UPDATES

ട്രെന്‍ഡിങ്ങ്

നില്‍പ്പ് സമരത്തിന്റെ വാഗ്ദാനം അട്ടിമറിച്ച് പിണറായി സര്‍ക്കാര്‍; നെല്ലിക്കുന്നില്‍ വീണ്ടും പ്ലാന്റേഷന്‍

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഈ ഭൂമി സമരക്കാര്‍ക്ക് നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു

ചെങ്ങറ ഭൂസമരക്കാരുടെ പ്രതീക്ഷകള്‍ അട്ടിമറിച്ച് ഭരതന്നൂര്‍ നെല്ലിക്കുന്ന് പുറമ്പോക്കില്‍ സര്‍ക്കാര്‍ വീണ്ടും പ്ലാന്റേഷന് ഒരുങ്ങുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചെങ്ങറ സമരക്കാര്‍ സെക്രട്ടേറിയറ്റിന്റെ മുന്നില്‍ നടത്തിയ നില്‍പ്പ് സമരത്തിനൊടുവില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഈ ഭൂമി സമരക്കാര്‍ക്ക് നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. ഇത് അട്ടിമറിച്ചാണ് പുതിയ സര്‍ക്കാരിന്റെ നീക്കം.

കഴിഞ്ഞ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായി അന്നത്തെ തിരുവനന്തപുരം ജില്ലാ കളക്ടര്‍ ബിജു പ്രഭാകറിന്റെ നേതൃത്വത്തില്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്താനുള്ള ശ്രമം നടന്നിരുന്നു. എന്നാല്‍ ഭൂമിയില്‍ അവകാശം ഉന്നയിച്ച് വനംവകുപ്പ് രംഗത്തെത്തിയതോടെ ഇത് തടസ്സപ്പെട്ടു. കൂടാതെ റവന്യു വകുപ്പിന് ഈ ഭൂമി ലഭിച്ചാല്‍ ഭൂരഹിതര്‍ അവിടെ താമസിക്കുമെന്നും അത് പ്രദേശവാസികള്‍ക്ക് ദോഷം ചെയ്യുമെന്നും ഇവര്‍ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു.

ജനങ്ങളുടെ എതിര്‍പ്പും ഉണ്ടായതോടെ ഭൂമി ഏറ്റെടുക്കലില്‍ നിന്നും റവന്യൂ വകുപ്പ് പിന്നോട്ട് പോകുകയായിരുന്നു. പ്ലാന്റേഷനില്‍ പഴയ മരങ്ങള്‍ നീക്കാനുള്ള നടപടികളും ഇതിനിടെ വനംവകുപ്പ് ആരംഭിച്ചു. അതേസമയം കുടിവെള്ളക്ഷാമവും വന്യജീവി സംരക്ഷണവും മുന്‍നിര്‍ത്തി പ്രദേശവാസികള്‍ പ്ലാന്റേഷന് എതിരെ രംഗത്തെത്തിയിരിക്കുകയാണ്. പ്രദേശത്ത് രൂക്ഷമായ കുടിവെള്ളക്ഷാമുണ്ടെന്നും പ്ലാന്റേഷനില്‍ പുതുതായി വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന വൃക്ഷങ്ങള്‍ ജലദൗര്‍ബല്യത്തിന് കാരണമാകുമെന്നും പഠനങ്ങളില്‍ നിന്നും വ്യക്തമായതോടെയാണ് ഇത്. ജനങ്ങളുടെ പരാതിയെത്തുടര്‍ന്ന് പാങ്ങോട് പഞ്ചായത്ത് കമ്മിറ്റി ചേര്‍ന്ന് ഇനി പ്ലാന്റേഷന്‍ പാടില്ലെന്ന് നിലപാടെടുത്തു.

പ്ലാന്റേഷനുകള്‍ നടപ്പാക്കുന്നത് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതിന് കാരണമാകുമെന്നും വിമര്‍ശനം ഉയര്‍ന്നു. ഇതിനിടെയിലാണ് വനംവകുപ്പ് ജനങ്ങളെയും ആദിവാസികളെയം കബളിപ്പിച്ച് പ്ലാന്റേഷനുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍