപരി, സംസ്ഥാന സെക്രട്ടറിയാണ്. (പാര്‍ട്ടിയില്‍, സത്യത്തില്‍ പി.ബി.മെമ്പറേക്കാള്‍ എത്രയോ അധികാരമുള്ളയാളാണ് സംസ്ഥാന സെക്രട്ടറി. അതു മനസ്സിലാക്കണമെങ്കില്‍ പി.ബി.അംഗമായ എം.എ.ബേബിയെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എങ്ങനെ പരാജയപ്പെടുത്തി എന്നു നോക്കിയാല്‍ മതി.)

വിശ്വസ്തരെ തിരഞ്ഞുപിടിച്ചാണ്, സ്ഥാനമൊഴിയുന്നതിന് മുമ്പ്, പിണറായി ജില്ലാ നേതൃത്വത്തില്‍ ഇരുത്തിയിരിക്കുന്നത്. എങ്കിലും, അവരൊക്കെ ഏതും നിമിഷവും കളം മാറ്റാം. തന്റെ ആള്‍ക്കാര്‍ക്ക് മുകളില്‍ താനുണ്ടെങ്കിലേ തന്റെ ആള്‍ക്കാര്‍ തന്നോടൊപ്പം നില്‍ക്കുകയുള്ളു എന്ന് വി.എസ്സിനെപ്പോലെ പിണറായിയും പഠിച്ചു തുടങ്ങുന്നു. തനിയ്ക്കുപകരം തന്‍റെ മറ്റൊരവതാരമായ ഇ.പി.ജയരാജനെ സംസ്ഥാന സെക്രട്ടറിയാക്കാന്‍ പിണറായി ശ്രമിച്ചത് അതുകൊണ്ടാണ്.  ഇ.പി.ജയരാജനാണെങ്കില്‍ ശരീരം മാത്രമേ വലിയത് ഉള്ളു. ബുദ്ധി തീരെ കമ്മി. കഴുത്തില്‍ വെടിയുണ്ടയുമായി നടക്കുന്ന പോരാളി എന്നാണ് കുറേനാള്‍ പറഞ്ഞുനടന്നത്. ഇപ്പോള്‍, വെടിയുണ്ട അലിഞ്ഞ് ശരീരത്തില്‍ ചേര്‍ന്നു എന്ന് പറയുന്നു. രണ്ടും, സാമാന്യബുദ്ധിയുള്ള ജനം വിശ്വസിച്ചിട്ടില്ല എന്ന കാര്യം പോലും ജയരാജന് മനസ്സിലാകുന്നില്ല. സ്പീക്കറുടെ ഡയസില്‍ കയറിനിന്ന് സ്പീക്കറുടെ കസേര തള്ളിത്താഴെയിട്ടപ്പോള്‍ വിപ്ലവ പ്രസ്ഥാനം പാര്‍ലമെന്ററി വ്യാമോഹത്തിന്റെ പ്രതീകങ്ങള്‍ തച്ചുടയ്ക്കുന്നു എന്ന മനോഭാവമായിരുന്നു ജയരാജന്.

പക്ഷേ പാര്‍ട്ടി നേതൃത്വത്തിന്റെ കക്ഷി കോടിയേരിയായിരുന്നു. കോടിയേരിയ്ക്ക് നല്ല പാര്‍ലമെന്ററിയന്‍ എന്നതിനുപുറമെ നല്ല സംഘടനാശേഷിയുമുണ്ട്. സ്വന്തം പാര്‍ട്ടിയിലേയും മറ്റുപാര്‍ട്ടിയിലേയും നേതാക്കളെ ‘പരനാറി’, ‘കുലംകുത്തി’, ‘നികൃഷ്ടജീവി’ എന്ന് അംഭിസംബോധന ചെയ്യാതിരിക്കാനുള്ള വകതിരിവുണ്ട്. ചട്ടമ്പിത്തരം ധാരാളമുണ്ടെങ്കിലും കോടിയേരി അത് ചിരിച്ചുകൊണ്ടേ ചെയ്യൂ. ചിരി എന്നാല്‍, സൗമ്യമായ് – പക്ഷെ, അര്‍ത്ഥം ഒരിയ്ക്കലും മനസ്സിലാക്കാത്ത – ചിരിയാണ്. പിണറായിയുടേത് പോലെ കൊലച്ചിരിയല്ല.

മാത്രമല്ല, സംഘടനാതലത്തിലും ഇടതുപക്ഷത്തിലും പിണറായി വിജയന്‍ ഉണ്ടാക്കിയ മുറിവുകളില്‍ മരുന്നുപുരട്ടുകയും വേണം. പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. അതുപക്ഷെ, പിണറായി വിജയന്‍, സമാപന സമ്മേളനത്തില്‍ പറഞ്ഞതുപോലെ ‘ഏകശിലാരൂപ’ത്തിലല്ല. അത് കാലഹരണപ്പെട്ട സങ്കല്‍പ്പമാണ്. (‘ഏകശിലാരൂപ’ങ്ങള്‍ക്ക് ഇപ്പോള്‍ മ്യൂസിയത്തില്‍ പോലും ഡിമാന്റില്ല.)

പാര്‍ട്ടിയുടെ ആവശ്യത്തിനു പുറമേ, കോടിയേരിക്ക് സ്വന്തം അജണ്ടയുണ്ട്. അത് പാര്‍ട്ടിയില്‍ തന്റെ യുഗത്തിന് വഴി തുറക്കുന്നതാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഒരു വഴി തുറക്കുക എന്നതിനര്‍ത്ഥം മറ്റുവഴികളൊക്കെ അടയ്ക്കുക എന്നതാണ്. ഒരു നേതാവിന്റെ ഉദയം മറ്റുള്ളവരുടെ ഒക്കെ അസ്തമയം ആണ്. അതാണ് വി.എസ്. ചെയ്തത്. അതാണ് പിണറായി ചെയ്തത്.  അതാണ് കോടിയേരി ചെയ്യാന്‍ പോകുന്നത്.

കോടിയേരിയ്ക്ക് മുന്നിലെ തടസ്സം വി.എസ്.അല്ല. ഒരിക്കലും ആയിരുന്നുമില്ല. വി.എസ്.മന്ത്രിസഭയുടെ കാലഘട്ടത്തില്‍ പോലും വി.എസും കോടിയേരിയുമായി നല്ല ബന്ധം തന്നെ നിലനിന്നിരുന്നു. വി.എസ്. ഇനി എത്രനാള്‍ എന്ന ആത്യന്തികമായ സത്യവും ഈ മനോഭാവത്തിനു കാരണമാകാം.

കോടിയേരിയുടെ ശത്രു പിണറായിയാണ്. പിണറായി അധികാരകേന്ദ്രമായി മാറുന്നതു തടയാന്‍ കഴിയണം. കണ്ണൂരില്‍ നിന്ന് രണ്ടു സിംഹങ്ങള്‍ വേണ്ട. (എ.കെ.ആന്റണിയുടെ വലംകൈ എന്ന് ജനം കരുതിയിരുന്ന ഉമ്മന്‍ചാണ്ടി നിര്‍ണ്ണായക നിമിഷത്തില്‍ ആന്റണിയെ പിന്നില്‍ നിന്ന് കുത്തി കേരള രാഷ്ട്രീയത്തില്‍ നിന്നു തന്നെ പുറത്താക്കിയതിനു സമാനമായ നീക്കങ്ങളാണ് കേരളം ഉറ്റുനോക്കുന്നത്.) ഒന്‍പതുകൊല്ലങ്ങള്‍ക്ക് മുമ്പ് കോടിയേരി നടത്തിയ ശത്രുസംഹാരപൂജയുടെ ഫലം വരാനിരിക്കുന്നതേയുള്ളു. സഖാക്കള്‍ പലരും ദൈവവിശ്വാസികളാണ്. ഇ.എം.എസ്. ജീവിച്ചിരുന്ന കാലത്തുപോലും സഖാവിന്റെ ഊണുമുറിയിലെ ചുവരില്‍ ഹിന്ദുദൈവങ്ങളുടെ  ചിത്രങ്ങള്‍ ഒട്ടിച്ചിരുന്നു എന്ന സത്യം എത്രപേര്‍ക്കറിയാം?

കാര്യങ്ങളുടെ പോക്ക് അത്ര നല്ല വഴിക്കല്ല എന്ന് മറ്റാരേക്കാളും നന്നായി പിണറായിക്കറിയാം. സംഘടനാ സംവിധാനത്തില്‍ പിണറായിക്കിനി മേല്‍ക്കയറ്റമില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്നതൊക്കെ ബാലികേറാമലയാണ്. ദില്ലിയില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആക്കിയിട്ട് ദശാബ്ദങ്ങളായി. സംസ്ഥാന സെക്രട്ടറിയല്ലാതായ സ്ഥിതിക്ക് ദില്ലിയില്‍ പിണറായിക്ക് അധികമൊന്നും ചെയ്യാനില്ല. കോടിയേരിയുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതില്‍ ഭാഗമാകാം. അത്രതന്നെ.

പിന്നീടുള്ളത് പാര്‍ലമെന്ററി ലോകമാണ്. അതിന്റെ രുചി ഒന്നുവേറെയാണ്. അതുകൊണ്ടാണ് സംസ്ഥാന സമ്മേളനത്തില്‍ വി.എസിനെ സകല സംഘടനാ മര്യാദകളും മാറ്റിവച്ച് കടന്നാക്രമിച്ചത്. പാര്‍ട്ടി സ്ഥാനവും എം.എല്‍.എ. സ്ഥാനവും രാജിവയ്ക്കുന്ന സാഹചര്യത്തിലേക്ക് വി.എസിനെ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. അതു സംഭവിച്ചിരുന്നെങ്കില്‍ മലമ്പുഴയില്‍ നിന്നു തന്നെ പിണറായി മത്സരിച്ചേനെ. ജയിച്ച പിണറായി പ്രതിപക്ഷ നേതാവാകും. അടുത്ത തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകും. കോടിയേരി പാര്‍ട്ടി സെക്രട്ടറിയായി മാത്രം ഒതുങ്ങും. തന്റെ എക്കാലത്തെയും പാര്‍ലമെന്ററി മോഹം ഒരു പൂവിരിയുന്ന അത്ര നാച്ച്വറലായി  നിറവേറ്റപ്പെടും.

പക്ഷേ, വളരെ വിശദമായ കണക്കുകൂട്ടലുകളിലൂടെ വി.എസ്. അത് മുളയിലേ നുള്ളി. അതോടെ, സാങ്കേതികമായി പിണറായി വിജയന് പ്രസക്തി കുറഞ്ഞു. സര്‍ക്കാരിനെതിരെയുള്ള നീക്കങ്ങളെക്കുറിച്ച് വി.എസ്. പറയും. പാര്‍ട്ടി പരിപാടി കോടിയേരി പറയും. ഇടതുപക്ഷത്തിന്റെ കാര്യം  വൈക്കം വിശ്വന്‍ പറയും. അപ്പോള്‍ പിണറായി എന്തു പറയും? അതാണ്, വാസ്തവത്തില്‍, പിണറായി ഇന്നനുഭവിക്കുന്ന ശ്വാസംമുട്ടല്‍. കഴിഞ്ഞ 15 കൊല്ലത്തിലേറെ എന്നും മാധ്യമങ്ങളിലും വിവാദങ്ങളിലും നിറഞ്ഞുനിന്നയാളാണ്. ഇന്ന് മാധ്യമങ്ങളില്‍ നിന്ന് പിണറായി ഏറെക്കുറെ മാഞ്ഞുപോയിരിക്കുന്നു. പക്ഷെ, ഇടംതേടിയുള്ള പിണറായി വിജയന്റെ ശ്രമങ്ങള്‍ തുടരുന്നു. അതുകൊണ്ടാണ് നിയമസഭയില്‍ ബജറ്റവതരണത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളെക്കുറിച്ച് പ്രതിപക്ഷ നേതാവും സംസ്ഥാന സെക്രട്ടറിയും ഇടതു മുന്നണി കണ്‍വീനറും പത്രസമ്മേളനം നടത്തിയതിനു പുറമെ, പിണറായിയും പത്രങ്ങളെക്കണ്ടത്. (പുതിയ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍  പത്രസമ്മേളനം നടത്തിയതിനു പുറമെ പന്ന്യന്‍ രവീന്ദ്രന്‍ പത്രസമ്മേളനം നടത്തിയില്ല എന്ന കാര്യം പ്രത്യേം ശ്രദ്ധാര്‍ഹമാണ്.)

ഏറെ കൗതുകകരമായി തോന്നിയത് പിണറായി വിജയന്‍ ഗവര്‍ണറുടെ റിപ്പോര്‍ട്ടിനെ ന്യായീകരിച്ചുകൊണ്ട് സംസാരിച്ചതാണ്. ബി.ജെ.പി. നോമിനിയാണെങ്കിലും ഭരണഘടനയുടെ 356-ാം അനുച്ഛേദത്തെക്കുറിച്ച് ഗവര്‍ണറുടെ റിപ്പോര്‍ട്ടിന്‍മേലുള്ള പരാമര്‍ശത്തെ പിണറായി ന്യായീകരിച്ചു. ഒരു കമ്മ്യൂണിസ്റ്റുകാരന് ചെകുത്താന്‍ എന്നതുപോലെയാണ് 356-ാം വകുപ്പ്. കേരളത്തിലെ ആദ്യത്തെ ഇ.എം.എസ്. മന്ത്രിസഭയെ പിരിച്ചുവിട്ടത് ഈ വകുപ്പുപയോഗിച്ചാണ്. അന്നു മുതല്‍ ഇന്നുവരെ ഒരു കമ്മ്യൂണിസ്റ്റ് നേതാവും 356-ാം വകുപ്പിനെ അനുകൂലിച്ച് സംസാരിച്ചിട്ടില്ല. എല്ലാ ഘട്ടങ്ങളിലും അതിന്റെ ഉപയോഗത്തെ എതിര്‍ത്തിട്ടുള്ള ഒരു പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗവും 15 വര്‍ഷത്തിലേറെ സംസ്ഥാന സെക്രട്ടറിയുമായിരുന്ന ഒരാളാണ് പരസ്യമായി 356-ാം വകുപ്പിനെ ന്യായീകരിച്ച് സംസാരിച്ചത്.

വാസ്തവത്തില്‍ അത് പിണറായി വിജയന്റെ ഒരു മോഹമായിരുന്നു. ഗവര്‍ണ്ണര്‍ 356-ാം വകുപ്പ്  അനുസരിച്ച് കേരള നിയമസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യുകയും കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു എന്നിരിക്കട്ടെ. എന്നാല്‍ ആറു മാസത്തിനുള്ളില്‍ നിയമസഭാ തിരഞ്ഞെടുപ്പ്.  താന്‍ സ്ഥാനാര്‍ത്ഥി. ഇടതുപക്ഷം ജയിക്കും. അത് ഇടതുപക്ഷത്തിന്റെ മേന്മ കൊണ്ടോ, താന്‍ ഏകശിലാരൂപത്തിലാക്കി ശവപ്പെട്ടിയിലാക്കിയ പാര്‍ട്ടിയുടെ കരുത്തുകൊണ്ടോ ആകില്ല. മറിച്ച് യു.ഡി.എഫിനോടുള്ള വെറുപ്പ് കൊണ്ടായിരിക്കും. അങ്ങനെയായാല്‍, താന്‍ മുഖ്യമന്ത്രി. പാര്‍ട്ടി സെക്രട്ടറിയേക്കാള്‍ എത്രയോ വലുതാണ് സംസ്ഥാന മുഖ്യമന്ത്രി പദവി.

പക്ഷെ, പിണറായി ഒഴിച്ച് കേരളത്തിലെ ഒരൊറ്റ രാഷ്ട്രീയ നേതാവും ഗവര്‍ണറുടെ റിപ്പോര്‍ട്ടിനെ ന്യായീകരിച്ചില്ല. അതോടെ വിടരുംമുമ്പേ ഒരു സ്വപ്നം കൊഴിഞ്ഞു. ഇനിയും 14 മാസക്കാലം കാത്തിരിക്കണം. അടുത്ത തിരഞ്ഞെടുപ്പിന്. അതിനിടയ്ക്ക് കോടിയേരി ചെയ്യേണ്ടതെല്ലാം ചെയ്തിരിക്കും. അടുത്ത മുഖ്യമന്ത്രിയായി കോടിയേരി വന്നാല്‍ അത്ഭുതമില്ല. പാര്‍ട്ടി സെക്രട്ടറിയായിരിക്കെയാണ് 1996-ല്‍ നായനാര്‍ മൂന്നാമതും മുഖ്യമന്ത്രിയായത്. സംസ്ഥാന സെക്രട്ടറി എന്ന പദവിയേക്കാള്‍ എത്രയോ വലിയ പദവിയും അധികാരകേന്ദ്രവുമാണ് സംസ്ഥാന മുഖ്യമന്ത്രി എന്ന സത്യം നായനാരെപ്പോലെ തന്നെ കോടിയേരിക്കും അറിയാം. കോടിയേരിക്ക് അറിയാമെന്ന കാര്യം പിണറായിക്കുമറിയാം. അതാണ് പിണറായിയുടെ വ്യഥ. ആ വ്യഥ വല്ലാതെ അലട്ടുമ്പോഴാണ്, പ്രസക്തിയില്ലാത്ത പത്രസമ്മേളനങ്ങള്‍ നടത്തുന്നതും രാഷ്ട്രീയമായി ചിന്തിക്കാന്‍  പോലും കഴിയാത്ത കാര്യങ്ങള്‍ പിണറായി വിജയന്‍ വാദിച്ചു പറയുന്നതും.

ഇതൊരു വിചിത്രമായ കാഴ്ചയാണ്. ശവവാഹനത്തിന്റെ സ്റ്റിയറിംഗ് കോടിയേരിയുടെ കൈയ്യിലാണ്. ശവമഞ്ചത്തിനകത്തോ പുറത്തോ ഇടംതേടി പിണറായി വിജയന്‍ അകത്തുംപുറത്തുമായി ഓടിനടക്കുന്നു. ഘോഷയാത്രയ്ക്കു മുന്നില്‍ കൈവീശി വി.എസ്. നടക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍