UPDATES

യാത്ര

ഗെയിം ഭ്രാന്തന്‍മാരുടെ ശ്രദ്ധയ്ക്ക്, ന്യൂ ജേഴ്സിയില്‍ ഒരു പിന്‍ബാള്‍ മ്യൂസിയം നിങ്ങള്‍ക്കായി തുറന്നിരുപ്പുണ്ട്

Avatar

ഷെറില്‍ സ്റ്റെയിന്‍
(വാഷിങ്ടണ്‍ പോസ്റ്റ്) 

1980കളുടെ അവസാനകാലത്ത് ഞങ്ങളുടെ സാമ്പത്തിക നില അത്ര മെച്ചപ്പെട്ടതൊന്നും ആയിരുന്നില്ല. എന്നിരുന്നാലും ഞാനും അന്നത്തെ എന്‍റെ കാമുകനും ഒരു സോഡ കയ്ക്കലാക്കി പിന്ബോള്‍ മെഷീനിനില്‍ കളിക്കുക എന്ന പതിവ് മുടക്കിയിരുന്നില്ല. ചിലപ്പോള്‍ ഒന്നോ രണ്ടോ റൌണ്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കും. ചിലപ്പോള്‍ അതിന്‍റെ കിരീട ജേതാക്കള്‍ വരെ ആകാനും ഞങ്ങള്‍ക്ക് സാധിച്ചു.

പതിറ്റാണ്ടുകള്‍ക്ക് ശേഷം എന്‍റെ അന്നത്തെ കാമുകന്‍ ഞങ്ങള്‍ അന്ന് പതിവായി കളിയ്ക്കാന്‍ ഉപയോഗിച്ചിരുന്ന ഡാറ്റാ ഈസ്റ്റ്‌ ടൈം മെഷീനിന്‍റെ പരിഷ്കരിച്ച ഒരു മോഡല്‍ കണ്ടെത്തുന്നതുവരെ വിശ്രമമില്ലാതെ  തിരയുകയും, അത്  കണ്ടെത്തിയപ്പോള്‍ ഉടന്‍ വാങ്ങുകയും ചെയ്തു. തീര്‍ച്ചയായും അദ്ദേഹം വളരെ പ്രണയാതുരനായ ഒരാള്‍ തന്നെ. ആ മെഷീന്‍ ഞങ്ങളുടെ വീട്ടില്‍ ഏറെ പ്രാധാന്യമുള്ള ഒന്നായി സ്ഥാനം പിടിക്കുകയും ചെയ്തു. അതേപോലെ ന്യൂ ജെഴ്സിയിലെ  അസ്ബുരി പാര്‍ക്കിലെ സില്‍വര്‍ബോള്‍ മ്യൂസിയത്തെ  കുറിച്ചറിഞ്ഞപ്പോള്‍ ഈ കളിയോടുള്ള ഞങ്ങളുടെ പ്രണയം കൊണ്ട് നാക്കില്‍ വെള്ളമൂറുക കൂടി ചെയ്തു.

ബ്രോഡ് വാക്കിനടുത്ത് കുക്ക്മാന്‍ അവന്യൂവിന്‍റെ ബേസ്മെന്റില്‍ 2009ല്‍ തുറന്ന സില്‍വര്‍ബോള്‍ മ്യൂസിയം പിന്‍ബാള്‍ കളിപ്രേമികളുടെ ഏറെ നാളത്തെ  സ്വപ്നസാക്ഷാത്കാരമാണ്.  ഈ സംഭവത്തിന്‌ ഇതിലും മികച്ച ഒരു സമയം വേറെ ഉണ്ടാവില്ല എന്ന് തന്നെ പറയാം. നഗരത്തിന്റെ പാരമ്പര്യങ്ങളെ വീണ്ടെടുക്കുന്ന-സ്ടോണ്‍‌ പോണി എന്ന സംഗീതകേന്ദ്രം പോലെയുള്ള മുഖ്യാകര്‍ഷകങ്ങളെ മോടികൂട്ടി അവതരിപ്പിക്കുന്ന-നടപടികള്‍ ദ്രുതഗതിയില്‍ നടക്കുന്ന ഒരു സമയമായിരുന്നു അത്. വാര്‍ത്ത‍ കേട്ടയുടന്‍ പിന്‍ബാള്‍ പ്രേമികള്‍ മ്യൂസിയത്തിലേക്ക് കുതിച്ചെത്തി. മ്യൂസിയത്തിനെ വിശാലമായ ഒരു സ്ഥലത്തേക്ക് മാറ്റുകയാണ്  ബുദ്ധി എന്നു രക്ഷാധികാരികളായ റോബര്‍ട്ട്‌ ഇല്‍വെന്ടോവിനും സ്റ്റീവ് സുക്കെര്‍മാനും പെട്ടന്ന് തന്നെ മനസിലായി. ഉദ്ഘാടനത്തിന്റെ അടുത്ത ദിവസങ്ങളില്‍ തന്നെ അവര്‍ ഈ മ്യൂസിയത്തെ ബ്രോഡ് വാക്കിലേക്ക് മാറ്റി സ്ഥാപിച്ചു.

പുറത്തു നിന്ന് നോക്കുമ്പോള്‍ നിരവധി ജനാലകള്‍ ഉള്ള ഒരു കെട്ടിടത്തിനു ചുറ്റും  ചുവപ്പും വെളുപ്പും കലര്‍ന്ന കുടകള്‍ കൊണ്ട് അലങ്കരിച്ച മേശകള്‍ കാണുമ്പോള്‍ ഇതൊരു കടലോര ഭക്ഷണശാലയല്ലേ എന്ന് സംശയിച്ചാല്‍ നിങ്ങളെ തെറ്റുപറയാന്‍ സാധിക്കില്ല. അതിനകത്ത് തക്കാളി ചേര്‍ത്ത പൈകളും ഹോട്ട് ഡോഗുകളും ഫണല്‍ കേക്കുകളും മൃദുവായ പ്രേട്സേലുകളും അടക്കം നാനാവിധം ഭക്ഷണങ്ങള്‍ ലഭ്യമാണ്. എന്നാല്‍ നൂറുകണക്കിന് പിന്‍ബോള്‍  മെഷീനുകളും, അവയില്‍ കളിയ്ക്കാന്‍ മികവാര്‍ന്ന അനുസാരികളും ലഭിക്കുമ്പോള്‍ ആര്‍ക്കാണ് ഭക്ഷണത്തെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കുക.

ഇല്‍വെന്ടോവിന്‍റെ കൈവശം  600 മെഷീനുകള്‍ ഉണ്ട്. അവയില്‍ ചിലതെല്ലാം ഡിജിറ്റല്‍ മെഷീനുകള്‍ ആണ്. മറ്റുചിലതാകട്ടെ  ഇലക്ട്രോ മെക്കാനിക്കല്‍, ഡോട്ട് മാട്രിക്സ് എന്നീ വിഭാഗത്തില്‍പ്പെടുത്താം. എല്ലാം ഒന്നിനൊന്നു മെച്ചവും ആണ്. അവയില്‍ ചിലത് പിന്നീടുപയോഗിക്കാനായി നിലവറയില്‍ സൂക്ഷിച്ചിരിക്കുന്നു. ഏകദേശം ഇരുന്നോറോളം മെഷീനുകള്‍ മ്യൂസിയത്തിന്റെ തറയില്‍ ശോഭയോടെ വിരാജിക്കുന്നു. “ഇതാണ് ലോകത്തിലെ ഏറ്റവും മികച്ച പിന്‍ബാള്‍ ശേഖരം എന്നു ആളുകള്‍ ഞങ്ങളോട് നിരന്തരം പറയാറുണ്ട്‌”  ഇല്‍വെന്ടോവ് പറഞ്ഞു. “നൂറ്റിയമ്പത് മെഷീനുകളില്‍ മാത്രമാണ് ഗെയിമുകള്‍ ഉള്ളത്. എന്നാല്‍ മറ്റൊരിടത്തും കാണാത്ത തരത്തിലുള്ള കളികള്‍ ഉള്ളത് കൊണ്ടും- അപൂര്‍വമായ ആ കളികള്‍ ഒക്കെ കളിക്കാന്‍ അവസരം ലഭിക്കുന്നതും കൊണ്ടാണ് ആളുകള്‍ ഇതിനെ ഇഷ്ടപ്പെടുന്നത്.”  1932ലെ ബല്ലിഹൂ മെഷീനുകള്‍, ബിംഗ് ബാങ്ക് ബാര്‍ ഗെയിം തുടങ്ങിയ അപൂവര്‍ങ്ങള്‍ ആയ കളിക്കോപ്പുകള്‍വരെ അദ്ദേഹം ഈയിടെ സ്വന്തമാക്കിയിരുന്നു.

സാധാരണ കളിസ്ഥലങ്ങള്‍ പോലെ ഇരുട്ട് പിടിച്ച ഒരു മുറിയിലോ, അല്ലെങ്കില്‍ പുകനിറഞ്ഞ ഒരു മദ്യശാലയില്‍ ഇരുന്നോ അല്ല ഇവിടെ സന്ദര്‍ശകര്‍ കളിച്ചിരുന്നത്. സില്‍വര്‍ബാള്‍ പ്രകാശം നിറഞ്ഞ, മണിമുഴക്കത്തിന്റെ ഹൃദ്യതയില്‍ മുഴുകുന്ന മുറികള്‍ ആയിരുന്നു. ഓരോ കളിക്കും പ്രത്യേകം പണം നല്‍കേണ്ട മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇവിടെ നിങ്ങള്‍ ചിലവഴിക്കാന്‍ വിചാരിക്കുന്ന സമയത്തിനു അനുസരിച്ച് ഒരു തവണ മാത്രം പണം നല്‍കുക. എന്നിട്ട് നിരന്നു കിടക്കുന്ന അനേകം അപൂര്‍വ മെഷീനുകളില്‍ നിന്ന് ഇഷ്ടമുള്ളവയില്‍ എല്ലാം കളിക്കുക. അവയില്‍ പലതും എന്നെക്കാളും നിങ്ങളെക്കാളും പഴയവയാണ്.

തികച്ചും സാങ്കേതികമായ ഒരു വീക്ഷണകോണില്‍ ഈ മ്യൂസിയം പിന്‍ബോള്‍ ഗെയിമിന്‍റെ, വളരെ ലളിതമായ ഒന്നില്‍ നിന്ന് ദുര്‍ഘടമായ ഗെയിമുകളിലെക്കുള്ള പരിണാമത്തെ  കൃത്യമായി വരച്ചുകാണിക്കുന്ന ഒന്നാണ്. ഭൂതകാലത്തില്‍ പരിചിതമായ  എന്തിനെയോ അടുത്തറിയുന്ന പോലെയുള്ള അനുഭവമായിരുന്നു എനിക്കിത്. എന്‍റെ പന്ത്രണ്ടു വയസ്സില്‍ ഉണ്ടായിരുന്ന എവേല്‍ ക്‍നിഎവേല്‍ ഗെയിം എന്നെ  നോക്കി ചിരിക്കുന്നതായി എനിക്കു തോന്നി. ബാല്ലി പിന്‍ബോള്‍ വിസാര്ഡ് ആയിരുന്നു മറ്റൊരു കൂട്ടുകാരന്‍. കുറച്ചു ദൂരെ, രുട്ഗേര്സ് സ്റ്റുഡന്റ് സെന്റര്‍ ബസേമെന്റില്‍ ഉണ്ടായിരുന്ന എന്‍റെ പ്രിയപ്പെട്ട വില്ലിംസ് സൈക്ലോന്‍ ഗെയിം നിന്നിരുന്നു. പഴയ സുഹൃത്തുക്കളെ എല്ലാം ഒരുമിച്ചു കണ്ട ഞാന്‍ പുന:സമാഗമങ്ങളില്‍ ഉണ്ടാകുന്ന ആഹ്ലാദത്തോടെ അവയ്ക്കിടയിലൂടെ നടന്നു.

പഴയകാല വീഡിയോ ഗെയിമുകളുടെ ആരാധകര്‍ക്കും സില്‍വര്‍ ബാളില്‍ ഇടമുണ്ട്. 1972-ല്‍ പുറത്തിറങ്ങിയ ഓണ്‍ ദി ഫ്ലോരും പ്ലേയബിളും പോലെയുള്ള യഥാര്‍ത്ഥ പോഗ് ഗെയിമുകള്‍ക്ക് പുറമേ സെന്റിപെദ്, പാക്- മാന്‍, ഫ്രോഗ്ഗേര്‍, അസ്റെര്‍രോടിസ്, ഗലാഗ, മിലിപെട്, മിസ്‌. പാക്‌-മാന്‍, തുടങ്ങിയ മറ്റനേകം കളികളും ഇവിടെ ഉണ്ട്. ഇവയില്‍ ചിലതാകട്ടെ, മുന്നൂറോളം ഗെയിമുകള്‍ കൂടിച്ചേര്‍ന്ന ഒറ്റ കണ്‍സോള്‍ ആണെന്ന് തോന്നിക്കുന്ന അള്‍ട്രക്കേഡ് യന്ത്രങ്ങളില്‍ ആണ്. ഇവയില്‍ ഉള്ള ഒരു സോഫ്റ്റ്‌വെയര്‍ ആളുകള്‍ക്ക് നൂറുകണക്കിന് കളികളില്‍ നിന്ന് ഇഷ്ടമുള്ള കളികള്‍ തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കുകയും ചെയ്യുന്നു.  

1980കളില്‍ ബ്രോഡ് വേയിലെ സീസൈഡ് ഹൈറ്റ്സില്‍ എന്‍റെ വേനല്‍ അവധിക്കാലങ്ങളില്‍ കളിച്ചിരുന്ന ഡിഗ് ഡുഗ് എന്ന വീഡിയോ ഗെയിം ഒന്ന് പരിശോധിക്കാന്‍ ഞാന്‍ തീരുമാനിച്ചു.  അസ്ബുരി പാര്‍ക്ക് ബ്രോഡ് വെയ്ക്ക് അനുയോജ്യമായ വിധത്തില്‍ കോനേ ഐലാന്‍ഡിലെ എല്ടോരാടോയിലെ  സ്കീ ബോളുകള്‍, തോക്കുകള്‍ ഉപയോഗിച്ചുള്ള കളികള്‍, എയര്‍ ഹോക്കി തുടങ്ങിയ വൈവിധ്യമാര്‍ന്ന കളികള്‍ കൊണ്ട് സമ്പന്നമായിരുന്നു ഗെയിമുകള്‍. “സംവദിക്കാന്‍ സാധിക്കുന്ന കലാശില്പങ്ങള്‍ ഇന്നു വേണമെങ്കില്‍ നമുക്കിവയെ വിശേഷിപ്പിക്കാം” ഇല്‍വ്നെടോ പറഞ്ഞു. “ഇവയെല്ലാം അതിസുന്ദരമായ മെഷീനുകള്‍ ആണ്. നല്ലപോലെ സൂക്ഷിച്ചാല്‍ അവ കാലാകാലം യാതൊരു തകരാറും കൂടാതെ നിലനില്‍ക്കും.”

ഓരോ കാലഘട്ടത്തിലെയും മെഷീനുകള്‍ കേടുകൂടാതെ നിലനിര്‍ത്താന്‍ നിരന്തര ശ്രദ്ധയും നൈപുണ്യവും ആവിശ്യമാണ്. അതിനാല്‍ തന്നെ ജനറല്‍ മാനേജര്‍ ഡാന്‍ ടോസ്കനേരും സംഘവും അതീവ ശ്രദ്ധയോടെയാണ്  മ്യൂസിയത്തില്‍ ഘടിപ്പിച്ചിട്ടുള്ള യന്ത്രങ്ങള്‍ക്ക് ഒരു ഇളക്കം  പോലും സംഭവിക്കാത്ത വിധം സംരക്ഷിച്ചുപോരുന്നത്. (1950’കളിലെ നോക്ക് ഔട്ട്‌ എന്ന ഏറ്റവും പഴയ പിന്‍ബോള്‍ മെഷീന്‍ ആണ് നിലവില്‍ അവിടെയുള്ളത്).

എന്നാല്‍ ചിലപ്പോള്‍ എത്ര നിതാന്ത ശ്രദ്ധയും പ്രകൃതിക്ക് മുന്‍പില്‍ നിഷ്ഫലമാകും. 2012ല്‍ സാന്‍ഡി എന്ന കൊടുങ്കാറ്റ് ഇവിടെ പ്രളയം ഉണ്ടാക്കി. “വെള്ളം പതിമൂന്ന്‍ഇഞ്ച്‌ ഉയരത്തില്‍ വരെയെത്തി. ഭാഗ്യത്തിന് ഗെയിമുകള്‍ തറയില്‍ നിന്ന് പതിനെട്ട് ഇഞ്ച്‌ ഉയരത്തില്‍ ആയിരുന്നു സൂക്ഷിച്ചിരുന്നത്. ഇല്‍വ്നെടോ പറഞ്ഞു. എന്നാല്‍ വീഡിയോ ഗെയിമുകളെ പൂര്‍ണമായി സംരക്ഷിക്കാന്‍ സാധിച്ചില്ല, കെട്ടിടത്തിനും കേടുപാടുകള്‍ സംഭവിച്ചു. കുറച്ചുനാള്‍ മ്യൂസിയം അടച്ചിട്ടു കേടുപാടുകള്‍ തീര്‍ക്കാന്‍ ആയിരുന്നു അദ്ദേഹം തീരുമാനിച്ചത്, മുഴുവന്‍ ജോലിക്കാര്‍ക്കും ശമ്പളം നല്‍കികൊണ്ട് തന്നെ അദ്ദേഹം ഈ ജോലികള്‍ പൂര്‍ത്തീകരിച്ച് ദുരന്തം നടന്ന്  രണ്ട് മാസത്തിനകം മ്യൂസിയം തുറന്നു. “ ബ്രോഡ്വാക്കില്‍ ആദ്യം തെളിഞ്ഞ വിളക്കുകള്‍ ഈ മ്യൂസിയത്തിലെത് ആയിരുന്നു. അദ്ദേഹം പറഞ്ഞു.

മ്യൂസിയത്തിന്റെ ഒരു വശത്ത് മ്യൂസിയം സന്ദര്‍ശിച്ച പ്രശസ്ത വ്യക്തികളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന വാള്‍ ഓഫ് ഫെയിം എന്നത് ഞാന്‍ ഒന്ന് പരിശോധിച്ചു. പ്രമുഖ വ്യക്തികളില്‍ അതേ നാട്ടുകാരനായ ബ്രുസ് സ്പ്രിങ്ങ്സ്ടീന്‍, സൌത്ത്സൈഡ് ജോണി എന്നിവര്‍ക്ക് പുറമേ, ആന്റണി ബൌര്ദൈന്‍, പോള്‍ ഷാഫെര്‍, വെന്‍ഡി വില്ല്യംസ്, ന്യൂ ജേഴ്സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റി എന്നിവരും ഉള്‍പ്പെടുന്നു. സ്റ്റോണ്‍‌പോണി തെരുവില്‍ കലാപ്രകടനങ്ങള്‍ നടത്താന്‍ വരുന്ന കലാകാരന്മാര്‍ അവരുടെ കലാപ്രകടനത്തിനു മുന്‍പോ ശേഷമോ അവിടെ കളിക്കാന്‍ വരുന്നുണ്ട് എന്ന് ഇല്‍വ്നെടോ ശ്രദ്ധിച്ചു.

സമ്പന്നര്‍ക്കും പ്രശസ്തര്‍ക്കും പുറമേ എല്ലാ വേനല്‍ക്കാലത്തും തദ്ദേശീയ ക്യാമ്പുകള്‍ക്കു വേണ്ടിയും മ്യൂസിയം സ്ഥലം നല്‍കുന്നു. ഇലക്ട്രോണിക് സംബന്ധിയായ കാര്യങ്ങള്‍ കൂടുതല്‍ ഗ്രഹിക്കുന്നതിനായി സയന്‍സ് ക്ലാസുകളും ഇവിടെ നടക്കുന്നു. പിന്‍ ബോള്‍ മെഷീനിന്റെ യന്ത്രസവിശേഷതകള്‍ പരിശോധിച്ചും മനസിലാക്കിയും ആണ് പഠനങ്ങള്‍ മുന്നോട്ടു പോകുന്നത്. വിവാഹദിനത്തിന്‍റെ പരിശീലനങ്ങള്‍, കരാര്‍ പുതുക്കലുകള്‍ എന്നിവയും മ്യൂസിയത്തിനുള്ളില്‍ നടക്കാറുണ്ട്. രണ്ടു മിഥുനങ്ങള്‍ ആകട്ടെ ടീച്ചേര്‍സ് പെറ്റ് എന്ന പിന്‍ ബോള്‍ മെഷീനിന് മുന്നില്‍ നിന്നാണ് വിവാഹിതരായത് തന്നെ.   

എന്നാല്‍ ഭൂരിഭാഗം ആളുകളും എന്നെപോലെത്തന്നെ, മൂന്ന് ബോളുകള്‍ വച്ചുകൊണ്ടുള്ള വെല്ലുവിളികള്‍ നിറഞ്ഞ കളികളില്‍ മുഴുകാനായാണ് ഇവിടെ വരുന്നത്.  ഞങ്ങളുടെ കളികള്‍ ഈ യന്ത്രങ്ങള്‍ക്കും പ്രയോജനകരമാണ്. “ അവ കളിക്കാന്‍ ഉള്ളതാണ്. എത്ര കൂടുതല്‍ ഉപയോഗിക്കുന്നുവോ അവ അത്രകാലം കൂടുതല്‍ ഈടുനില്‍ക്കും. ഇല്‍വ്നെടോ പറഞ്ഞു. ഉപയോഗിക്കാതിരുന്നാല്‍ അവ തുരുമ്പെടുക്കും. പിന്നെ ഉപയോഗശൂന്യമാകും.”  തന്‍റെ സൂക്ഷിപ്പ് പുരയില്‍ ഉള്ള നൂറോളം വരുന്ന മെഷീനുകള്‍ ഈ വര്‍ഷം ഫ്ലോറിഡയിലെ ഡിലരി ബീച്ചില്‍ തുടങ്ങാന്‍ ഇരിക്കുന്ന പുതിയ മ്യൂസിയത്തില്‍ സ്ഥാപിക്കാന്‍ ആണ് ഇല്‍വ്നെടോയുടെ പദ്ധതി.

“അഞ്ചോ ആറോ സ്ഥലങ്ങളില്‍  ഇത്തരം മ്യൂസിയങ്ങളിലൂടെ അമേരിക്കയുടെ ഒരു പരിച്ഛേദം എന്ന നിലയില്‍  പിന്‍ ബാള്‍ മെഷീനുകളുടെ ഒരു സൂക്ഷിപ്പ് ശേഖരം ഉണ്ടാക്കാന്‍ സാധിച്ചാല്‍ ഇവ എന്നും കേടുപാടുകള്‍ കൂടാതെ സജീവമായി നിലനിര്‍ത്താന്‍ സാധിക്കും. ഈ ഗെയിം കണ്‍സോളുകള്‍ ദിവസേന മിനുക്കുകയും, എണ്ണയിടുകയും, സാങ്കേതിക തകരാറുകള്‍ പരിഹരിച്ചും പരിപാലിക്കേണ്ടതുണ്ട്. അവയെ ഇങ്ങനെ ഇവിടെ വെറുതെ വയ്ക്കാന്‍ സാധ്യമല്ല. അവയിലൂടെ എന്നും വൈദ്യുതി പ്രവാഹം ഉണ്ടാകേണ്ടത് അനിവാര്യമാണ്.”

അടുത്ത തവണ ജേഴ്സി തീരങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍, നമുക്ക് ഈ മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കുക തന്നെ വേണം. ഈ മെഷീനുകള്‍ കേടാവാതെ നോക്കാന്‍ വേണ്ടിയെങ്കിലും…. ഇതൊരു സാമൂഹ്യസേവനമാണ് സുഹൃത്തേ… (കൂടാതെ, എനിക്കൊരിക്കലും അവന്റെ സ്കോര്‍ മറികടക്കാന്‍ സാധിക്കില്ല എന്നുറച്ച് വിശ്വസിക്കുന്ന എന്‍റെ പങ്കാളിയും ഉണ്ടല്ലോ)

നിങ്ങള്‍ അവിടെ പോകുന്നുണ്ടങ്കില്‍ വിലാസം ഇതാ:

സില്‍വര്‍ ബാള്‍ മ്യൂസിയം,

1000 ഓഷ്യന്‍ അവന്യൂ

അസ്ബുരി പാര്‍ക്ക്

ന്യൂ ജേഴ്സി

silverballmuseum.com

അര മണിക്കൂര്‍ ചിലവഴിക്കാന്‍ 7.50 ഡോളറും ഒരു ദിവസത്തേക്ക് 25 ഡോളറും ആണ് നിരക്ക്. ഒരിക്കന്‍ അകത്തു  കടന്നാല്‍ പിന്നെ എല്ലാ കളികളും സൌജന്യമാണ്. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ പതിനൊന്നു മുതല്‍ രാത്രി ഒമ്പത് വരെയും വെള്ളി രാവിലെ പതിനൊന്നു മുതല്‍ ഉച്ചക്ക് ഒന്ന് വരെയും, ശനി രാവിലെ പത്തുമുതല്‍ ഉച്ചക്ക് ഒന്ന് വരെയും ഞായര്‍ രാവിലെ പത്തുമുതല്‍ രാത്രി പത്ത് വരെയും ആണ് സന്ദര്‍ശക സമയം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍