UPDATES

ഭരണത്തുടര്‍ച്ച കിട്ടിയിരുന്നെങ്കില്‍ ജൂണ്‍ ഒന്നിനു പാഠപുസ്തകം എത്തിക്കുമായിരുന്നു; പി കെ അബ്ദു റബ്ബ്

അഴിമുഖം പ്രതിനിധി

യുഡിഎഫ് ഭരണകാലത്ത് 85 ശതമാനം പാഠപുസ്തക അച്ചടിയും പൂര്‍ത്തിയായിരുന്നതായി മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദു റബ്ബ്. അച്ചടിച്ച പാഠപുസ്തകങ്ങള്‍ ഓരോ ജില്ലയിലേയും ടെക്‌സറ്റ് ബുക്ക് സൊസൈറ്റികളിലും എത്തിച്ചിരുന്നു. ഇവ ഏറ്റെടുത്ത് വിതരണം ചെയ്യേണ്ടത് അതാതു സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍മാരുടെ ഉത്തരവാദിത്വമാണെന്നു അബ്ദു റബ്ബ് അഴിമുഖത്തോടു പറഞ്ഞു. പ്രൊഫസര്‍ രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായി ചുമതലേയേറ്റയുടന്‍ പറഞ്ഞത് ജൂണ്‍ ഒന്നിനു പാഠപുസ്തകം എത്തിക്കുമെന്നായിരുന്നു. ഓഗസ്റ്റ് മാസമായിട്ടും പാഠപുസ്തകം വിതരണം ചെയ്യാന്‍ പുതിയ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ പുസ്തകം എത്താന്‍ വൈകിയതിനെ തുടര്‍ന്നു സിപിഎം വന്‍ പ്രക്ഷോഭമാണ് അഴിച്ചുവിട്ടത്. തിരുവനന്തപുരത്തും കാസര്‍ഗോഡും പൊലീസ് നടപടയില്‍ വരെ കാര്യങ്ങളെത്തി. വിദ്യാഭ്യാസ വകുപ്പിന്റെ വീഴ്ചയാണിതെന്നും വിദ്യഭ്യാസമന്ത്രിയെ മാറ്റിനിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നുമായിരുന്നു അന്നുപ്രതിപക്ഷ ഉപനേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടത.് പ്രതിപക്ഷനേതാവായിരുന്ന വി എസ് അച്യുതാനന്ദനും ശക്തമായ ഭാഷയിലാണ് ആക്രമിച്ചത്. കോടിയേരി ബാലകൃഷ്ണന്‍ ഇന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാണ്. മന്ത്രിമാരെ നിയമിക്കുന്നതടക്കം കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ പ്രധാനപങ്ക് അദ്ദേഹത്തിനുണ്ട്.

ഓഗസ്റ്റ് മാസമായിട്ടും പാഠപുസ്തകം വിദ്യാര്‍ത്ഥികള്‍ക്കു നല്‍കാത്തതില്‍ എന്തുകൊണ്ടാണ് ഇവരൊന്നും ശബ്ദമുയര്‍ത്താതിരിക്കുന്നത്. 64,000 പാഠപുസ്തകങ്ങള്‍ അച്ചടിക്കാനുണ്ടെന്നു മന്ത്രി പറയുമ്പോള്‍ തന്നെ ഏതൊക്കെ പാഠപുസ്തകങ്ങളാണ് അച്ചടിക്കാനുള്ളതെന്നു വ്യക്തമാക്കിയിട്ടില്ല. നാലുദിവസം കൊണ്ട് പാഠപുസ്തകം അച്ചടിച്ചു വിതരണം ചെയ്യുമെന്നാണ് മന്ത്രി പറയുന്നത്. ഇതു സാധ്യമാണെന്നു തോന്നുന്നില്ലെന്നും അബ്ദു റബ്ബ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍