UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെറ്റ് ചെയ്യാതെ ഞാന്‍ വേട്ടയാടപ്പെട്ടു; പി.കെ. അബ്ദു റബ്ബ്/അഭിമുഖം

Avatar

അഞ്ചു വര്‍ഷത്തെ ഭരണകാലവാധി പുര്‍ത്തിയാക്കി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പടിയിറങ്ങുകയാണ്. ഈ ഘട്ടത്തില്‍ ഓരോ വകുപ്പുിന്റെ ഭരണനേട്ടങ്ങളും വീഴ്ച്ചകളും ചര്‍ച്ച ചെയ്യുകയാണ് അതാതു വകുപ്പ് മന്ത്രിമാര്‍. ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും പലപ്പോഴും ചര്‍ച്ചകള്‍ ജനാധിപത്യത്തിന്റെ അതിര്‍ വരമ്പുകള്‍ ഭേദിക്കുകയും ചെയ്ത മേഖലയാണ് വിദ്യാഭ്യാസം. പലപ്പോഴും യു ഡി എഫ് ഗവണ്‍മെന്റിന് തലവേദനയായി ഈ വകുപ്പ് മാറി. അതിനിടയിലും വ്യത്യസ്ഥമായ ഇടപെടലുകള്‍ നടത്താനും വിദ്യാഭ്യാസ വകുപ്പ് ശ്രമിച്ചു.  വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വകുപ്പ് മന്ത്രി പി കെ അബ്ദുറബ് അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടര്‍ രാകേഷ് സനലിനോട് സംസാരിക്കുന്നു. 

രാകേഷ്: വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ താങ്കള്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുകയാണല്ലോ. തിരിഞ്ഞുനോക്കുമ്പോള്‍  എന്തുതോന്നുന്നു? 

അബ്ദുറബ്തീര്‍ച്ചയായും, തികഞ്ഞ സംതൃപ്തിയാണുള്ളത്. വിദ്യാഭ്യാസ വകുപ്പില്‍ ഒരുപാട് പുതിയ പദ്ധതികളും പരിഷ്‌ക്കാരങ്ങളും കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും അതുപോലെതന്നെ രക്ഷിതാക്കളുടെയും സമൂഹത്തിന്റെയുമൊക്കെ അംഗീകാരം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സമരങ്ങളില്ലാത്ത ഒരഞ്ചുവര്‍ഷം…അതാണ് ഏറ്റവും വലിയനേട്ടം. വിദ്യാര്‍ത്ഥി സംഘടനകളും അദ്ധ്യാപകസംഘടനകളും പഠിപ്പ് മുടക്ക് നടത്തിയിട്ടില്ല. കേരളത്തില്‍ മറ്റേതു ഭരണകാലത്തും സമരങ്ങളുണ്ടായിട്ടുണ്ട്. ഇതൊരു പക്ഷേ ആദ്യമായിട്ടായിരിക്കും. രണ്ടാമത്തെ കാര്യം, സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും ഒരേപോലെ പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഈ അഞ്ചുവര്‍ഷവും മുന്നോട്ടുപോയത്. പുതിയ സ്‌കൂളുകള്‍ക്ക് അംഗീകാരം കൊടുത്തിട്ടുണ്ട്. പഴയ ഗവണ്‍മെന്റിന്റെ കാലത്ത് അങ്ങനെയായിരുന്നില്ല. അംഗീകാരം കൊടുക്കാനുള്ള എന്‍ഒസി അവര്‍ കൊടുത്തിരുന്നില്ല. ഈ ഗവണ്‍മെന്റ് ആ തെറ്റ് തിരുത്തി. അതുപോലെ തന്നെ അണ്‍എയ്ഡഡ് മേഖലയില്‍ നിരവധി സ്ഥാപനങ്ങളുണ്ടായിരുന്നു. അതൊക്കെ പലതും വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അവയ്ക്കും എന്‍.ഒ.സി. കൊടുക്കുകയുണ്ടായി. അതുപോലെ തന്നെ കേരള സിലബസിലുള്ള അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡം പാലിച്ചുകൊണ്ട് അംഗീകാരം കൊടുത്തു. സ്വന്തമായി ഭൂമിയുള്ള, സ്വന്തമായി കെട്ടിടമുള്ള, അദ്ധ്യാപകര്‍ക്ക് മാന്യമായി ശമ്പളം കൊടുക്കുന്ന സ്‌കൂളുകള്‍ക്ക് പരിശോധന നടത്തി അംഗീകാരം നല്‍കുകയായിരുന്നു. ആയിരത്തിലധികം സ്‌കൂളുകള്‍ക്ക് ഈ അഞ്ചുവര്‍ഷത്തിനിടയ്ക്ക് അംഗീകാരം നല്‍കി. പിന്നുള്ളത് പാഠപുസ്തകങ്ങളുടെ പരിഷ്‌ക്കാരമാണ്. കഴിഞ്ഞ കാലങ്ങളില്‍ ഏതെങ്കിലും ഒന്നോരണ്ടോ ക്ലാസുകളിലെ പുസ്തകങ്ങളാണ് പരിഷ്‌ക്കരിക്കാറുള്ളത്. ഈ ഗവണ്‍മെന്റ് വന്നിട്ട് മൂന്നു ഘട്ടങ്ങളിലായി ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവന്‍ പുസ്തകങ്ങളും പരിഷ്‌ക്കരിച്ചു. പുതിയ നിലവാരമുള്ള പാഠ്യപദ്ധതി കൊണ്ടുവന്നു. വലിയ പ്രശ്‌നങ്ങളില്ലാതെ പരിഷ്‌ക്കരിക്കാന്‍ സാധിച്ചു. കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്താനുള്ള പുസ്തകങ്ങളും അദ്ധ്യാപകര്‍ക്കും പഴയരീതിയില്‍ നിന്നും വ്യത്യസ്തമായി നല്ലരീതിയിലുള്ള പരിശീലനങ്ങള്‍ കൊടുത്തു. അങ്ങനെ നല്ലൊരു ചെയ്ഞ്ച് സ്‌കൂള്‍ വിദ്യാഭ്യാസരംഗത്ത് ഉണ്ടായിട്ടുണ്ട്. ഹയര്‍ സെക്കന്ററി സ്‌കൂളുകളില്ലാത്ത ചില പഞ്ചായത്തുകളുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാ പഞ്ചായത്തിലും ഒരു ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്ന ലക്ഷ്യത്തിലെത്തിയിട്ടുണ്ട്. 

രാ: സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ കൂടുതല്‍ സ്‌കൂളുകള്‍ അനുവദിക്കുന്നുവെന്ന ഒരു വിവാദമുണ്ടായിട്ടില്ലേ മലബാര്‍ മേഖലയിലൊക്കെ? 

അ: അത് തെറ്റായ ധാരണയാണ്. അതിനവര്‍ കാണിക്കുന്ന കണക്കുകള്‍ വ്യാജമാണ്. മലബാര്‍ മേഖലയിലുള്‍പ്പെടെ എസ്.എസ്.എല്‍.സി. പാസാകുന്ന വിദ്യാര്‍ത്ഥികളുടെ അനുപാതമനുസരിച്ചാണ് പുതിയ ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ തുടങ്ങിയത്. സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന പരാതിയുണ്ടായിട്ടുണ്ട്. പക്ഷേ സീറ്റുകള്‍ ഒഴിഞ്ഞുകിടന്നത് ഗവണ്‍മെന്റ് സ്‌കൂളിലോ എയ്ഡഡ് സ്‌കൂളുകളിലോ അല്ല. മറിച്ച് അണ്‍ എയ്ഡഡ് സ്‌കൂളുകളിലാണ്. ഗവണ്‍മെന്റ് മേഖലയിലും എയ്ഡഡ് മേഖലയിലും സീറ്റുകള്‍ കൂടുതല്‍ ലഭ്യമാകുമ്പോള്‍ കുട്ടികള്‍ അവിടേക്കാണ് വരുന്നത്. അതുകൊണ്ട് അണ്‍ എയ്ഡഡ് മേഖലയില്‍ സ്‌കൂളുകള്‍ ഒഴിഞ്ഞുകിടക്കുന്നു. പക്ഷേ 30,000 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു എന്നുപറഞ്ഞ് തലക്കെട്ട് കൊടുത്താല്‍ അതിനുതാഴെ വരുന്നത് ഗവണ്‍മെന്റ് സ്‌കൂളുകളില്‍ 2,000 സീറ്റുകള്‍ ബാക്കിയുള്ള 28,000 ഒക്കെ അണ്‍ എയ്ഡഡ് സ്‌കൂളുകളിലാണ്. ആ രീതിയിലാണ് മാധ്യമങ്ങള്‍ അത് കൈകാര്യം ചെയ്യുന്നത്. 

രണ്ടാമത്തെ നേട്ടം കോളേജുകളുടെ കാര്യത്തിലാണ്. നമ്മുടെ കോളേജുകളിലൊക്കെ എത്രയോ വര്‍ഷമായിട്ട് പുതിയ കോഴ്‌സുകളൊന്നും തുടങ്ങുന്നില്ല. അഞ്ചുവര്‍ഷത്തിനിടയ്ക്ക് എല്ലാ കോളേജുകളിലും മുന്നൂറോളം ഗ്രാജ്വേറ്റ് കോഴ്‌സുകളും പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകളും കൊടുത്തിട്ടുണ്ട്. കാലം മാറുന്നതിനനുസരിച്ച് കോളേജുകള്‍ ആവശ്യപ്പെടുന്ന കോഴ്‌സുകള്‍ അനുവദിച്ചിട്ടുണ്ട്. എല്ലാ നിയമസഭാമണ്ഡലങ്ങളിലും ഒരു കോളേജ് എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. 22 മണ്ഡലങ്ങളിലായിരുന്നു കോളേജുകള്‍ ഇല്ലാതിരുന്നത്. ആ 22 മണ്ഡലങ്ങളിലും ഗവണ്‍മെന്റ് കോളേജ് വന്നു. അതും കേരളത്തിന്റെ ചരിത്രത്തിലൊരു റെക്കോര്‍ഡാണ്. കാരണം ഒരു ഗവണ്‍മെന്റിന്റെ കാലത്ത് ഒന്നോ രണ്ടോ കോളേജുകളാണ് പുതുതായിട്ട് വരാറുള്ളത്. പട്ടികജാതിക്ക് വേണ്ടി മൂന്നാല് കോളേജ് അല്ലാതെയും വന്നിട്ടുണ്ട്. എന്തായാലും 28 ഓളം പുതിയ കോളേജുകള്‍ വന്നിട്ടുണ്ട്.

രണ്ട് പുതിയ യൂണിവേഴ്‌സിറ്റികളാണ് സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയത്. ഒന്ന്, മലയാളം സര്‍വ്വകലാശാല. മലയാളത്തിന് സ്വന്തമായി സര്‍വ്വകലാശാല തുഞ്ചത്തെഴുത്തച്ഛന്റെ നാമധേയത്തില്‍ തിരൂരില്‍ തുടങ്ങി. അതുപോലെ എഞ്ചിനീയറിംഗ് കോളേജുകളെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവന്ന ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, അബ്ദുല്‍ കലാമിന്റെ പേരില്‍ തുടങ്ങാന്‍ സാധിച്ചു. 

ഇഫ്ലുവിന്റെ കാമ്പസ് കേരളത്തില്‍ കിട്ടാന്‍വേണ്ടി നമ്മള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഭരണം മാറിയതും പുതിയ വി സി ചുമതലയേറ്റതോടും കൂടി കാര്യങ്ങള്‍ നമുക്ക് പ്രതികൂലമായി. ഓഫ് കാമ്പസുകള്‍ വേണ്ട എന്ന നിലപാടിലേക്കവര്‍ വന്നു.

ഇതേ തുടര്‍ന്ന് നമ്മള്‍ സ്വന്തമായി തന്നെ ഒരു വിദേശഭാഷ സര്‍വകലാശാല കേരളത്തില്‍ തുടങ്ങാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം കൂടിയ മന്ത്രിസഭ യോഗത്തിലാണ് വിദേശഭാഷാ സര്‍വ്വകലാശാല തുടങ്ങാനുള്ള തീരുമാനമെടുത്തത്. ഇംഗ്ലീഷും അറബികും ഉള്‍പ്പെടെയുള്ള പതിനാറോളം വിദേശഭാഷകള്‍ പഠിക്കാനുള്ള ഒരു സര്‍വ്വകലാശയെകുറിച്ച് പഠനം നടത്തി ആറാഴ്ചയ്ക്കകം തന്നെ റിപ്പോര്‍ട്ട് തരാന്‍ തീരുമാനമെടുത്തിട്ടുണ്ട്.

രാ: അക്കാദമിക് സ്വയംഭരണ തീരുമാനം ചിലയിടങ്ങളില്‍ വിവാദമുണ്ടാക്കിയിട്ടുണ്ടല്ലോ. മഹാരാജാസിലൊക്കെ വലിയ പ്രതിഷേധം ഉണ്ടായിട്ടുണ്ട്

അ: എറണാകുളം മഹാരാജാസ് കോളേജ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജുമാണ് ഗവണ്‍മെന്റ് കോളേജുകളില്‍ നിന്നുള്ളത്. ബാക്കിയെല്ലാം എയ്ഡഡ് മേഖലയില്‍ നിന്നാണ്. അവയെല്ലാം നന്നായി പോകുന്നുണ്ട്. യൂണിവേഴ്‌സിറ്റി കോളേജില്‍ യുജിസി സംഘത്തെ സന്ദര്‍ശിക്കാന്‍ പോലും അനുവദിച്ചില്ല. മഹാരാജിസില്‍ ഇപ്പോള്‍ പരിശോധന നടന്നുവരുന്നുണ്ട്. അധ്യാപകരുടെ ഉത്തരവാദിത്വം കൂടും, അതു തന്നെയാണ് എതിര്‍പ്പിന്റെ പ്രധാനകാരണം.

രാ: ഗ്ലോബല്‍ എഡ്യുക്കേഷന്‍ മീറ്റ് പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു?

അ: കേരളത്തിലെ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് അവര്‍ പഠിക്കാന്‍ വേണ്ടി പോകാത്ത രാജ്യങ്ങളില്ല. അവിടത്തെ കോഴ്‌സുകള്‍ എന്തുകൊണ്ട് ഇവിടെ തുടങ്ങിക്കൂട? മന്ത്രിസ്ഥാനമേറ്റെടുത്ത ശേഷം ഞാന്‍ ദുബായില്‍ പോയ സമയത്ത് അവിടെയുള്ള അക്കാഡമിക് സിറ്റി സന്ദര്‍ശിച്ചു. അവിടെ നിന്ന് മനസ്സിലാക്കിയ കാര്യങ്ങള്‍ മന്ത്രിസഭായോഗത്തില്‍ അവതരിപ്പിച്ചു. അതുപോലൊരു അക്കാഡമിക് സിറ്റി ഇവിടെ തുടങ്ങണമെങ്കില്‍ നമുക്ക് വിദേശ സര്‍വ്വകലാശാലകളുടെ സഹായം വേണം. അതിനുവേണ്ടി ആദ്യപടിയെന്ന നിലയിലാണ് ഗ്ലോബല്‍ എഡ്യൂക്കേഷന്‍ മീറ്റ് നടത്തിയത്. അവിടെ വിദേശ സര്‍വകശാലകളില്‍ നിന്നും ഇന്ത്യയിലെ മറ്റു സര്‍വ്വകലാശാലകളില്‍ നിന്നും വിദ്യാഭ്യാസ വിദഗ്ദര്‍ പങ്കെടുത്തു. അതിന്റെ ആദ്യഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ ഈ ഗവണ്‍മെന്റിന്റെ കാലത്ത് ചെയ്യാന്‍ സാധിക്കില്ല. വിദേശ സര്‍വ്വകലാശാലകള്‍ കൊടുക്കുന്ന കോഴ്‌സുകള്‍ ഇവിടെ തന്നെ ചെയ്യാനുള്ള സൗകര്യമുണ്ടാക്കുക. അതോടൊപ്പം ഇവിടമൊരു എഡ്യുക്കേഷന്‍ ഹബ്ബായി മാറ്റുക… അതാണ് നമ്മുടെ ഉദ്ദേശം. ഇതിനൊക്കെ ചെറിയ തോതിലുള്ള പ്രതിഷേധങ്ങളൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും ഉള്ളിന്റെയുള്ളില്‍ എല്ലാവരും ഇതൊക്കെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. 

രാ: വിദ്യാഭ്യാസമേഖലയില്‍ നവീനമായി ചെയ്‌തെന്നു കരുതുന്ന പദ്ധതികള്‍ എന്തൊക്കെയാണ്?

അ: വളരെ കണ്‍വന്‍ഷണല്‍ ആയി പോവുകയായിരുന്നു നമ്മുടെ വിദ്യാഭ്യാസ രീതികള്‍. പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നമ്മള്‍ അധികം ശ്രദ്ധകൊടുത്തിരുന്നില്ല. ബിഎ, ബിഎസ് സി, അല്ലെങ്കില്‍ എം എ, എംഎസ്‌സി എന്നിങ്ങനെയായിരുന്നു നമ്മുടെ ഉന്നതവിദ്യാഭ്യാസ രീതികള്‍. ഇവരില്‍ ചെറിയൊരംശത്തിനുപോലും ജോലി പോലും കിട്ടുന്നില്ല. ഈ ദുര്യോഗം മാറ്റാന്‍ വേണ്ടി നാം കൊണ്ടുവന്നൊരു സ്‌കീമാണ് അസാപ് (അഡീഷണല്‍ സ്‌കില്‍ അക്യുസേഷന്‍ പ്രോഗ്രാം). സ്‌കൂള്‍ തലങ്ങളിലും കോളേജ് തലങ്ങളിലും ഇതു നടപ്പാക്കുന്നുണ്ട്. ഹയര്‍ സെക്കന്‍ഡറിയില്‍ രണ്ടു കൊല്ലത്തെ കോഴ്‌സും, കോളേജുകളില്‍ മൂന്നുകൊല്ലവുമാണ്. മുന്നൂറു മണിക്കൂറാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. ഇതില്‍ നൂറു മണിക്കൂര്‍ കമ്യുണിക്കേറ്റിവ് ഇംഗ്ലീഷിനാണ്. നമ്മുടെ കുട്ടികളുടെ ഏറ്റവും വലിയ പോരായ്മയാണ് അവരുടെ കഴിവുകള്‍ പലവേദികളിലും പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും ഭാഷ ഒരു തടസമായി മാറുന്നത്. 80 മണിക്കൂര്‍ ഐ ടി ബേസിക്. ബാക്കിയുള്ള 120 മണിക്കൂറില്‍ അവര്‍ക്ക് ഇഷ്ടമുള്ള കോഴ്‌സില്‍ ചേരാം. പ്ലസ് ടു റിസള്‍ട്ട് വരുമ്പോള്‍ അതിനൊപ്പം ഈ സ്‌കില്‍ കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റും കുട്ടികള്‍ക്ക് കിട്ടും. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ഇതുപോലെ തന്നെ ഡിഗ്രി കഴിയുമ്പോള്‍ അതിനൊപ്പം തന്നെ ഏതെങ്കിലും കോഴ്‌സില്‍ സ്കില്‍ സര്‍ട്ടിഫിക്കറ്റും കിട്ടുന്നു. തുടര്‍ന്നു പഠിക്കാന്‍ ഏതെങ്കിലും സഹചര്യത്തില്‍ കഴിയാതെ വരുന്ന കുട്ടികള്‍ക്ക് ഈ സ്‌കില്‍ എഡ്യുക്കേഷന്‍വച്ച് ഒറ്റയ്‌ക്കോ കൂട്ടായോ ചെറിയ സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ തുടങ്ങാം. അതിനുള്ള സൗകര്യം ഐടി വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കിയിരിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് വില്ലേജുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.

സംരംഭകത്വം കൂടി പാഠ്യപദ്ധതയില്‍ ഉള്‍പ്പെടുത്താനും സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. അതിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു. അഞ്ചുകൊല്ലം കൊണ്ടു മൂന്നുലക്ഷം കുട്ടികളെ സ്‌കില്‍ഡ് ആക്കിയെടുക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഇതിന്റെ ഭാഗമായി ആരംഭിക്കുന്നതാണ് സ്‌കില്‍പാര്‍ക്കുകള്‍. ആദ്യത്തെ സ്‌കില്‍പാര്‍ക്ക് എന്റെ നിയോജക മണ്ഡലത്തില്‍  ഈ മാസം 27 ന് ശിലാസ്ഥാപനം നടക്കും. ഒരേക്കര്‍ സ്ഥലത്ത് 25,000 സ്‌ക്വയര്‍ഫീറ്റില്‍ ബില്‍ഡിംഗ് നിര്‍മിക്കും. ഗവണ്‍മെന്റ് നടത്തുന്ന നിരവധി കോഴ്‌സുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്ന കോഴ്‌സുകള്‍ എന്നിവ അവിടെ ഉണ്ടാകും. എഡിബിയുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഏതു പ്രായത്തിലുള്ളവര്‍ക്കും ഈ കോഴ്‌സുകളില്‍ ചേരാം.

രാ: നിലവിളക്ക് കൊളുത്തല്‍, പച്ചസാരി…പല വിവാദങ്ങളുടെയും പേരില്‍ മാധ്യമങ്ങളടക്കം വേട്ടയാടിയതായി തോന്നുന്നുണ്ടോ? വര്‍ഗീയവാദിയായി വരെ ചിത്രീകരിക്കുകയുണ്ടായി

അ: വ്യക്തമായ അജണ്ടയോടുകൂടിയ വേട്ടയാടല്‍ തന്നെയായിരുന്നു എനിക്കെതിരെ നടന്നത്. തെറ്റൊന്നും ചെയ്യാതെ ഇരയാക്കപ്പെട്ടൊരാള്‍. ഞാനുമായോ വകുപ്പുമായോ ബന്ധപ്പെട്ട ഒരഴിമതിയാരോപണങ്ങളോ അധികാരദുര്‍വിനിയോഗങ്ങളോ ഒന്നും കണ്ടെത്താനില്ലാതെ വന്നപ്പോഴാണ് കാര്യമില്ലാത്ത വിവാദങ്ങളുമായി എന്നെ വേട്ടയാടാന്‍ തുടങ്ങിയത്. ഉയര്‍ത്തിയ പല ആരോപണങ്ങളും ഒന്നുമില്ലാതെ തന്നെ കത്തിയടങ്ങിപ്പോവുകയുമുണ്ടായി.

എന്റെ പാരമ്പര്യവും കുടുംബ പശ്ചാത്തലവും വര്‍ഗീയതയെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കുന്നതല്ല. എന്റെ പിതാവിന്റെ പാരമ്പര്യവും പേരും കളങ്കപ്പെടുത്തുന്ന ഒന്നും എന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ല. എട്ടു തെരഞ്ഞെടുപ്പകളില്‍ തുടര്‍ച്ചയായി മത്സരിച്ചയാളാണ് എന്റെ പിതാവ്. അദ്ദേഹത്തിനു വോട്ട് ചെയ്തിരുന്നവര്‍ മുസ്ലിം മതവിഭാഗത്തില്‍പ്പെട്ടവര്‍മാത്രമായിരുന്നില്ല. മുപ്പതുകൊല്ലത്തോളം ഒരു നാടിന്റെ മുഴുവന്‍ പിന്തുണയോടുംകൂടിയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.

എന്റെ വിദ്യാഭ്യാസയോഗ്യതയെപ്പറ്റിപ്പോലും അബദ്ധപ്രചരണങ്ങള്‍ ഉണ്ടായി. ഒന്നിനോടും ഞാനായിട്ട് പ്രതികരിക്കാന്‍ പോയില്ല. ഞാന്‍ എന്തിനാണ് എന്റെ യോഗ്യതകള്‍ പറഞ്ഞുനടക്കുന്നത്. അറിയാവുന്നവര്‍ക്ക് അതെക്കുറിച്ചറിയാമായിരുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും സത്യമറിയാം.

രാ: സെല്‍ഫ് ഫിനാന്‍സിംഗ് കോളേജ് പ്രശ്‌നമായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ഏറ്റവും വലിയ തലവേദന. ആ വിഷയം എങ്ങനെ കൈകാര്യം ചെയ്തു?

അ: എല്‍ഡിഎഫ് സര്‍ക്കാര്‍ ശാശ്വതമായൊരു പ്രശ്‌നപരിഹാരം ഈ കാര്യത്തില്‍ ഉണ്ടാക്കാതെയാണ് ഭരണം വിടുന്നത്. ഓരോ കൊല്ലവും അവര്‍ ചര്‍ച്ച തുടങ്ങി വയ്ക്കുകമാത്രമായിരുന്നു ചെയ്തിരുന്നത്. ചര്‍ച്ച തുടങ്ങുന്നതു തന്നെ എന്‍ട്രന്‍സ് റിസള്‍ട്ട് വന്നതിനുശേഷമായിരുന്നു. ഒന്നും നടക്കില്ല. പക്ഷേ ഇപ്പോഴത്തെ അവസ്ഥയെന്താണ്, സര്‍ക്കാരും സെല്‍ഫ് ഫിനാന്‍സിംഗ് കോളേജുകാരും തമ്മില്‍ പ്രശ്‌നങ്ങളില്ല. ആദ്യത്തെ കൊല്ലം തന്നെ മാനേജുമെന്റുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി. കൃത്യമായ പാക്കേജ് ഉണ്ടാക്കി. ഇപ്പോള്‍ കൊല്ലാകൊല്ലം ചര്‍ച്ച നടത്തേണ്ടകാര്യം വരുന്നില്ല. പക്ഷേ ഇതിനിടയിലും വിവാദങ്ങള്‍ക്ക് പഞ്ഞമില്ലായിരുന്നു. എന്റെ മകന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട് വലിയ കോലാഹലങ്ങളാണ് ഉണ്ടാക്കിയത്.

തൃശൂര്‍ ജൂബിലി മിഷനില്‍ എന്റെ മകന് പി ജിക്ക് അഡ്മിഷന് കിട്ടുന്നത് ഞാന്‍ മന്ത്രിയായി ചുമതലയേല്‍ക്കുന്ന സമയത്താണ്. കോളേജ് മെറിറ്റിലാണ് അവന് അഡ്മിഷന്‍ കിട്ടുന്നത്. ഓള്‍ ഇന്ത്യ പിജി എക്‌സാമിനേഷനില്‍ മികച്ച റാങ്കുണ്ടായിരുന്നതിന്റെ അടിസ്ഥാനത്തില്‍ മാനേജ്‌മെന്റ് തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു അവനും. അവര്‍ നടത്തിയ എന്‍ട്രന്‍സ് എക്‌സാമില്‍ പത്താംസ്ഥാനത്തു വരികയും ചെയ്തു. ആദ്യ ആറു പേര്‍ക്കാണ് കോളേജ് മെറിറ്റില്‍ അഡ്മിഷന്‍ നല്‍കുന്നത്. ആദ്യത്തെ ആറുപേരില്‍ നാലുപേര്‍ വരാതിരുന്നതിനെ തുടര്‍ന്ന് സ്വാഭാവികമായി അവനും മെറിറ്റില്‍ അഡ്മിഷന്‍ കിട്ടി. പക്ഷേ പ്രതിപക്ഷം ഇത് ആരോപണമാക്കി. സര്‍ക്കാര്‍ സീറ്റ് മറിച്ചു നല്‍കിയാണ് ഞാന്‍ മകന് അഡ്മിഷന്‍ തരപ്പെടുത്തിയതെന്നായിരുന്നു വിമര്‍ശനം. പിജി കോഴ്‌സുകളില്‍ ഗവണ്‍മെന്റു മാനേജുമെന്‍റുകളും തമ്മില്‍ ധാരണയില്‍ എത്തിയിരുന്നില്ല. ഇതെന്നെ വല്ലാതെ ഉലച്ച ഒന്നാണ്. വാപ്പയ്ക്ക് പേരുദോഷം വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞ് ജൂബിലിയില്‍ കിട്ടിയ അഡ്മിഷന്‍ വേണ്ടെന്നുവയ്ക്കാമെന്ന് എന്റെ മകന്‍ പറഞ്ഞു. ഈയൊരാരോപണത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍വരെ ഞാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയേയും കുഞ്ഞാലിക്കുട്ടിയെയും കണ്ടു. അവരോട് എല്ലാസത്യങ്ങളും ഞാന്‍ പറഞ്ഞു. തെറ്റു ചെയ്തിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് രാജിവയ്ക്കുന്നതെന്ന് അവര്‍ ചോദിച്ചു. പിന്നെയെല്ലാം മനസാക്ഷിയനുസരിച്ചു ചെയ്യാന്‍ ഉപദേശിച്ചു.

അങ്ങനെ ഞാന് മകനെ മനേജ്‌മെന്റിനെ പോയി കാണാന്‍ പറഞ്ഞയച്ചു. അവന്‍ ഈ കാര്യങ്ങള്‍ മാനേജ്‌മെന്റിനോട് പങ്കുവച്ചു. സര്‍ക്കാര്‍ സീറ്റ് തട്ടിയെടുത്തെന്നാണ് ആരോപണം, അതുകൊണ്ട് ഈ അഡ്മിഷന്‍ വേണ്ടെന്നു വയ്ക്കുകയാണെന്ന് മകന്‍ അവരോടു പറഞ്ഞു. ‘ഞങ്ങളുടെ മെറിറ്റിലാണ് നിങ്ങള്‍ക്ക് അഡ്മിഷന്‍ കിട്ടിയിരിക്കുന്നത്. അതല്ല സത്യമെന്ന് ആരുപറഞ്ഞാലും അത് സത്യമല്ലാതാകുന്നില്ല, നിങ്ങള്‍ ധൈര്യമായിട്ട് ഇരിക്കൂ. സര്‍ക്കാരിന്റെ സീറ്റ് നിങ്ങള്‍ തട്ടിയെടുത്തിട്ടില്ല. സീറ്റിന്റെ കാര്യത്തില്‍ സര്‍ക്കാരുമായി ഞങ്ങള്‍ കേസിലാണ്. കേസിലിരിക്കുന്നതുകൊണ്ട് ഞങ്ങളുടെ സീറ്റില്‍ മുഴുവന്‍ അഡ്മിഷന്‍ ഞങ്ങള്‍ തന്നെ നടത്തി. സര്‍ക്കാരാണ് വിജയിക്കുന്നതില്‍ സീറ്റുകള്‍ അവര്‍ക്കു വിട്ടുകൊടുക്കാം. അപ്പോള്‍ ഞങ്ങളുടെ അഡ്മിഷനൊക്കെ പുറത്തുപോകും. പക്ഷേ കേസ് ജയിച്ചാലും തോറ്റാലും നിങ്ങളുടെ അഡ്മിഷന് ഒരു പ്രശ്‌നവുമുണ്ടാകില്ല. കാരണം നിങ്ങള്‍ വന്നത് അമ്പതുശതമാനം മാനേജ്‌മെന്റ് ക്വോട്ടയിലുള്ള സീറ്റിലാണ്.’ എന്നാണ് മാനേജ്‌മെന്റ് അവനോട് പറഞ്ഞത്. പക്ഷേ അവനെന്തോ അപ്പോഴും എന്റെ നേര്‍ക്കുയരുന്ന ആരോപണങ്ങളുടെ പേരില്‍ വല്ലാത്ത വിഷമം. അങ്ങനെ വന്നപ്പോള്‍ മാനേജ്‌മെന്റ് മറ്റൊരു വഴി നിര്‍ദേശിച്ചു. രണ്ടുമാസം അവനോട് ലീവെടുത്തോളാന്‍ പറഞ്ഞു. കേസ് കഴിഞ്ഞിട്ട് ജോയ്ന്‍ ചെയ്യാം. കേസ് സര്‍ക്കാര്‍ ജയിച്ചു. മാനേജ്‌മെന്റ് അഡ്മിഷനൊക്കെ പുറത്തായി, പകരം സര്‍ക്കാര്‍ നടത്തിയ പരീക്ഷയില്‍ വിജയിച്ച കുട്ടികള്‍ക്ക് അഡ്മിഷന്‍ കിട്ടി. പക്ഷേ അവന്റെ സീറ്റ് അവിടെ തന്നെയുണ്ടായിരുന്നു. അതോടെ എല്ലാവര്‍ക്കും കാര്യങ്ങള്‍ മനസിലായി. സര്‍ക്കാരിന്റെ സീറ്റ് തട്ടിയെടുത്തല്ല ഞാന്‍ മകന് അഡ്മിഷന്‍ തരപ്പെടുത്തിയതെന്നത് വെറും ആരോപണം മാത്രമാണെന്ന് വ്യക്തമായി. അവന്‍ അവിടെ നിന്നു തന്നെ പി ജി പാസായി.

രാ: കാലാവധി പൂര്‍ത്തിയായി ഇറങ്ങുമ്പോള്‍ പൂര്‍ത്തിയാക്കാന്‍ പറ്റാതെപോയ എന്തെങ്കിലും കാര്യമോര്‍ത്ത് വിഷമമുണ്ടോ?

അ: ഗവണ്‍മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴും വേഗത വരുന്നില്ല എന്നതാണ് നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. സര്‍ക്കാര്‍ കാര്യങ്ങള്‍ മുറപോലെ എന്നതാണ് ഇപ്പോഴുമുള്ള അവസ്ഥ. ഒരു കാര്യം തുടങ്ങാന്‍ തീരുമാനിച്ച്, അതിന്റെ കടലാസുപണികളൊക്കെ തീര്‍പ്പാക്കി പദ്ധതി തുടങ്ങുമ്പോഴേക്കും കുറഞ്ഞത് പത്തും പതിനഞ്ചും കൊല്ലമൊക്കെ കഴിഞ്ഞുപോയിരിക്കും. ഈ രീതി മാറണം. ഒരു ഗവണ്‍മെന്റിന്റെ കാലത്ത് ആരംഭിച്ച പദ്ധതികള്‍ ആ ഗവണ്‍മെന്റിന്റെ കാലത്തു തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കണം. നമ്മുടെ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ശാപം, ഓരോ അഞ്ചുവര്‍ഷം കഴിയുമ്പോഴും വ്യത്യസ്ത മുന്നണികളാണ് ഇവിടെ ഭരിക്കുന്നത്. സര്‍ക്കാര്‍ എന്നാല്‍ ഒരു തുടര്‍ പ്രക്രിയയാണ്. പക്ഷേ ഒരു മുന്നണി ചെയ്യുന്ന കാര്യങ്ങള്‍ അടുത്ത മുന്നണി തുടരണമെന്നില്ല. ഏതു പാര്‍ട്ടി വന്നാലും നാടിന്റെ വികസനം തുടര്‍പ്രക്രിയയാക്കി പോണം. നിര്‍ഭാഗ്യവശാല്‍ അത് നടക്കുന്നില്ല. അങ്ങനെയാണ് പല വികസനപദ്ധതികളും വഴിയില്‍ കിടന്നുപോകുന്നത്.

വിദ്യാഭ്യാസ വകുപ്പിലും പലകാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നിട്ടുണ്ട്. ആയിരക്കണക്കിന് അധ്യാപകര്‍ ശമ്പളമില്ലാതെ വലയുന്നുണ്ട്. അവയെല്ലാം കൊടുത്തുതീര്‍ക്കാന്‍ 2011 ല്‍ തന്നെ സര്‍ക്കാര്‍ ഒരു പക്കേജ് ഉണ്ടാക്കിയതാണ്. പക്ഷേ അതിനെതിരായിട്ട് ചിലര്‍ കേസിനുപോയി. കേസ് ഇപ്പോഴും കോടതിയിലാണ്. അതുകൊണ്ട് തന്നെ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയാതെ വരുന്നു. ഇപ്പോഴാണ് ഒരു ഫൈനല്‍ പാക്കേജ് പൂര്‍ത്തിയാക്കാന്‍ കഴിയുന്നത്. 2011 വരെയുള്ളത് നേരത്തെ ചെയ്തിരുന്നു. പക്ഷേ ഇപ്പോഴും ചില മാനേജുമെന്റുകള്‍ ആവശ്യമില്ലാതെ കോടതിയില്‍ പോയിരിക്കുകയാണ്. സര്‍ക്കാരിന്റെ വീഴ്ച്ചയായി ഇതിനെ കാണരുത്. അതുപോലെ വകുപ്പിലെ താഴെ തട്ടിലെ ഉദ്യോഗസ്ഥതലത്തിലുള്ള മെല്ലെപ്പോക്ക് നയവും പലപ്പോഴും പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകാറുണ്ട് ഇതെല്ലാം മാറിയാലെ നമ്മള്‍ ആഗ്രഹിക്കുന്ന പുരോഗതി ഉണ്ടാവുകയുള്ളൂ. എന്നിരുന്നാല്‍ തന്നെ വിദ്യാഭ്യാസ വകുപ്പിന്റെ വ്യത്യസ്ത മേഖലകളിലായി ഇത്രയേറെ പുരോഗതിയും നേട്ടങ്ങളും ഉണ്ടായിട്ടുള്ള മറ്റൊരു അഞ്ചുവര്‍ഷം ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ടോയെന്ന് എനിക്ക് തോന്നുന്നില്ല. ആ സംതൃപ്തിയോടെയാണ് സ്ഥാനം ഒഴിയാന്‍ പോകുന്നതും.

രാ: ഇത്തവണ മത്സരരംഗത്തുണ്ടാവില്ലെന്നും പാര്‍ട്ടി സീറ്റ് തരേണ്ടന്ന തീരുമാനത്തിലാണെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ വരുന്നുണ്ട്?

അ: അതെല്ലാം നേരത്തെ പറഞ്ഞപോലെ അജണ്ടയുടെ ഭാഗമായുള്ള പ്രചരണങ്ങളാണ്. പാര്‍ട്ടിയോ ഞാനോ തെരഞ്ഞെടുപ്പുമായോ സ്ഥാനാര്‍ത്ഥിത്വവുമായോ ബന്ധപ്പെട്ട് അത്തരമൊരു തീരുമാനങ്ങളും എടുത്തിട്ടില്ല എന്നതാണ് സത്യം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍