UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീകൃഷ്ണന്‍ സി.ബി.ഐ കസ്റ്റഡിയില്‍; ഊഴവും കാത്ത് അര്‍ജ്ജുനന്‍

ഗീതോപദേശം ചൊല്ലിക്കൊടുക്കുന്നതിന് മുമ്പ് ശ്രീകൃഷ്ണന് ഒരു ഭൂതകാലമുണ്ട്. അതൊരു മോഷ്ടാവിന്റെയും സ്ത്രീലമ്പടന്റെയും ചരിത്രമാണ്.

സകല വീടുകളിലും കയറി മോഷ്ടിക്കും. മോഷ്ടിക്കുന്നത് വെണ്ണയാണ്. (ഇന്നാണെങ്കില്‍ മൊബൈലോ ടാബ്‌ലറ്റോ ആയിരിക്കും) അതുകൊണ്ടുതന്നെ കള്ളന്‍ എന്ന വട്ടപ്പേര് കൊച്ചിലേ കിട്ടി. കള്ളകൃഷ്ണന്‍. ”വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്ന് വിളിച്ചില്ലേ.” എന്ന പരിഭവഗാനം ആദ്യം പാടിയതും കൃഷ്ണനായിരുന്നു.

കൗമാരമെത്തുന്നതിനു മുമ്പുതന്നെ യൗവ്വനലീലകള്‍ തുടങ്ങി. ആദ്യം സ്ത്രീകള്‍ കുളിക്കുന്നത് ഒളിഞ്ഞുനോക്കലായിരുന്നു. പിന്നെ, അവരുടെ ഉടുപുടവ ഒളിപ്പിച്ചുവച്ച് അവരെ നഗ്നരാക്കി നിര്‍ത്തി  ആസ്വദിക്കുക പതിവായി. അതിനിടയിലാണ് അവരിലൊരാള്‍, ഒരു വിവാഹിത – പേര് രാധ, ഇഷ്ടനെ കണ്ണുകാട്ടി വിളിച്ചതും രതിയുടെ ഹരിശ്രീ പഠിപ്പിച്ചുകൊടുത്തതും. ആദ്യപാഠങ്ങള്‍ ശ്രദ്ധയോടെ പഠിച്ചതു കൊണ്ടാകാം കൃഷ്ണന്‍ തുടര്‍പാഠങ്ങള്‍ വേഗം പഠിച്ചു. പഠിച്ചവയൊക്കെ പരീക്ഷിച്ചു. അങ്ങനെ ഗോപികമാരുടെ പ്രേമലോലുപനായി. വേണ്ടത്ര നേരം ഇഷ്ടനെ സ്വന്തമായി കിട്ടാത്തതിനെക്കുറിച്ച് ഗോപികമാര്‍ തമ്മില്‍ തമ്മില്‍ പരാതിപ്പെട്ടു. എവിടെപ്പോയാലും താന്‍ ആഗ്രഹിക്കുന്ന  സമയത്ത് ഒപ്പം വേണമെന്ന് ആദ്യ ഗുരു രാധ ശഠിച്ചു. ഈ പരിവേദനങ്ങളെ കൃഷ്ണന്‍ വിദഗ്ധമായി കൈകാര്യം ചെയ്തതിന്റെ കലാപരമായ ആവിഷ്‌ക്കാരമാണ് ജയദേവന്റെ ‘ഗീതഗോവിന്ദം’. സംഭവം സംസ്‌കൃതമായതുകൊണ്ട് ആരുടെ മുന്നിലും പാടാം. ആര്‍ക്കും അര്‍ത്ഥമറിയില്ല. അര്‍ത്ഥം മനസ്സിലാക്കി നോക്കിയാല്‍ അറിയാതെ നെറ്റിചുളിക്കും. അപ്പോഴാണ് ‘ട്രിവാന്‍ഡ്രം ലോഡ്ജ്’ എന്ന സിനിമ പുണ്യപുരാണ ചിത്രമാണെന്ന് വിളിച്ചുപറയാന്‍ തോന്നുന്നത്.

ഇതിനിടയില്‍ ഒരു പെണ്ണിനെ അടിച്ചുമാറ്റി. അതുള്‍പ്പെടെ എട്ടു കെട്ട്. അതിനു പുറത്ത് വേറെ. അക്കാലത്ത് കമ്പ്യൂട്ടര്‍ ഇല്ലാതിരുന്നതുകൊണ്ട് എണ്ണം കൃത്യമായി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല.  പലരും പലതും പറയുന്നു. ഒപ്പം, മറ്റൊരു മഹാപ്രവൃത്തി കൂടി നടത്തി. സ്വന്തം സഹോദരിയെ മറ്റൊരാള്‍ അടിച്ചുമാറ്റികൊണ്ടു പോകുന്നതിന് വേണ്ട ഒത്താശകള്‍ ചെയ്തുകൊടുത്തു. 

പക്ഷേ, ഇഷ്ടന്‍ കുരുക്ഷേത്രത്തില്‍ വച്ച് ഒരു ഉഗ്രന്‍ കാച്ചുകാച്ചി. വീരപാണ്ഡ്യകട്ടബൊമ്മനില്‍ ശിവാജിഗണേശന്‍ കാച്ചിയതിനേക്കാള്‍ നെടുനീളന്‍ ഡയലോഗ്. 18 അധ്യായങ്ങളിലായി  ആ ഡയലോഗ് എവിടെയും സുലഭമാണ്. എത്രയോ കാഷായധാരികള്‍ ആ ഒറ്റ ഡയലോഗിന്റെ പച്ചയില്‍ മാത്രം ഉപജീവനം നടത്തുന്നു. ”ഒറ്റ ഡയലോഗ് മാത്രം മതി ജീവിതം മാറ്റിമറിക്കാന്‍.”

ഡയലോഗിന്റെ ആത്മീയ അര്‍ത്ഥതലങ്ങള്‍ നിരവധിയാണ്. എണ്ണിയാല്‍ തീരില്ല. 18 അധ്യായങ്ങളെ കുറിച്ച് പതിനെണ്ണായിരത്തിലേറെ പുസ്തകങ്ങള്‍ – അതും കടുകട്ടി ഭാഷയില്‍ – വിശകലനങ്ങളും വ്യാഖ്യാനങ്ങളും വന്നിട്ടുണ്ട്. ഇവയില്‍ ഏറ്റവും മികച്ചത് ഒ.വി. വിജയന്‍ വകയാണ്. നാലുവരിയില്‍ കാര്‍ട്ടൂണിസ്റ്റ് ആ കഥ ചുരുക്കി.

അത് ഏറെക്കുറെ ഇങ്ങനെയാണ്.

”ഗോതമ്പ് പാടത്തില്‍ വിളയിറക്കാനായി വെല്ലുവിളിച്ച് ഗ്വോ ഗ്വോ വിളിച്ചുനിന്ന ചേട്ടാനിയന്‍ മക്കളില്‍ ഒരു കക്ഷിയെ വിളിച്ച് അതുവഴി പോയ ഒരു കന്നുകാലി ചെറുക്കന്‍ ഇങ്ങനെ പറഞ്ഞു – കേറി അടിയ്‌ക്കെടാ.”

കാലം എത്രയോ കഴിഞ്ഞു! എത്രയോ കേറി അടിയ്ക്കലുകള്‍ക്ക് ആത്മീയ പരിവേഷം ലഭിച്ചു! എന്നിട്ടും ആ ‘കേറി അടിയ്ക്കടാ’ എന്ന പ്രയോഗം മനുഷ്യമനസ്സിനെ ഹരം കൊള്ളിക്കുന്നു. പാര്‍ട്ടി ഗ്രാമങ്ങളില്‍ ചൈനയ്ക്ക് സമമായ കണ്ണൂരില്‍ പോലും!

അങ്ങനെയാണ് കറകളഞ്ഞ മാര്‍ക്‌സിസ്റ്റായ പി.ജയരാജന്‍ കേറി അടിയ്ക്കാനും ആളെ വിട്ട് അടിപ്പിക്കാനും തുടങ്ങിയത്. വ്യക്തിപരമായ കാരണങ്ങള്‍ വേറെയും ഉണ്ട്. ജയരാജന്‍ ഒരു ഇരയാണ്. ഗീതോപദേശം രാവിലെയും വൈകുന്നേരവും മുടങ്ങാതെ ഭക്ഷിക്കുന്ന സംഘികളുടെ ‘കേറി അടിയ്‌ക്കെടാ’ എന്ന സിദ്ധാന്തത്തിന്റെ ഇര. ഒരു ഓണനാളില്‍, മാവേലിയെ സാക്ഷി നിര്‍ത്തിയാണ്, സംഘികള്‍ ജയരാജനെ വെട്ടിനുറുക്കിയത്. പക്ഷെ, ജയരാജന്‍ അത്ഭുതകരമാംവണ്ണം  ഉയിര്‍ത്തെഴുന്നേറ്റു. ശരീരത്തിന് ധാരാളം വൈകല്യങ്ങളുണ്ടായി. പക്ഷേ മനസ്സിനേറ്റ വൈകല്യങ്ങളായിരുന്നു ഗുരുതരം. ശരീരത്തിന്റെ വൈകല്യങ്ങള്‍ മറികടക്കാന്‍, ഒരു പരിധിവരെ, കഴിഞ്ഞെങ്കിലും മനസിന്റെ വൈകല്യം ഗുരുതരമായിതന്നെ തുടര്‍ന്നു. പലപ്പോഴും അത് സകല നിയന്ത്രണങ്ങളേയും പൊട്ടിച്ചെറിഞ്ഞു.  അപ്പോഴൊക്കെ കണ്ണൂരില്‍ ആരൊക്കെയോ വെട്ടേറ്റുവീണു. (സ്ഥലപരിമിതി കാരണം ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നില്ല)

ഇതിനിടയിലാണ് പി.ശശി കണ്ണൂരിലെ ജില്ലാ സെക്രട്ടറിയാകുന്നത്. 21-ആം നൂറ്റാണ്ടില്‍ ഇത്തരം ചെയ്തികളെ ആത്മാവും പരമാത്മാവുമായുള്ള സങ്കലനം എന്നൊന്നും ആരും കാണാത്തതുകൊണ്ടാകാം ശശി എന്ന കൗമാരകൃഷ്ണന് സ്ഥാനമൊഴിയേണ്ടിവന്നതും പകരം ഗീതോപദേശകാലത്തെ കൃഷ്ണനായ പി.ജയരാജനെ സെക്രട്ടറിയാക്കിയതും.

അതോടെ, കണ്ണൂര്‍ കുരുക്ഷേത്രമായി. എങ്ങും എവിടെയും ധര്‍മ്മയുദ്ധം മാത്രം. ആദ്യം ടി.പി. വധം. തുടക്കം നന്നായി. കൊലയ്ക്ക് ക്വട്ടേഷന്‍ കൊടുക്കുക എന്ന പുതിയ സങ്കേതമാണ് ഭംഗിയായി ഉപയോഗിച്ചത്. അന്വേഷണസംഘത്തിനറെ വഴിതെറ്റിക്കാന്‍ തൊണ്ടിയായെടുത്ത കാറില്‍ ചില ഖുര്‍-ആന്‍ ചിഹ്നങ്ങള്‍ നിരത്തി. പ്രശ്‌നം വര്‍ഗ്ഗീയമായി മാറുന്നെങ്കില്‍ മാറട്ടെ. ആര്‍ക്കു ചേതം?

പക്ഷേ, തിരുവഞ്ചൂരിന്റെ പോലീസ് ക്വട്ടേഷന്‍ സംഘത്തെ കണ്ടെത്തി. അവര്‍ക്ക് ക്വട്ടേഷന്‍ കൊടുത്തവരെയും കണ്ടെത്തി. ക്വട്ടേഷന്‍ കൊടുത്തവര്‍ തന്നെപ്പോലെ തന്നെ രാഷ്ട്രീയ നേതാക്കളാണ്. ഇന്നവരെ സഹായിച്ചാല്‍ നാളെ അവര്‍ തിരിച്ചു സഹായിക്കും. നാളിതുവരെ രാഷ്ട്രീയ നേതാക്കള്‍ (ഒരു വി.എസ്. ഒഴിച്ച്) അതാണല്ലോ ചെയ്തുപോന്നത്. കൊലപാതകത്തിനു മുമ്പു നടന്ന ഫോണ്‍കാളുകളില്‍ കൊലപാതകത്തെ കുറിച്ചുള്ള ചര്‍ച്ചയുണ്ടായിരുന്നു എന്നും ആ ചര്‍ച്ചകളില്‍ പങ്കുവഹിച്ചവരില്‍ പ്രമുഖ സി.പി.എം നേതാക്കള്‍ ഉണ്ടായിരുന്നു എന്നുമൊക്കെയുള്ള അരമനരഹസ്യം അങ്ങാടിപ്പാട്ടായി മാറിയെങ്കിലും തിരുവഞ്ചൂര്‍ ക്വട്ടേഷന്‍ കൊടുത്തവരെ കുറിച്ചുള്ള അന്വേഷണത്തിന്റെ സാധ്യതകള്‍ തീര്‍ത്തും ഇല്ലാതാക്കിക്കളഞ്ഞു. (ഇതു മനസ്സിലാക്കാതെയാണ് കെ.കെ.രമ സി.ബി.ഐ. അന്വേഷണം എന്നു പറഞ്ഞു നടക്കുന്നത്.) സംസ്ഥാന പോലീസിന്റെ അന്വേഷണം മികച്ചതെന്ന് കെ.കെ.രമയെക്കൊണ്ട് തന്നെ തിരുവഞ്ചൂര്‍ സാക്ഷ്യപ്പെടുത്തി. കുറ്റകൃത്യവും അതിന്റെ ഗൂഢാലോചനയും വ്യത്യസ്ത കേസുകളായി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണെന്നു പറഞ്ഞ് തിരുവഞ്ചൂര്‍ കെ.കെ.രമയെ വിശ്വാസത്തിലെടുത്തു. കൊലക്കേസിലെ പ്രതികളെ (ക്വട്ടേഷന്‍ സംഘത്തെ) ശിക്ഷിച്ചു. പക്ഷേ, ഗൂഢാലോചന കേസ് എങ്ങുമെത്തിയില്ല. തിരുവഞ്ചൂരിന്റെ ഈ പണിയാണ് രമയ്ക്ക് മനസ്സിലാകാതെ പോയത്. മനസ്സിലായിവന്നപ്പോള്‍ താമസിച്ചുപോയി. ഒരു കുറ്റകൃത്യത്തിന്റെ ഗൂഢാലോചനാഭാഗം മാത്രമായി അന്വേഷിക്കാന്‍ കഴിയില്ലെന്ന് സി.ബി.ഐ. പല പ്രാവശ്യം വ്യക്തമാക്കിയിട്ടുള്ള കാര്യം രമയ്ക്ക് മനസ്സിലായില്ല എന്നതാണ് വാസ്തവം.

ഏതായാലും, കണ്ണൂരിലും പ്രാന്തപ്രദേശത്തുമായി മാര്‍ക്‌സിസ്റ്റുകാര്‍ നടത്തിയ മറ്റു കൊലപാതകങ്ങളിലെ ഇരയുടെ ആള്‍ക്കാര്‍ തിരുവഞ്ചൂരിനെയോ ചെന്നിത്തലയെയോ അത്രകണ്ടങ്ങു വിശ്വസിച്ചില്ല. അങ്ങനെയാണ് ഫസല്‍ വധം, ഷുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധം ഇതെല്ലാം സി.ബി.ഐ. അന്വേഷണത്തിന് കോടതി വിട്ടത്.

മൂന്നു കേസിലും പി.ജയരാജന് കൈയ്യുണ്ടെന്ന് പോലീസ് കരുതുന്നു. ഫസല്‍ വധക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഒരു വര്‍ഷം മുമ്പ് ജയരാജനെ കസ്റ്റഡിയില്‍ എടുത്തത്. കതിരൂര്‍ മനോജ് കേസില്‍ അറസ്റ്റു ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നറിഞ്ഞപ്പോഴക്കെ പി.ജയരാജന്‍ രോഗബാധിതനായി. നേതാവിന് വേണ്ടി എ.കെ.ജി. ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളേജിലും  സ്ഥിരംമുറികള്‍ പാര്‍ട്ടി ബുക്ക് ചെയ്തിട്ടുണ്ട്. മനോജ് കേസ് നടക്കുന്നതിന് മുമ്പുതന്നെ ഷുക്കൂര്‍ വധം സി.ബി.ഐയ്ക്ക് വിട്ടുകൊണ്ട് കോടതി ഉത്തരവായി. ജയരാജന്‍ ഈ കേസിലും ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം. പക്ഷെ, അന്വേഷണം വേണ്ട രീതിയില്‍ നടത്താന്‍ ജില്ലയിലെ മാര്‍ക്‌സിസ്റ്റുകാര്‍ സമ്മതിക്കുന്നില്ലത്രെ! സ്വയം പ്രഖ്യാപിത രാജാക്കന്‍മാരുടെ ഔദാര്യത്തിലല്ല നാട്ടില്‍ നിയമവാഴ്ച്ച നടപ്പിലാക്കേണ്ടത് എന്നു പറഞ്ഞാണ് കോടതി കേസ് സി.ബി.ഐയ്ക്ക് വിട്ടത്.

ചുരുക്കത്തില്‍ മൂന്ന് കൊലക്കേസില്‍ ജയരാജന്‍ പ്രതിയായേക്കും. ടി.പി. കേസ് അടിയ്ക്കാതെ പോയ ഒരു സുനാമിയാണ്. ഇതേ ജയരാജനെ ശ്രീകൃഷ്ണനാക്കിയും പിണറായി വിജയനെ അര്‍ജ്ജുനനാക്കിയുമാണ് അമ്പാടിമുക്കിലെ സഖാക്കള്‍ ഫ്‌ളക്‌സ് തയ്യാറാക്കിയത്. അമ്പാടിമുക്കെന്നാല്‍ പഴയ കാവിക്കൊടി പാറിയ സ്ഥലത്ത് അല്‍പം ചോരകലര്‍ത്തി കൊടി ചുവപ്പിച്ചെടുത്ത സ്ഥലം.

ഏതായാലും, ഫ്‌ളക്‌സിലെ ശ്രീകൃഷ്ണന്‍ സി.ബി.ഐ കസ്റ്റഡിയിലാണ്. ഇനി കേസന്വേഷണം. കുറ്റപത്രം സമര്‍പ്പിക്കല്‍, വിചാരണ, വിധി, അപ്പീല്‍. എത്രയെത്ര കടമ്പകള്‍. ഇതിലോരോന്നിലും  പാര്‍ട്ടിയ്ക്ക് നിയമതടസ്സങ്ങള്‍ ഉന്നയിക്കാം. തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടി ഇന്ത്യയിലെ തന്നെ സമ്പന്നമായ മൂന്നാമത്തെ പാര്‍ട്ടിയാണെന്നിരിക്കെ എത്ര വിലയേറിയ വക്കീലിനെയും വിലയ്ക്കുവാങ്ങാം. കുറ്റപത്രം സമര്‍പ്പിച്ചാല്‍ തന്നെ അത് കോടതിയില്‍ ചോദ്യം ചെയ്ത് റദ്ദാക്കി എടുപ്പിക്കാം. ലാവ്‌ലിന്‍ കേസില്‍ നമ്മള്‍ ഇതൊക്കെ കണ്ടില്ലേ? അല്‍പം പണം ചിലവരും വരും. അതത്ര വലിയ കാര്യമല്ല.

ഇതിനിടയില്‍, വേണമെങ്കില്‍ പി.ജയരാജനെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാം. ഇടതുപക്ഷത്തിന് അധികാരം കിട്ടിയാല്‍ പിണറായി മുഖ്യമന്ത്രിയും ജയരാജന്‍ ആഭ്യന്തരമന്ത്രിയും എന്നായിരുന്നല്ലോ കണക്കുകൂട്ടല്‍. (ഈശ്വരാ, കേരളീയര്‍ ഇതിനൊക്കെ എന്തു പാപമാണാവോ ചെയ്തത്!) തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. മറ്റു പാര്‍ട്ടിക്കാര്‍ക്ക് ബൂത്തിലെ പ്രതിനിധിയാകാന്‍ പോലും ആളെക്കിട്ടാത്ത എത്ര പാര്‍ട്ടി ഗ്രാമങ്ങളുണ്ട്. കണ്ണൂരിലും കണ്ണൂരിനു പുറത്തും! അങ്ങനെ രണ്ടെണ്ണത്തില്‍ നിര്‍ത്തിയല്ലേ കാരായി സഹോദരന്‍മാരായ ധീരസഖാക്കളെ ജയിപ്പിച്ചത്. കൊലക്കേസിലെ വിചാരണതടവുകാരായ കാരായിമാര്‍ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. അതിനപ്പുറം മറ്റൊന്നിനും പ്രസക്തിയില്ല. പ്രതിയായ ജയരാജനെ ആഭ്യന്തരമന്ത്രിയാക്കി സത്യപ്രതിജ്ഞ ചെയ്യിക്കാം. പിന്നീട്, ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനായി കോടതിയെ സമീപിക്കാം.

ഏതായാലും, കൃഷ്ണന്‍ ഒരു വഴിയ്ക്കായി. ഇനി അര്‍ജ്ജുനന്‍. ലാവ്‌ലിന്‍ കേസിലെ കുറ്റപത്രം റദ്ദുചെയ്യപ്പെട്ട സി.ബി.ഐ കോടതിയുടെ തീരുമാനം ഹൈക്കോടതി റദ്ദുചെയ്താല്‍, പിണറായി വിജയന്‍ ഏഴാംപ്രതിയാണ്. (പട്ടികയില്‍ മുമ്പിലുണ്ടായിരുന്ന രണ്ടുപേരുടെ മരണത്തെത്തുടര്‍ന്ന് ഒമ്പതാം പ്രതി ഏഴാം പ്രതിയാകും). അതോടെ, കേരളത്തില്‍ ഒരു പുതുയുഗപ്പിറവിയായി. കാത്തിരിയ്ക്കാം.

അടിക്കുറിപ്പ്
പി.ജയരാജന് പകരം ജില്ലാ സെക്രട്ടറിയാകുന്നത് എം.വി.ജയരാജനാണ്. ശുംഭന്‍ എന്ന വാക്കിന്  പ്രകാശം പരത്തുന്നവന്‍ എന്ന അര്‍ത്ഥം കണ്ടെത്തിയ ഭാഷാ പണ്ഡിതന്‍. കോടതിയലക്ഷ്യ കുറ്റത്തിന് ജയിലില്‍ കിടന്നപ്പോള്‍ ധാരാളം പുസ്തകങ്ങള്‍ വായിക്കാന്‍ സമയം കണ്ടെത്തിയ നല്ല വായനക്കാരന്‍. ബി.ജെ.പി.യിലെ സുരേന്ദ്രനേക്കാളേറെ രേഖകള്‍ കൈവെള്ളയില്‍ കൊണ്ടു നടക്കുന്ന ചാനല്‍ചര്‍ച്ചക്കാരന്‍. അച്ഛാ ദിന്‍ വരുന്നതേയുള്ളു. ഇനി വാര്‍ത്തകളുടെ പ്രളയമാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കീ ജയ്.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍