UPDATES

സിനിമ

പ്രിയ അടൂര്‍, ഇതൊരു താത്കാലിക പതര്‍ച്ച മാത്രമായിരിക്കട്ടെ

Avatar

സഫിയ ഒ സി

മലയാള സിനിമയില്‍ നവതരംഗത്തിന്റെ തുടക്കം കുറിച്ചതില്‍ സുപ്രധാന പങ്കുവഹിച്ച ചലച്ചിത്രകാരന്‍മാരില്‍ ഒരാളാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. അത് ഇന്ന് മുഖ്യധാര സിനിമാക്കാര്‍ ആഘോഷിക്കുന്ന തരത്തിലുള്ള ന്യൂ ജനറേഷന്‍ ആയിരുന്നില്ല. സൌന്ദര്യശാസ്ത്രത്തിലും രാഷ്ട്രീയത്തിലും ദര്‍ശനത്തിലും നിലവിലുള്ള ചലച്ചിത്ര സംസ്കാരത്തില്‍ നിന്നുള്ള പരിപൂര്‍ണ്ണ വിഛേദം തന്നെയായിരുന്നു അത്. 1972-ല്‍ സ്വയംവരം എന്ന പ്രണയ ചിത്രത്തിലൂടെ കടന്നു വന്ന അടൂരിനെ എല്ലാത്തരം പ്രേക്ഷകരും രണ്ടു കയ്യും നീട്ടി സ്വീകരിച്ചത് അതൊരു വിപ്ലവകരമായ മാറ്റം ആയതുകൊണ്ടു തന്നെയാണ്. ഇപ്പോഴിതാ 44 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പ്രണയ കഥയുമായി ‘പിന്നെയും’ അടൂര്‍ എത്തിയിരിക്കുന്നു. സ്വയംവരം 70-കളിലെ യുവത്വത്തിന്റെ സന്ദിഗ്ദതകളെ കൃത്യമായി ആടയാളപ്പെടുത്തിയപ്പോള്‍ പിന്നെയും പരാജയപ്പെടുന്നത് പുതിയ കാലവുമായി/യുവത്വവുമായി സംവദിക്കുന്നതിലാണ്.

80-കളിലെ സാമൂഹ്യ, സാമ്പത്തിക പരിണാമമാണ് ‘പിന്നെയും’ പ്രമേയമാക്കിയിരിക്കുന്നത്. മലയാളി സമൂഹത്തിലും കുടുംബത്തിലും ഉണ്ടായ ഘടനാപരമായ മാറ്റങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഏറ്റവുമധികം അനുഭവപ്പെട്ട കാലം കൂടിയായിരുന്നു അത്. കാര്‍ഷിക മേഖലയിലുണ്ടായ തകര്‍ച്ചയും വ്യാവസായിക മേഖലയില്‍ നടത്തിയ പരീക്ഷണങ്ങളുടെ പരാജയ ഭാരവും തൊഴിലില്ലായ്മ അതിരൂക്ഷമാക്കിയപ്പോള്‍ ധനസമ്പാദനത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടാന്‍ മലയാളി യുവത്വം നിര്‍ബന്ധിക്കപ്പെട്ടു. കുടുംബത്തിനുള്ളില്‍ മലയാളി പുരുഷന്‍ ഏറ്റവും കൂടുതല്‍ അപമാനിതനായ കാലം കൂടിയായിരുന്നു. ആ ഒരു യുവത്വത്തെയാണ് ദിലീപ് അവതരിപ്പിക്കുന്ന പുരുഷോത്തമന്‍ നായര്‍ പ്രതിനിധീകരിക്കുന്നത്. 

എന്നത്തേയും പോലെ ഒരു നായര്‍ തറവാടിന്റെ കുടുംബ ഘടനയില്‍ ഉണ്ടായ പരിവര്‍ത്തനങ്ങള്‍ തന്നെയാണ് അടൂര്‍ പിന്നെയിലും പശ്ചാത്തലമാക്കിയിരിക്കുന്നത്. സമ്പന്നമായ ഭൂതകാലത്തില്‍ നിന്നും പലരും ദാരിദ്ര്യത്തിലേക്കും അതുമൂലമുണ്ടാകുന്ന അപമാന ഭാരത്തിലേക്കും ചെന്നു പതിച്ചു. ചിലര്‍ ദേശം വിട്ടു. മറ്റു ചിലര്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലേക്ക് പിടിച്ചു കയറി. ചിലര്‍ ദാരിദ്ര്യം പുറത്തറിയിക്കാതെ ഒതുങ്ങിക്കഴിഞ്ഞു. 60-കളില്‍ തുടങ്ങി 80-കള്‍ വരെ നീളുന്ന നായര്‍ തറവാടുകളുടെ ചരിത്ര ഗതിയെ ഇങ്ങനെയൊക്കെ ചുരുക്കി എഴുതാം. 

ഭാര്യ, പുരുഷന്‍ ചേട്ടന്‍ എന്നും ഭാര്യയുടെ പെന്‍ഷന്‍ പറ്റിയ സ്കൂള്‍ വാധ്യാരായ അച്ഛന്‍ പിള്ളയെന്നും വിളിക്കുന്ന നായകന്‍ ആണെന്ന നിലയിലും ഉന്നത ജാതിക്കാരനെന്ന നിലയിലുമുള്ള ആത്മസംഘര്‍ഷങ്ങള്‍ നന്നായി അനുഭവിക്കുന്നുണ്ട്. ഭാര്യ അധ്വാനിച്ചുകൊണ്ടുവരുന്നത് തിന്നുന്നവന്‍ എന്ന നാണക്കേടും അയാള്‍ പേറുന്നുണ്ട്. അതൊരു നായര്‍ തറവാട്ടില്‍ സംഭവിക്കാന്‍ പാടില്ലാത്ത അക്ഷന്തവ്യമായ അപരാധം കൂടിയാണ്. 

ഉന്നതകുലജാതനും അഭ്യസ്തവിദ്യനും തൊഴില്‍രഹിതനുമായ പുരുഷോത്തമന്‍ നായര്‍ ചെയ്ത തെറ്റ് തന്നെക്കാള്‍ മെച്ചപ്പെട്ട ഒരു നായര്‍ തറവാട്ടിലെ പെണ്‍കുട്ടിയെ പ്രേമിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു എന്നതാണ്. വിവാഹത്തിന് ശേഷം ഭാര്യ വീട്ടിലാണ് അയാളുടെ പൊറുതി. ജീവനു തുല്യം പ്രേമിച്ച പെണ്ണില്‍ നിന്നും കുടുംബത്തിനുള്ളിലും വിലകെട്ടവനായി കഴിയുന്ന ഘട്ടത്തിലാണ് കാത്തിരുന്ന ഗള്‍ഫ് ജോലി അയാള്‍ക്ക് കിട്ടുന്നത്. അതോടെ കുടുംബത്തിന്റെ സമ്പത്തിക സ്ഥിതിയും സമൂഹത്തിലെ മാന്യതയും ഉയരുന്നു. ഇതുവരെ തിരിഞ്ഞു നോക്കാത്ത ബന്ധുക്കള്‍ കാണാന്‍ വരുന്നു. അമ്പലത്തില്‍ നിത്യ സന്ദര്‍ശകനായിരുന്നിട്ടും ഗൌനിക്കുകപോലും ചെയ്യാതിരുന്ന അമ്പല കമ്മിറ്റിക്കാര്‍ വീട്ടില്‍ പിരിവിന് വന്നു 10,000 രൂപ ചോദിക്കുന്നു. ഒരു സെക്കണ്ട് ഹാന്‍ഡ് പ്രീമിയര്‍ പത്മിനി കാര്‍ വാങ്ങുന്നു. അങ്ങനെ ആവശ്യങ്ങള്‍ കൂടിക്കൂടിവരുന്നു. പണം കൂടുതല്‍ പണം വേണമെന്ന അത്യാഗ്രഹം അയാളില്‍ ജനിക്കുന്നു. അഥവാ പണമാണ് എല്ലാം എന്ന തോന്നല്‍ അയാളില്‍ ഉറക്കുന്നു. 

കേരളത്തിന്റെ സാമൂഹ്യ ഭൂമികയില്‍ ഗള്‍ഫ് പണം വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. സാമൂഹ്യബന്ധങ്ങളെ അത് ഉടച്ചു വര്‍ക്കുക തന്നെ ചെയ്തു. ബന്ധങ്ങളെ നിര്‍ണ്ണയിക്കുന്നതില്‍ പണത്തിന് നിര്‍ണ്ണായക സ്ഥാനം കൈവന്നു. പരമ്പരാഗത തൊഴില്‍ ബന്ധങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചു. ജാതി വ്യത്യാസങ്ങളെക്കാള്‍ വര്‍ഗ്ഗ വ്യത്യാസം പ്രധാന അളവുകോലായി. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടി. പണത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ പ്രത്യക്ഷമായി. കൂടുതല്‍ കൂടുതല്‍ ഉപഭോക്തൃകേന്ദ്രിത സമൂഹമായി കേരളം മാറി. 

2008-ല്‍ ഇറങ്ങിയ ഒരു പെണ്ണും രണ്ടാണും എന്ന സിനിമയുടെ ആംഗലേയ നാമം ‘എ ക്ലൈമെറ്റ് ഫോര്‍ ക്രൈം’ എന്നാണ്. അടൂര്‍ ഈ സിനിമയിലും അവതരിപ്പിക്കുന്നത് ഒരു കുറ്റകൃത്യം ഉണ്ടാകാന്‍ അനുയോജ്യമായ സാമൂഹ്യ അന്തരീക്ഷമാണ്. അത് വളരെ ശക്തമായി കൊണ്ടുവരാന്‍ അടൂരിന് സാധിച്ചിട്ടുണ്ട്. പക്ഷേ ഒരു ക്രൈം ഡ്രാമയില്‍ ആഖ്യാനത്തിനുണ്ടായിരിക്കേണ്ട കൃത്യതയും ചടുലതയും യുക്തിഭദ്രതയും ഇല്ലാതെ പോയതാണ് പിന്നേയും ഒരു വിരസമായ ചലച്ചിത്രാനുഭവമാക്കിമാറ്റിയത്.  ഒപ്പം അടൂര്‍ ട്രേഡ് മാര്‍ക്കായ രൂപഭദ്രതയും കഥാപാത്രങ്ങളുടെ ഉള്‍ക്കനവും ഇതില്‍ ഇല്ലാതെ പോയി.

ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ അത് സുകുമാര കുറുപ്പ് കേസും തിരുവനന്തപുരത്ത് കൊല്ലപ്പെട്ട രത്നവ്യാപരി ഹരിഹര വര്‍മ്മയുടെ കഥയും ഉപജീവിച്ചു എന്നുള്ളതാണ് (ഹരിഹര വര്‍മ്മ കൊല്ലപ്പെട്ടപ്പോള്‍ അയാള്‍ സുകുമാരക്കുറുപ്പ് ആണെന്ന കിംവദന്തി പരന്നിരുന്നു). നടന്ന കഥയിലെ സംഭവങ്ങള്‍ക്കപ്പുറം അടിമുടി ആശയകുഴപ്പങ്ങള്‍ നിറഞ്ഞ ഒരു കാലഘട്ടവും ആ കാലത്ത് ജീവിച്ച മനുഷ്യരും അവരുടെ ജീവിതവും ഒക്കെ ചേര്‍ന്ന് കെട്ടിമറഞ്ഞു കിടക്കുന്ന സങ്കീര്‍ണ്ണമായ സാമൂഹ്യതലവും കഥാപാത്രങ്ങളുടെ ആന്തരിക സംഘര്‍ഷങ്ങളും ഒട്ടും ഇഴയടുപ്പമില്ലാതെ ചലച്ചിത്ര ശരീരത്തില്‍ വേര്‍തിരിഞ്ഞു കിടന്നു. പ്രമാദമായ സുകുമാരക്കുറുപ്പ് കേസിലെ സംഭവപരമ്പരകളുടെ വിരസ തുടര്‍ച്ചയ്ക്കപ്പുറം നായകനും നായികയും അനുഭവിക്കുന്ന ആന്തരിക സംഘര്‍ഷങ്ങള്‍ പ്രേക്ഷകരെ അനുഭവിപ്പിക്കുന്നതില്‍ അടൂര്‍ പരാജയപ്പെട്ടു. ഒപ്പം സമൂഹത്തില്‍ പടര്‍ന്നുകയറുന്ന ധാര്‍മ്മിക മൂല്യങ്ങളുടെ തകര്‍ച്ചയും. 

17 വര്‍ഷത്തിന് ശേഷം പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് രൂപമാറ്റം വരുത്തി ദേവിയെ കാണാനെത്തുന്ന പുരുഷോത്തമന്‍ നായര്‍ ഒരു ഭ്രമാത്മക ദൃശ്യമെന്ന നിലയില്‍ ഗംഭീര ദൃശ്യാനുഭവമായി. എന്നാല്‍ അതിനെ വൈകാരികമായി അനുഭവപ്പെടുത്താന്‍ സംവിധായകന് സാധിക്കുന്നില്ല.  മറിച്ച് അയാളുടെ ആവര്‍ത്തിച്ചുള്ള വരവും പുരാണ ബാലെ ടൈപ്പ് സംഭാഷണങ്ങളും ചേര്‍ന്ന് ഒരു ഹാസ്യാനുഭവമായി തീരുകയായിരുന്നു അത്. 

ദിലീപിന്റെ പുരുഷോത്തമന്‍ നായരും കാവ്യമാധവന്റെ ദേവിയും തങ്ങള്‍ക്ക് അനുവദിച്ച റോളുകള്‍ തെറ്റില്ലാതെ അവതരിപ്പിച്ചു എന്നല്ലാതെ ആ കഥാപാത്രങ്ങള്‍ക്ക്  കൂടുതല്‍ മിഴിവ് നല്‍കാനും അവരുടെ പ്രണയം തീവ്രമായി അനുഭവിപ്പിക്കാനും സംവിധായകന് കഴിയാതെ പോയി. (ഇതൊരു പ്രണയ ചിത്രമാണ് എന്നു കൂടിയാണ് അടൂര്‍ പല അഭിമുഖങ്ങളിലും പറഞ്ഞത്) നെടുമുടി വേണു,വിജയരാഘവന്‍, കെ പി എ സി ലളിത തുടങ്ങിയവര്‍ എന്നത്തേയും പോലെ ഒതുക്കത്തോടെ കാര്യങ്ങള്‍ ചെയ്തപ്പോള്‍ മനസുടക്കിയത് ഇന്ദ്രന്‍സിന്‍റെ കുട്ടന്‍ ചേട്ടനിലാണ്. സുധീര്‍ കരമന, സൃന്ദ അഷാബ് തുടങ്ങിയവര്‍ക്ക് അടൂര്‍ സിനിമയില്‍ അഭിനയിച്ചത് ഒരു ട്രോഫിയായി കൊണ്ടുനടക്കാമെന്നല്ലാതെ പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

അടൂര്‍ എന്ന വിശ്വ വിഖ്യാത ചലച്ചിത്രകാരന്റെ പിന്‍മടക്കമായി ഈ ചിത്രത്തെ വിലയിരുത്തുന്നത് അധിക പ്രസംഗമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. മറിച്ച് സിനിമയുടെയും സമൂഹത്തിന്റെയും വിവിധ തലങ്ങളില്‍ അതിവേഗം ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ആറിയാതെ പോകുന്ന (?) ഒരു സംവിധായകന്‍റെ വഴക്ക കുറവ് സിനിമയില്‍ അരോചകമാം വിധം നിഴലിക്കുന്നുണ്ട്. ജീവിതാസക്തിയും കുറ്റകൃത്യവും ഒക്കെ ചേര്‍ന്ന് സൃഷ്ടിക്കുന്ന ധാര്‍മ്മിക സംഘര്‍ഷങ്ങളെ, മനുഷ്യ ദുരന്തങ്ങളെ പ്രേക്ഷകരിലേക്ക് സംക്രമിപ്പിക്കുന്നതില്‍ അടൂരിലെ സംവിധായകന്‍ പരാജയപ്പെട്ടു എന്നു പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ഇതൊരു താത്ക്കാലിക പതര്‍ച്ച മാത്രമാകട്ടെ എന്നാശിക്കാം. 

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് സഫിയ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍