UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രിയപ്പെട്ടവന്റെ ഓര്‍മയ്ക്ക് ജൈവ കൃഷിയിടം; ഭര്‍ത്താവിന് ഭാര്യയുടെ വക അപൂര്‍വ സ്മാരകം

Avatar

കെ.പി.എസ്. കല്ലേരി

പിറന്ന നാടിനും മണ്ണിനും വേണ്ടി ജീവിച്ചൊരാളെ നാട് പാടേ മറന്നപ്പോഴാണ് അവര്‍ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്. ഈര്‍ക്കിലി പാര്‍ട്ടിക്കാരന്‍ മരിച്ചാല്‍പോലും അനുസ്മരണ ഘോഷങ്ങളും സ്മരണയുടെ  വാരാചരണങ്ങളും നടക്കുന്ന നാട്ടില്‍ എംഎല്‍എയും ഒരു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പദവിയടക്കം  നിരവധി സ്ഥാനമാനങ്ങള്‍ വഹിച്ചൊരാള്‍ വിടവാങ്ങിയപ്പോള്‍ ആരും ഓര്‍ക്കാതെ പോയതിന്റെ സങ്കടം. അത്തരമൊരു വേദനയില്‍ നിന്നാണ്  ഒരുപാട് ആലോചനകള്‍ക്ക് ശേഷം ഭര്‍ത്താവിന്റെ ഓര്‍മ നിലനിര്‍ത്താന്‍ നാടിനുവേണ്ടി ഒരു ജൈവ കൃഷിയിടം എന്ന ആശയത്തിലേക്ക് അവരെ എത്തിച്ചത്. കൊച്ചി നഗരത്തിലെ ജീവിതത്തിനിടയില്‍ നിന്നും അതിനായി അവര്‍ കോഴിക്കോട്ടേക്ക് തിരിച്ചുവന്നു. ഭര്‍ത്താവ് തനിക്കായി ബാക്കിവെച്ചുപോയ രണ്ടരയേക്കര്‍ മണ്ണില്‍ ഒരു കൂട്ടം സുമനസ്സുകളുടെ സഹായത്താല്‍ അവര്‍ വാഴയും മരച്ചീനിയും ഇഞ്ചിയും ചേമ്പും കാച്ചിലും ചേനയും കൂവയും ഔഷധ സസ്യങ്ങളും നട്ടുപിടിപ്പിച്ചു. ഇപ്പോളത് വളര്‍ന്നു പന്തലിക്കുകയാണ്. ഭര്‍ത്താവിന്റെ സുഖമുള്ള ഓര്‍മകള്‍ വിരിച്ചിട്ട തണലിലിരുന്ന് അവരതിനെയെല്ലാം മക്കളെപ്പോലെ പരിപാലിക്കുന്നു. കണ്ടും കേട്ടും വാര്‍ത്തകളിലൂടെയും തേടിയെത്തുന്നവര്‍ പരസ്പരം ചോദിക്കുന്നു, ഇതില്‍പ്പരം മറ്റെന്ത് സ്മാരകമാണ് ഒരു ഭാര്യക്ക് ഭര്‍ത്താവിനുവേണ്ടി ചെയ്യാന്‍ കഴിയുക. സംസ്ഥാന കൃഷിമന്ത്രിയും അവരുടെ കൃഷിയിടം കാണാനെത്തി. അങ്ങനെ വന്നുചേരുന്നവരെല്ലാം അവിടെയിരുന്ന് ഭര്‍ത്താവിന്റെ ഓര്‍മകള്‍ അയവിറക്കുകകൂടി ചെയ്യാന്‍ തുടങ്ങിയതോടെ നഷ്ടപ്പെട്ടുപോയതെല്ലാം തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണവര്‍.

പട്ടം താണുപ്പിള്ള സര്‍ക്കാരിലെ ഏറ്റവും പ്രായംകുറഞ്ഞ എംഎല്‍എ പി.കെ നാരായണന്‍ നമ്പ്യാരുടെ ഭാര്യ എം.രാജലക്ഷ്മി ടീച്ചറാണ് കഥയിലെ നായിക. പേരാമ്പ്ര-മേപ്പയ്യൂര്‍ മണ്ഡലങ്ങള്‍ ഒന്നായകാലത്ത്   പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ എംഎല്‍എ ആയിരുന്നു നമ്പ്യാര്‍. മേപ്പയ്യൂരിനടുത്ത കീഴ്പയ്യൂര്‍ ചെറുവട്ടാട് വീട്ടില്‍ കുഞ്ഞപ്പനായരുടേയും നാരായണികുട്ടി അമ്മയുടേയും മകനായിട്ടാണ് ജനനം. സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു അച്ഛന്‍. നമ്പ്യാര്‍ ജനിച്ചപ്പോള്‍ 28ാം ദിവസം വീട്ടിലെത്തിയ കെ.കേളപ്പന്‍ കുഞ്ഞിനെ പുതപ്പിച്ച ഖദര്‍ പിന്നീട് മരിക്കുന്ന 74ാം വയസിലും കൈവിടാതെ സൂക്ഷിച്ച നേതാവായിരുന്നു നമ്പ്യാര്‍. മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍, പേരാമ്പ്ര ബിഡിസി ചെയര്‍മാന്‍, മേപ്പയ്യൂര്‍ സര്‍വീസ് സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍, പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍, മേപ്പയ്യൂര്‍ ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ്, കേരള അപ്പക്‌സ് ഹൗസിംഗ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ്, കേരള പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഡയറക്ടര്‍, കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അഡ്വൈസറി മെമ്പര്‍ തുടങ്ങി മരിക്കുന്നതിനുമുമ്പ് നമ്പ്യാര്‍ വഹിക്കാത്ത പദവികളില്ല. അങ്ങനെയുള്ള നമ്പ്യാര്‍ മരിച്ചിട്ട് ഇപ്പോള്‍ 11 വര്‍ഷമാവുന്നു. കൃത്യമായിപറഞ്ഞാല്‍ 2003 ജൂണ്‍ എട്ടിനാണ് നമ്പ്യാര്‍ വിടവാങ്ങുന്നത്. അതിനുശേഷം ഈ 11വര്‍ഷത്തിനിടെ നമ്പ്യാരെ രാഷ്ട്രീയ കേരളമോ ജന്മനാടായ കോഴിക്കോടോ ഒരു വട്ടം പോലും ഓര്‍ത്തില്ല. ഒരുപക്ഷെ അതിനുള്ള മധുരപ്രതികാരം കൂടിയാവണം നമ്പ്യാരുടെ വിധവ രാജലക്ഷ്മി ടീച്ചറുടെ പൂത്തുലഞ്ഞു നില്‍കുന്ന ഈ ജൈവ കൃഷിയിടം.

നമ്പ്യാര്‍ പിഎസ്പിയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴാണ് രാജലക്ഷ്മി ടീച്ചറെ ഏറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് വിവാഹം കഴിച്ചുകൊണ്ടുവരുന്നത്. നമ്പ്യാരുടെ ഭാര്യ വിശേഷണത്തിനൊപ്പം ടീച്ചറും വൈകാതെ കോഴിക്കോട്ടുകാര്‍ക്ക് സുപരിചിതയായി. കൊച്ചിയിലെ പ്രശസ്തമായ പുണിത്തുറ കുടുംബാംഗമായ ടീച്ചര്‍  ദീര്‍ഘകാലം മീഞ്ചന്ത ഗവ.ഹൈസ്‌കൂളില്‍ അധ്യാപികയായിരുന്നു. റിട്ടയര്‍ ചെയ്തശേഷം മേപ്പയ്യൂര്‍ സലഫി ബിഎഡ് കോളജില്‍ നാലുവര്‍ഷത്തോളം പ്രിന്‍സിപ്പലായും അധ്യാപനവൃത്തി തുടര്‍ന്നു. കുട്ടികളുടെ മനഃശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടുകയുമുണ്ടായി.

ഏറണാകുളത്ത് വെച്ചാണ് നമ്പ്യാര്‍ മരിക്കുന്നത്. മൂന്നുമാസത്തോളം പക്ഷാഘാതത്താല്‍ തളര്‍ന്ന് കിടപ്പിലായിരുന്നു. എന്നാല്‍ അക്കാലയളവില്‍ വന്നുകാണാനോ, ഒന്നാശ്വസിപ്പിക്കാനോ കേരള രാഷ്ട്രീയത്തില്‍ നിന്നും ഒരാള്‍പോലും എത്തിയില്ലെന്നത് കണ്ണീരോടെയാണ് ടീച്ചര്‍ പറഞ്ഞത്. “ജീവിതത്തിന്റെ ഏറിയ ഭാഗവും രാഷ്ട്രീയത്തിനും നാടിനും നാട്ടുകാര്‍ക്കും വേണ്ടിയാണ് അദ്ദേഹം നീക്കിവെച്ചത്. അദ്ദേഹം എംഎല്‍എ ആയ കാലത്ത് ഇപ്പോഴത്തെ രണ്ട് മണ്ഡലങ്ങളും ഒന്നായിരുന്നു. അത്രയും വിശാലമായ മണ്ഡലത്തില്‍ നമ്പ്യാര്‍ ഉണ്ടാക്കിയ റോഡുകളും കുടിവെള്ള പദ്ധതികളും സ്‌കൂളൂകളും സഹകരണ സ്ഥാപനങ്ങളുമാണ് ഇപ്പോഴും ഈ മണ്ഡലങ്ങള്‍ക്ക് സ്വന്തമെന്ന് പറയാനുള്ളത്. എന്നിട്ടും നമ്പ്യാരെ ബോധപൂര്‍വം എല്ലാരും മറന്നു. അസുഖമായിക്കിടന്നപ്പഴോ, മരിച്ചതിനുശേഷമോ അദ്ദേഹത്തെ ഒന്ന് ഓര്‍ക്കാന്‍ പോലും ആരും ഉണ്ടായില്ലെന്നത് വല്ലാത്ത സങ്കടമാണുണ്ടാക്കിയത്. നിങ്ങള്‍ക്കറിയില്ലേ ഇവിടെ ഒരു ഈര്‍ക്കിള്‍പാര്‍ട്ടിയുടെ പഞ്ചായത്ത് അംഗം മരിച്ചാല്‍പോലും വര്‍ഷാവര്‍ഷം എന്തൊക്കെ കാട്ടികൂട്ടലുകളാണ് നടക്കുന്നത്. എന്നിട്ടും നമ്പ്യാര്‍ ആര്‍ക്കും ആരുമല്ലാതായി.  നിസ്വാര്‍ഥ പൊതുപ്രവര്‍ത്തനത്തില്‍ തനിക്കായോ പാര്‍ട്ടിക്കുവേണ്ടിയോ അവിഹിതമായി അദ്ദേഹം ഒന്നും  ഉണ്ടാക്കിയില്ല. പിന്നെ പിഎസ്പി ഇല്ലാതായപ്പോള്‍ പല പാര്‍ട്ടിക്കാരും ക്ഷണിച്ചെങ്കിലും രാഷ്ട്രീയ കച്ചവടത്തിനുവേണ്ടി എങ്ങോട്ടും പോകാന്‍ അദ്ദേഹം തയ്യാറായില്ല. ഒരുപക്ഷെ അതാവാം നമ്പ്യാരെ എല്ലാവരും മറന്നുകളഞ്ഞതിന് പിന്നിലെന്നാണ് ഞാന്‍ കരുതുന്നത്.” ടീച്ചര്‍ പറഞ്ഞു.

“കഴിഞ്ഞ പത്തു വര്‍ഷവും ഇത്തരമൊരു വേദനയില്‍ ഉരുകിയൊലിക്കുകയായിരുന്നു ഞാന്‍. പിന്നെ തോന്നി വെറുതെ മറ്റുള്ളവരെ കുറ്റം പറയുന്നതിലും നല്ലത് അദ്ദേഹത്തിനായി അനുയോജ്യമായ ഒരു സ്മാരകം പണിയുന്നതല്ലേ എന്ന്. സ്മാരകങ്ങളുടെ പേരില്‍ ആളുകളെ വഴിനടക്കാന്‍ ബുദ്ധിമുട്ടിക്കുന്ന കോണ്‍ക്രീറ്റ് സൗധമല്ല വേണ്ടത്. മറിച്ച് നമ്പ്യാരെക്കുറിച്ച് നല്ലതുമാത്രം പറയിക്കുന്ന ഒരു സ്മാരകം. അത് എന്താകണമെന്ന് കുടുംബസുഹൃത്തും കൃഷിവകുപ്പ് റിട്ട.ജോയിന്റ് ഡയറക്ടറുമായ ഹീര നെട്ടൂരിന്റെ മുമ്പാകെ വെച്ചപ്പോള്‍ അവരാണ് ജൈവ കൃഷയിടം എന്ന ആശയം മുന്നോട്ട് വെച്ചത്. നമ്പ്യാരെ അടക്കം ചെയ്ത കൂത്താളി  രണ്ടേ ആറില്‍ വീടടക്കം രണ്ടര ഏക്കര്‍ ഭൂമി ആരാലും വേണ്ടാതെ കാടുപിടിക്കുകയാണ്. അവിടെ നമ്പ്യാരുടെ നാമധേയത്തില്‍ വിഷമില്ലാത്ത പച്ചക്കറി ഉല്‍പാദിപ്പിക്കുന്ന ഒരു കൃഷിയിടം. കേട്ടപ്പോള്‍ ഞാന്‍ മനസിലുറപ്പിച്ചു. ഇതാണ് എന്റെ ഭര്‍ത്താവിനുവേണ്ടി പണിയാന്‍ കഴിയുന്ന ഏറ്റവും വലിയ സ്മാരകം….” ടീച്ചര്‍ക്കിപ്പോള്‍ പ്രായം 74. നമ്പ്യാര്‍ ഇവിടുത്തെ വീടും തൊടിയുമെല്ലാം വിട്ടുപോകുമ്പോള്‍ അദ്ദേഹത്തിനും പ്രായം 74 ആയിരുന്നു. അത്യാവശ്യം ചെറിയ ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടെങ്കിലും ഭര്‍ത്താവിന്റെ പേരിലുള്ള  കൃഷിയിടം നാടിന്റെ ആവശ്യമാണെന്നറിഞ്ഞ് അവശതകളെല്ലാം മറന്നാണ് തൊടിയുടെ ഓരോ മുക്കിലും മൂലയിലും അവര്‍ എത്തുന്നത്. അരയേക്കറോളം നീളത്തില്‍ നട്ട ഇഞ്ചിയുടെ ഇലയ്ക്ക് ചെറിയ വാട്ടം കണ്ടപ്പോള്‍ ടീച്ചറുടെ മുഖം ചെറുതായൊന്നുവാടി. ഞങ്ങളുമായി സംസാരിക്കുന്നതിനിടയ്ക്ക് പൈപ്പുവലിച്ച് അവര്‍ വെള്ളം നനച്ചുകൊണ്ടിരിന്നു.

“എറണാകുളത്തുനിന്നും പ്രായമായ ഞാന്‍ ഒറ്റയ്ക്ക് അത്തോളിയില്‍ താമസിച്ച് കൃഷിചെയ്യുന്നതിലെ പ്രായോഗികതയെക്കുറിച്ച് ചര്‍ച്ചചെയ്തപ്പോള്‍ വടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹാത്മാ ദേശസേവ എഡുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് അരയും തലയും മുറുക്കി സഹായ ഹസ്തവുമായി എത്തി. അല്ലാതെ ഞാനൊറ്റയ്ക്ക് രണ്ടരയേക്കറിലെ കൃഷി എങ്ങിനെ നോക്കി നടത്തും…! അങ്ങനെ ട്രസ്റ്റിലെ ടി.ശ്രീനിവാസന്റേയും ഹീര നെട്ടൂരിന്റേയും അളവഴിഞ്ഞ പ്രോത്സാഹനവും പ്രവര്‍ത്തനവുമാണ് നിങ്ങള്‍ ഇന്നീ കാണുന്ന ജൈവ കൃഷിയിടത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതില്‍ നിന്ന് എന്തെങ്കിലും ഒരു നയാപൈസ ലാഭമുണ്ടാക്കണമെന്ന് ഞാനും ഞങ്ങളുടെ ഒരേ ഒരു മകള്‍ ഡോ.മഞ്ജുഷയും ആഗ്രഹിക്കുന്നേയില്ല. കൂത്താളിയിലേയും കോഴിക്കോട്ടേയും നമ്പ്യാരുടെ നാട്ടുകാര്‍ക്ക് വിഷമില്ലാത്ത പച്ചക്കറി ചുരുങ്ങിയ ചെലവില്‍ ലഭ്യമാക്കണം. അങ്ങനെ അവര്‍ മരിക്കുവോളം നമ്പ്യാരെ ഓര്‍ക്കണം. അത്രമാത്രം മതി എനിക്ക്…”

പറഞ്ഞുനിര്‍ത്തുമ്പോള്‍ ടീച്ചറുടെ കണ്ണ് നനഞ്ഞിരുന്നു. ചുറ്റും മുളച്ച് പൊന്തിയ വാഴകളും മരച്ചീനിയും ഇഞ്ചിയുമെല്ലാം സ്‌നേഹവാത്സല്യത്തോടെ തലോടി അവര്‍ ഭര്‍ത്താവിന്റെ അസ്ഥി കുഴിച്ചിട്ടിടത്തേക്ക് കണ്ണുപായിച്ചു. അവിടെ അന്നവര്‍ നട്ട വരിക്കപ്ലാവില്‍ നിറയെ ചക്കകള്‍ വിരഞ്ഞിരിക്കുന്നു. പത്തുവര്‍ഷം കൊണ്ട് ഈ പ്ലാവില്‍ ചക്ക വിരിഞ്ഞിട്ടുണ്ടെങ്കില്‍ ഇനിയൊരു പത്തുവര്‍ഷം വേണ്ടിവരില്ല നമ്പ്യാരുടെ കൃഷിയിടം കേരളത്തിന്റെ കാര്‍ഷിക ഭൂപടത്തില്‍ സ്ഥാനം പിടിക്കാന്‍. അത്രമാത്രം പ്രതീക്ഷകളാണ് അവിടം നല്‍കുന്നത്. സംസാരിച്ചിറങ്ങുമ്പോള്‍ ഇനിയും ഒരുപാട് തവണ ഇവിടേക്ക് വരണമെന്നും അപ്പൊഴൊന്നും ഞാനില്ലെങ്കിലും നമ്പ്യാരുടെ കൃഷിയിടം നിങ്ങളുടേതായി കരുതി ആവശ്യമുള്ളതെല്ലാം കൊണ്ടു പോവണമെന്നും പറയാന്‍ ടീച്ചര്‍ മറന്നില്ല. മടക്കയാത്രയിലങ്ങോളും ടീച്ചറും ജൈവ കൃഷിയിടവുമായിരുന്നു മനസില്‍. ഇതിലും വലിയൊരു താജ്മഹല്‍ പ്രിയപ്പെട്ടവനുവേണ്ടി വേറെന്ത് പണിയും…!

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍