UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണൂരിലെ ഐ എസ് അറസ്റ്റ്; പാര്‍ട്ടി ഗ്രാമവുമായി ബന്ധിപ്പിക്കാനുള്ള ശ്രമം ആര്‍ എസ് എസ് കുബുദ്ധി-പി ജയരാജന്‍

അഴിമുഖം പ്രതിനിധി

കണ്ണൂര്‍ കനകമലയില്‍ നിന്നും ഐഎസ് ബന്ധം ആരോപിക്കുന്നവരെ പിടികൂടിയതിന്റെ പശ്ചാത്തലത്തില്‍ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍ അഴിമുഖത്തോട് സംസാരിക്കുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ ഐഎസിനെ വിമര്‍ശിച്ചു സംസാരിച്ചതിന് ഹെയ്ല്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പേരില്‍ വധഭീഷണി മുഴക്കുന്ന കത്ത് ജയരാജന് ലഭിച്ചിരുന്നു.

കണ്ണൂരില്‍ നടന്ന നമ്മളൊന്ന് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന ഭീകരസംഘടനയെ എതിര്‍ത്തു സംസാരിച്ചതിന്റെ പേരിലാണ് എന്നെ വധിക്കുമെന്നുള്ള ഭീഷണിക്കത്ത് കിട്ടുന്നത്. ഐ എസിനെ പറ്റി വലിയ തോതില്‍ പറയാന്‍ അനുവദിക്കില്ല എന്നായിരുന്നു കത്തിലെ മുന്നറിയിപ്പ്. മൂന്നു മാസത്തിനുള്ളില്‍ എന്നെ വധിക്കുമെന്നും, ഇത് ആര്‍എസ്എസ്സുകാര്‍ പറയുന്നത് പോലെയല്ല എന്നും വളരെ ദൂരെ നിന്നും നെഞ്ചിന്‍ കൂട് തകര്‍ത്ത് കളയും, ഞങ്ങളുടെ കയ്യില്‍ എകെ 47 തോക്കുകള്‍ ഉണ്ട് എന്നൊക്കെയായിരുന്നു കത്തില്‍ എഴുതിയിരുന്നത്. ഇത് ഒരു കൂട്ടം ചെറുപ്പക്കാരുടെ തീരുമാനം ആണ് എന്നും കത്തില്‍ ഭീഷണിയുണ്ടായിരുന്നു. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭീഷണി ഗൗരവമായി തന്നെ കാണുന്നു. ഭീഷണി ഐ എസിന്റെതാണോ ആര്‍എസ്എസിന്റെതാണോ എന്നറിയില്ല. പൊലീസ് അന്വേഷിക്കട്ടെ. 

ഇപ്പോള്‍ കനകമലയില്‍ നിന്നും ഐഎസ് ബന്ധമുള്ളവരെ പിടികൂടിയെന്നു കേള്‍ക്കുന്നു. എനിക്കതിനെ കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ല. മാധ്യമങ്ങളില്‍ നിന്നുള്ള വിവരം മാത്രമാണുള്ളത്. എങ്കിലും പിടിക്കപ്പെട്ടവര്‍ക്ക് തീവ്രവാദബന്ധമുണ്ടെന്നു തന്നെ സംശയിക്കാം. കൂടുതല്‍ അന്വേഷണം നടക്കട്ടെ.

എന്നാല്‍ ഈ വിഷയത്തിലും സിപിഎമ്മിനെ പ്രതിചേര്‍ക്കാനാണ് ബിജെപിയുടെ ശ്രമം. കണ്ണൂരിലാണ് ഈ സംഭവം നടന്നതെന്നതിനില്‍ സിപിഎമ്മിനെ അതിനോട് ബന്ധിപ്പിക്കാനാണ് ഉത്സാഹം കാണിക്കുന്നത്. കനകമലയില്‍ നിന്നാണ് ഐഎസ് ബന്ധം ആരോപിക്കുന്നവരെ പിടികൂടിയത്. അതിപ്പോള്‍ പാര്‍ട്ടി ഗ്രാമത്തില്‍ നിന്നു പിടികൂടിയെന്ന തരത്തിലായി. കണ്ണൂരെന്ന് പറയുമ്പോള്‍ തന്നെ പാര്‍ട്ടി ഗ്രാമമെന്നാണ് കൂടെ പറയുന്നത്. കണ്ണൂരില്‍ സിപിഎമ്മിന് 51 ശതമാനം വോട്ടേയുള്ളൂ, ബാക്കി 49 ശതമാനം ഇടതുപക്ഷവിരുദ്ധര്‍ക്കാണ്. ഇവര്‍ക്കെല്ലാം ഇവിടങ്ങളില്‍ സ്വാധീനമില്ലേ? അവരുടെ മേഖലയില്‍ നിന്നാണു പിടികൂടിയതെന്നു തിരിച്ചു പറയാമല്ലോ? രാജ്യസുരക്ഷയുടെ കാര്യം വരുമ്പോള്‍ അതില്‍ രാഷ്ട്രീയം കലര്‍ത്താനാണോ നോക്കേണ്ടത്? സിപിഎം ഒരിക്കലും അങ്ങനെ ചെയ്യില്ല. തെറ്റിനെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. അത് ആര്‍എസ്എസിനെയായാലും ഐഎസിനെയായാലും ഒരുപോലെ എതിര്‍ക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍