UPDATES

സയന്‍സ്/ടെക്നോളജി

നിങ്ങള്‍ കഴിക്കുന്ന പിസ്സയില്‍ ആന്‍റിബയോട്ടിക്കുകള്‍ ഇല്ലെന്ന് എങ്ങനെയറിയാം?

Avatar

ഡീന ശങ്കര്‍
(ബ്ലൂംബെര്‍ഗ്)

ലോകത്തെ വന്‍കിട റെസ്റ്റോറന്‍റ്  ശൃംഖലകളില്‍ പലതും തങ്ങള്‍ ഉപയോഗിക്കുന്ന മാംസ ഉല്‍പ്പന്നങ്ങളില്‍ ആന്‍റിബയോട്ടിക്കുകളുടെ അംശം പരമാവധി കുറയ്ക്കാനുള്ള നടപടികള്‍ സ്വയമേവ സ്വീകരിച്ചിട്ടുണ്ട്. ഈ പുതിയ നയങ്ങളെ കുറിച്ചറിയാന്‍ താല്‍പ്പര്യം കാണിക്കുന്ന ഉപഭോക്താക്കള്‍ വിശ്വാസ്യതയ്ക്ക് സ്വാദിനോളം പ്രാധാന്യം കൊടുക്കേണ്ടിയിരിക്കുന്നു.

ഒരു വര്‍ഷം മുന്‍പ് മക്ഡൊണാള്‍ഡ്സ് അമേരിക്കയിലും യൂറോപ്പിലും തങ്ങളുടെ ചിക്കന്‍ സംഭരണത്തില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള പദ്ധതികളുണ്ടാക്കി. 2025ഓടെ ആന്‍റിബയോട്ടിക്കുകളില്ലാതെ വളര്‍ത്തിയെടുത്ത ചിക്കനും മാംസവും മാത്രമേ അമേരിക്കന്‍ സ്റ്റോറുകളില്‍ വിളമ്പൂ എന്ന് സബ്-വേ തീരുമാനിച്ചിരിക്കുന്നു. 2004 മുതല്‍ ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കാതെ വളര്‍ത്തിയെടുത്ത ചിക്കന്‍ മാത്രമുപയോഗിക്കുന്ന പാനെറ ബ്രെഡ്, പോര്‍ക്കിന്‍റെ ലഭ്യത കുറഞ്ഞതോടെ “ആന്‍റിബയോട്ടിക്സ് ഇനി വേണ്ടേ വേണ്ട” എന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോകേണ്ടി വന്ന ചിപ്പൊട്ട്ലെ മെക്സിക്കന്‍ ഗ്രില്‍ എന്നിവരൊക്കെ റെസ്റ്റോറന്‍റ് ശൃംഖലകള്‍ക്കിടയില്‍ മാറ്റത്തിന് തുടക്കമിട്ടവരാണ്.

ലോകാരോഗ്യ സംഘടന (WHO) മനുഷ്യരില്‍ ആന്‍റിബയോട്ടിക്കുകളോട് പ്രതിരോധം വളരുന്നത് ഒരു ആഗോള പ്രതിസന്ധിയായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നും ആന്‍റിബയോട്ടിക്സ് ഇല്ലാത്ത ചേരുവകള്‍ ഉപയോഗിക്കാന്‍ ഉപഭോക്താക്കളില്‍ നിന്ന് വര്‍ദ്ധിച്ചു വരുന്ന ആവശ്യത്തെ തുടര്‍ന്നുമാണ് ഈ നടപടികള്‍. 

നമ്മുടെ ഫാസ്റ്റ്ഫുഡിലെ ആന്‍റിബയോട്ടിക്കുകളുടെ അളവ് പരമാവധി കുറയ്ക്കാന്‍ അടുത്തതായി ശ്രമിക്കുന്നത് അന്താരാഷ്ട്ര പീറ്റ്സ ബ്രാന്‍ഡായ ഡോമിനോസിന്‍റെ ബ്രിട്ടനിലെ സ്വതന്ത്ര ബ്രാഞ്ചായ ഡൊമിനോസ് പീസ്സ ഗ്രൂപ്പാണ്. വലിയൊരു കൂട്ടം നിക്ഷേപകരുടെ കാമ്പെയ്നിന് മറുപടിയായി ആന്‍റിബയോട്ടിക്സിന് തങ്ങള്‍ കണിശമായ പരിധികള്‍ നിശ്ചയിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ മാസം അവര്‍ മാധ്യമങ്ങളെ അറിയിച്ചു.

യുകെയില്‍ ഡൊമിനോസിന് സാധങ്ങള്‍ നല്‍കുന്ന വിതരണക്കാര്‍ അവര്‍ വളര്‍ത്തുന്ന മൃഗങ്ങളില്‍ “അസുഖങ്ങളുടെ ചികില്‍സയ്ക്ക് മാത്രമേ ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കാറുള്ളൂ എന്നും അതുതന്നെ മൃഗ ചില്‍സകരുടെ കര്‍ശന മേല്‍നോട്ടത്തില്‍ ആണെന്നും,” ഡൊമിനോസ് വക്താവായ നീന അര്‍നോട്ട് അറിയിച്ചു.

അങ്ങനെ ചെയ്യുന്നത് തികച്ചും സാധാരണമല്ലേ എന്നു തോന്നാം. എന്നാല്‍ കോഴിയുടെയും മറ്റ് മാംസത്തിന്‍റെയും വിതരണക്കാര്‍ മൃഗങ്ങളിലെ അസുഖങ്ങള്‍ തടയാനും വളര്‍ച്ച കൂട്ടാനുമൊക്കെ ആന്‍റി ബയോട്ടിക് മരുന്നുകള്‍ വിവേചനമില്ലാതെ ഉപയോഗിക്കുന്നത് സ്ഥിരം പതിവായതുകൊണ്ട് ഡോമിനോസിന്‍റെ ശ്രമങ്ങള്‍ വേറിട്ട് നില്‍ക്കുന്നു. നിക്ഷേപകരുടെ കൂട്ടായ്മയോടുള്ള പ്രതികരണമായി ആന്‍റിബയോട്ടിക്സ് പ്രയോഗിച്ചിട്ടില്ലാത്ത മൃഗങ്ങളുടെ മാംസത്തിലേയ്ക്ക് മാറുന്നത് മാര്‍ക്കെറ്റിങ്ങിന്‍റെ ഭാഗമാക്കാതെ ഡൊമിനോസ് പീസ്സ ഗ്രൂപ്പ് വളരെ ഒതുങ്ങിയ രീതിയില്‍ പ്രസ്താവിച്ചതും ശ്രദ്ധേയമായി.

ബ്രിട്ടനിലെ അവരുടെ സംഭരണ ശൃംഖല നിയന്ത്രിക്കാനുള്ള ഡോമിനോസിന്‍റെ തീരുമാനത്തെയും അത്തരം നയങ്ങളെയും ഇതിനായി വാദിക്കുന്നവര്‍ സ്വാഗതം ചെയ്യുന്നു. അവരുടെ തന്നെ അമേരിക്കന്‍ സ്റ്റോറുകളെക്കാള്‍ ഉയര്‍ന്ന നിലവാരത്തിലുള്ള നടപടികളായി ഇവ വീക്ഷിക്കപ്പെടുകയും ചെയ്യും. നാച്ചുറല്‍ റിസോഴ്സെസ് ഡിഫെന്‍സ് കൌണ്‍സില്‍ ഉള്‍പ്പടെയുള്ള നോണ്‍ പ്രോഫിറ്റ് സംഘടനകളുടെ കൂട്ടായ്മ കഴിഞ്ഞ വര്‍ഷം യു‌എസ് വളരെ കുറഞ്ഞ ഗ്രേഡിംഗ് ആണ് നല്‍കിയത്. ആന്‍റി ബയോട്ടിക്സിന്‍റെ കാര്യത്തില്‍ വ്യക്തമായ നയം ഇല്ലാത്തതിനാലാണ് ഇത്. എന്നാല്‍ കമ്പനി ഈ ഗ്രേഡിങ് അംഗീകരിക്കുന്നില്ല.

ഈ മാറ്റങ്ങള്‍ ബുദ്ധിമുട്ടുള്ള ആ ചോദ്യം ഉയര്‍ത്തുന്നു: ഇത്തരം കമ്പനികള്‍ സ്വയം ഏര്‍പ്പെടുത്തിയ നിയമങ്ങള്‍ അനുസരിക്കുമെന്ന് ഉറപ്പു തരുമ്പോള്‍ പീസ്സ ബോക്സ് തുറക്കുന്ന ഉപഭോക്താക്കള്‍ക്ക് അതിലെ പെപ്പറോണി അതനുസരിച്ച് വ്യത്യസ്തമാണെന്ന് എങ്ങനെ മനസിലാവും?

തങ്ങളുടെ റെസ്റ്റോറന്‍റുകളില്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍  നിരീക്ഷിക്കുവാന്‍ തീരുമാനിച്ചിട്ടുള്ള കമ്പനികള്‍ക്ക് പോലും എങ്ങനെ അത് നടപ്പാക്കണമെന്നറിയില്ല. അവരുടെ വാഗ്ദാനങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ആര് ഉറപ്പു വരുത്തുന്നു എന്നും വ്യക്തമല്ല. ഒരു റെഗുലേറ്ററി അധികാരിയും അത് പരിശോധിക്കുന്നില്ല. പുറമെ നിന്നുള്ള പരിശോധനകളുടെയും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന വിവരങ്ങളുടെയും തോത് ഓരോ കമ്പനിയ്ക്കും വ്യത്യസ്ഥമാണ്. അതിര്‍ത്തികള്‍ മാറുന്നതോടെ ഓഡിറ്റര്‍മാരും അധികം ശ്രദ്ധിക്കാതെയാവുന്നു.  ആന്‍റിബയോട്ടിക്സ് ഉപയോഗത്തിന്‍റെ നിയന്ത്രണത്തെ കുറിച്ച് വാഗ്ദാനങ്ങള്‍ നല്‍കുന്ന ഒരു പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഖല കമ്പനിയുടെ ഉറപ്പു മാത്രമാണ് അക്കാര്യത്തില്‍ ഉപഭോക്താവിന്‍റെ മുന്നില്‍ വയ്ക്കുന്നത്.

“റീടെയ്ല്‍ ശൃംഖലകളുടെ അവകാശവാദങ്ങള്‍ തമ്മില്‍ ചെറിയ വ്യത്യാസങ്ങളേയുള്ളൂ. അവ പുറമെ നിന്ന് പരിശോധനയ്ക്ക് വിധേയമാക്കാനുള്ള സംവിധാനം നിലവിലില്ല,” NRDC (Natural Resources Defense Council) യിലെ ഒരു സീനിയര്‍ ഹെല്‍ത്ത് ഓഫീസറായ ഡേവിഡ് വോലിങ പറയുന്നു. ഇറച്ചിക്കോഴി വളര്‍ത്തല്‍ അടക്കമുള്ള പൌള്‍ട്രി മേഖലയില്‍ Certified Responsible Antibiotic Use എന്ന പരിപാടി യുഎസ്സിലെ കൃഷി വകുപ്പ് നടപ്പിലാക്കുന്നുണ്ട്; ഇതില്‍ മറ്റ് മൃഗങ്ങള്‍ ഉള്‍പ്പെടുന്നില്ല. എന്നാല്‍ പ്രധാനപ്പെട്ട മരുന്നുകളായി ഉപയോഗിക്കുന്ന ആന്‍റിബയോട്ടിക്സ് മൃഗചികില്‍സകന്‍റെ മേല്‍നോട്ടത്തില്‍ രോഗ ചികില്‍സയ്ക്കായി ഉപയോഗിക്കാം എന്നുള്ളതിനാല്‍ ഇത് അത്ര കര്‍ശനമായ ഒരു നിയന്ത്രണ പരിപാടിയല്ല. സത്യത്തില്‍ ഈ ഈ USDA നയം പല കോര്‍പ്പറേറ്റുകളുടെയും ഉറപ്പുകളേക്കാള്‍ അയഞ്ഞതാണ്.

“പല രീതിയിലും ഇതൊക്കെ ചെയ്യാം, ആള്‍ക്കാര്‍ ചെയ്യുന്നുമുണ്ട്,” മൃഗ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ വേള്‍ഡ് ആനിമല്‍ പ്രൊട്ടക്ഷന്‍റെ കോര്‍പ്പറേറ്റ് എന്‍ഗേജ്മെന്‍റ് വിഭാഗം ഇന്‍റര്‍നാഷനല്‍ ഹെഡ് ആയ മാര്‍ട്ടിന്‍ കുക്ക് പറഞ്ഞു.

നിയമപരമായ നിയന്ത്രണങ്ങളിലെ ഈ വിടവ് നികത്താന്‍ ചില കമ്പനികള്‍ ഓഡിറ്റിങ് ഏര്‍പ്പെടുത്തുന്നു. ഉദാഹരണത്തിന്, പാനെറ അവര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നവരെ ഓഡിറ്റ് ചെയ്യാന്‍ SAI ഗ്ലോബലിനെ ഉപയോഗിക്കുന്നു. ചിപ്പോട്ട്ലേയ്ക്ക്  സ്വന്തമായ ഓഡിറ്റിങ് സംവിധാനമുണ്ട്. എന്നാല്‍ അതേ കുറിച്ച് സംസാരിക്കാനുള്ള അഭ്യര്‍ഥനയോട് കമ്പനി പ്രതികരിച്ചില്ല. സബ്-വേയുടെ യു‌എസ് റെസ്റ്റോറന്‍റുകളില്‍ ഫ്രാഞ്ചൈസികളുടെ കോഓപ്പറേറ്റീവാണ് വിതരണക്കാരുടെ പ്രവര്‍ത്തന രീതികള്‍ പരിശോധിക്കുന്നത്. തങ്ങളുടെ വിതരണക്കാരുമായി അടുത്ത ബന്ധമാണുള്ളതെന്നും കൃത്യമായ അവലോകനങ്ങളും അംഗീകാരം നല്‍കാന്‍ കുറ്റമറ്റ രീതികളും ഉണ്ടെന്നും ഡോമിനോസ് പീസ്സ ഗ്രൂപ്പ് പറഞ്ഞു. പക്ഷേ കൂടുതല്‍ വിശദീകരിക്കാന്‍ അവര്‍ തയ്യാറായില്ല.

USDAയുടെ Process Verified Program ഉപയോഗിച്ച് യുഎസ്സില്‍ അവര്‍ വാങ്ങുന്ന ഇറച്ചിക്കോഴികളില്‍ ആന്‍റിബയോട്ടിക്കുകളുടെ അംശമില്ലെന്ന് ഉറപ്പു വരുത്തുമെന്ന് മക്ഡൊണാള്‍ഡ്സ് അറിയിച്ചു. Process Verified Program കമ്പനികള്‍ക്ക് സ്വന്തമായി നടപടിക്രമങ്ങളും ചെക്ക്പോയിന്‍റുകളും ഉപാധികളും ഉണ്ടാക്കാന്‍ അനുവാദം നല്‍കുന്നു. അവ നടപ്പില്‍ വരുത്തുന്നുണ്ടോയെന്ന് USDA പരിശോധിക്കുന്നു. എന്നാല്‍ യൂറോപ്പില്‍ മക്ഡൊണാള്‍ഡ്സ് ഇതിനായി അവരുടെ ആഭ്യന്തര പരിശോധനാ ക്രമങ്ങളെയാണ് ഇതിനായി ആശ്രയിക്കുന്നത്.

വിതരണക്കാര്‍ ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കാതിരിക്കുക അല്ലെങ്കില്‍ നിയന്ത്രിതമായി മാത്രം ഉപയോഗിക്കുക എന്ന പ്രസ്താവന ഇപ്പോളും അവ്യക്തമാണ്. പലതരം കാരണങ്ങള്‍ കൊണ്ട് ഉപയോഗിക്കപ്പെടുന്ന വിവിധതരം മരുന്നുകളെയാണ് ഈ കോര്‍പ്പറേറ്റ് നയത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതും പൊതുവായ ഒരു നിയന്ത്രണ സംവിധാനമില്ലാതെ. ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കില്ല എന്ന ഒറ്റ പ്രസ്താവനയില്‍ ആ വിഭാഗത്തില്‍ പെട്ട എല്ലാ മരുന്നുകളും ഉള്‍പ്പെടുമോ അതോ മനുഷ്യരെ ഹാനികരമായ രീതിയില്‍ ബാധിക്കുന്നവ മാത്രമേ ഉണ്ടാകുകയുള്ളോ? രോഗങ്ങളുടെ ചികില്‍സയ്ക്കല്ലാതെ വേറെ ഏതെങ്കിലും സാഹചര്യത്തില്‍ ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കാമോ? പല മൃഗങ്ങള്‍ക്കും രോഗങ്ങള്‍ വരാതിരിക്കാനും കുറച്ചു തീറ്റ കൊണ്ട് കൂടുതല്‍ വലിപ്പമുണ്ടാകാനും ഒക്കെ സ്ഥിരമായി ആന്‍റിബയോട്ടിക് മരുന്നുകള്‍ കൊടുക്കാറുണ്ട്. പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ നിശിതമായി വിമര്‍ശിക്കുന്ന കാര്യങ്ങളാണിവ.

മൃഗങ്ങളുടെ ശാരീരിക വളര്‍ച്ചക്കായി ആന്‍റിബയോട്ടിക്സ് കൊടുക്കുന്നത് യൂറോപ്പില്‍ നിരോധിച്ചിട്ടുണ്ട്. മൃഗങ്ങളിലെ അസുഖങ്ങള്‍ തടയാന്‍ സ്ഥിരമായി അവ നല്‍കുന്നത് യൂറോപ്യന്‍ പാര്‍ലമെന്‍റ് ഉടനെ നിരോധിച്ചേക്കും. എന്നാല്‍ അമേരിക്കയില്‍ FDA മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരം മതി. അമേരിക്കയില്‍ വൈദ്യശാസ്ത്രപരമായി പ്രാധാന്യമുള്ള ആന്‍റിബയോട്ടിക്സിന്‍റെ വില്‍പ്പനയുടെ 62% മൃഗങ്ങളിലുള്ള ഉപയോഗത്തിനാണ്. പുതിയ കണക്കുകള്‍ പ്രകാരം ബ്രിട്ടനില്‍ ഇത് 44% ആണ്. കൃഷിയിലെ ആന്‍റിബയോട്ടിക്കുകളുടെ അമിതോപയോഗം മനുഷ്യരില്‍ ഇവയ്ക്കെതിരെ പ്രതിരോധം സൃഷ്ടിക്കുന്നു എന്ന് വ്യക്തമാക്കുന്ന ഗവേഷണങ്ങള്‍ നിലനില്‍ക്കുമ്പോഴാണിത്.

‘യൂറോമോണിറ്റര്‍’ കണക്കുകള്‍ പ്രകാരം ഡൊമിനോസ് യു‌കെ ആ രാജ്യത്തെ പീസ്സ വിതരണക്കാരാണ്. എന്നിട്ടും ആന്‍റിബയോട്ടിക്കുകളെ പറ്റി അവരുടെ വെബ് സൈറ്റില്‍ യാതൊരു വിവരവും ലഭ്യമല്ല. ഇക്കാര്യത്തില്‍ അവരുടെ നയത്തെപ്പറ്റി പത്ര പ്രസ്താവനയോ മാര്‍ക്കെറ്റിങ് പരിപാടികളോ ഇല്ല; ചില നിരീക്ഷകരെ ഇത് അമ്പരപ്പിച്ചിട്ടുണ്ട്. “ഇക്കാര്യത്തില്‍ അവരുടെ വീക്ഷണം കമ്പനി പരസ്യപ്പെടുത്തുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഉപയോഗിക്കുന്ന സാധനങ്ങള്‍ എങ്ങനെ ഉല്പ്പാദിപ്പിച്ചതാണ് എന്നതിനെ പറ്റി ഒന്നുമേ പറയുന്നില്ല,” റെസ്റ്റോറന്‍റ് കണ്‍സള്‍ട്ടന്‍റും ആരണ്‍ അലന്‍ & അസ്സോസിയേറ്റ്സിന്‍റെ അനലിസ്റ്റുമായ ആരണ്‍ അലന്‍ പറയുന്നു.

ബ്ലൂംബെര്‍ഗിന്‍റെ ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയായി ഡോമിനോസ് പീസ്സ ഗ്രൂപ്പ് അയച്ച ഈ-മെയിലില്‍ പറയുന്നത് അവര്‍ ഏതാനും വന്‍കിട, അംഗീകൃത വിതരണക്കാരുമായി മാത്രമാണ് സഹകരിക്കുന്നത് എന്നാണ്. രണ്ടു കൂട്ടരുടെ പേരും അതില്‍ പരാമര്‍ശിക്കുന്നുണ്ട്.

ചിപ്പോട്ട്ലേ തുടങ്ങിയവര്‍ക്ക് സ്ഥിരമായി പോര്‍ക്ക് നല്‍കുന്ന ട്യുലിപ് (Tulip) പറയുന്നത് “അടിയന്തിര പ്രാധാന്യമുള്ള ആന്‍റിബയോട്ടിക്കുകള്‍ ‘അവസാന ആശ്രയമെന്ന നിലയില്‍ മാത്രം’ ഉപയോഗിക്കാറുണ്ട്” എന്നാണ്.

ഗ്ലാന്‍ബിയ ചീസ് ലിമിറ്റഡ് മൊറ്റ്സറെല്ലായുടെ (ഒരിനം ചീസ്) യൂറോപ്പിലെ പ്രധാന വില്‍പ്പനക്കാരാണ്. വെയില്‍സിലെ ഫാമുകളില്‍ നിന്നാണ് അവര്‍ ഇതിനായി പാല്‍ സംഭരിക്കുന്നത്. ആ ഫാമുകള്‍ ‘റെഡ് ട്രാക്ടര്‍ ഫാം അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ്’ അനുസരിച്ചു പ്രവര്‍ത്തിക്കുന്നവയാണ്. അതുപ്രകാരം, അസുഖം ബാധിച്ച മൃഗങ്ങളുടെ ചികില്‍സയ്ക്ക് മാത്രമേ ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കാന്‍ സാധിക്കൂ. ഈ നിലവാര പ്രകാരമല്ലാതെ തയ്യാറാക്കിയ ചീസ് “ഞങ്ങളുടെ സൈറ്റില്‍ എത്തുമ്പോള്‍ തന്നെ നടത്തുന്ന ആന്‍റിബയോട്ടിക്സ് ടെസ്റ്റില്‍ പരാജയപ്പെടും. അതോടെ ആ ടാങ്കറിലെ മുഴുവന്‍ പാലും കളയാനുള്ള ചെലവ് ഫാമുകളില്‍ നിന്ന് ഈടാക്കുകയും ചെയ്യും,” ഗ്ലാന്‍ബിയയിലെ ക്വാളിറ്റി അഷ്വറന്‍സ് ഡയറക്ടര്‍ പീറ്റ് ബ്രെയ്ന്‍ പറഞ്ഞു.

ഡോമിനോസ് പീസ്സ ഗ്രൂപ്പ് അവരുടെ സംഭരണ സംവിധാനത്തെ കുറിച്ച് കൂടുതല്‍ വിശദമാക്കാന്‍ തയ്യാറായില്ല. കര്‍ശന നയങ്ങളുള്ള ഉല്പ്പാദകരെയും മറ്റുള്ളവരെയും ഒരുമിച്ചു കൊണ്ട് പോകുക എന്നത് ഇവര്‍ക്കും മറ്റ് ഫാസ്റ്റ്ഫുഡ് ശൃംഖലകള്‍ക്കും ഒക്കെ ഒരു വെല്ലുവിളിയാണ്. ബ്ലൂംബെര്‍ഗിന്‍റെ കന്‍സ്യൂമര്‍ ഫുഡ് വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഇന്‍റെലിജെന്‍സ് അനലിസ്റ്റായ ഡങ്കന്‍ ഫോക്സ് പറയുന്നത് ചീസ് പോലെയുള്ള പീസ്സയുടെ സുപ്രധാന ചേരുവകള്‍ക്ക് ഒരു ഉല്‍പ്പാദകനെ മാത്രം ആശ്രയിക്കുന്നത് അപകടമാണ് എന്നാണ്. “അവരുടെ ഫാക്റ്ററിയില്‍ ഒരു പ്രശ്നമുണ്ടായാല്‍ നിങ്ങളുടെ സംഭരണം മുഴുവന്‍ അവതാളത്തിലാകും,” ഫോക്സ് പറയുന്നു.

ഡോമിനോസും മറ്റുള്ളവരും കൂടുതല്‍ കര്‍ശന ഗുണനിലവാരത്തിലേക്ക് നീങ്ങുമ്പോഴും ആന്‍റിബയോട്ടിക്കുകളുടെ കാര്‍ഷികാവശ്യത്തിനുള്ള ഉപയോഗം കുറയുന്നു എന്നതിന് യാതൊരു തെളിവുമില്ല. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍റെ 2015 ഡിസംബറിലെ റിപ്പോര്‍ട്ട് അനുസരിച്ച് വളര്‍ത്തുമൃഗങ്ങള്‍ക്കായുള്ള ആന്‍റിബയോട്ടിക്കുകളുടെ വില്‍പ്പന യുഎസ്സില്‍ ഇപ്പോളും കൂടിക്കൊണ്ടിരിക്കുന്നു. 2009 മുതല്‍ 2014 വരെയുള്ള കാലയളവില്‍ 22% വര്‍ദ്ധനവുണ്ടായി. ഇവയുടെ ആഗോള ഉപഭോഗം 2030 ആകുമ്പോള്‍ 66% കൂടുമെന്നാണ് കണക്കുകൂട്ടല്‍.

“ഇത്തരം വെല്ലുവിളികള്‍ കമ്പനികള്‍ എങ്ങനെ നേരിടുന്നു എന്നത് നിക്ഷേപകരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട വിവരമാണ്,” ഷെയര്‍ ആക്ഷന്‍ എന്ന നോണ്‍ പ്രോഫിറ്റ് ഗ്രൂപ്പിലെ ഗ്രേയ്സ് ഹെതറിങ്ടണ്‍ പറഞ്ഞു. ഈ ഗ്രൂപ്പ് അടുത്തിടെ ഫാം ആനിമല്‍ ഇന്‍വെസ്റ്റ്മെന്‍റ് റിസ്ക് & റിട്ടേണിനൊപ്പം ആന്‍റിബയോട്ടിക്കുകളുടെ അമിതോപയോഗത്തിനെതിരേ നിക്ഷേപകരുടെ പ്രചാരണ പരിപാടി ഏകോപിപ്പിച്ചിരുന്നു. “നിങ്ങള്‍ അവ നടപ്പിലാക്കുന്നു എന്നു തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇത്തരം നയങ്ങള്‍ കൊണ്ട് എന്തു ഗുണം?” അവര്‍ ചോദിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍