UPDATES

ട്രെന്‍ഡിങ്ങ്

എനിക്കു സ്മാരകങ്ങളും പ്രതിമകളും വേണ്ട, പകരം മരങ്ങള്‍ നടൂ; അനില്‍ ദവെയുടെ അവസാന ആഗ്രഹം

2012 ലാണ് ദവെ ഇങ്ങനെയൊരു വില്‍പത്രം തയ്യാറാക്കിയത്

ഇന്നലെ അന്തരിച്ച കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി അനില്‍ മാധവ് ദാവെ 2012 ജൂലൈ 23 ന് തന്റെ വില്‍പത്രം തയ്യാറാക്കിവച്ചിരുന്നു. മൈ വിഷ്, മൈ വില്‍’ എന്ന തലക്കെട്ടില്‍ ദവെ തന്റെ ആഗ്രഹങ്ങളായി പറയുന്ന കാര്യങ്ങള്‍ എല്ലാ രാഷ്ട്രീയക്കാര്‍ക്കും അതേപോലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും മാതൃകയാക്കാവുന്നതാണ്.

ദവെ തന്റെ വില്‍പത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ ഇവയാണ്; എന്നെ ഓര്‍ക്കാന്‍ സ്മാരകങ്ങളോ, പ്രതിമകളോ, മത്സരങ്ങളോ, സമ്മാനങ്ങളോ പാടില്ല. എന്നെ ഓര്‍ക്കാന്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്നു നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മരങ്ങള്‍ നടു, അവ സംരക്ഷിക്കൂ. എനിക്കത് സന്തോഷം നല്‍കും. ഓരോരുത്തരുടെയും കഴിവനുസരിച്ച് ജലസ്രോതസ്സുകളും നദികളും സംരക്ഷിക്കൂ. പക്ഷേ അവയ്‌ക്കൊന്നും എന്റെ പേര് നല്‍കരുത്.

പ്രധനനമന്ത്രി നരേന്ദ്ര മോദിയാണ് തന്റെ സഹപ്രവര്‍ത്തകന്റെ വില്‍പത്രത്തിന്റെ ഫോട്ടോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. നിസ്വാര്‍ത്ഥതയും ലാളിത്യവും നിറഞ്ഞ പൊതുജീവിതത്തിന്റെ മാനിഫെസ്റ്റോ ആണ് ദവെയുടെ വില്‍പത്രമെന്നാണു മോദി വിശേഷിപ്പിച്ചത്.

ആര്‍എസ്എസ്സിന്റെ ആജീവനാന്ത അംഗവും അവിവാഹിതനുമായിരുന്ന ദവെ തന്റെ അന്ത്യകര്‍മങ്ങള്‍ നര്‍മദയുടെ കരയിലുള്ള വിശുദ്ധസ്ഥലമായ ഭന്ദ്രഭാനില്‍ നടത്തണമെന്നും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 2012 ഡിസംബറില്‍ ദവെ ബൈപാസ് സര്‍ജറിക്കു വിധേയനായിരുന്നു. അതിനു മുമ്പായാണ് അദ്ദേഹം വില്‍പത്രം തയ്യാറാക്കിയത്. എന്നാല്‍ ഇങ്ങനെയൊരു വില്‍പത്രത്തിന്റെ കാര്യം പാര്‍ട്ടിയില്‍ ആരോടും പങ്കുവയ്ക്കാനും ദവെ തയ്യാറായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും ബിജെപി മധ്യപ്രദേശ് വൈസ് പ്രസിഡന്റുമായ വിജേഷ് ലുനാവത്ത് ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തോടു പറഞ്ഞു. ബൈപാസ് സര്‍ജറി വേണ്ടി വരുമെന്ന് അറിഞ്ഞതോടെയാണ് അദ്ദേഹം വില്‍പത്രം തയ്യാറാക്കിയത്. ഒരു സര്‍ജറിക്ക് വിധേയനാകേണ്ടത് അനിവാര്യമായി എന്നു മനസിലാക്കിയതോടെയാണ് അദ്ദേഹം ഇങ്ങനെയൊരു വില്‍പത്രം തയ്യാറാക്കിയതെന്നും വിജേഷ് ലുനാവത്ത് പറയുന്നു.

ഇന്നലെ രാവിലെയോടെയാണു 60 കാരനായ ദവെ മരണത്തിനു കീഴടങ്ങിയത്. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭ എംപിയായ ദവെ കഴിഞ്ഞവര്‍ഷമാണ് പ്രകാശ് ജാവദേക്കറിന്റെ പിന്‍ഗാമിയായി കേന്ദ്ര മന്ത്രിസഭയില്‍ എത്തിയത്. മധ്യപ്രദേശിലെ ഭട്‌നാഗറില്‍ ജനിച്ച ദവെ ആര്‍എസ്എസ്സിലൂടെയാണ് രാഷ്ട്രീയപ്രവേശനം ആരംഭിച്ചത്. എം കോ ബിരുദധാരിയായ അദ്ദേഹം 2009 മുതല്‍ രാജ്യസഭ അംഗമാണ്. പാര്‍ലമെന്റിലെ വിവിധ കമ്മിറ്റികളിലും അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016 ല്‍ നടന്ന മന്ത്രിസഭ പുനസംഘടനയിലാണ് ദവെയെ സ്വതന്ത്രചുമതലയുള്ള മന്ത്രിയായി നിയമിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍