UPDATES

സിനിമ

ആ റോങ് നമ്പറുകള്‍ നമുക്ക് മാറ്റിവിളിക്കാം; പി കെയുടെ വെളിപ്പെടുത്തലുകള്‍ ചൊറിച്ചിലുണ്ടാക്കുന്നതാര്‍ക്ക്?

Avatar

സിറാജ് ജീലാനി 

വെളിപ്പെടുത്തലുകൾ ലോകത്ത് പുതിയ സംഭവമൊന്നുമല്ല. വ്യഭിചാരക്കേസിൽ പിടിയിലായവരുടെ പുറത്തു പറയൽ, അഴിമതി ഇടപാടിൽ ഇരയായവരുടെ തുറന്നു പറച്ചിലുകൾ തുടങ്ങി പരസ്യപ്പെടുത്തലുകളുടെ ഒരു ഘോഷയാത്രയാണ് നമുക്ക് ചുറ്റും നടന്നു കൊണ്ടിരിക്കുന്നത്. സാധാരണയായി ഇത്തരം വെളിപ്പെടുത്തലുകൾ കേവലം ഒരു വ്യക്തിയുടെയോ അതല്ലെങ്കിൽ ഒരു ഗ്രൂപ്പിന്റെയോ സ്ഥാനങ്ങൾക്ക് മാത്രമാണു പരിക്കേൽപ്പിക്കാറുള്ളത്. എന്നാൽ ഈയിടെ പുറത്തിറങ്ങിയ പി കെ എന്ന സിനിമ ആധുനിക ലോകക്രമത്തിൽ കടിച്ചു തൂങ്ങി ചോര കുടിക്കുന്ന ഒരു വലിയ മാഫിയ സിസ്റ്റത്തിന്റെ അടിവേരിളക്കുന്ന വെളിപ്പെടുത്തലുകളാണ്‌ നടത്തിയത്. അതുകൊണ്ട് തന്നെയാണ് ഈ സിനിമക്കെതിരെ ഇത്ര തീവ്രമായ വിവാദങ്ങൾ ഉയർന്നു വന്നതും. 

വാസ്തവത്തിൽ ആമിർഖാൻ അഭിനയിച്ച പി കെ ആധുനിക ലോകത്തെ ശരിയും തെറ്റും വേർതിരിച്ചെടുക്കാനുള്ള, ഇന്ത്യൻ സാഹചര്യത്തിൽ നടത്തിയ ഒരു കഠിനമായ ശ്രമമാണ്. അത് ആത്മീയ ലോകത്തെ പ്രവർത്തനങ്ങളെ അരിച്ചെടുക്കുന്നതുപോലെ തന്നെ ഇന്ത്യൻ ബ്യുറോക്രസിയുടെ, മാധ്യമ പ്രവർത്തനത്തിന്റെ, വൃദ്ധ – യുവത്വ ബന്ധങ്ങളുടെ, കച്ചവടത്തിന്റെ ഒക്കെ തെറ്റും ശെരിയും കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. ഒരു ദിശയിൽ നോക്കിയാൽ ഈ വസ്തുതകളൊക്കെയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ബ്യൂറോക്രസിയുടെ സഹായമില്ലാതെ മാധ്യമങ്ങളുടെ പിന്തുണയില്ലാതെ സംസ്കാരത്തിന്റെ പേര് പറയാതെ കച്ചവട മാഫിയക്ക് ആത്മീയ തട്ടിപ്പുകൾ നടത്താൻ കഴിയില്ല എന്നതാണ് ആധുനിക ഇന്ത്യയിലെ പാഠം നമ്മെ ബോധ്യപ്പെടുത്തുന്നത്. 

ഈ കൂട്ടുകെട്ട് രൂപം കൊള്ളുന്നത് നവ ഉദാരവൽക്കരണത്തിന്റെ അനന്തര ഫലമെന്നനിലയിലാണ്. പിൻവാതിലിലൂടെ സ്വാധീനിച്ചു ഔദ്യോഗിക സ്വഭാവം ഉണ്ടാക്കി ലാഭം കൊയ്യുക എന്നതാണ് നവ ഉദാരവൽക്കരണത്തിന്റെ അടിത്തറകളിലൊന്ന്‌. ഇങ്ങനെ സ്വാധീനിക്കുന്നതിനു വേണ്ടി ഇറക്കുന്ന പണത്തെ ഒരിക്കലും നഷ്ടമായി ഇത്തരക്കാർ കണക്കാക്കാറില്ല. മറിച്ച് വരാനിരിക്കുന്ന അവസരങ്ങളിലെക്കുള്ള ഒരു നിക്ഷേപമായിട്ടേ പരിഗണിക്കാറുള്ളൂ. 

കുറച്ചു കാലങ്ങളായി വിദ്യാഭ്യാസ ഗവേഷകർക്കിടയിൽ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ് വിദ്യാഭ്യാസ മേഘലയിലെ നവ ഉദാര വൽക്കരണ സമീപനങ്ങൾ. ഇത്തരം സമീപനങ്ങൾ കൊണ്ട് വിദ്യാഭ്യാസത്തിന്റെ തനതായ ലക്ഷ്യങ്ങൾ വഴിമാറുന്നു എന്നത് അകാദമിക് സമൂഹത്തെ  ആശങ്കാകുലരാക്കുന്നു. കമ്പോള കേന്ദ്രീകൃതമായ ഡിമാൻഡിനനുസരിച്ചു തികച്ചും ലാഭേച്ഛയോടെ അത്യാകർഷകങ്ങളായ പരസ്യങ്ങളുടെ അകമ്പടിയോടെ പൊട്ടി മുളച്ചു കൊണ്ടിരിക്കുന്ന ഇ- സ്കൂളുകൾ, ടെക്- അകാദമികൾ, ബി- സ്കൂളുകൾ തുടങ്ങിയവയിൽ നിന്ന് പ്രത്യേകിച്ചും മറ്റു സ്വകാര്യ സ്കൂളിൽ നിന്ന് പൊതുവായും പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർഥികൾക്കിടയിൽ മാനവ വിഷയങ്ങളിലേക്ക് ലക്ഷ്യം വെക്കുന്നവർ വളരെ കുറവാണ് എന്നതിനേക്കാൾ അപ്പുറത്ത് അതൊരു അഭിമാനക്കുറവായി കൂടി അവർ കണക്കാക്കുന്നു എന്നതാണ് സത്യം. ഇതിൽ നിന്നും വലിയ വ്യത്യാസമൊന്നുമല്ല പൊതു കലാലയങ്ങളിലെ കുട്ടികളും. കൂടുതൽ പേരും ആഗ്രഹിക്കുന്നത് പ്രൊഫഷനൽ കോഴ്സുകളായ എഞ്ചിനീയറിംഗ്, മെഡിക്കൽ തുടങ്ങി കൂടുതൽ പണം ലഭിക്കുന്ന ‘സമൂഹത്തിന്റെ’ അംഗീകാരം ലഭിക്കുന്ന മേഖലകൾ തെരഞ്ഞെടുക്കാനാണ്. ഇവിടെയാണ് നേരത്തെ പറഞ്ഞ വിദ്യാഭ്യാസത്തിന്റെ തനതായ മൂല്യങ്ങളെ ചോദ്യം ചെയ്യുന്നത്. 

ഇതിനോടാണ് പി കെയില്‍ വിമര്‍ശിക്കപ്പെട്ട ആത്മീയ സങ്കൽപ്പങ്ങളിലെ നവ ഉദാര സമീപനങ്ങളെ കൂട്ടിച്ചേർത്തു കാണേണ്ടത്. കഴിഞ്ഞ ദിവസം ബംഗ്ലൂരിലെ ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന, കോർപ്പറേറ്റ് ബിസിനസുകൾ തഴച്ചു വളരുന്ന കേന്ദ്രത്തിൽ ഉയർത്തിക്കെട്ടിയ പരസ്യ ബോർഡിൽ ശ്രദ്ധ പതിക്കാനിടയായി. രാജ്യത്തെ ആത്മീയ നേതാക്കളുടെ കൂട്ടത്തിൽ പ്രധാനമായി കണക്കാക്കുന്ന ഒരു നേതാവിന്റെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിലേക്ക് കോർപ്പറേറ്റ് ജോലിക്കാരെ ക്ഷണിക്കുക എന്ന  ലക്ഷ്യം വെച്ച് സ്ഥാപിച്ചതാണ് ആ ബോർഡ്. അതിൽ എഴുതിവെച്ച വാക്കുകളും ആളുകളെ ആകർഷിക്കുന്ന തരത്തിലുള്ളതായിരുന്നു.  അതുപോലെ തന്നെ  രാജ്യത്തെ അധികാരികളുടെ  വിശ്വസ്തനായ ആതമീയാചാര്യൻ കുറച്ചു ദിവസങ്ങൾക്കു മുൻപ് ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തത് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്പനി പുറത്തിറക്കുന്ന  ഹെയർ ഓയിലിന്റെ പരസ്യമാണ്. 

ഈ രണ്ടു സംഭവങ്ങളും ഇന്ത്യയിലെ ആത്മീയ മേഖലയിലെ ബിസിനസ് വൽകരണത്തെ കുറിച്ചാണ് നമ്മോട് പറയുന്നത്. ആത്മീയ ബിസിനസ് തഴച്ചു വളരുന്നത് നവ ഉദാര വൽക്കരണത്തിന്റെ എല്ലാ സ്വഭാവങ്ങളും പേറിക്കൊണ്ടുതന്നെയാണ് എന്നത് നമ്മയൊക്കെ ചിന്തിപ്പിക്കേണ്ടതാണ്. കമ്പോള കേന്ദ്രീകൃതമായ പ്രവർത്തനങ്ങൾ, ആത്മീയ-അധികാര- മാധ്യമ അവിശുദ്ധ കൂട്ടുകെട്ട്, ആത്മീയ നേതാക്കളുടെ കോർപ്പറേറ്റ് സംസ്കാരം, സ്വപ്രജരണത്തിന് വേണ്ടി സജ്ജമാക്കിയ സ്വന്തമായ ചാനലുകൾ, സോഷ്യൽ നെറ്റ്‌വർക്ക് മാധ്യമങ്ങൾ, അവയിലൂടെ പുറത്തു വിടുന്ന പരസ്യങ്ങൾ തുടങ്ങി സ്വന്തം പേരിലുള്ള കമ്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയൊക്കെ ഇന്നത്തെ ആത്മീയ ആചാര്യന്മാരുടെ പ്രവർത്തന ശൈലികളാണ്. പഴയ കാലങ്ങളിൽ ആത്മീയ നേതാക്കളുടെ ഇരു ഭാഗങ്ങളിലുമുണ്ടായിരുന്നത് സാധാരണക്കാരായ ആളുകളായിരുന്നുവെങ്കിൽ ഇന്ന് ഇത്തരം ആചാര്യന്മാർക്കു ചുറ്റും കറങ്ങി നടക്കുന്നത് ബിസിനസ് മേലാളന്മാരാണ്. അവശത അനുഭവിക്കുന്ന പാവങ്ങൾക്ക് വേണ്ടി ശബ്ധിക്കുന്നതിലും കൂടുതൽ ഇന്ന് ഈ റോങ് നമ്പറുകൾ സംസാരിക്കുന്നത് സമൂഹത്തിലെ മേൽത്തട്ട് വിഭാഗത്തിന് വേണ്ടിയാണ്. 

എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? മാറിക്കൊണ്ടിരിക്കുന്ന പണ കേന്ദ്രീകൃതമായ ആധുനിക ലോകത്ത് സമൂഹത്തെ നേരെ നിർത്തേണ്ട ആത്മീയ ആചാര്യന്മാരും മനം മയങ്ങിയോ? അതല്ല ഇന്നത്തെ സാമ്പത്തിക ക്രമത്തിൽ ഏറ്റവും നല്ല ബിസിനസ് ആത്മീയതയാണ് എന്ന് മനസ്സിലാക്കി കപട വേഷം അണിഞ്ഞതാണോ? എന്ത് തന്നെയായാലും ഇതിന്റെ അനന്തര ഫലം താങ്ങാവുന്നതിലപ്പുറമായിരിക്കും. വിദ്യാഭ്യാസ മേഖലയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ലക്ഷ്യ-വ്യതിയാനം സമൂഹത്തിലുണ്ടാക്കിയ സ്വാധീനത്തെക്കാളും അപകടകരമായി ആത്മീയ മേഖലയിലെ കപടന്മാരുടെ, പി കെയുടെ ഭാഷയിൽ പറഞ്ഞാൽ റോങ് നമ്പറുകളുടെ, വിഹാരം നമ്മെ മുറിപ്പെടുത്തും. ചുരുക്കത്തിൽ റോങ് നമ്പറുകളിൽ നിന്നും നമ്പർ മാറ്റി വിളിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നർത്ഥം .

(ബാംഗ്ലൂർ അസിം പ്രേംജി യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ പി ജി വിദ്യാര്‍ഥിയാണ് ലേഖകൻ)

*Views are Personal 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍