UPDATES

സിനിമ

പികെ ഒരു പ്രണവോ, പീറ്ററോ, പര്‍വേസോ ആയിരുന്നേല്‍ കളി ഇതിലും മാറിയേനെ

Avatar

നിയതി കൃഷ്ണ

പികെ റിലീസായപ്പോള്‍ തന്നെ തീയറ്ററില്‍ പോയി കണ്ടു. ആമിര്‍ ഖാന്റെ പാകമാവാത്ത വസ്ത്രവും മിഴിച്ച നോട്ടവും മൊട്ടച്ചിസുന്ദരിയായുള്ള അനുഷ്കയുടെ മേക്ക് ഓവറും രാജ് ഹിരാനിയുടെ ബ്രാന്‍ഡും പിന്നെ അങ്ങോട്ടുമിങ്ങോട്ടുമാടുന്ന പികെ എന്ന എഴുതിക്കാണിപ്പും എല്ലാം കൂടി  പരസ്യങ്ങളിലൂടെ തന്ന കൌതുകം ചില്ലറയല്ല.

എന്നാല്‍ രണ്ടു ദിവസങ്ങള്‍ക്കു മുന്പ് എനിക്ക് മറ്റൊരു സിനിമ കാണേണ്ടി വന്നു. ‘പ്രഭുവിന്റെ മക്കള്‍’ എന്ന കേട്ടിട്ടു പോലുമില്ലാത്ത തണുത്തൊരു പേരും, അറിയാത്ത മുഖങ്ങളുടെ നിരയും, ‘കാണേണ്ട,കാണേണ്ട’ എന്ന് നിരുല്സാഹപ്പെടുത്തുന്ന മുൻവിധിയും, എല്ലാം കൂടി പിന്നോക്കം പിടിച്ചു വലിച്ചിട്ടും ഞാനാ സിനിമ കണ്ടു. അതൊരു നല്ല സിനിമയാണെന്ന് പലരിലൂടെയും അറിഞ്ഞത് കൊണ്ടു മാത്രം.

രണ്ടു സിനിമകളും കണ്ടതില്‍ നിന്ന് എനിക്ക് തോന്നിയത്, പികെയുടെ പ്രൊമോഷന്‍ തന്ന കൌതുകത്തെ തൃപ്തിപ്പെടുത്തിയത് പ്രഭുവിന്റെ മക്കളും, പ്രഭുവിന്റെ മക്കളെ പറ്റിയുള്ള ‘സാദാപടം’ പ്രതിച്ചായയെ  സാധൂകരിച്ചത് പികെയും ആണെന്നാണ്‌. അതായത് മുന്‍വിധികള്‍ പരസ്പരം മാറി പോയി.

പികെയില്‍ എല്ലാര്‍ക്കുമിട്ടൊരു കൊട്ട് തരുന്നുണ്ട്. പക്ഷെ വിഷമിക്കേണ്ട. ശിവനെ കളിയാക്കുമ്പോള്‍ ചിരിക്കുന്നവരുടെ മുഖം, മതം മാറ്റാന്‍ വരുന്ന ക്രിസ്ത്യന്‍ പുരോഹിതനെ കാണുമ്പോള്‍ ചുവക്കും. അതും രസിച്ചിരുന്നവര്‍ക്ക് ട്രെയിന്‍ പൊട്ടിത്തെറിച്ചത് അത്ര ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. ക്ഷമിക്കണം, “അമ്മേ..”, “ബാബേ..” ഭക്തര്‍ക്ക്‌ കുറെയേറെ ദേഷ്യം വന്നു കാണണം. അതെ സമയം ഹിന്ദു ദൈവങ്ങളെ കളിയാക്കിയപ്പോള്‍ ക്ഷോഭം തോന്നിയവര്‍ക്ക് ക്രിസ്ത്യന്‍, മുസ്ലീം വിശ്വാസങ്ങളെ കളിയാക്കിയത് തീരെ കുറഞ്ഞു പോയെന്ന സങ്കടവും വരാം. അങ്ങനെ എങ്ങനെയൊക്കെയോ രാജുവേട്ടന്‍ ഒരുവിധം ഒപ്പിച്ചു. ആമിര്‍ഖാന്റെ പികെ അന്യഗ്രഹ ജീവി ആയതുകൊണ്ട് അവന്റെ നിഷ്കളങ്കതയെ ആര്‍ക്കും ചോദ്യം ചെയ്യാനും പറ്റില്ല. പികെ ഒരു പ്രണവോ, പീറ്ററോ, പര്‍വേസോ ആയിരുന്നേല്‍ കളി മാറിയേനെ. എന്തായാലും ഒടുക്കം, ദൈവം ഉണ്ട് (ഒരു അഗര്‍ബത്തി പരസ്യത്തില്‍ പറയും പോലെ); മനുഷ്യനെ സൃഷ്ടിച്ചതും മനുഷ്യന്‍ സൃഷ്ടിച്ചതും. അതില്‍ മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിലേക്ക് മടങ്ങിപ്പോ മക്കളെ എന്ന് പറയുമ്പോ “ഏയ്‌, അതെന്നോട് ആവില്ല. എന്റെ ദൈവം റൈറ്റ് നമ്പറല്ലേ. ലവന്റെ ദൈവമാ കുഴപ്പം” എന്ന ആശ്വാസത്തോടെ തീയറ്റര്‍ വിട്ടിറങ്ങി പോയവരാണധികവും.

പികെ ഒരു റോംഗ് നമ്പരല്ല. എന്നാല്‍ അത് ശരിക്കുമൊരു റൈറ്റ് നമ്പര്‍ ആവാത്തത് നമ്മുടെ മതേതര രാഷ്ട്രത്തിന്റെ അപചയമാണ്. കയ്യോ കാലോ തലയോ കളയാന്‍ വയ്യാത്തതുകൊണ്ട് കോമ്പ്രമൈസ് ചെയ്യേണ്ടി വരുന്നത്  ഒരു തിരകഥാകൃത്തിന്റെ/സംവിധായകന്റെ കഴിവില്ലായ്മയാണ് എന്ന് ഞാന്‍ പറയില്ല. അതാണ്‌ പ്രായോഗികത. ഷാര്‍ലി ഹെബ്ദോ ആക്രമണം അത് അടിവരയിടുന്നു.

ഇനി പ്രഭുവിന്റെ മക്കളിലേക്ക് വരാം. പ്രഭുവിന്റെ മക്കള്‍ ദൈവം ഇല്ല എന്ന ‘വിശ്വാസത്തില്‍’ അധിഷ്ടിതമായി മുന്നോട്ടു പോകുന്ന സിനിമയാണ്. രാജുവിനെ പോലെ പിറകെ വന്നൊരു കൊട്ടല്ല, പറയാനുള്ളത് ഉച്ചത്തില്‍ പറയുക തന്നെയാണ് ഈ സിനിമ ചെയ്യുന്നത്. അതും ആത്മ വിശ്വാസത്തോടെ. വിജയിക്കാന്‍ വേണ്ട ഒരു ഫോര്‍മുലയും ഇതില്‍ തിരുകി കേറ്റിയിട്ടില്ല. ഓരോ വാക്കിലും നിക്ഷ്പക്ഷമായൊരു സത്യസന്ധത ഈ സിനിമ പാലിക്കുന്നുണ്ട്. വിശ്വാസങ്ങളെ യുക്തി കൊണ്ടാണ് ഈ സിനിമ നേരിടുന്നത്. അതെ സമയം തന്നെ, മതഭ്രാന്തോ അന്ധവിശ്വാസങ്ങളോ യുക്തിപൂര്‍വ്വം പറഞ്ഞു മനസ്സിലാക്കിയാല്‍ പോലും മാറ്റാന്‍  തയ്യാറാവാത്ത അവസ്ഥയിലേക്കാണ് മത നേതാക്കന്മാരും രാഷ്ട്രീയക്കാരും പത്ര മാധ്യമങ്ങളും മതപ്രീണനം നടത്തി പൊതുജനങ്ങളെ നയിക്കുന്നത് എന്ന സത്യവും സിനിമ പറയുന്നു. അതുകൊണ്ട് തന്നെ പികെ എന്ന വെല്‍ടേക്കണ്‍ മൂവിയെക്കാള്‍ ദൃശ്യ മികവു കുറഞ്ഞ പ്രഭുവിന്റെ മക്കള്‍ തന്നെയാണ് മികച്ചതെന്നു ഞാന്‍ വിശ്വസിക്കുന്നു.

സിദ്ധു എന്ന സിദ്ധാര്‍ഥന്‍ അഷ്ടഐശ്വര്യ സിദ്ധി ലഭിക്കാനായി ഹിമാലയത്തിലേക്ക് പോകുന്നു. രോഗമുക്തിക്കും മറ്റു പലതരം കാര്യസാധ്യത്തിനുമായി ഭക്തര്‍ സ്വാമിക്ക് മുന്‍പില്‍ ക്യൂ നില്‍ക്കുന്നു. മദ്യപാനം ഒഴിവാക്കാന്‍ ദേവസ്യ ചേട്ടന്‍ ധ്യാനത്തിന് പോകുന്നു. ഇതിലെല്ലാം തന്നെ കാണുന്നത് ഉദ്ദിഷ്ട കാര്യത്തിനു മാത്രമാണ് പലര്‍ക്കും ദൈവ ഭക്തി എന്നാണ്. അങ്ങനെ മനോഭാവം സ്വാര്‍ഥതാത്പര്യങ്ങളാകുമ്പോള്‍ അവര്‍ക്ക് മധ്യവര്‍ത്തികളായി കള്ളനാണയങ്ങളെ കിട്ടുന്നതില്‍ അത്ഭുതപ്പെടാനെന്തുണ്ട്? ഇങ്ങനെ ആത്മീയത പൂര്‍ണ്ണമായി പാര്ശ്വവല്‍ക്കരിക്കപ്പെട്ടു പോകുകയാണ്.

ഞാനിതെഴുതുന്നത് പാരീസിലെ ഷാര്‍ലി ഹെബ്ദോ മാഗസിന്‍ ഓഫീസിലെ ചോരക്കറ ഉണങ്ങും മുന്‍പാണ്. ഫെയ്സ്ബുക്കില്‍ ‘പ്രവാചകന്മാരെ അപമാനിച്ച അവന്മാര്‍ ഇത് ചോദിച്ച് വാങ്ങിച്ചതാണ്’ എന്നൊക്കെ പലരും പറയുന്നതു കണ്ടു. അപ്പോള്‍ ഒരു സംശയം എനിക്കുണ്ടായി. ദൈവം ഇല്ല എന്ന് പറയുന്നതാണോ, അതോ ദൈവം ഉണ്ട് പക്ഷെ ആളത്ര ശരിയല്ല എന്ന് പറയുന്നതാണോ കൂടുതല്‍ പ്രകോപനകരം? എനിക്ക് തോന്നുന്നത് ദൈവം ഇല്ല എന്ന് പറയുന്നതിനേക്കാള്‍ പ്രശ്നം, ആ ഉള്ള ദൈവത്തെ കളിയാക്കുന്നതാണ് എന്നാണ്. അതായത് അസ്ഥിത്വ അംഗീകാരത്തെക്കാള്‍ പ്രശ്നം ഗുണമേന്മയാണ്.

ഷാര്‍ലി ഹെബ്ദോ മാഗസിനിലെ കാര്‍ട്ടൂണുകള്‍ അത്യന്തം പ്രകോപനകരമാണെന്നു പറയുന്നവരോട് ഒരു ചോദ്യം. നിങ്ങളുടെ മത പുസ്തകങ്ങളില്‍ നിങ്ങളുടെ മതത്തിലും ദൈവത്തിലും വിശ്വസിക്കാത്ത നിരീശ്വര വാദികള്‍ ഉള്‍പ്പെടെയുള്ളവരെ/അന്യമതസ്ഥരെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് പറഞ്ഞിരിക്കുന്നത് മറ്റൊരു മതസ്ഥന്റെ കണ്ണിലൂടെ വായിക്കുമ്പോള്‍ അത് പ്രകോപനപരമല്ലേ? ഷാര്‍ലി ഹെബ്ദോ ‘ഫ്രീഡം ഓഫ് എക്സ്പ്രഷന്‍’ ദുര്‍വിനിയോഗം ചെയ്തിട്ടുണ്ടെങ്കില്‍ ആ ‘ഫ്രീഡം ഓഫ് എക്സ്പ്രഷന്‍’ അനുവദിച്ചു നല്‍കുന്ന നിയമമല്ലേ അതിനെ ചോദ്യം ചെയ്യേണ്ടത്? അതിനെ ദൈവത്തിന്റെ/ മതത്തിന്റെ പേരില്‍ ചോദ്യം ചെയ്യാനെത്തുന്ന തീവ്രവാദി മറ്റൊരാളുടെ ‘ജീവിക്കാനുള്ള അവകാശത്തെ’ ഹനിച്ച് എത്രയോ മടങ്ങ്‌ കൊടിയ പാപമാണ് ചെയ്യുന്നത്.(ഇത് ഒരു പ്രത്യേക മതവിഭാഗത്തിന്റെ പ്രത്യേകതയല്ല. എല്ലാ മതവിഭാഗങ്ങളും ഏറെക്കുറെ മറ്റുള്ളവരെ ദ്വേഷിക്കുന്നു/തള്ളിക്കളയുന്നു. അന്യനെ സ്നേഹിക്കണമെന്ന ഒരു വചനം നമ്മള്‍ മത പുസ്തകത്തില്‍ നിന്നും ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ അതിനും എത്രയോ ഇരട്ടിയാണ് നമ്മള്‍ വരികള്‍ക്കിടയിലൂടെ വായിക്കുന്ന അന്യമത ദ്വേഷം). 

“ഇന്ന് നിങ്ങള്‍ പരസ്യമായി ചുംബിച്ചു, നാളെ നിങ്ങള്‍ പരസ്യമായി മറ്റെന്തെങ്കിലും (ബീപ് ശബ്ദം) ചെയ്യില്ല എന്ന് എന്താണ് ഉറപ്പ്” എന്ന് ആവലാതിപ്പെട്ട ചങ്ങായിമാരെ പോലെ ഒരു പത്രപ്രവര്‍ത്തകന്‍ പ്രഭുവിന്റെ മക്കളോട് ചോദിക്കുന്നുണ്ട്. “ഇന്ന് നിങ്ങള്‍ അദ്ഭുതങ്ങള്‍ ഇല്ല എന്ന് പറയുന്നു. നാളെ നിങ്ങള്‍ ദൈവമില്ല എന്ന് പറയുമോ?” അതിനുള്ള മണിയുടെ മറുപടി കലക്കനാണ്. “ഒരു ദൈവത്തില്‍ വിശ്വസിക്കുന്നതിനു വേണ്ടി സാധ്യതയുള്ള മറ്റെല്ലാ ദൈവങ്ങളെയും നിങ്ങള്‍ തള്ളി കളയുന്നതെന്തു കൊണ്ടാണെന്ന് നിങ്ങള്‍ മനസ്സിലാക്കിയാല്‍ നിങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തെ ഞങ്ങള്‍ തള്ളിക്കളയുന്നതെന്തു കൊണ്ടാണെന്ന് നിങ്ങള്‍ മനസ്സിലാക്കും.” മതേതര ഇന്ത്യ ഇത് മനസ്സിലാക്കേണ്ടതിന്റെ സമയം അതിക്രമിച്ചു കഴിഞ്ഞു.

വാല്‍ കഷണം:
ഇതിലെ മണി എന്ന കഥാപാത്രം വര്‍ഗീസിനോട്‌ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. “ചരിത്രത്തില്‍ നിന്ന് നാം എന്താണ് പഠിക്കുന്നത്?” എന്ന്. പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം വര്‍ഗീസ്‌, ശ്രീ ശ്രീ വര്‍ഗീസ് ചൈതന്യയായി മാറി കഴിഞ്ഞ് അതിന്റെ ഉത്തരം പറയുന്നുണ്ട്. “ചരിത്രത്തില്‍ നിന്ന് നാം പഠിക്കുന്ന പാഠം, ചരിത്രത്തില്‍ നിന്ന് നാമൊന്നും തന്നെ പഠിക്കുന്നില്ല എന്നാണ്.” അതുതന്നെയാണ് സമകാലിക സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

(റൂര്‍ക്കി ഐ.ഐ.റ്റിയില്‍ ഗവേഷക വിദ്യാര്‍ഥിയാണ് നിയതി)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍