UPDATES

തോട്ടം തൊഴിലാളി സമരം: നിയമസഭാ സമ്മേളനം വിളിക്കണമെന്ന് എല്‍ഡിഎഫ്

തോട്ടം തൊഴിലാളികളുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എല്‍ഡിഎഫ് ഗവര്‍ണര്‍ പി സദാശിവത്തിന് മെമ്മോറാണ്ടം സമര്‍പ്പിച്ചു. മൂന്നാറിലെ തോട്ടം മേഖലയില്‍ തൊഴിലെടുക്കുന്ന വനിതാ തൊഴിലാളികളുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ചരിത്രപരമായ ബോണസ് സമരത്തിന്റെ പത്താം ദിവസം പ്രതിപക്ഷ നേതാവ് മൂന്നാറിലെത്തി സമരക്കാരോടൊപ്പം ചേരുകയുണ്ടായി. സമരത്തിന്റെ ഫലമായി 20 ശതമാനം ബോണസ് നല്‍കുന്ന കാര്യം തോട്ടം ഉടമകളും സര്‍ക്കാരും അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിനു പുറമെ പ്ലാന്റേഷന്‍ മേഖലയിലെ തൊഴിലാളികളുടെ മിനിമം ദിവസക്കൂലി 500 രൂപയാക്കി വര്‍ധിപ്പിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് ഒരു നീതിയുക്തമായ തീരുമാനമെടുക്കുമെന്ന് സര്‍ക്കാരും തോട്ടം ഉടമകളും അംഗീകരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ തൊഴില്‍ മന്ത്രിയും മുഖ്യമന്ത്രിയും തോട്ടം ഉടമകളുടെ രക്ഷയ്‌ക്കെത്തുകയും ദിവസക്കൂലി 500 രൂപയാക്കി വര്‍ധിപ്പിച്ചാല്‍ തോട്ടം മേഖയെ തന്നെ അത് തകര്‍ക്കുമെന്നും പരസ്യ പ്രസ്താവനകള്‍ നടത്തുകയും ചെയ്തു. ഇത് തോട്ടം ഉടമകള്‍ക്ക് കരുത്താകുകയും തൊഴിലാളികളുടെ ആവശ്യപ്പെടുന്നതു പ്രകാരം ദിവസക്കൂലി 500 രൂപയാക്കി വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന നിലപാടെടുക്കുകയും ചെയ്തു.

ഇതിനിടെ, സംസ്ഥാനത്തെ പ്ലാന്റേഷന്‍ തൊഴിലാളികള്‍ ഒന്നടങ്കം സമരത്തിനിറങ്ങുകയും അതിപ്പോഴും അനിശ്ചിതമായി തുടരുകയും ചെയ്യുന്നു. തൊഴിലാളികള്‍ കടുത്ത പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും എടുത്തെറിയപ്പെട്ടിരിക്കുന്നു. പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയില്‍ ഇതുവരെ ഒരു തീരുമാനത്തിലെത്താനായിട്ടില്ല. 1948-ലെ മിനിമം വേതന നിയമ പ്രകാരം സര്‍ക്കാരിന് ഈ തൊഴിലാളികളുടെ മിനിമം വേതനം സംബന്ധിച്ച് വിജ്ഞാപനമിറക്കാന്‍ അധികാരമുണ്ട്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതു ചെയ്തിട്ടുമുണ്ട്.

നിലവില്‍ തോട്ടങ്ങള്‍ കൈവശം വച്ചിരിക്കുന്ന കമ്പനികളുടെ തോട്ടം ഭൂമിയിലുള്ള ഉടമസ്ഥാവകാശം സംബന്ധിച്ച് കേരളത്തിലെ വിവിധ കോടതികളിലും സുപ്രീം കോടതിയിലും നിരവധി കേസുകള്‍ നടന്നു വരുന്ന കാര്യവും കണക്കിലെടുക്കേണ്ടതുണ്ട്. കണ്ണന്‍ ദേവന്‍, ഹാരിസണ്‍ മലയാളം തുടങ്ങി വന്‍ തോട്ടം ഉടമകള്‍ കൈവശം വച്ചിരിക്കുന്ന ഭൂമി കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് സംശയത്തിനിടയില്ലാത്ത വിധം തെളിയിക്കപ്പെട്ടതാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ സഹായത്താല്‍ വ്യാജ രേഖകള്‍ ചമച്ചും രജിസ്റ്ററുകള്‍ വെട്ടിത്തിരുത്തിയുമാണ് ഈ കമ്പനികള്‍ തോട്ടം ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നത്. കണ്ണന്‍ ദേവന്‍ കമ്പനിയുടെ കൈവശമുള്ള ഭൂമി സംബന്ധിച്ച് നടന്നു വരുന്ന ഒരു കേസില്‍ ഈ ഭൂമി അവരുടേതാണെന്നതിന് ഒരു രേഖയുമില്ലെന്ന് ബഹു. ഹൈക്കോടതിയില്‍ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഒരു സത്യവാങ്മൂലത്തില്‍ വ്യക്തമായി പറയുന്നുമുണ്ട്. ഈ ഭൂമി കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണെന്നതാണ് വാസ്തവം. ഇത്തരത്തില്‍ പൊതു സ്വത്ത് കൈവശപ്പെടുത്തിയാണ് ഈ കമ്പനികള്‍ തോട്ടങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ കൊള്ളയടിച്ചു കൊണ്ടിരിക്കുന്നത്. തൊഴിലാളികള്‍ക്ക് മതിയായ കൂലി നല്‍കുകയോ മറ്റു ജീവിത സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കയോ ഇവര്‍ ചെയ്യുന്നുമില്ല.

ഈ തോട്ടങ്ങളിലെ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ വളരെ പരിതാപകരമാണ്. 232 രൂപയാണ് ഇവര്‍ക്ക് ലഭിക്കുന്ന ദിവസക്കൂലി. ഈ തുച്ഛം സംഖ്യയില്‍ നിന്ന് വിറകിന്റേയും വൈദ്യുതിയുടേയും മറ്റും പേരില്‍ മാനേജ്‌മെന്റ് വീണ്ടും വെട്ടിക്കുറക്കുന്നു. തോട്ടം തൊഴിലാളി നിയമം തോട്ടം ഉടമകള്‍ പാലിക്കുന്നില്ല. ഈ നിയമം നടപ്പിലാക്കാന്‍ നിയമിതരായ ഉദ്യോഗസ്ഥര്‍ തോട്ടം ഉടമകളുടെ താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നത്. സര്‍ക്കാരും തോട്ടം ഉടമകള്‍ക്ക് അനുകൂലമായാണ് പ്രവര്‍ത്തിക്കുന്നത്.

ഇതിനു പുറമെ മാരകമായ കീടനാശികളുടെ പ്രയോഗം പാവപ്പെട്ട തൊഴിലാളികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. നിരവധി തൊഴിലാളികളും അവരുടെ മക്കളും ജനിതക താളപ്പിഴകളാലും മാനസിക രോഗങ്ങളാലും കഷ്ടത അനുഭവിക്കുന്നു.

ഈ സമരം കേരളത്തിലെ 3.5 ലക്ഷം തോട്ടം തൊഴിലാളികളെ ബാധിക്കുമെന്നതിനാല്‍ ഇതൊരു ഗൗരവമേറിയ സാമൂഹിക പ്രശ്‌നമാണ്. രേഖകളൊന്നുമില്ലാതെ സര്‍ക്കാര്‍ ഭൂമി തോട്ടം ഉടമകള്‍ കൈവശം വച്ചിരിക്കുന്നതും ഗൗരവമേറിയ വിഷയമാണ്. അതുകൊണ്ട് തന്നെ നിയമസഭയില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തക്ക ഗൗരവം ഈ പ്രശ്‌നങ്ങള്‍ക്കുണ്ട്. 2015 ഒക്ടോബര്‍ ആറിന് ഇതു സംബബന്ധിച്ച് നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഒരു മറുപടി പോലും നല്‍കാന്‍ മുഖ്യമന്ത്രി തയാറായിട്ടില്ലെന്നും എല്‍ഡിഎഫ് നേതാക്കള്‍ ഗവര്‍ണര്‍ക്ക് നല്‍കിയ മെമ്മോറാണ്ടത്തില്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍