UPDATES

സിനിമ

പി കെ നായര്‍ക്ക് കിട്ടാത്ത ഫാല്‍ക്കെ അവാര്‍ഡ് മനോജ് കുമാറിന് കിട്ടുമ്പോള്‍

Avatar

സാജു കൊമ്പന്‍

ദേശദ്രോഹ വകുപ്പ് ചുമത്തപ്പെട്ട് അറസ്റ്റിലായ കനയ്യ കുമാറിന്‍റെ ജാമ്യ ഉത്തരവിന്‍റെ തുടക്കത്തില്‍ ജഡ്ജി പ്രതിഭാ റാണി ഉദ്ധരിച്ചത് രവീന്ദ്ര നാഥ ടാഗോറിന്റെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും മഹാന്‍മാരായ ഹിന്ദി ഭാഷാ കവികളുടെയോ ദേശസ്നേഹം തുളുമ്പുന്ന കാവ്യശകലം ആയിരുന്നില്ല. അതൊരു ഹിന്ദി ചലച്ചിത്രഗാനമായിരുന്നു. 1967ല്‍ മികച്ച കച്ചവട വിജയം നേടിയ ‘ഉപ്കാര്‍’എന്ന ഈ പ്രഖ്യാത സിനിമയുടെ പശ്ചാത്തലം ഇന്ത്യ-പാക് യുദ്ധമാണ്. നടന്‍ മനോജ് കുമാറിനെ ധീരനും ദേശസ്നേഹിയുമായ ഗ്രാമീണ ഭാരതീയനായി അവതരിപ്പിക്കുന്ന ചിത്രത്തിലെ ‘മേരി ദേശ് കി ധര്‍ത്തി’എന്ന ഗാനം ദേശസ്നേഹം അനര്‍ഗ്ഗളമായി പ്രവഹിച്ച ആ ഉത്തരവില്‍ പ്രത്യക്ഷപ്പെട്ടത് തികച്ചും യാദൃശ്ചികമെന്ന് പറയാന്‍ സാധിക്കുമോ?

അതേ മനോജ് കുമാറിനാണ് ഇത്തവണത്തെ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് എന്നതും കൂട്ടി വായിക്കുമ്പോള്‍ കൌതുകകരമാണ്. ഇന്ത്യന്‍ സിനിമയ്ക്ക് അദ്ദേഹം നല്കിയ സമഗ്ര സംഭാവനയ്ക്കാണ് ഈ അവാര്‍ഡെന്നു പറയുന്നു. 1957 മുതല്‍ 1995 മുതലുള്ള അഭിനയ ജീവിതത്തില്‍ ഇന്ത്യാ ഗവണ്‍മെന്‍റ് നല്‍കുന്ന സിനിമയ്ക്കുള്ള ദേശീയ പുരസ്കാരങ്ങളില്‍ ഒരു തവണ മാത്രമാണ് മനോജ്കുമാര്‍ പരിഗണിക്കപ്പെട്ടത്. അത് 1968ല്‍ ‘ഉപ്കാറിന് കിട്ടിയ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡാണ് അത്. 1992ല്‍ ഇന്ത്യാ ഗവണ്‍മെന്‍റ് പത്മശ്രീ കൊടുത്ത് ആദരിച്ചിട്ടുണ്ട് എന്നതില്‍ കവിഞ്ഞു വമ്പന്‍ നേട്ടങ്ങളൊന്നും പറയാനില്ല. പിന്നെ എന്താണ് ഇന്ത്യന്‍ സിനിമയുടെ പിതാവിന്‍റെ പേരിലുള്ള ആ പുരസ്കാരം കിട്ടാനുള്ള മനോജ് കുമാറിന്റെ യോഗ്യത. അയാള്‍ ഒരു ഹൈന്ദവ സംഘടനയായ, നാഴികയ്ക്ക് നാല്‍പ്പതു വട്ടം പാക് വിരുദ്ധത പ്രസംഗിക്കുന്ന ശിവസേനയുടെ പ്രവര്‍ത്തകനാണെന്നതോ? അതോ ദേശസ്നേഹ വാഗ്ധോരണികളുടെ കാലത്ത് ‘ഭാരത് കുമാര്‍’ എന്ന ചെല്ലപ്പേരില്‍ വിളിക്കപ്പെട്ട ഈ നടനെ പ്രത്യക്ഷപ്പെടുത്തുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നതുകൊണ്ടോ?

പക്ഷേ ഏറ്റവും വേദനാജനകമായ യാദൃശ്ചികത ഇന്ത്യന്‍ സിനിമയുടെ കാവല്‍ക്കാരന്‍ എന്നു വിളിക്കപ്പെടാന്‍ എന്തുകൊണ്ടും യോഗ്യനായ നാഷണല്‍ ഫിലിം ആര്‍ക്കൈവ് മുന്‍ ഡയറക്ടര്‍ പി കെ നായര്‍ വിടവാങ്ങിയതും അതേ ദിവസമാണ് എന്നുള്ളതാണ്. ദാദാ സാഹേബ് ഫാല്‍ക്കെ സംവിധാനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ മുഴുനീള ഫീച്ചര്‍ സിനിമയായ രാജ ഹരിശ്ചന്ദ്രയും മലയാളത്തിലെ രണ്ടാമത്തെ ചിത്രമായ മാര്‍ത്താണ്ഡ വര്‍മ്മയുമടക്കം എണ്ണായിരത്തോളം ഇന്ത്യന്‍ സിനിമകള്‍ കലപ്പഴക്കത്തില്‍ ജീര്‍ണിച്ചു പോകാതെ പരിരക്ഷിച്ച ചലച്ചിത്ര സ്നേഹിയാണ് അദ്ദേഹം. എന്‍ എഫ് എ ഐയിലെ മൂന്നു പതിറ്റാണ്ടിനിടയിലെ ഔദ്യോഗിക ജീവിതത്തിനിടയില്‍ വിദേശ ചിത്രങ്ങളടക്കം 12000ത്തില്‍ അധികം ചിത്രങ്ങളാണ് ആദ്ദേഹം സമാഹരിച്ചത്. ഇന്ത്യന്‍ സിനിമയ്ക്കും ചരിത്രത്തിനും സംസ്കാരത്തിനും നിസ്തുലമായ സംഭാവന നല്കിയ ഈ മഹാരഥന് എന്തുകൊണ്ട് ഫാല്‍ക്കെ അവാര്‍ഡ് നല്‍കിയില്ല എന്ന് ലജ്ജയോടെയും രോക്ഷത്തോടെയും മാത്രമേ നമുക്ക് ചിന്തിക്കാന്‍ കഴിയുകയുള്ളൂ.

കേരള അന്താരാഷ്ട്ര ചലച്ചിതോത്സവത്തില്‍ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് എന്നൊരു ഏര്‍പ്പാടുണ്ട്. ജര്‍മ്മന്‍ സിനിമയിലെ അതികായനായ വെര്‍ണര്‍ ഹെര്‍സോഗിനാണ് ആദ്യത്തെ ലൈഫ് ടൈം പുരസ്കാരം കേരളം നല്കിയത്. പിന്നീട് സംവിധായകന്‍ പ്രിയദര്‍ശന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയപ്പോള്‍ ഒരു വര്ഷം ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് കൊടുത്തില്ല. മോഹന്‍ലാലിനും അമിതാഭ് ബച്ചനും ഒക്കെ കൊടുക്കാനാലോചിച്ചതിന് ശേഷം  ശക്തമായ എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് ആര്‍ക്കും കൊടുക്കാതെ ഒഴിവാക്കി എന്നാണ് അന്ന് അണിയറയില്‍ കേട്ടത്. അപ്പോഴും നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ ഉയര്‍ത്തിയ പേരായിരുന്നു പി കെ നായരുടേത്. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് അടിത്തറ പാകിയ ഇവിടത്തെ ഫിലിം സൊസേറ്റി പ്രസ്ഥാനത്തിന് ക്ലാസിക്ക് സിനിമകള്‍ പലതും എത്തിച്ച് നല്കിയത് പി കെ നായര്‍ അദ്ധ്യക്ഷനായ നാഷണല്‍ ഫിലിം ആര്‍ക്കൈവ് ആയിരുന്നു എന്നത് അധികം രേഖപ്പെടുത്തപ്പെടാത്ത ചരിത്ര സത്യമാണ്. 

പുസ്കാര വിജയത്തില്‍ മനോജ് കുമാറിനെ അഭിനന്ദിച്ചുകൊണ്ട് അനുപം ഖേര്‍ ഇങ്ങനെ പറഞ്ഞു,‘നിങ്ങളുടെ ചിത്രങ്ങള്‍ രാജ്യത്തോടുള്ള പ്രേമം എന്താണെന്ന് ഞങ്ങളെ പഠിപ്പിച്ചു. ദേശസ്നേഹം ജയിക്കട്ടെ’. 

മനോജ് കുമാറും അനുപം ഖേറും പ്രിയദര്‍ശനും മോഹന്‍ലാലുമൊക്കെ എവിടെ നില്ക്കുന്നു, എന്തു ചിന്തിക്കുന്നു എന്ന് നമുക്കിപ്പോളറിയാം. പി കെ നായര്‍ എന്ന ചലച്ചിത്ര സ്നേഹി ആരെന്നും.

(അഴിമുഖം സീനിയര്‍ എഡിറ്ററാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍