UPDATES

ട്രെന്‍ഡിങ്ങ്

പികെ കുഞ്ഞനന്തന് വീണ്ടും പരോള്‍ നീട്ടി നല്‍കി സര്‍ക്കാര്‍; അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ജയില്‍ സൂപ്രണ്ട്

സാധാരണ ഗതിയില്‍ അടിയന്തിര പരോള്‍ അനുവദിക്കപ്പെടുന്നത് നാല്‍പ്പത് ദിവസമാണെങ്കിലും എത്ര തവണ വേണമെങ്കിലും പരോള്‍ നീട്ടി നല്‍കാന്‍ സര്‍ക്കാരിന് വിവേചനാധികാരം ഉണ്ട്.

പി.കെ.കുഞ്ഞനന്തന് വീണ്ടും പരോള്‍ നീട്ടി നല്‍കി സര്‍ക്കാര്‍. നാല്‍പ്പത് ദിവസം അടിയന്തിര പരോള്‍ ഇന്നലെ കഴിയാനിരിക്കെയാണ് അഞ്ച് ദിവസം കൂടി പരോള്‍ നീട്ടി നല്‍കിയത്. ആഭ്യന്തര വകുപ്പ് പരോള്‍ നീട്ടി നല്‍കി ഉത്തരവിറക്കിയെങ്കിലും ജയിലില്‍ ഇത് സംബന്ധിച്ച് ഒരറിയിപ്പും ഇതേവരെ ലഭിച്ചിട്ടില്ലെന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പറയുന്നു. എത്രദിവസം പരോള്‍ കാലാവധി നീട്ടി നല്‍കിയെന്നത് സംബന്ധിച്ചും ജയില്‍ അധികൃതര്‍ക്ക് ധാരണയില്ല.

ടി പി വധക്കേസില്‍ പ്രധാന ഗൂഢാലോചകനാണ് കുഞ്ഞനന്തന്‍. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കുഞ്ഞനന്തന് ഇതോടെ 389 ദിവസത്തെ പരോള്‍ ദിനങ്ങളാണ് ലഭിച്ചിരിക്കുന്നത്. നാലര വര്‍ഷത്തെ ജയില്‍ ജീവിതത്തിനിടയില്‍ അടിയന്തിര പരോളും സ്വാഭാവിക പരോളും ചികിത്സാ ആവശ്യത്തിനായി ലഭിക്കുന്ന അവധിയുമുള്‍പ്പെടെയാണ് 389 ദിവസങ്ങള്‍. സെപ്തംബര്‍ 21നാണ് കുഞ്ഞനന്തന്റെ അപേക്ഷ പ്രകാരം പത്ത് ദിവസത്തെ അടിയന്തിര പരോള്‍ അനുവദിക്കപ്പെട്ടത്. ജയില്‍ സൂപ്രണ്ട് ആണ് പത്ത് ദിവസത്തെ അടിയന്തിര പരോള്‍ അനുവദിച്ചത്. എന്നാല്‍ പിന്നീട് പതിനഞ്ച് ദിവസത്തേക്ക് കൂടി ആഭ്യന്തര വകുപ്പ് പരോള്‍ നീട്ടി നല്‍കി. പിന്നീടും കുഞ്ഞനന്തന്‍ അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് വീണ്ടും പതിനഞ്ച് ദിവസത്തേക്ക് കൂടി പരോള്‍ കാലാവധി നീട്ടി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. ഒക്ടോബര്‍ പതിനാറിനാണ് ഉത്തരവ് പുറത്തുവന്നത്.

നിയമപ്രകാരം ഒരാള്‍ക്ക് ഒരു തവണ നാല്‍പ്പത് ദിവസത്തിലധികം അടിയന്തിര പരോള്‍ അനുവദിക്കാന്‍ പാടില്ല. ആദ്യം പത്ത് ദിവസവും പിന്നീട് ആവശ്യമെങ്കില്‍ രണ്ട് പ്രാവശ്യമായി പതിനഞ്ച് ദിവസം വീതവും പരോള്‍ നീട്ടി നല്‍കാം. അടുത്ത ബന്ധുക്കളുടെ മരണം, വിവാഹം, അസുഖങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി അപേക്ഷ നല്‍കിയാല്‍ അടിയന്തിര പരോള്‍ അനുവദിക്കാം. ഭാര്യയുടെ അസുഖം പറഞ്ഞുകൊണ്ടാണ് കുഞ്ഞനന്തന്‍ അടിയന്തിര പരോളിന് അപേക്ഷ നല്‍കിയതെന്ന് ജയില്‍ സൂപ്രണ്ട് പറയുന്നു.

സാധാരണ ഗതിയില്‍ അടിയന്തിര പരോള്‍ അനുവദിക്കപ്പെടുന്നത് നാല്‍പ്പത് ദിവസമാണെങ്കിലും എത്ര തവണ വേണമെങ്കിലും പരോള്‍ നീട്ടി നല്‍കാന്‍ സര്‍ക്കാരിന് വിവേചനാധികാരം ഉണ്ട്. ഈ അധികാരം ഉപയോഗിച്ചാണ് ഓരോ തവണയും കുഞ്ഞനന്തന് പരോള്‍ കാലാവധി നീട്ടി ലഭിക്കുന്നത്. കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് പറയുന്നതിങ്ങനെ ‘ഞങ്ങള്‍ ആകെ പത്ത് ദിവസത്തെ അടിയന്തിര പരോളാണ് കുഞ്ഞനന്തന് നല്‍കിയത്. ബാക്കിയെല്ലാം നല്‍കിയത് സര്‍ക്കാരാണ്. സര്‍ക്കാരിന് അതിനുള്ള വിവേചനാധികാരമുണ്ട്. ഒറ്റത്തവണ പതിനഞ്ച് ദിവസം വരെ മാത്രമേ നീട്ടി നല്‍കാന്‍ കഴിയൂ എന്ന് മാത്രം. അതിനനുസരിച്ചാണ് രണ്ട് തവണ പതിനഞ്ച് ദിവസം വീതം പരോള്‍ ദിനങ്ങള്‍ നീട്ടി നല്‍കിയത്. ഇപ്പോള്‍ വീണ്ടും പരോള്‍ നീട്ടിയെന്ന് പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഒരറിയിപ്പും ജയിലില്‍ കിട്ടിയിട്ടില്ല. എത്രദിവസത്തേക്കാണ് നീട്ടി നല്‍കിയതെന്നും ജയില്‍ അധികൃതര്‍ക്ക് അറിയില്ല. ആഭ്യന്തര വകുപ്പാണ് അത് തീരുമാനിക്കുന്നത്. സര്‍ക്കാരിന്റെ വിവേചനാധികാരമുപയോഗിച്ച് ഒരാള്‍ക്ക് എത്ര ദിവസങ്ങള്‍ വേണമെങ്കിലും പരോള്‍ നീട്ടിനല്‍കാവുന്നതാണ്.’

സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവായ പികെ കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. എഴുപ്പത് വയസ്സ് കഴിഞ്ഞയാളുകള്‍ക്ക് പ്രായപരിധി കണക്കിലെടുത്ത് ശിക്ഷായിളവ് നല്‍കാമെന്ന വ്യവസ്ഥ മുതലെടുത്ത് സര്‍ക്കാര്‍ കുഞ്ഞനന്തനെ ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനായി സര്‍ക്കാര്‍ തയ്യാറാക്കിയ 1800 പേരുടെ പട്ടികയില്‍ കുഞ്ഞനന്തനും ടിപി വധക്കേസിലെ മറ്റൊരു പ്രതിയും സിപിഎം നേതാവുമായ കെ സി രാമചന്ദ്രനും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ സുപ്രീംകോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചല്ല സര്‍ക്കാര്‍ പട്ടിക തയ്യാറാക്കിയതെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ പി സദാശിവം പട്ടിക റദ്ദാക്കിയതോടെ സര്‍ക്കീരിന് തിരിച്ചടിയായി. പിന്നീട് തയ്യാറാക്കിയ 739 പേരുടെ പട്ടികയില്‍ ഇരുവരും ഉള്‍പ്പെട്ടിരുന്നുമില്ല. ഈ ശ്രമം പരാജയപ്പെട്ടതോടെ കുഞ്ഞനന്തനെ ജയിലിന് പുറത്തെത്തിക്കാന്‍ സര്‍ക്കാര്‍ കയ്യയച്ച് പരോള്‍ നല്‍കുകയാണെന്ന വിമര്‍ശനം മുമ്പ് തന്നെ ഉയര്‍ന്നിരുന്നു.

389 ദിവസത്തെ പരോള്‍ ദിനങ്ങള്‍ക്ക് പുറമെ 45 ദിവസത്തെ ആശുപത്രി വാസവും കുഞ്ഞനന്തന് അനുവദിക്കപ്പെട്ടിരുന്നു. 267 ദിവസം മാത്രമാണ് സ്വാഭാവിക പരോള്‍ ലഭിച്ചത്. ബാക്കിയെല്ലാം അടിയന്തിര പരോളാണ് അനുവദിക്കപ്പെട്ടത്. ആഭ്യന്തരവകുപ്പ് നേരിട്ട് ഇടപെട്ട് കുഞ്ഞനന്തനില്‍ നിന്ന് അപേക്ഷ വാങ്ങുകയും പോരള്‍ അനുവദിക്കുകയുമാണെന്ന് ഓഫീസുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ പറയുന്നു. ഇനിയും പരോള്‍ നീട്ടി നല്‍കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമത്തിന്റെ പഴുതുകളെല്ലാം ഉപയോഗിച്ച് നിയമവിധേയമായാണ് പരോള്‍ നല്‍കുന്നതെന്നും അതിനാല്‍ ആര്‍ക്കും തന്നെ ഇത് നിയമപരമായി ചോദ്യം ചെയ്യാന്‍ സാധ്യമല്ലെന്നുമാണ് ഉദ്യോഗസ്ഥന്റെ അഭിപ്രായം. മനുഷ്യാവകാശം എന്ന നിലയില്‍ പരോള്‍ അനുവദിക്കപ്പെടുന്നത് ന്യായീകരിക്കാമെങ്കിലും ശിക്ഷയനുഭവിക്കുന്ന എത്രപേര്‍ക്ക് ഈ അവകാശം ലഭ്യമാവുന്നുണ്ട് എന്നതാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന ചോദ്യം. ഇതിനിടെ ടിപി വധക്കേസ് പ്രതികള്‍ക്ക് നിരന്തരമായി പരോള്‍ ലഭിക്കുന്നതിനെ ചോദ്യം ചെയ്ത് ടി പിയുടെ വിധവയും ആര്‍എംപി നേതാവുമായ കെ കെ രമ ഹൈക്കോടതിയില്‍ കേസ് നല്‍കാന്‍ ഒരുങ്ങുകയാണ്.

നാലര വര്‍ഷത്തിനിടയില്‍ ഈ ‘വി ഐ പി’ തടവുപുള്ളിക്ക് കിട്ടിയത് 384 പരോള്‍ ദിനങ്ങള്‍

സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ കൊച്ചുമകന്‍ ബിജെപിയുടെ ഉപവാസ വേദിയില്‍

അതിരൂപതയില്‍ വിശ്വാസിക്ക് കിട്ടാത്ത സ്വീകരണം സ്ഥലക്കച്ചവടക്കാരന് നല്‍കിയവര്‍; പുറത്തുവരുന്നത് വന്‍ തട്ടിപ്പിന്റെ തെളിവുകള്‍

“ഗുജറാത്ത് കലാപകാലത്തെ ആഭ്യന്തര മന്ത്രിയും മോദിയെ ‘ശിവലിംഗത്തിലെ തേള്‍’ എന്ന് വിളിച്ചിരുന്നു”

ശബരിമലാനന്തര കേരളത്തില്‍ മുസ്ലീം ലീഗ് ആ കോണി ഇനി എങ്ങോട്ട് തിരിച്ചുവെക്കും?

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍