UPDATES

സയന്‍സ്/ടെക്നോളജി

വേണ്ടത് പൈലറ്റില്ലാ വിമാനങ്ങളല്ല, അല്പം പ്രായോഗിക ബുദ്ധി

Avatar

ഡൊമിനിക് ബാസുൾട്ടോ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ജർമ്മൻ വിമാനമായ എ 320 ആൽപ്പ്സിൽ ഇടിച്ചു (ഇടുപ്പിച്ചു) വീണതിന്റെ ദുരന്താഘാതത്തിൽ നിന്നും പുറത്തു വരാൻ നമുക്ക് ഇനിയും സമയം വേണ്ടി വരും. ഇത്തരത്തിലൊരു അപകടം ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കാൻ എന്തു ചെയ്യാൻ സാധിക്കുമെന്നതാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന അവസാനമില്ലാത്ത ചർച്ചകളുടെയെല്ലാം കാതൽ. ഇതിൽ പ്രശ്നമെന്താണെന്നു വച്ചാൽ തുടരുന്ന വിമാന ദുരന്തങ്ങൾക്കു പരിഹാരം കാണുന്നതിനായി പൈലറ്റില്ലാ യാത്ര വിമാനങ്ങൾ പ്രയോജനപ്പെടുത്താം എന്ന തരത്തിലുള്ള ചില നിർദ്ദേശങ്ങളും കാര്യമായി ഉയർന്നു വരുന്നുണ്ട്. അത് നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെക്കാൾ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാവും ചെയ്യുക.

ഒരു പ്രശ്നത്തിനു സ്വീകരിക്കേണ്ട സാങ്കേതിക പരിഹാര വശങ്ങളെക്കുറിച്ചും, പ്രായോഗിക പരിഹാര വശങ്ങളെക്കുറിച്ചും നമുക്ക് തികഞ്ഞ ബോധ്യമുണ്ടാകണം. വിമാന അപകടങ്ങൾ ചെറുക്കുന്നതിനു നിർദ്ദേശിക്കാവുന്ന സാങ്കേതിക പരിഹാരങ്ങളാണ് പൈലറ്റില്ലാ വിമാനങ്ങൾ ഉപയോഗിക്കുക, കോക്പിറ്റിൽ ക്യാമറ ഘടിപ്പിക്കുക എന്നതൊക്കെ. അതേ സമയം അതിൽ നമ്മൾ ഉടനടി സ്വീകരിക്കേണ്ട പ്രായോഗിക പരിഹാര നടപടികളാണ് വിമാനം പ്രവർത്തിക്കുന്ന സമയമത്രയും കോക്പിറ്റിൽ രണ്ട് ആളുകൾ ഉണ്ടെന്നു ഉറപ്പു വരുത്തുക, വിമാനം പറത്തുന്നതിനു മുമ്പും, കോക്പിറ്റിലേക്ക് പ്രവേശിക്കുന്നതിനും, പുറത്തു പോയി അകത്തു കടക്കുന്നതിനു മുമ്പും ഉയർന്ന തരത്തിലുള്ള മാനസിക പരിശോധനകളിലൂടെ  പൈലറ്റുമാരുടെ മാനസിക ക്ഷമത ഉറപ്പു വരുത്തുക എന്നതൊക്കെ.

വിമാന അപകടങ്ങൾ പോലെയുള്ള സംഭവങ്ങളിൽ പ്രായോഗിക പരിഹാരങ്ങളെക്കുറിച്ചു ചിന്തിക്കാതെ സാങ്കേതിക  മാർഗ്ഗങ്ങളെ മാത്രം ആശ്രയിക്കുന്നത് കുപ്പിയിലുള്ള ഭൂതത്തെ തുറന്നു വിട്ട്  എയർ ലൈൻ വ്യവസായത്തെ  കൂടുതൽ കുഴപ്പങ്ങളിലേക്കു തള്ളി വിടുന്നതിനു തുല്യമായിരിക്കും. 

വിഷയത്തിൽ പൈലറ്റില്ലാ വിമാനങ്ങൾ പോലുള്ള സാങ്കേതിക പരിഹാരത്തിന്റെ  യുക്തി നമുക്കൊന്നു പരിശോധിക്കാം. ജർമ്മൻ വിമാന ദുരന്തത്തെ സംമ്പന്ധിച്ച് സി എൻ എൻ നടത്തിയ മുക്കും മൂലയും ചികഞ്ഞുള്ള കവറേജിലും ചർച്ചകളിലുമാണ് ഇത്തരമൊരു നിർദ്ദേശം ആദ്യം ഉയർന്നു വന്നത്. ഇതിൽ പ്രയോഗിക്കപ്പെട്ട യുക്തി ലളിതമായിരുന്നു. പൈലറ്റ് കൊണ്ടു ചെന്നിടിച്ചുണ്ടാക്കുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനു പൈലറ്റില്ലാ വിമാനങ്ങൾ പ്രയോജനപ്പെടുത്തുക എന്നതിനേക്കാൾ നല്ല എന്തു  പരിഹാരമാണുള്ളത്?  ആളില്ലാ യുദ്ധ വിമാനങ്ങളുടെ വിജയവും, സെൽഫ് ഡ്രൈവിംഗ് കാറുകളുമായി ജനങ്ങൾ പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുന്ന സാഹചര്യവുമെല്ലാം ചൂണ്ടിക്കാട്ടിയാണ് പൈലറ്റില്ലാ യാത്രാ വിമാനത്തിന്റെ വക്താക്കൾ അതിനെ സ്വീകരിക്കാവുന്ന സാധ്യതയായി വിലയിരുത്തുന്നത്.

സാങ്കേതികത സൃഷ്ടിക്കുന്ന നിലവിലെ പ്രശ്നങ്ങൾക്കു തന്നെ കൃത്യമായ പരിഹാരം നിർദ്ദേശിക്കാൻ കഴിയാതിരിക്കുന്ന സാഹചര്യത്തിലാണ് നാം കൂടുതൽ സങ്കീർണ്ണമായ സാങ്കേതിക പരിഹാരങ്ങൾക്കായി ശ്രമിക്കുന്നത്. ആൽപ്സിനു മുകളിൽ വച്ച് ജി. പി . എസ് ട്രാക്കിംഗ് സംവിധാനത്തിനു തകരാറു സംഭവിച്ചാലോ, ഒരു വിമാനത്തിലെ സാങ്കേതിക സംവിധാനം ഹാക്കു ചെയ്യപ്പെട്ടാലോ എന്തു ചെയ്യണമെന്നു നമ്മുക്കു വലിയ പിടിയില്ല. ”ജനങ്ങളോ, യാത്രക്കാരോ, പൈലറ്റുമാർ തന്നെയോ ഇത്തരമൊരു സാങ്കതിക വിദ്യ ആഗ്രഹിക്കുന്നില്ല.”. എം ഐ ടി എയ്റോസ്പേസിലെ വിദഗ്ധൻ ജോൺ ഹാൻസ്മാൻ പൈലറ്റില്ലാ വിമാനങ്ങളെക്കുറിച്ചു സി.എൻ. എൻ നടത്തിയ ചർച്ചയിൽ തന്നെ പറഞ്ഞു. ”ഇതിനെ വെറും സാങ്കേതിക പ്രശ്നമായി കാണാൻ കഴിയില്ല.സാങ്കേതികതയിൽ ജനത്തിനും സമൂഹത്തിനും ഉണ്ടാകേണ്ട വിശ്വാസത്തിന്റെ പ്രശ്നമാണ്. സമുദ്രത്തിനും പർവ്വതത്തിനുമൊക്കെ 30,000 അടി മുകളിലും, തിരക്കേറിയ അന്തർദേശീയ വിമാന പാതയിലൂടെയുമൊക്കെ യാത്രക്കാരേയും വഹിച്ചുകൊണ്ട് ഒരു റോബോട്ട് വേഗത്തിൽ വിമാനമോടിക്കുന്നതു ചിന്തിച്ചു നോക്കു, സൂരക്ഷാ ഭീക്ഷണിയില്ലാതെ അതിൽ യാത്ര ചെയ്യാൻ കഴിയുമെന്നു കരുതുന്നുണ്ടോ?”

ഇതൊക്കെ വച്ച് പൈലറ്റില്ലാ വിമാനങ്ങൾ പോലുള്ള സാങ്കതിക സംവിധാനങ്ങൾക്കു ഭാവിയിലും യാതൊരു സാധ്യതയുമില്ലെന്നു പറയുന്നില്ല. യാത്രക്കാരെയല്ലാതെ മറ്റു വസ്തു വകകൾ കയറ്റി അയക്കുന്നതിനോ, ശത്രുക്കൾക്കെതിരെ സൈനികാക്രമണങ്ങൾ നടത്തുന്നതിനോ ഒക്കെ ഈ സംവിധാനം കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാം. ബോയിംഗ് 737 പോലുള്ള വലിയ വിമാനങ്ങളിൽ വരെ പൈലറ്റില്ലാ സംവിധാനം വിജയകരമായി ഉപയോഗിക്കാമെന്നു ധാരാളം പരീക്ഷണങ്ങളിലൂടെ ഇതിനകം തെളിയിച്ചിട്ടുള്ളതാണ്. ഈയടുത്ത് ഒരു ബോയിംഗ് വിമാനത്തെ 40,000 അടി ഉയരത്തിൽ പറന്നു കൊണ്ട് മിസൈൽ വർഷിക്കാൻ കഴിയുന്ന ക്യുഎഫ്-16 പൈലറ്റില്ലാ വിമാനമായി മാറ്റിയെടുക്കാൻ സാധിച്ചിരുന്നു. യു. എസ്സ് നേവിയുടെ പുതിയ ആളില്ലാ വിമാനം എക്സ്-47ബി മനുഷ്യ സഹായം കൂടാതെ വിമാനവാഹിനിയിൽ ഘടിപ്പിക്കാനായതും എടുത്തു പറയാം. എന്നാൽ അതൊന്നും തന്നെ തന്നെ യാത്രക്കാര കയറ്റാനുള്ള വിമാനങ്ങളായിരുന്നില്ല എന്ന കാര്യമാണ് കണക്കിലെടുക്കേണ്ടത്.

ജനവിശ്വാസം ആർജ്ജിച്ചെടുക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ കാതലായ പ്രശ്നങ്ങൾ നേരിടുന്ന പൈലറ്റ് ഇല്ലാ വിമാനങ്ങൾ പോലുള്ള അതിരു കടന്ന സാങ്കതിക ആലോചനകളെ നമ്മുക്കു തൽക്കാലം മാറ്റി വയ്ക്കാം. കോക്പിറ്റിൽ ക്യാമറ ഘടിപ്പിക്കണമെന്നു പറയുന്ന,   അവിടെ അവിചാരിതമായി എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അതേ പറ്റി വിമാനത്താവളത്തിലെ ജീവനക്കാർക്ക് ഉടനടി വിവരം ലഭിക്കാൻ സഹായിക്കുമെന്നു  തത്ത്വത്തിൽ  പറയാൻ കഴിയുന്ന ഈ സംവിധാനം നടപ്പാക്കുന്നതിൽ വരെയുണ്ട് നൂറുകൂട്ടം  തടസ്സങ്ങൾ. എല്ലാ വിമാനങ്ങളുടെ കോക്പിറ്റിലും ക്യാമറ ഘടിപ്പിക്കുക എന്നതിൽ കേവലം സാങ്കേതികതയുടേയോ, ചെലവിന്റേയോ പ്രശ്നം മാത്രമല്ല ഉള്ളത്. സർക്കാർ ജീവനക്കാർ, മറ്റു ഉദ്യോഗസ്ഥർ, നിയമ പാലകർ, ഇൻഷൂറൻസ് കമ്പനികൾ തുടങ്ങി നിരവധി ആളുകളുടേയും സ്ഥാപനങ്ങളുടേയും അകമഴിഞ്ഞ സഹകരണവും പ്രയത്നവും ഇതിലേക്കായി ഉറപ്പാക്കേണ്ടതുണ്ട്. 

ഏതു സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോഴും അത് പ്രയോഗിക്കപ്പെടുന്ന   മനുഷ്യർക്കുണ്ടാകുന്ന പ്രശ്നങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്. കോക്പിറ്റിൽ പുതുതായി ഒരു ക്യാമറ കടന്നു കയറുന്നതിനെ പൈലറ്റുമാർ ഉൾക്കൊള്ളാൻ സാധ്യത ഇല്ല. സദാ സമയവും തങ്ങൾ അതിലൂടെ നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിൽ അവർക്കു താത്പര്യം ഉണ്ടാവില്ല എന്നതു തന്നെ കാരണം. അതിനാൽ തന്നെ ഈ നീക്കത്തിനു പൈലറ്റ് യൂണിയനുകളുടെ സമ്മതം വാങ്ങിയെടുക്കുക എന്നതു ശ്രമകരമായിരിക്കും. വിമാനക്കമ്പനി മുതലാളിമാർ ഇപ്പോൾ തന്നെ ചെലവു കൂടുന്നേയെന്നു സ്ഥിരമായി വിലപിക്കുന്നവരാണ്, വൻ ചെലവു വരുന്ന പുതിയ സാങ്കേതിക വിദ്യ സ്ഥാപിക്കാൻ അവരാരും തയ്യാറെന്നു വരില്ല. (ഇനി ഗവൺമെന്റിന്റെ നിർബന്ധത്തിൽ അവർ സമ്മതിച്ചാൽ തന്നെ ടിക്കറ്റ് ചാർജ്ജിന്റെ രൂപത്തിൽ അതിന്റെയൊക്കെ ഭാരം പേറേണ്ടി വരിക യാത്രക്കാരായിരിക്കും)

ഉപയോഗിക്കാൻ പോകുന്ന ആളുകൾക്കു തന്നെ വിശ്വാസമില്ലാത്ത ഒരു സംവിധാനം അതിനേക്കാളുപരി ഈ പറയുന്ന തരത്തിലൊന്നും ഇനിയും വികസിച്ചു വന്നിട്ടില്ലാത്ത ഒരു സാങ്കതിക വിദ്യ, അതാണ് എല്ലാ പ്രശ്നത്തിനും പരിഹാരം എന്ന തരത്തിൽ തീരുമാനത്തിലെത്താൻ നമ്മെ പ്രേരിപ്പിക്കുന്നതെന്താണ്?

ഇത്തരത്തിലൊരു ദാരുണ ദുരന്തം ഉണ്ടായപ്പോൾ സമൂഹത്തിനാകെയുണ്ടായ കുറ്റബോധമായിരിക്കാം ഒരു കാരണം. താങ്ങാനാവാത്ത ഏതു ദുരന്തം സംഭവിക്കുമ്പോഴും അതിനിയൊരിക്കലും ഒരു കാരണവശാലും ആവർത്തിക്കരുത് എന്ന ചിന്തയായിരിക്കും വികാര പരവശമായ നമ്മുടെ മനസ്സിൽ ആദ്യം ഉണ്ടാകുക. അതിനു പര്യാപ്തമെന്നു തോന്നിയാൽ ഏതറ്റത്തെ മാർഗ്ഗം സ്വീകരിക്കാനും നാം തയ്യാറാകും. 

എന്നാൽ ഈ പ്രവണതയ്ക്ക് മറ്റൊരു കാരണം പറയുകയാണെങ്കിൽ എല്ലാ പ്രശ്നങ്ങൾക്കും സാങ്കതിക വിദ്യ പരിഹാരമാണെന്ന മട്ടിൽ സമൂഹത്തിൽ അടിയുറച്ചു പോയിരിക്കുന്ന വിശ്വാസം തന്നെയാണ് പ്രശ്നം. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ തൊട്ടതിനും പിടിച്ചതിനുമൊക്കെ സാങ്കേതിക വിദ്യ തന്നെ ശരണം എന്നു കരുതുന്ന പൊതു മനോഭാവം. ”ഇവിടെ ക്ലിക്ക് ചെയ്യു, സർവ്വതിനേയും രക്ഷിക്കു”( “To Save Everything, Click Here,”)  എന്ന പേരിൽ 2013ൽ പുറത്തിറങ്ങിയ എവ്ജെനി മോർസോവിന്റെ പുസ്തകത്തിൽ ഊന്നി പറയുന്ന ഒരു കാര്യമുണ്ട്. ലളിതവും എളുപ്പം പിടികിട്ടുന്നതുമായ മാർഗ്ഗങ്ങളാണ് സങ്കീർണ്ണമായ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ പോലും സിലിക്കൺ വാലിയിലെ സാങ്കേതികജ്ഞരും വാഷിംഗ്ടണിലെ നയതന്ത്രഞ്ജരുമെല്ലാം പ്രയോഗിക്കുന്നത്. വിമാന സുരക്ഷയെക്കുറിച്ചു പറയുന്നവർ ഈ നിരീക്ഷണങ്ങൾ ഓർക്കുന്നത് നന്നായിരിക്കും.

ജർമ്മൻ വിമാനം ദുരന്തത്തിൽ പെടാനുള്ള യഥാർഥ കാരണം തന്നെ പരിശോധിക്കാം. വിഷാദ രോഗിയായ ഒരു യുവ പൈലറ്റ് നിറയെ യാത്രക്കാരുള്ള വിമാനം ഇടിച്ചു തകർക്കാൻ തീരുമാനിക്കുന്നു. അതൊരു തീർത്തും ഒറ്റപ്പെട്ട, സാധാരണഗതിയിൽ ഇനിയൊരിക്കലും സംഭവിക്കാൻ സാധ്യത ഇല്ലാത്ത സാഹചര്യമാണ്. ഇതിന്റെ മാത്രം അടിസ്ഥാനത്തിൽ അങ്ങേയറ്റത്തെ സാങ്കേതികതയെ ആശ്രയിക്കാൻ പുറപ്പെടുന്നതിനു മുമ്പ് ഉടനടി സ്വീകരിക്കാൻ കഴിയുന്ന ചില പ്രായോഗിക സമീപനങ്ങളിലൂടെ എയർലൈൻ മേഖലയെ മെച്ചപ്പെടുത്തി മൊത്തത്തിൽ നവീകരിച്ചെടുക്കുകയാണ് വേണ്ടത്. ക്യാബിനിൽ നിന്നും പൈലറ്റുമാരെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനു പകരം ഒരാളെ കൂടി ഉൾപ്പെടുത്തി എപ്പോഴും രണ്ടു പേർ ഉണ്ടാകുന്ന അവസ്ഥ സൃഷ്ടിക്കുകയാണ് വേണ്ടത്. ക്യാമറ സ്ഥാപിച്ചു പൈലറ്റുമാരെ സദാ നിരീക്ഷണവിധേയരാക്കുന്നതിനു പകരം അവർക്കായുള്ള സ്ക്രീനിംഗ് സംവിധാനം കുറ്റമറ്റതാക്കി മാനസിക പ്രശ്നങ്ങളുള്ളവരും ലഹരിക്കടിമയായായവരുമൊക്കെ സർവ്വീസിൽ കയറാനുള്ള സാധ്യത ഇല്ലാതാക്കുകയാണ് വേണ്ടത്.

ഇപ്പറഞ്ഞതൊക്കെ ഭക്ഷണം കഴിപ്പിക്കാൻ വരെ സാങ്കതിക വിദ്യ ഉണ്ടെങ്കിൽ കൊള്ളാമെന്നു കരുതുന്ന വക്താക്കളിൽ നിരാശയുണ്ടാക്കുമെന്നറിയാം. ജർമ്മൻ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സാങ്കേതിക വിദ്യ വികസിപ്പിച്ചു ചെയ്യേണ്ട അനന്ത കോടി സാധ്യതകളാണ് അവർക്കു മുന്നിൽ തെളിഞ്ഞത്. ഒരു ആളില്ലാ കാർ അമേരിക്കൻ നിരത്തിലൂടെ വിജയകരമായി ഓടിയതിന്റേയും, ബോംബു വർഷിക്കുന്ന ആളില്ലാ വിമാനങ്ങൾ വിമാന സുരക്ഷ സംബന്ധിച്ച എല്ലാ സംശയങ്ങളും ദൂരീകരിക്കുകയും ചെയ്തിരിക്കുന്ന  സാഹചര്യത്തിൽ നമുക്ക് പൈലറ്റില്ലാ വിമാനങ്ങളുടെ ഭാവി സാധ്യതകളെ കുറിച്ചു സംസാരിക്കാം. ആർക്കറിയാം ഭാവിയിൽ സാങ്കതിക വിദ്യ വികസിച്ച് വിമാനങ്ങളെ കടത്തിവെട്ടുന്ന വല്ല ഹൈപ്പർലൂപ്പുകളുമായിരിക്കും രംഗത്തുണ്ടാകുക. അന്നേരം ആരാണ് വിമാനങ്ങളെക്കുറിച്ചു സംസാരിക്കുക അല്ലേ? 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍