UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായി മുഖ്യമന്ത്രിയാകും; വി എസ് ആരാകുമെന്നാണ് ഇനി അറിയേണ്ടത്

Avatar

ഡി ധനസുമോദ്

പിണറായി വിജയന് മുഖ്യമന്ത്രി കസേരയിലെക്കുള്ള ദൂരം ഇനി മണിക്കൂറുകള്‍ മാത്രം. നേരത്തെ തയാറാക്കിയ തിരക്കഥയുടെ അവസാന ഭാഗമായി ഇന്നു ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലായിരിക്കും ഇക്കാര്യം ഔദ്യോഗികമായി തീരുമാനിക്കപ്പെടുന്നത്. പിന്നീട് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി അയച്ചു കൊടുക്കും.

സംസ്ഥാന കമ്മിറ്റിയില്‍പ്പോലും വി എസിന് പിന്തുണയ്ക്കാന്‍ ആളില്ലാത്തതിനാല്‍ സ്വാഭാവികമായും പാസാക്കപ്പെടും. വി എസിനെ പിന്തുണയ്ക്കുന്ന പൊതു ജനങ്ങള്‍ക്ക് ഈ കമ്മിറ്റികളില്‍ അംഗത്വം ഇല്ലാത്തതിനാല്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ഉണ്ടാകുകയുമില്ല.

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ സമയം പാഴാക്കിയാല്‍ വിഎസിന്റെ കാര്യം മാധ്യമങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്യും എന്നതിനാലാണ് ഫലപ്രഖ്യാപനം ഉണ്ടായി 24 മണിക്കൂറിനുള്ളില്‍ തന്നെ സംസ്ഥാനത്ത് തീരുമാനം ഉണ്ടാകുന്നത്.

പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടിന്റെയും എസ്. രാമചന്ദ്രന്‍ പിള്ളയുടെയും എതിര്‍പ്പ് മറികടന്ന് ബംഗാളില്‍ കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ധാരണ പരാജയപ്പെടതോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വി എസിന്റെ കാര്യത്തില്‍ നിസഹായനാണ്. വിഎസിന് കവചമായി നില്‍ക്കുന്ന യെച്ചൂരിക്ക് സംസ്ഥാന ഘടകത്തിന്റെ തീരുമാനം അംഗീകരിക്കേണ്ടി വരും. ബിജെപി സ്ഥാപക നേതാവ് എല്‍ കെ അദ്വാനിയെ മാര്‍ഗദര്‍ശകനായി മൂലയ്ക്കിരുത്തി നരേന്ദ്ര മോദിയെ പ്രധാനമന്ത്രി ആക്കിയത് പോലുള്ള നീക്കത്തിനാണ് സിപിഎമ്മും തയ്യാറെടുക്കുന്നത്. ഇതിലെ വൈരുധ്യം ബിജെപിയുടെ കാമ്പയിന്‍ നയിച്ചത് മോദി ആയിരുന്നു, ഇവിടെ വിഎസും. വിഎസിന്റെ ജനപിന്തുണയും ചാട്ടുളി പോലുള്ള പ്രസംഗവും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരായ കടന്നാക്രമണവുമാണ് സത്യത്തില്‍ കൈവിട്ടു പോയ ഇടതു പ്രചരണത്തെ തിരിച്ചു പിടിച്ചത്.

വിഎസിനെതിരായ പ്രമേയം നിലനില്‍ക്കുന്നുണ്ടെന്ന് പിണറായി വിജയന്‍ തെരഞ്ഞെടുപ്പു കാലത്ത് പറഞ്ഞപ്പോള്‍ വിഎസ് സംയമനം പാലിക്കുകയാണ് ചെയ്തത്. അത് പോലെ പിണറായി വിജയന്‍ മുഖ്യമന്ത്രി ആകുന്ന തീരുമാനത്തോടും വിഎസ് സംയമനം പാലിക്കുമെന്നാണ് പാര്‍ട്ടി കരുതുന്നത്. പത്തുവര്‍ഷം മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം ചര്‍ച്ചക്ക് വന്നപ്പോള്‍ വിഎസിനെ മുഖ്യമന്ത്രി ആക്കണം എന്ന് പത്തു ജില്ലാക്കമ്മറ്റിയിലും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ വിഎസിനോട് താത്പര്യമുള്ളവര്‍ കുറവായതിനാല്‍ പിണറായിക്ക് കാര്യങ്ങള്‍ ഇത്തവണ എളുപ്പമാകും. വിഎസിനോട് അനുഭവം പുലര്‍ത്തുന്ന പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പോലും പാര്‍ട്ടിക്കുള്ളില്‍ അപ്രസക്തനായി കഴിഞ്ഞു.

ചിരി മാത്രമല്ല മൗനം പോലും വന്‍പ്രഹരശേഷിയുള്ള ആയുധമാക്കാന്‍ കഴിവുളള വിഎസിന്റെ അടുത്ത നീക്കത്തിനാണ് പൊതുജനതോടൊപ്പം സിപിഐഎമ്മും മാധ്യമ ലോകവും കാതോര്‍ത്തിരിക്കുന്നത്.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍