അഴിമുഖം പ്രതിനിധി
പാഠപുസ്തകം വിദ്യാഭ്യാസ വകുപ്പിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ ഔദാര്യമല്ലെന്നും അത് വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്നും സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം ലാഭക്കൊതിയന്മാരുടെ കച്ചവടത്തിനായി വിട്ടുകൊടുക്കാനുള്ളതല്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരും അതിന്റെ വിദ്യാഭ്യാസവകുപ്പും നടത്തുന്നത് കാട്ടുകൊള്ളയാണ്. ആ കൊള്ളക്കാരുടെ കൈയില്‍നിന്ന് വിദ്യാഭ്യാസമേഖലയെ മോചിപ്പിക്കാനുള്ള വികാരത്തിന്റെ പ്രകടനം കൂടിയാണ് വിദ്യാര്‍ഥിസമരം. ലാത്തികൊണ്ടും ജലപീരങ്കിയും കണ്ണീര്‍വാതകവും കൊണ്ടും തകര്‍ത്തുകളയാവുന്നതല്ല ആ വികാരം.
ആദ്യം പുസ്തകം എത്തിക്കണം. പുസ്തകം വൈകിയതിന് ഉത്തരവാദികള്‍ക്കെതിരെ ശിക്ഷാടപടികള്‍ എടുക്കണം. അല്ലാതെ, സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ തല്ലിയൊതുക്കി രക്ഷപ്പെട്ടു കളയാമെന്നു കരുതരുത്.
തെരുവിലും ലോക്കപ്പിലുമിട്ട് വിദ്യാര്‍ഥികളെ മര്‍ദിച്ചൊതുക്കിയാല്‍ പാഠപുസ്തകപ്രശ്‌നത്തിലെ പ്രതിഷേധം ഇല്ലാതാകുമെന്നത് യുഡിഎഫ് സര്‍ക്കാരിന്റെ വ്യാമോഹമാണ്. പൊലീസിനെ കയറൂരിവിട്ടതുകൊണ്ടു ഭരണാധികാരികളുടെ ക്രിമിനല്‍കുറ്റം മറച്ചുവെക്കാനാകില്ല. പഠിക്കാനുള്ള പുസ്തകം തരൂ എന്ന ആവശ്യമുന്നയിച്ച് എസ്എഫ്‌ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിനെതിരെ ബലം പ്രയോഗിക്കുന്ന, അടിച്ചൊതുക്കാന്‍ ശ്രമിക്കുന്ന സര്ക്കാരിന്റെ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നു. കെ എസ് യു വിനു പോലും വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിക്കേണ്ടിവന്ന സാഹചര്യം ഉമ്മന്‍ ചാണ്ടിക്കും അബ്ദുറബ്ബിനും മനസ്സിലാകുന്നില്ലെങ്കിലും ജനങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടെന്നും പിണറായി വിജയന്‍ ഫേസ്ബുക്കിലെ തന്റെ പേജില്‍ രേഖപ്പെടുത്തി.