UPDATES

എന്‍ കെ ഭൂപേഷ്

കാഴ്ചപ്പാട്

വരട്ടുവാദം

എന്‍ കെ ഭൂപേഷ്

ട്രെന്‍ഡിങ്ങ്

എന്‍ഡിഎ ആയതുകൊണ്ടുമാത്രം ‘നികൃഷ്ടരല്ലാത്ത’ പലരുണ്ട് സിപിഎമ്മിന്, തുഷാറുമാര്‍ക്ക് വേണ്ടി തുടിക്കുന്ന ഇടതു ഹൃദയങ്ങള്‍

തുഷാറിന് വേണ്ടിയുള്ള ഇടപെടല്‍ ഒരു തുടര്‍ച്ച

തെളിയിക്കപ്പെടുന്നതുവരെ ഒരു കുറ്റവും കുറ്റമല്ലെന്ന ലോജിക്ക് ചിലര്‍ക്ക് മാത്രം ബാധകമാണ്. അതുകൊണ്ടാണ് ചെക്ക് തട്ടിപ്പ് കേസായിട്ട് പോലും കേരളത്തിന്റെ മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ എൻ ഡി എ കണ്‍വീനര്‍ തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി കാലവിളംബമന്യേ ഇടപെട്ടു കളഞ്ഞത്. സാധ്യമായ എല്ലാ രീതിയിലും ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രിക്ക് കത്തെഴുതിയത്. എല്ലാരും കൂടി ഇടപെട്ടു, കേരളത്തിലെ പൊലീസ്, തുഷാറിനാൽ പറ്റിക്കപ്പെട്ടുവെന്ന് പറയുന്നയാളുടെ വീട്ടില്‍ ചെല്ലുന്ന അവസ്ഥ പോലുമുണ്ടായി.

കേരളത്തില്‍, യാതൊരു വിട്ടുവിഴ്ചയുമില്ലാതെ സംഘ്പരിവാര്‍ വിരുദ്ധ രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകുന്ന നേതാവെന്ന ഒരു പ്രതിച്ഛായ ഉണ്ട് പിണറായി വിജയന്. ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കെതിരെ അദ്ദേഹത്തിന്റെ നിലപാടുകള്‍ കണിശവും വിട്ടൂവിഴ്ചയില്ലാത്തുതുമാണ്. ശബരിമല വിധിക്കുശേഷം കേരളം ഇത് കണ്ടതാണ്. പിണറായി വിജയന്റെ ഈ രാഷ്ട്രീയത്തെ മനസ്സിലാക്കിയവരാണ് അദ്ദേഹം എന്‍ഡിഎ കണ്‍വീനറായ തുഷാര്‍ വെള്ളാപ്പള്ളിയെ തട്ടിപ്പ് കേസില്‍ അറസ്റ്റിലായപ്പോള്‍ മോചിപ്പിക്കാന്‍ ശ്രമിച്ചത് കണ്ട് ഞെട്ടിത്തരിച്ചത്. എന്നാൽ അത്ര ലളിതമായി കാണാവുന്നതല്ല, എല്ലാ സംഭവങ്ങളും.

സംഘ്പരിവാറിനോടും അതിനോടു ചേര്‍ന്നു നില്‍ക്കുന്നവരെയും എതിര്‍ക്കുമെങ്കിലും അതില്‍പ്പെട്ട എല്ലാവരോടും ഒരേ സമീപനം അല്ല പിണറായി നേരത്തെയും സ്വീകരിച്ചത്. ചിലരോട് പ്രത്യേക സമീപനമുണ്ട് അദ്ദേഹത്തിന്. അതും കേരളം കണ്ടതാണ്.

അല്‍ഫോണ്‍സ് കണ്ണന്താനം ഒന്നാം മോദി സര്‍ക്കാരില്‍ മന്ത്രിയായപ്പോള്‍ അദ്ദേഹം സ്വീകരിച്ച സമീപനം അതായിരുന്നു. രാഷ്ട്രീയ വിരോധികളുടെ മന്ത്രിസഭയില്‍ അംഗമാകുമ്പോഴും, കേരള ഹൗസില്‍ വിളിച്ച് അദ്ദേഹത്തിന് സ്വീകരണം നല്‍കാനുള്ള മഹാമനസ്‌കത പിണറായി വിജയന്‍ കാണിക്കുകയുണ്ടായി. അന്ന് പിണറായിയുടെ രാഷ്ട്രീയ വിശാലതയില്‍ മനസ്സ് നിറഞ്ഞവനാണ് കണ്ണന്താനം.

കേരളത്തിലെ ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ അദ്ദേഹത്തിന്റെ പൊതു ജീവിതത്തിന്റെ 50-ാം വര്‍ഷത്തിലേക്ക് കടന്നപ്പോഴും പിണറായി വിജയന്‍ അദ്ദേഹത്തെ സ്‌നേഹം അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തുഷാറിനോട് കാണിക്കുന്നതില്‍ അത്ര് വലിയ രാഷ്ട്രീയ അത്ഭുതപെടലുകള്‍ അനാവിശ്യമാണ്.  അതിനു പിന്നിലെന്താണെന്ന മനസ്സിലാക്കിയാൽ തീരാവുന്നതെ ഉള്ളൂ ഈ അത്ഭുതപ്പെടലുകള്‍.

രാഷ്ട്രീയ വെല്ലുവിളികളെ എങ്ങനെ നേരിടണമെന്ന് ചര്‍ച്ച ചെയ്യുന്ന സംസ്ഥാന സമിതി യോഗം തുടരുന്നതിനിടെയാണ് പിണറായി വിജയന്‍ തുഷാറിന് വേണ്ടി മന്ത്രി ജയശങ്കറിന് കത്തയച്ചതെന്നത് യാദൃശ്ചികമാണെങ്കിലും അതിന്റെ സാഹചര്യം പരിഗണിക്കാതിരുന്നുകൂട.

തുഷാറിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ബിഡിജെഎസ്സുമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലായിരിക്കണം ചെക്ക് കേസില്‍ ബിജെപി ഇടപെടാന്‍ ആദ്യം മടിച്ചത്.  ഈ സാഹചര്യത്തിലാണ്  പിണറായി വിജയന്‍ തന്റെ മാസ്റ്റര്‍ സ്‌ട്രോക്ക് നടത്തിയത്. അതോടെ തുഷാറിന് വേണ്ടി പറയാതിരിക്കാന്‍ പറ്റാത്ത അവസ്ഥയായി ബിജെപിയ്ക്ക്. അവരും പ്രസ്താവന നടത്തി. അങ്ങനെ വണ്ടിചെക്ക് നല്‍കി ഒരാളെ പറ്റിച്ചുവെന്ന കേസില്‍ വിദേശത്ത് ജയിലിലായ ഒരാള്‍ക്ക് വേണ്ടി കേരളത്തിന്റെ രാഷട്രീയ നേതൃത്വം ഒന്നിച്ചു. ഇത്തരം ഒരുമിക്കല്‍ അത്യപൂര്‍വമാണ് കേരളത്തില്‍.

എത്രതന്നെ വര്‍ഗീയത പറഞ്ഞാലും, രാഷ്ട്രീയ എതിരാളിള്‍ക്കൊപ്പം ചേര്‍ന്നാലും തുഷാറിനെ പിണറായിക്ക് മുന്നില്‍ വ്യതിരക്തനാക്കുന്ന ഒരു സാമൂഹ്യ മൂലധനം അദ്ദേഹത്തിനുണ്ട്. എസ് എന്‍ ഡി പിയോഗത്തിന്റെ നേതാവാണെന്നതിലൂടെ കൂടി കൈവന്നതാകണം അത്.  ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള പ്രസ്ഥാനത്തെ നയിക്കുന്നവന്‍ എത്ര വലിയ വര്‍ഗീയവാദിയായാലും വഞ്ചനാ കേസില്‍ ആരോപിതനായാലും ആ സാമൂഹ്യ മൂലധനത്തെ വിട്ടുകളയാന്‍ സിപിഎമ്മിന് ആവില്ല. ലോക്‌സഭ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് ശേഷം നടത്തിയ ഗൃഹസന്ദര്‍ശനങ്ങളില്‍നിന്ന് നേരത്തെ തന്നെ അറിയാവുന്ന പാഠം ഒന്നു കൂടി പാർട്ടിക്ക് ബോധ്യപ്പെട്ടുകാണും. അതുകൊണ്ടാണ് രണ്ട് മലയാളികള്‍ ഉള്‍പെട്ട കേസില്‍ ഒരു മലയാളിക്ക് വേണ്ടി ഇടപെടുന്നതെങ്ങനെ എന്ന ഒരു സംശയവും പിണറായി വിജയന് ഉണ്ടാവാതിരുന്നത്. നാസിലിന് അങ്ങനെ പരിഗണിക്കപ്പെടേണ്ടതായി ഒന്നുമില്ല.

കേരളത്തിന്റെ നവോത്ഥാനത്തിന് തിരിച്ചടിയേറ്റുവെന്നും അതിനെ മുന്നോട്ടുകൊണ്ടുപോകണമെന്നും ഇടതുസര്‍ക്കാര്‍ തീരുമാനിച്ചത് ശബരിമല വിധിയുടെ പശ്ചാത്തലത്തിലായിരുന്നു. നവോത്ഥാനം മുന്നോട്ടുകൊണ്ടുപോകാന്‍ രൂപികരിച്ച സമിതിയുടെ നേതാവാക്കാന്‍ പിണറായി വിജയന്‍ വെള്ളാപ്പള്ളി നടേശനെയാണ് കണ്ടെത്തിയത്. നായാടി മുതലുള്ളവര്‍ ഹിന്ദുക്കളാണെന്നും അവര്‍ മുതല്‍ നമ്പൂതിരിവരെയുള്ളവര് സംഘടിച്ച് ഹിന്ദുക്കള്‍ ശക്തരാകണമെന്നും പറഞ്ഞ വെള്ളാപ്പള്ളിയെ നവോത്ഥാനം മുന്നോട്ടു കൊണ്ടുപോകാന്‍ തെരഞ്ഞെടുത്തതും നേരത്തെ സൂചിപ്പിച്ച സാമൂഹ്യ മൂലധനത്തിന്റെ അടിസ്ഥാനത്തിലാണ്. എല്ലാ തെരഞ്ഞെടുപ്പിലും വലിയ വീരവാദമുഴക്കുമെങ്കിലും അദ്ദേഹം പിന്തുണച്ച സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് അപൂര്‍വമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും വെളളാപ്പള്ളിയെ ഒഴിവാക്കാന്‍ സിപിഎമ്മിന് കഴിയില്ല, അതിനും കാരണം സാമൂഹ്യ മൂലധനമാണ്. ഇത് സംഘടനയ്ക്ക് ഇത് ഗുണം ചെയ്യുമെന്ന് സിപിഎമ്മിനും പിണറായി വിജയനും അറിയാം.

വെള്ളാപ്പള്ളിക്കെതിരായ മൈക്രോ ഫൈനാന്‍സ് കേസിന്റെ അന്വേഷണത്തിലും ഈ പരിഗണന കാണാം. കേരളീയ നവോത്ഥാനം പ്രഹസനമായി ആവര്‍ത്തിക്കുന്നതിന്റെ ഉദാഹരണമായി ഏതെങ്കിലും വ്യക്തിയെ കാണിക്കാമെങ്കില്‍ വെള്ളാപ്പള്ളി നടേശനെ പോലെ അതിന് പറ്റുന്ന ആളെ വെറെ കാണില്ല. അദ്ദേഹം കേരളത്തിൽ നടത്തിയ പൊതു ഇടപെടലുകളിലൂടെ കണ്ണോടിച്ചാൽ ഇത് ബോധ്യമാകും. പക്ഷെ അങ്ങനെ ലളിതമായി മനസ്സിലാക്കലല്ല, ഇടതുപക്ഷത്തിൻ്റെ പാർലമെൻ്ററി രാഷ്ട്രീയം.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ കാരണങ്ങള്‍ തേടി സിപിഎം നേതാക്കള്‍ വീടുകള്‍ സന്ദര്‍ശിച്ചതിന് ശേഷം കോടിയേരി ബാലകൃഷ്ണന്‍ എഴുതിയ ലേഖനത്തില്‍ പ്രതിഫലിച്ചത് അഗ്രഹാരങ്ങളിലെ വേദനകളായിരുന്നു. മറ്റാരും വേദനിക്കാത്തതുകൊണ്ടല്ല, ആ വേദനകള്‍ക്ക് പിന്നില്‍ ഒരു സാമൂഹ്യ മുലധനം ഉണ്ട് എന്നതുകൊണ്ടാണ് അത് പാർട്ടി സെക്രട്ടറിയെ വേദനിപ്പിച്ചത്. അതുവിട്ടൊരു കളി കളിക്കാന്‍ സിപിഎം തയ്യാറല്ല. അതുകൊണ്ടാണ് നാസിലും തുഷാറും തമ്മിലുള്ള തര്‍ക്കത്തില്‍ തുഷാറിന് വേണ്ടി കേരള മുഖ്യമന്ത്രി ചാടി ഇറങ്ങുന്നത്. തുഷാര്‍ കൂടുതല്‍ സമനാണ്. അതാണ് ഇ പി ജയരാജന്‍ യാതൊരു ശങ്കയുമില്ലാതെ പറഞ്ഞത്. ഗള്‍ഫില്‍ ജയിലില്‍ കിടക്കുന്ന മറ്റുള്ള ആളുകളെ പോലെയല്ല, തുഷാറെന്ന്.
ഈ പരിഗണനയൊന്നും സി കെ ജാനുവിനും കിട്ടില്ല. അവരും നേരത്തെ എന്‍ഡിഎയിലായിരുന്നു. ഒരു കാറുവാങ്ങിയെന്നതിന്റെ പേരില്‍ പോലും സാമുഹ്യമാധ്യമങ്ങളിലെ സിപിഎമ്മുകാരില്‍നിന്ന് തെറി കേള്‍ക്കാനായിരുന്നു അവര്‍ക്ക് വിധി. അവിടെയും പ്രശ്‌നം സാമൂഹ്യമൂലധനത്തിന്റെതാണ്. അങ്ങനെ പരിഗണിക്കപ്പെടേണ്ട ഒരു സംഗതി ജാനുവുമായി ബന്ധപ്പെട്ട് ഇല്ലെന്ന് സിപിഎമ്മിന് അറിയാം. അതുകൊണ്ട് സംഘ്പരിവാറിനെതിരായ പ്രതീതി യുദ്ധം ജാനുവിനെതിരെ അന്ന് നടത്തിയത്.

തുഷാര്‍ വെള്ളാപ്പള്ളിയോട് പിണറായി വിജയന്‍ പ്രത്യേകമായി എന്തെങ്കിലും ഔദാര്യം കാണിച്ചുവെന്ന് പറയുന്നത് ശരിയല്ല. സിപിഎം നേരത്തെ തുടരുന്ന ഒരു കാര്യം അദ്ദേഹം ആവര്‍ത്തിച്ചുവെന്ന് മാത്രം. ഇതിന്റെയെല്ലാം പിന്നില്‍ ഒരു കാര്യമെ ഉള്ളൂ. സാമൂഹ്യ മൂലധനമുള്ളവര്‍ അതില്ലാത്തവരെ പോലെയല്ല, അവര്‍ കൂടുതല്‍ സമന്മാരാണ് കേരളത്തിലെ സിപിഎമ്മിന്.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Read: ചിദംബരത്തെ പൂട്ടിയത് ആഘോഷമാക്കുന്നവര്‍ ഓര്‍ക്കുക; ഇരുപത് കോടിയുടെ തട്ടിപ്പ് കേസില്‍ ദുബായില്‍ അകത്തായത് രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച എന്‍ ഡി എ കേരള കണ്‍വീനറാണ്

എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍