UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാത്രി സ്വാതന്ത്ര്യ കൂട്ടായ്മ; ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ എ ബി വി പി കയ്യേറ്റം

Avatar

അഴിമുഖം പ്രതിനിധി

ഡല്‍ഹി യൂണിവേഴ്സിറ്റി ക്യാംപസിന് പുറത്തെ നിരത്തില്‍ ഇന്നലെ രാത്രിയില്‍ ഉച്ചത്തില്‍ ആസാദി വിളികള്‍ ഉയര്‍ന്നു. നേരം വെളുക്കുന്നത് വരെ ഒച്ച പതറാതെ ആ വിളികള്‍ മുഴങ്ങി. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെയും മറ്റു യൂണിവേഴ്സിറ്റികളിലെയും നിരവധി പെണ്‍കുട്ടികളാണ് രാത്രി മാര്‍ച്ചുമായി നിരത്തിലിറങ്ങിയത്. സ്ത്രീകള്‍ക്ക് രാത്രി സ്വാതന്ത്ര്യം നിഷേധിക്കുന്ന സമൂഹത്തോട് ഞങ്ങള്‍ക്കും വേണം സ്വാതന്ത്ര്യമെന്നവര്‍ ഉറക്കെ മുദ്രാവാക്യം വിളിച്ചു. സ്ത്രീകൂട്ടായ്മയായ പിഞ്ച് രാ ഥോടിന്‍റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. പെണ്‍കുട്ടികള്‍ മാത്രമല്ല മാര്‍ച്ചിനെത്തിയത്. ആസാദി മുദ്രാവാക്യങ്ങള്‍ വിളിച്ച് ആണ്‍കുട്ടികളും അവര്‍ക്കൊപ്പം ചേര്‍ന്നു. അതിനിടെ മാര്‍ച്ചിനൊപ്പം കൂടി എബിവിപി പ്രവര്‍ത്തകര്‍ ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിച്ചത് സംഘര്‍ഷത്തിനിടയാക്കി.

സ്ത്രീസ്വാതന്ത്ര്യ മുദ്രാവാക്യം വിളിച്ച് മുന്നോട്ട് നീങ്ങിയ മാര്‍ച്ചിലേക്ക് അപരിചിതര്‍ കടന്ന് കയറി മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഒന്നോ രണ്ടോ പേരായിരുന്നു ആദ്യം. പിന്നെ അവരുടെ എണ്ണം കൂടി. 100 രൂപ നോട്ട് എടുത്ത് കാണിച്ച് മാര്‍ച്ചിനെത്തിയ പെണ്‍കുട്ടികള്‍ക്ക് നേരെ അവര്‍ ലൈംഗിക ചേഷ്ടകള്‍ കാണിച്ചു. ഇതോടെ മാര്‍ച്ചിനിടയില്‍ സംഘര്‍ഷമുണ്ടായി. സംഘത്തിലെ പെണ്‍കുട്ടികള്‍ ശക്തമായി ഇടപ്പെട്ട് എബിവിപി പ്രവര്‍ത്തകരെ മാര്‍ച്ചിനിടയില്‍ നിന്ന് പുറത്തിറക്കി. പിഞ്ച് രാ ഥോഡ് പ്രവര്‍ത്തകര്‍ പറയുന്നു.

മാര്‍ച്ചിന്‍റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പിഞ്ച് രാ ഥോഡ് , ബ്രേക്ക് ദ ഹോസ്റ്റല്‍ ലോക്ക്സ് പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചത് കഴിഞ്ഞ വര്‍ഷമാണ്. രാത്രിയില്‍ പെണ്‍കുട്ടികള്‍ക്ക് പുറത്തിറങ്ങുന്നതിനുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ വിലക്കിനെതിരെയായിരുന്നു പിഞ്ച് രാ ഥോഡിന്‍റെ ആദ്യത്തെ പ്രതിഷേധസമരം. പൊതുസ്ഥലങ്ങള്‍ സ്ത്രീകള്‍ക്കും സ്വാതന്ത്ര്യം എന്ന ആശയം ഉന്നയിച്ച് സംഘം നിരവധി പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍