UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജോസഫ് നല്ലവൻ ഇനി എന്ത് ചെയ്യും?

Avatar

കെ എ ആന്‍റണി

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ എഴുത്തുകാരനാണ് പോൾ സക്കറിയ എന്ന സക്കറിയ. സക്കറിയയുടെ ഏറെ പ്രശസ്‌തമായ ഒരു കഥയുടെ പേരാണ് ജോസഫ് നല്ലവന്‍റെ കുറ്റസമ്മതം എന്നത്. റോഡിൽ പരിക്കേറ്റ് കിടക്കുന്ന ആളെ സംരക്ഷിക്കാൻ എത്തുന്ന ജോസഫ് എന്ന സക്കറിയ കഥാപാത്രം പോലെ തന്നെയാണ് മലയാളിക്ക് പ്രത്യുത കേരള കോൺഗ്രസുകാർക്ക് പി ജെ ജോസഫ് എന്ന ജോസഫ് നല്ലവൻ.

കോൺഗ്രസുമായി കലഹിച്ച് യുഡിഎഫ് വിട്ട മാണി സാറിന്റെ നോട്ടം എങ്ങോട്ടെന്ന് ഇനിയും ആർക്കും പിടികിട്ടിയിട്ടില്ല. ഇനി അങ്ങോട്ട് അനുരഞ്ജന ചർച്ചയ്ക്ക് തങ്ങളില്ലെന്നു കുഞ്ഞാലിക്കുട്ടി കൂടി പറഞ്ഞതോടെ  അതൊരു അടഞ്ഞ അധ്യായമായി തന്നെ വേണം കാണാൻ. എൽഡിഎഫ് വാതായനങ്ങൾ തുറന്നിട്ടില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറയുന്നത്. എന്നാൽ മാണിയെ എടുക്കുന്ന കാര്യം ഇപ്പോൾ അജണ്ടയിൽ ഇല്ലെന്ന് മാത്രമേ കേരളത്തിലെ വല്യേട്ടൻ കക്ഷിയായ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. എല്ലാ വാതായനങ്ങളും തുറന്നിട്ട് കാത്തിരിപ്പിലാണ് ബിജെപിയുടെ കേരള അധ്യക്ഷൻ കുമ്മനം രാജശേഖരനും കേന്ദ്ര നേതാക്കളും.

മാണി സാർ ഏത് വാതിലിലൂടെ പോകുമെന്ന് അറിയാതെ ആശങ്കപ്പെട്ടിരിക്കുകയാണ് തൊടുപുഴക്കാരനായ പി ജെ ജോസഫ് നല്ലവൻ. ഭാര്യ ശാന്തമ്മയ്ക്ക് ഡോക്ടർ പണിയുണ്ട്. കൂടാതെ കുടുംബപരമായി പശു വളർത്തലുമുണ്ട്. പശു വളർത്തുന്ന നസ്രാണികൾ ആരും പശുവിനെ കൊന്നു തിന്നാറില്ല. എന്നാൽ ബീഫെന്ന രീതിയിൽ കിട്ടുന്ന മാംസം അവരും പുറത്ത് നിന്ന് വാങ്ങാറുണ്ട്. ഗോവധത്തിനെതിരെ ശബ്ദമുയർത്തുന്ന സംഘികളെ അല്ല ഇപ്പോൾ ജോസഫിനു പേടി. ഘർവാപസി പറഞ്ഞു നസ്രാണികളെ മതം മാറ്റുന്ന മോദികാലത്തെ പുതിയ സംവിധാനത്തെയാണ് അയാൾ ഭയപ്പെടുന്നത്. പള്ളിയും പട്ടക്കാരനും എന്തൊക്കെ പറഞ്ഞാലും അൽഫോൻസ് കണ്ണന്താനത്തെ പോലെ അല്ലങ്കിൽ ജോർജ് കുര്യനെ പോലെ ബിജെ പിയുടെ അജണ്ട നടപ്പിലാക്കാൻ കേരളത്തിൽ ഇറങ്ങുന്നത് അത്ര ഉചിതമോ എന്ന് പാറപ്പുഴക്കാരൻ തെല്ലൊന്നു ആശങ്കപ്പെട്ടാൽ അതിനെ കുറ്റം പറയാനാകുമോ? 

കാലം മാറി കോലവും മാറി. ബിഷപ്പുമാരിൽ പലരും മോദി ഭക്തരായി മാറിക്കഴിഞ്ഞു. ഈ മാറ്റം പാവം ജോസഫും കാണുന്നുണ്ട്. അല്ലെങ്കിലും ജോസഫ് നല്ലൊരു ഭക്തനായിരുന്നു. അതുകൊണ്ടു തന്നെയാണ് രാഷ്ട്രീയത്തിൽ പിടിച്ച് നിന്നതും ഇകെ നയനാരെ പോപ്പിന് മുന്നിൽ ഹാജരാക്കി ഭഗവദ് ഗീത സമ്മാനിക്കാൻ അവസരമുണ്ടാക്കിയതും. സക്കറിയയുടെ കഥയിലെ ജോസഫിനെ പോലെ നമ്മളുടെ പിജെയ്ക്കുമുണ്ട് ചില സ്ഥല ജല വിഭ്രാന്തികൾ. ഉയരങ്ങൾ ഭീതിപ്പെടുത്തും. അങ്ങനെയും ഒരു അപകടം നടന്നു. 2006 നവംബർ നാലിന് ഒരു കിങ്ഫിഷർ വിമാനത്തിൽ കേരളത്തിലേക്ക് പുറപ്പെട്ട പിജെ തൊട്ടുമുന്നിലിരുന്ന സ്ത്രീയെ അറിയാതെ അമർത്തി പിടിച്ചു. അവര്‍ പരാതി കൊടുത്തു. കേസ് മൂത്തു. വിഎസ് അച്യുതാനന്ദൻ സർക്കാരിൽ മന്ത്രിയായിരുന്ന പിജെ തന്‍റെ നിരപരാധിത്വം വെളിപ്പെടുത്തിയിട്ടും ബി സന്ധ്യ എന്ന ഐപിഎസുകാരി കേസ് അൽപ്പം കടുപ്പിച്ചപ്പോൾ വിഎസും കേസിനൊപ്പം നിന്നു. അന്ന് തുടങ്ങിയതാണ് നിരപരാധിയായ ജോസഫ് നല്ലവന്‍റെ എൽഡിഎഫ് കലിപ്പ്.

2006ലെ തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക കൊടുക്കാൻ പോയ പിജെയ്ക്ക് കൈവിറയലായിരുന്നു. ഒപ്പിടാൻ പറ്റാതെ ഏറെ സമയം എടുത്ത് ഒപ്പിടേണ്ടി വന്ന ഒരു പാവം മനുഷ്യനെയാണ് വിഎസ് ക്രൂശിച്ചത് എന്ന ദ്വേഷം ജോസഫിന്റെ ഉള്ളിന്റെ ഉള്ളിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. വിഎസിന്റെ നിർദേശപ്രകാരം രാജി സമർപ്പിച്ച പിജെ ടി യു കുരുവിള എന്ന പനീർസെൽവത്തെ മന്ത്രിയായി നിർണയിച്ചു. തൊട്ടുപിന്നാലെ കുരുവിളക്കെതിരെയും ഭൂമിതട്ടിപ്പ് കേസുകൾ. അടുത്ത ഊഴം മോൻസ് ജോസഫായിരുന്നു. ഒരിക്കൽ ചതിച്ച എൽഡിഎഫിനോട് സന്ധി ചെയ്യുന്നതിൽ യാതൊരു താല്പര്യവും ഇല്ല എന്ന് പറഞ്ഞു മാണിയിൽ ലയിച്ച ജോസഫും കൂട്ടരും പറയുന്നതിന്റെ യാഥാർത്ഥ പൊരുളിതാണ്. ഇഎംഎസ് വരാന്തയിൽ നിൽക്കാൻ പറഞ്ഞപ്പോൾ അവിടെ നിന്നു. പള്ളിയെയും പട്ടക്കാരനെയും തള്ളി പറയണം എന്ന് പറഞ്ഞപ്പോൾ അതും ചെയ്തു. എങ്കിലും പള്ളിയുമായുള്ള ബന്ധം അറ്റില്ലെന്നു കാണിക്കാനാണ് മുഖ്യമന്ത്രി നയനാരെയും കൊണ്ട് പോപ്പ് സമക്ഷത്തിങ്കലേക്ക് എത്തിയത്.

നെറികെട്ട ഏർപ്പാടുകൾ ആര് ചെയ്താലും അത് ചങ്കിൽ തറയ്ക്കുന്ന അമ്പ് തന്നെയാണ്. ഇതൊക്കെയാണ് ഇപ്പോൾ മാണിയും പറയുന്നത്. മാണിയുടെ നന്മയേക്കാൾ ഏറെ നന്മയുണ്ട് ജോസഫിന്റെ നന്മയ്ക്ക്. 2009-ൽ ജോസഫ് കുറ്റക്കാരനല്ലെന്ന് ചെന്നൈയിലെ ശ്രീപെരുമ്പതൂർ കോടതി കണ്ടെത്തുകയും കിങ്ഫിഷർ സ്ത്രീപീഡന കേസിൽ നിന്ന് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്യുന്നത് വരെ ജോസഫ് മൗനിയായിരുന്നു. കെഎം മാണിയുടെ പോലുള്ള ഉഡായിപ്പ് ഏർപ്പാടുകൾ ആയിരുന്നില്ല ജോസഫിന്റേത് എന്ന് അയാളെ അറിയുന്നവർ പറയുന്നു. അന്ന് ചിരിച്ച് നടന്ന മാണി ഇന്നിപ്പോൾ ജോസഫിന്റെ സഹായം തേടുമ്പോൾ ബാക്കി നിൽക്കുന്ന ചോദ്യങ്ങൾ ഒരുപാടുണ്ട്.

ചോദ്യങ്ങൾക്ക് ഇനി പ്രസക്തിയില്ല. തീരുമാനങ്ങളാണ് വേണ്ടത്. ആരൊക്കെ എങ്ങോട്ട് എവിടേക്ക് എന്നൊക്കെ കെഎം മാണി ഒറ്റയ്ക്കു തീരുമാനിക്കാൻ കഴിയുന്ന കാര്യമല്ല. കേരള കോൺഗ്രസ് എന്നത് മാണി മനസ്സിലാക്കിയത് പോലെ വെറുമൊരു ഒട്ടുപാൽ രാഷ്ട്രീയമല്ല. ജോസഫ് നല്ലവന്റെ ശിഷ്യന്മാർ പറഞ്ഞാൽ ജോസഫ് എവിടെ നിൽക്കും എന്നതാണ് പ്രസക്തമായ ചോദ്യം. ഇതിനുള്ള മറുപടി ജോസഫ് തന്നെ നൽകും.   

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍