UPDATES

സിനിമ

ആരാണ് മലയാളിക്ക് പി കെ നായര്‍?

Avatar

എം.എഫ്. തോമസ്

ഒരു പുരുഷായസ്സു മുഴുവന്‍ സിനിമയ്ക്കുവേണ്ടി സമര്‍പ്പിതമായ ജീവിതത്തിനാണ് മാര്‍ച്ച് 4നു തിരശ്ശീലവീണത്. അവസാനശ്വാസം  നിലയ്ക്കുന്നതുവരെ, ജീവിതത്തിന്റെ തുടിപ്പ് നിലച്ചുപോകുന്നതുവരെ സിനിമയ്ക്കുവേണ്ടി ജീവിച്ച എത്രയാളുകളുണ്ട് ഇന്ത്യയില്‍? അതായിരുന്നു പി.കെ.നായര്‍! സിനിമ തന്നെ ജീവിതം!!

ലോകത്തോളം വളര്‍ന്ന ഗാന്ധിജിയെയും വിവേകാനന്ദനേയും പറ്റി പുസ്തകങ്ങളുണ്ട് – ഗാന്ധിജിയും കേരളവും, വിവേകാനന്ദനും കേരളവും. അതുപോലെ ഇന്ത്യയോളം വളര്‍ന്ന പി.കെ.നായരെപ്പറ്റി എല്ലാം പറഞ്ഞുകഴിഞ്ഞു. എന്നാല്‍, അദ്ദേഹം മലയാളികള്‍ക്കെന്തായിരുന്നു, അദ്ദേഹം മലയാളികള്‍ക്കാരായിരുന്നു? പൂനയില്‍ പഠിച്ചിട്ടില്ലാത്ത, ഫിലിം ആര്‍ക്കൈവ്സില്‍ പോയിട്ടില്ലാത്ത സിനിമയെ സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന ഒരു സാധാരണ മലയാളി മാത്രമായ എനിക്ക് പി.കെ. നായര്‍ ആരായിരുന്നു? കേരളത്തില്‍ ജനിച്ച ഓരോ മലയാളിയും നെഞ്ചത്ത് കൈവച്ച് സ്വയം ചോദിക്കേണ്ട ചോദ്യമാണത്. നമ്മളെ സംബന്ധിച്ചിടത്തോളം പി.കെ.നായര്‍ പലതുമായിരുന്നു.

റോഡ് മുറിച്ചുകടക്കുമ്പോള്‍ അപകടം പറ്റി കാലൊടിഞ്ഞാലും പ്രമേഹം മൂര്‍ച്ഛിച്ച് തളര്‍ന്നാലും കണ്ണു ശസ്ത്രക്രിയ ചെയ്ത് കറുത്ത കണ്ണടവച്ചാലും ചലച്ചിത്രോത്സവ വേളകളില്‍ കേരളത്തില്‍ ഓടിയെത്താറുള്ള നായര്‍ സാര്‍ എല്ലാ പ്രാതികൂല്യങ്ങള്‍ക്കെതിരെയും പടപൊരുതി പിടിച്ചുനിന്ന്  സിനിമയ്ക്കുവേണ്ടി പണിയെടുക്കുമ്പോള്‍ പ്രത്യേകം ഒരു ഊര്‍ജ്ജം നമ്മിലേക്ക് ഒഴുകിയെത്താറുണ്ടായിരുന്നു. ആ ഇച്ഛാശക്തിക്കു മുന്നില്‍ നമുക്ക് നമ്മുടെ ചെറിയ ചെറിയ പരാധീനതകള്‍ ഒന്നുമല്ലാതാകുന്നു.

കേരളത്തിലെ ഫിലിം സൊസൈറ്റികള്‍ക്ക് ഒരു കാലത്തും മറക്കാനാവാത്ത പേരാണ് പി.കെ.നായരുടേത്. ഫിലിം സൊസൈറ്റികളുടെ പ്രഭാതകാലത്ത് പി.കെ.നായര്‍ താങ്ങും തണലുമായിരുന്നു. അത്യധികം താല്‍പ്പര്യത്തോടുകൂടി അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി ചോദിച്ചറിയാനും ഭാവി പരിപാടികളില്‍ ഇടപെടാനും പൂനയിലെ ഫിലിം ആര്‍ക്കൈവ്‌സില്‍ നിന്നും ചിത്രങ്ങളെത്തിച്ചുതരാനും ചെക്ക്- ഹംഗേറിയന്‍ ചിത്രമേള സംഘടിപ്പിക്കുവാനും അങ്ങനെ അടച്ചുപൂട്ടലിനെ നേരിട്ടിരുന്ന ഫിലിം സൊസൈറ്റികളെ നിലനിര്‍ത്താനും പി.കെ.നായര്‍ നയിച്ച പോരാട്ടം ചരിത്രമാണ്. 

ചിത്രലേഖയുടെ ആദ്യകാലത്ത് പൂനയില്‍ നിന്ന് വരുന്ന പി.കെ.നായരെ അടൂരും ഞാനും ശ്രീവരാഹത്തുള്ള സഹോദരിയുടെ വീട്ടില്‍ പോയിക്കണ്ട് അടുത്ത ചെറുഫെസ്റ്റിവല്‍ പ്ലാന്‍ ചെയ്ത നാളുകള്‍ ഇന്നലെ കഴിഞ്ഞ പോലെ ഇന്നും ഓര്‍മ്മയിലുണ്ട്. സിനിമയുടെ നൂറുവര്‍ഷം സൂര്യ ഫിലിം സൊസൈറ്റി നൂറു ചരിത്രനാഴികക്കല്ലുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ആഘോഷിച്ചപ്പോള്‍ പൂനയില്‍ നിന്ന് സിനിമ ലോറിയിലെത്തിച്ചത് പി.കെ.നായരായിരുന്നു. ലൂമിയര്‍ സഹോദരന്‍മാരുടെ അറൈവല്‍ ഓഫ് ട്രെയിന്‍ മുതല്‍ കീസ്‌ലോവ്‌സ്‌കിയുടെ എ ഷോര്‍ട്ട് ഫിലിം എബൗട്ട് കില്ലിംഗ് വരെ കേരളത്തില്‍ ആദ്യമായി കാണിച്ചത് ഇന്നും സിനിമാസ്വാദകര്‍ മറക്കാത്ത ചരിത്ര മുഹൂര്‍ത്തമാണ്.

ബാലശങ്കര്‍ മന്നത്ത് നേതൃത്വം നല്‍കിയ ഒരു ഫിലിം സൊസൈറ്റിയുടെയും പിന്നീട് ഫില്‍ക്കയുടെയും പ്രസിഡന്റായിരുന്നു പി.കെ.നായര്‍. ഫില്‍ക്കയുടെ ഓരോ ദൈനംദിനകാര്യങ്ങളിലും നായര്‍ സാര്‍ ശ്രദ്ധിക്കുകയും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുകയും ചെയ്തിരുന്നു. അവരുടെ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കേണ്ട മലയാളസിനിമകളെപ്പറ്റി, കേരളത്തിലെ ചിത്രം അത്ര പരിചയമില്ലാത്തതുകൊണ്ട് എന്നോട് ചോദിക്കുമായിരുന്നു. നിഷ്‌കളങ്കമായി ചിത്രങ്ങളെപ്പറ്റി, എന്നെ വിശ്വസിച്ചുകൊണ്ട് ചോദിക്കുന്നത് ലോക സിനിമയ്ക്കു നേരെ കാതോര്‍ത്ത്, കണ്ണുകൂര്‍പ്പിച്ച് ഇരിക്കുന്ന ഒരു മനുഷ്യനാണെന്നറിയുമ്പോഴാണ് ആ മനുഷ്യന്റെ മഹത്വം മനസ്സിലാക്കുക. ബാനര്‍ ഫിലിം സൊസൈറ്റിക്കുവേണ്ടി തനിക്കേറെയിഷ്ടപ്പെട്ട നാലുചിത്രങ്ങള്‍ തിരഞ്ഞെടുത്തുതരുമ്പോള്‍ തീരെ അവശനായിരുന്നു. എന്നിട്ടും ആ ചിത്രങ്ങളെപ്പറ്റി വട്ടിയൂര്‍ക്കാവിലെ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് എന്നോട് സംസാരിക്കുകയും അത് ഡോക്യൂമെന്ററിയാക്കുകയും ചെയ്തു. അത് പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തില്‍ ആ പരിപാടി ഞങ്ങള്‍ അവതരിപ്പിച്ചത്.

തൃശ്ശൂരിലെ ചെറിയാന്‍ ജോസഫിന്റെ ചലച്ചിത്രോത്സവത്തിലെ നിറസാന്നിദ്ധ്യമായിരുന്നു, നായര്‍ സാര്‍. അദ്ദേഹത്തെപ്പറ്റി ഒരു പുസ്തകവും മലയാളത്തില്‍ തൃശ്ശൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. കേരളത്തിലെ ഏകദേശമെല്ലാ ഫിലിം സൊസൈറ്റികളെയും ഇത്തരത്തില്‍ അദ്ദേഹം സഹായിച്ചിട്ടുണ്ട്.

കേരളത്തിലങ്ങോളമിങ്ങോളം  ചലച്ചിത്രാസ്വാദനക്യാമ്പുകളും സിനിമാസ്വാദനകോഴ്‌സുകളും  ക്യാമ്പസ് ഫിലിം ക്ലബ്ബുകളും സംഘടിപ്പിക്കുവാന്‍ അദ്ദേഹം ഊര്‍ജ്ജവും ശക്തിയും സാന്നിദ്ധ്യവും ഉറപ്പാക്കിയിരുന്നു. ക്ലാസുകളെടുത്തു. കൂട്ടത്തില്‍ പൂനയിലെ പ്രൊഫസര്‍ സതീഷ് ബഹാദൂറിനെയും സുരേഷ് ചാബ്രിയയെയും പ്രസിദ്ധനായ പ്രൊജക്ഷനിസ്റ്റ് രാമയ്യയെയും കൂടെകൂട്ടി. തിരുവനന്തപുരത്ത് സൂര്യയും കേരള സര്‍വ്വകലാശാലയും ചങ്ങനാശ്ശേരിയില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല യൂണിയനും നടത്തിയ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കാന്‍ എനിക്ക് ശക്തിപകര്‍ന്നത് നായര്‍ സാറായിരുന്നു. മാക്ട ആലുവയില്‍ നടത്തിയ ഐതിഹാസികമായ ചലച്ചിത്രാസ്വാദന ക്യാമ്പിന് ജീവരക്തം നല്‍കിയത് പി.കെ.നായരായിരുന്നു.

പി കെ നായര്‍ക്ക് കിട്ടാത്ത ഫാല്‍ക്കെ അവാര്‍ഡ് മനോജ് കുമാറിന് കിട്ടുമ്പോള്‍

മലയാളത്തിലെ രണ്ടാമത്തെ നിശ്ശബ്ദചിത്രമായ ‘മാര്‍ത്താണ്ഡവര്‍മ്മ’ തിരുവനന്തപുരം സ്റ്റാച്യുവില്‍ ശാരദാ ബുക്ക് ഡിപ്പോയിലെ ചവറ്റുകുട്ടയില്‍ നിന്ന് ചരിത്രത്താളുകളിലേക്ക് കയറിയത് പി.കെ.നായരുടെ അശാന്തപരിശ്രമം മൂലമാണ്. അതിന്റെ ആദ്യപ്രദര്‍ശനം റഷ്യന്‍ സാംസ്‌കാരികേന്ദ്രത്തില്‍ സംഘടിപ്പിച്ചത് സംഭവമായിരുന്നു.

അദ്ധ്യാപകനും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധം എങ്ങനെയാകണമെന്നുള്ളതിന്റെ എക്കാലത്തെയും മികച്ച ഉദാഹരണമാണ് പി.കെ.നായര്‍. സൗമ്യനും സ്‌നേഹസമ്പന്നനും ലളിതശൈലിക്കുടമയുമായ നായര്‍ സാറിനെ പരിചയപ്പെട്ടവര്‍ മറക്കില്ല. ഹൃദയത്തോടുചേര്‍ത്തു പിടിക്കുന്ന അദ്ദേഹത്തിന്റെ സമീപനം നമ്മെ മാത്രമല്ല പൂനെയില്‍ സിനിമ പഠിച്ച ഓരോ വിദ്യാര്‍ത്ഥിയെയും  ജീവിതകാലം മുഴുവന്‍ അദ്ദേഹത്തിന്റെ സ്‌നേഹത്തടവുകാരാക്കി. കേരളത്തില്‍ എവിടെച്ചെന്നാലും  അത്തരം തടവുകാരെ കാണാം. അദ്ദേഹത്തിന്റെ സ്‌നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങിയവര്‍.

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് പി.കെ.നായരെക്കുറിച്ച് ശിവേന്ദ്രസിംഗ് ദുംഗാര്‍പുര്‍ സംവിധാനം ചെയ്ത ‘സെല്ലുലോയ്ഡ് മാന്‍’ തിരുവനന്തപുരം പത്മനാഭാ തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചത് ആര്‍ക്കും മറക്കാനാവുകയില്ല. ദേശീയ അവാര്‍ഡ് ലഭിച്ച ആ ചിത്രം നായര്‍ സാറിന്റെ നിത്യസ്മാരകമാണ്. പി.സുബ്രഹ്മണ്യത്തിന്റെ മകന്‍ ചന്ദ്രന്‍ സാറും അദ്ദേഹത്തിന്റെ മകനും നായര്‍ സാറിന്റെ ബന്ധുക്കളും അടക്കം എല്ലാവരും പങ്കെടുത്ത ആ സ്‌ക്രീനിംഗ് നടന്ന പത്മനാഭ തീയേറ്ററിലാണ് നായര്‍ സാര്‍ തറയിലിരുന്ന് സിനിമ കണ്ടുതുടങ്ങിയത്. അത് നിരന്തരമായ സിനിമകാണലിലേക്കാണ് ഇവിടെ നിന്നാണ് ആരംഭിച്ചത്. പില്‍ക്കാലത്ത് ഒരു ചെറിയ ടോര്‍ച്ചടിച്ച് ഇരുട്ടില്‍ ഓരോ ചിത്രത്തിനും നോട്ടുകുറിക്കുന്ന നായര്‍ സാര്‍ ഒരു നിത്യകാഴ്ചയായിരുന്നു. ഐ.എഫ്.എഫ്.കെ. തുടങ്ങി രണ്ടാമത്തെ ചലച്ചിത്രോത്സവത്തിനും 1988-ല്‍ തിരുവനന്തപുരത്തു നടന്ന ഐ.എഫ്.എഫ്.കെ.യുടെ പ്രാഥമിക തിരഞ്ഞെടുപ്പിലും ജൂറിയംഗമായിരുന്ന  നായര്‍ സാര്‍ ഇരുട്ടില്‍ എല്ലാ ചിത്രങ്ങളെയും പറ്റി അതീവഗൗരവത്തോടെ നോട്ടുകുറിക്കുന്നത്  ഞാനോര്‍ത്തുപോകുന്നു.

ഐ.എഫ്.എഫ്.കെ. ആരംഭിച്ചതും ആദ്യകാലങ്ങളില്‍ ഫെസ്റ്റിവല്‍ ഡയറക്ടറായിരുന്നതും നായര്‍ സാറാണ്. അതാണ്, ആ അടിത്തറയിലാണ്, ലോകം ശ്രദ്ധിക്കുന്ന ഇന്നത്തെ ഇരുപതാമത്തെ രാജ്യാന്തരചലച്ചിത്രോത്സവം ഉയര്‍ന്നുപൊങ്ങിയത്.

പൂനയിലെ നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഡയറക്ടറായിരുന്ന പി.കെ.നായര്‍ സഹായിച്ചതുകൊണ്ട് മാത്രമാണ് ഐ.എഫ്.എഫ്.കെ. സമാരംഭിച്ചത്. ആര്‍ക്കൈവ്‌സില്‍ നിന്ന് കിട്ടിയ  ചിത്രങ്ങള്‍ വച്ചായിരുന്നു കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ലളിതമായ തുടക്കം. പി.കെ.നായരായിരുന്നു പ്രഥമ ഫെസ്റ്റിവല്‍ ഡയറക്ടര്‍. മലയാളത്തിലെ രണ്ടാമത്തെ നിശബ്ദ ചിത്രമായ ‘മാര്‍ത്താണ്ഡവര്‍മ്മ’യായിരുന്നു ഉദ്ഘാടന ചിത്രം. ഏക പ്രിന്റ് നഷ്ടപ്പെട്ടു എന്നു കരുതിയിരുന്ന ആ ചിത്രം, മലയാളസിനിമയുടെ നാഴികക്കല്ലായ ആ ചിത്രം, പില്‍ക്കാലത്ത് പി.കെ.നായരുടെ നേതൃത്വത്തില്‍ തന്നെയാണ് കണ്ടെത്തി സംരക്ഷിച്ചത്. രണ്ടാം ചലച്ചിത്രോത്സവത്തിന്റെ ഏറ്റവും വലിയ സംഭാവന, ഐ.എഫ്.എഫ്.കെ.യ്ക്ക് വ്യക്തമായ ഒരു ക്യാരക്ടര്‍ കൊത്തിവയ്ക്കപ്പെട്ടു എന്നതാണ്. മറ്റെല്ലാം ചലച്ചിത്രോത്സവങ്ങളെയും പോലെ യൂറോപ്യന്‍ – ഈസ്റ്റ് യൂറോപ്യന്‍ ചിത്രങ്ങള്‍, മത്സരിക്കുന്ന അവയ്ക്ക് പ്രാമുഖ്യം നല്‍കുന്ന മേളയായിരിക്കരുത് നമ്മുടെ മേള എന്ന് തീരുമാനമെടുത്തത് രണ്ടാം ചലച്ചിത്രോത്സവമാണ്. വളരെ പ്രധാനപ്പെട്ട തീരുമാനം! ആഫ്രോ- ഏഷ്യന്‍ – ലാറ്റിന്‍ അമേരിക്കന്‍ ചിത്രങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി അവയുടെ ഒരു മത്സരവേദിയായിരിക്കണം നമ്മുടെ ചലച്ചിത്രോത്സവം എന്ന് ഉച്ചൈസ്തരം ഉദ്‌ഘോഷിച്ചത് ഫെസ്റ്റിവല്‍ ഡയറക്ടര്‍ പി.കെ.നായരാണ്. പില്‍ക്കാലത്ത് പല വികസ്വരമേളകളിലും ഇതാവര്‍ത്തിച്ചു എന്ന് കാണാവുന്നതാണ്.

ഒന്നാം ഐ.എഫ്.എഫ്.കെ.യുടെയും രണ്ടാം ഐ.എഫ്.എഫ്.കെ.യുടെയും ഇടയില്‍ സിഡിറ്റിന്റെ ആഭിമുഖ്യത്തില്‍ ലഘുചിത്രങ്ങള്‍ക്കും ഡോക്യുമെന്ററികള്‍ക്കും ആയി ഐ.വി ഫെസ്റ്റിവല്‍ നടത്തപ്പെട്ടു. അത് ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ ഇന്നും തുടരുന്നു. പി.കെ.നായരായിരുന്നു അതിന്റെയും ആദ്യ ഡയറക്ടര്‍.

പുതിയ സിനിമയുമായി പുറത്തുവരുന്ന മലയാളത്തിലെ പുതുസംവിധായകരെ പി.കെ.നായര്‍ എന്നും കൈപിടിച്ചുയര്‍ത്തുകയും ശക്തിപകരുകയും ചലച്ചിത്രോത്സവങ്ങളിലേക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തു. എത്രയെത്ര സംവിധായകരാണ് അദ്ദേഹത്തെപ്പറ്റി ആവേശത്തോടെ സംസാരിച്ചുകേട്ടിട്ടുള്ളത്. കാരണം, അവരെ ആത്മാര്‍ത്ഥമായി സഹായിക്കാന്‍ അദ്ദേഹം സന്നദ്ധനായിരുന്നു.

അവസാനകാലം പി.കെ.നായരെ സംബന്ധിച്ചിടത്തോളം ഒറ്റപ്പെടലിന്റേയും ഏകാന്തതയുടെയും  കാലമായിരുന്നു. സ്‌നേഹമുള്ളവരെ കാണുമ്പോള്‍, സുപരിചിതരെ കാണുമ്പോള്‍ മാത്രം വിടരുന്ന മുഖം! അപ്പോഴും അദ്ദേഹം സിനിമക്കുവേണ്ടി മാത്രമായിരുന്നു ജീവിച്ചിരുന്നത്. ഭാര്യ കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് എറണാകുളത്തെ പി.വി.എസ്. ആശുപത്രിയില്‍ മരിച്ചതിനുശേഷം ഒറ്റപ്പെടല്‍ ശക്തമായി. മകള്‍ ബീന മാത്രമായിരുന്നു കൂട്ടിന്. പി.ആര്‍.നായര്‍ എന്ന സിനിമാക്കാരനും നല്ലവനുമായ സഹോദരന്‍ മുമ്പേ പോയ്ക്കഴിഞ്ഞിരുന്നു. അപ്പോഴും അദ്ദേഹം കര്‍മ്മനിരതനായിരുന്നു. സിനിമയ്ക്കുവേണ്ടി ഇരുട്ടില്‍ ഉറങ്ങാതിരുന്ന ഒരാള്‍!

സിനിമയ്ക്കുവേണ്ടി മാത്രം ജീവിച്ച പി.കെ.നായരെ അവസാനനാളുകളില്‍ കേരളവും ഇന്ത്യയും  അവഗണിച്ചു. ദാനിയേല്‍ അവാര്‍ഡും ഫാല്‍ക്കേ അവാര്‍ഡും പി.കെ.നായര്‍ക്ക് എന്നേ അവകാശപ്പെട്ടതാണ്.

പി.കെ.നായരെപ്പോലെ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ മറ്റൊരാളില്ല! പി.കെ.നായര്‍ക്ക് സമം പി.കെ.നായര്‍ മാത്രം!!  

(പ്രശസ്ത ചലച്ചിത്ര നിരൂപകനും സിനിമ ഗ്രന്ഥകാരനുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍