UPDATES

എസ്എന്‍ഡിപിയുടെ പോക്ക് ശരിയായ ദിശയിലല്ല; വെള്ളാപ്പളിയെ വേദിയിലിരുത്തി പിണറായിയുടെ വിമര്‍ശനം

അഴിമുഖം പ്രതിനിധി

എസ്എന്‍ഡിപി യോഗത്തിന്റെ പ്രവര്‍ത്തനം ശരിയായ ദിശയിലല്ലാ പോകുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗത്തിനെതിരെയുള്ള വിമര്‍ശനം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വേദിയിലിരുത്തി കൊണ്ടാണ് മുഖ്യമന്ത്രി നടത്തിയത്. വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ പ്രസ്ഥാനത്തിനുണ്ടാകുന്ന വീഴ്ച്ചയും എസ്എന്‍ഡിപി യോഗത്തിന്റെ കീഴിലുളള കോളേജുകളില്‍ തലവരിപ്പണം വാങ്ങുന്നതിനെതിരെയുമാണ് വെള്ളാപ്പള്ളിയടക്കമുള്ള എസ്എന്‍ഡിപി നേതാക്കളെ സാക്ഷിയാക്കി പിണറായി ചൂണ്ടിക്കാട്ടിയത്. പുനലൂര്‍ എസ്എന്‍ കോളേജില്‍ സംഘടിപ്പിച്ച ട്രസ്റ്റിന്റെ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി.

ശ്രീനാരായണ ധര്‍മ്മത്തിന് വിപരീതമായാണ് പ്രസ്ഥാനം പോകുന്നത്. ചില കോളേജ് മാനേജ്‌മെന്റുകള്‍ പണം വാങ്ങി പ്രവേശനം നടത്തുകയാണ്. മുന്‍പ് പണം വാങ്ങാതിരുന്നവരും ഇപ്പോള്‍ പണം വാങ്ങുകയാണ്. ഇതോടെ പണമില്ലാത്തവര്‍ക്ക് പഠനം നിഷേധിക്കപ്പെടുന്ന അവസ്ഥയാണ്. കോളേജുകളില്‍ തലവരിപ്പണം വാങ്ങുന്നത് അഴിമതിയായി തന്നെ കാണണം. ഇത് അവസാനിപ്പിക്കണണം; പിണറായി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

എന്നാല്‍ തുടര്‍ന്നു സംസാരിക്കാന്‍ എത്തിയ വെള്ളാപ്പള്ളി പിണറായിയുടെ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാന്‍ നില്‍ക്കാതെ മാറി മാറി വന്ന സര്‍ക്കാരുകള്‍ എസ്എന്‍ ട്രസ്റ്റിനെ അവഗണിക്കുകയാണെന്ന പൊതുവിമര്‍ശനം മാത്രമാണ് നടത്തിയത്. ആര്‍.ശങ്കറിന്റെ കാലത്തിനുശേഷം മൂന്ന് കോളേജുകള്‍ മാത്രമാണ് ട്രസ്റ്റിന് ലഭിച്ചതെന്നാണ് സര്‍ക്കാരുകളുടെ അവഗണനയ്ക്കുള്ള ഉദ്ദാഹരണമായി വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍